എമെറ്റ് ടില്ലിന്റെ കൊലപാതകം വീണ്ടും അന്വേഷിക്കുന്നു

Wed,Jul 25,2018


അറുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍ പൗരാവകാശ പ്രസ്ഥാനത്തിന്റെ തുടക്കം കുറിക്കാന്‍ കാരണമായ ഒരു കൊലപാതകം വീണ്ടും അന്വേഷിക്കുന്നു. കറുത്ത വര്‍ഗ്ഗക്കാരനായ കൗമാര പ്രായക്കാരന്‍ എമെറ്റ് ടില്‍ 60ല്‍പ്പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മിസിസിപ്പിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ടത് ലോകത്തെ ഞെട്ടിച്ചിരുന്നു. ഘാതകരായി സംശയിക്കപ്പെട്ടവരെല്ലാം മരിച്ചുവെന്ന ധാരണയില്‍ 2007ല്‍ അവസാനിപ്പിച്ച കേസ് പുതുതായി ലഭിച്ച ചില 'പുതിയ വിവരങ്ങളുടെ' അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷിക്കുകയാണ്. എമെറ്റിന്റെ കൊലപാതകത്തെക്കുറിച്ചു വീണ്ടും അന്വേഷണം നടത്തുകയാണെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അറിയിച്ചത്. ലഭിച്ച പുതിയ വിവരം എന്താണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 'ബ്ലഡ് ഓഫ് എമെറ്റ് ടില്‍' എന്നൊരു പുസ്തകം കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു. ചിക്കാഗോയില്‍ നിന്നുമുള്ള 14 കാരനായ ബാലന്റെ കൊലപാതകത്തെക്കുറിച്ച് താന്‍ കള്ളം പറയുകയായിരുന്നു എന്ന് ആ കേസിലുള്‍പ്പെട്ട ഒരു പ്രധാന വ്യക്തി സമ്മതിച്ചതായി ആ പുസ്തകത്തില്‍ പറയുന്നുണ്ട്. തിമോത്തി ബി ടൈസണ്‍ എഴുതിയ ആ പുസ്തകത്തില്‍ വെള്ളക്കാരിയായ കാരോലിന്‍ ഡോണ്‍ഹാം എന്ന സ്ത്രീയുമായി 2008ല്‍ നടത്തിയ ഒരു അഭിമുഖം ഉദ്ധരിക്കുന്നുണ്ട്. 1955ല്‍ ഒരു കടയില്‍ എമെറ്റ് തന്നെ കടന്നുപിടിച്ചുവെന്നും ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും താന്‍ നല്‍കിയ മൊഴി കളവായിരുന്നുവെന്നു അവര്‍ ആ അഭിമുഖത്തില്‍ സമ്മതിക്കുകയുണ്ടായി. എമെറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡോന്‍ഹാമിന്റെ അന്നത്തെ ഭര്‍ത്താവായിരുന്ന റോയ് ബ്ര്യാണ്ട്, അയാളുടെ കസിന്‍ സഹോദരനായ ജെ ഡബ്‌ള്യു മിലന്‍ എന്നീ രണ്ടു വെള്ളക്കാരെ അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു. അവരെ രണ്ടു പേരെയും കേസില്‍ വെറുതെ വിടുകയാണുണ്ടായത്. കൊലചെയ്യപ്പെടുമ്പോള്‍ വടക്കന്‍ മിസിസിപ്പിയില്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു എമെറ്റ്. അവര്‍ രണ്ടു പേരും പിന്നീട് ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കുറ്റം സമ്മതിക്കുകയുണ്ടായി. ഇരുവരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഈ മാസം 84 വയസ്സ് പൂര്‍ത്തിയാകുന്ന ഡോണ്‍ഹാം നോര്‍ത്ത് കരോലിനയിലെ റാലിയിലാണിപ്പോള്‍ താമസിക്കുന്നത്. പുനരന്വേഷണത്തെക്കുറിച്ച് ഒന്നുംതന്നെ പറയാന്‍ അവര്‍ കൂട്ടാക്കിയില്ല. വീണ്ടുമൊരു അന്വേഷണം നടത്താന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിനെ പ്രേരിപ്പിച്ചത് ടൈസന്റെ പുസ്തകമല്ലാതെ മറ്റെന്തെന്തെങ്കിലുമാണെന്ന് പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട് തെളിയിക്കപ്പെടാത്ത കൊലപാതകങ്ങളെക്കുറിച്ചുള്ള പഠനം നടത്തുന്ന അക്കാഡമിക് ഗ്രൂപ്പിന്റെ സഹ ഡയറക്ടര്‍ പൗല ജോണ്‍സന്‍ കരുതുന്നില്ല. ആ കൊലപാതകത്തിന്റെ ഉത്തരവാദിയായി ഒടുവില്‍ ആരെയെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നതില്‍ അവര്‍ സന്തുഷ്ടയാണ്. താമസിച്ചിരുന്ന വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയി അടിച്ചവശനാക്കിയ ശേഷം വെടിവച്ചുകൊല്ലുകയായിരുന്നു. വികലമാക്കപ്പെട്ടു ശരീരം ഒരു തുണിമില്ലിലെ യന്ത്രഭാഗത്തിന്റെ അടിയിലാക്കി ടാല്ലഹച്ചി നദിയിലേക്കു താഴ്ത്തുകയായിരുന്നു. ശവപ്പെട്ടിയില്‍ കിടന്ന വികലമാക്കപ്പെട്ട ശരീരം യുഎസിന്റെ തെക്കന്‍ മേഖലയില്‍ നിലനിന്ന കടുത്ത വംശീയ വിദ്വേഷത്തിന്റെ പ്രതിരൂപമായി മാറി. അതാണ് പൗരാവകാശ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടാനുള്ള പ്രചോദനമായിമാറിയത്. കഴിഞ്ഞവര്‍ഷം പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കുന്നതിന് എമ്മെറ്റിന്റെ ബന്ധുക്കള്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനോട് ആവശ്യപ്പെട്ടു. ബ്ര്യാണ്ട്, മിലന്‍ എന്നിവര്‍ പ്രതികളായ കേസിന്റെ വിചാരണയില്‍ അന്ന് കാരോളിന്‍ ബ്ര്യാണ്ട് എന്നറിയപ്പെട്ടിരുന്ന 21 കാരിയായ ഡോന്‍ഹാമിനെ 1955ല്‍ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചിരുന്നു. ജഡ്ജിമാര്‍ കോടതിമുറിക്കു പുറത്തായിരുന്നപ്പോള്‍, തനിക്കു പരിചയമില്ലാത്ത ഒരു 'കറുത്തവന്‍' കയ്യില്‍ കടന്നുപിടിച്ചതായി അവര്‍ മൊഴിനല്‍കി. കയ്യില്‍ പിടിച്ചുകൊണ്ട് എന്താണ് അവന്‍ പറഞ്ഞതെന്നു പ്രതിഭാഗം അഭിഭാഷകനായ സിഡ്‌നി കാള്‍ട്ടന്റെ ചോദ്യത്തിന് 'ഒരു ഡേറ്റ് ആയിക്കൂടെയെന്നു അവന്‍ ചോദിച്ചതായി അവര്‍ മൊഴിനല്‍കി. അവനെ തള്ളിമാറ്റി ക്യാഷ് രജിസ്റ്ററിനടുത്തേക്കുപോയ തന്നെ അവന്‍ വീണ്ടും കടന്നുപിടിച്ചതായും ഇരു കൈകളുംകൊണ്ട് അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചു അവനിലേക്ക് അടുപ്പിച്ചതായും അവനെ ഭയക്കേണ്ടെന്നു പറഞ്ഞ ശേഷം ഒരു വെള്ളക്കാരിയുമായി അവന്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ അശ്ലീലമായി സംസാരിച്ചുവെന്നും ആ മൊഴിയില്‍ അവര്‍ പറഞ്ഞു. ആ മൊഴി സ്വീകാര്യമല്ലെന്നു ജഡ്ജി വിധിയില്‍ പറഞ്ഞു. വെള്ളക്കാരായ ജഡ്ജിമാര്‍ മാത്രമുണ്ടായിരുന്ന കോടതി പ്രതികളായ അവളുടെ ഭര്‍ത്താവിനെയും ബന്ധുവായ മറ്റൊരാളെയും വെറുതെവിട്ടു. ബ്ര്യാണ്ടും മിലാമും എമെറ്റിനെ തട്ടിക്കൊണ്ടു പോകുമ്പോള്‍ കാറിനുള്ളില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നതായി സാക്ഷിമൊഴികള്‍ ഉണ്ടായിട്ടും കൂടുതല്‍ പേര്‍ക്കെതിരെ കുറ്റമൊന്നും ചുമത്തിയില്ല. എമെറ്റ് തന്നെ കടന്നുപിടിച്ചുവെന്ന് താന്‍ നല്‍കിയ മൊഴി ശരിയായിരുന്നില്ല എന്നാണ് പുസ്തകമെഴുതിയ ടൈസനോട് ഡോണ്‍ഹാം പറഞ്ഞത്. അവനു സംഭവിച്ചതിനെ ന്യായീകരിക്കുന്ന ഒരു കാര്യവും അവന്‍ ചെയ്യുകയുണ്ടായില്ലെന്നും ഡോണ്‍ഹാം പറഞ്ഞതായി പുസ്തകത്തിലുണ്ട്. പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട് തെളിയിക്കപ്പെടാത്ത കൊലപാതകങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഗവണ്മെന്റ് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്ന നിയമനിര്‍മ്മാണത്തിനുള്ള ബില്‍ അലബാമയില്‍ നിന്നുമുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ഡഗ് ജോണ്‍സ് കഴിഞ്ഞയാഴ്ച്ച അവതരിപ്പിച്ചു.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here