ജംഷഡ്പൂര്‍ നഗരത്തിനായുള്ള നിയമയുദ്ധം മുറുകുന്നു

Wed,Jul 25,2018


ചരിത്രപരമായി ടാറ്റ കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജംഷഡ്പൂര്‍ നഗരം പിടിച്ചെടുക്കുകയും തെരെഞ്ഞെടുക്കപ്പെട്ട സമിതിയെ ഏല്‍പ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പൊതു താല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജാര്‍ഖണ്ഡ് ഗവണ്മെന്റിനു നോട്ടീസ് അയച്ചു. നഗരത്തിന്റെ ഭാവി സംബന്ധിച്ച ഇടക്കാല നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഗവണ്മെന്റിനെ ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അനുവദിച്ചു. എന്നാല്‍ സംസ്ഥാന ഗവണ്മെന്റിന്റെ ഉത്തരവ് ഹര്‍ജിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജംഷഡ്പൂര്‍ നഗരത്തെ ഒരു വ്യവസായ ടൗണ്‍ഷിപ് ആയി പ്രഖ്യാപിക്കുന്നതിനോ അല്ലെങ്കില്‍ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം തെരെഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് കൈമാറുന്നതിനോ നേരത്തെ സുപ്രീം കോടതി സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ജംഷഡ്പൂര്‍ നഗരത്തിനു പുറത്തുള്ളവരോട് ടാറ്റ വിവേചനം കാട്ടുന്നതായി ആരോപിച്ചുകൊണ്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ജംഷഡ്പൂര്‍ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നഗരത്തെ വ്യവസായ ടൗണ്‍ഷിപ്പായി പ്രഖ്യാപിക്കുകയോ തെരെഞ്ഞെടുക്കപ്പെട്ട ഒരു മുനിസിപ്പല്‍ ഭരണത്തിന് കീഴില്‍ കൊണ്ടുവരുകയോ ചെയ്തിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നോട്ടിഫൈഡ് ഏരിയ കൗണ്‍സില്‍ ആണ് നഗരത്തിന്റെ ഭരണ ചുമതല ഇപ്പോഴും വഹിക്കുന്നത്. ജവാഹര്‍ലാല്‍ ശര്‍മ്മ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ പൊതു പ്രവര്‍ത്തകന്‍ കൂടിയായ അഭിഭാഷകന്‍ പ്രശാന്ത് ഭുഷനാണ് വാദിക്കുന്നത്. പ്രണവ് സച്‌ദേവ എന്ന അഭിഭാഷകന്‍ അദ്ദേഹത്തെ സഹായിക്കുന്നു.
നഗരത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പഞ്ചായത്ത് രാജ് നിയമം നടപ്പാക്കുകയോ അല്ലെങ്കില്‍ വ്യവസായ ടൗണ്‍ഷിപ്പായി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നാണ് പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ കേസില്‍ ഗവണ്മെന്റ് ഒന്നുംതന്നെ ചെയ്തിട്ടില്ല. വ്യവസായ ടൗണ്‍ഷിപ്പെന്നത് എല്ലായ്‌പ്പോഴും ചെറിയൊരു പ്രദേശത്തു ഒതുങ്ങി നില്‍ക്കുന്നതായിരിക്കും. എന്നാല്‍ ജംഷഡ്പൂര്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ഏറ്റവും വലുതും ജനസംഖ്യ കൂടുതലുള്ളതുമായ നഗരമാണ്. മുനിസിപ്പല്‍ ഭരണത്തിന് കീഴില്‍ നഗരത്തെ കൊണ്ടുവരുന്നപക്ഷം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന തീരുമാനങ്ങള്‍ ജനങ്ങളോട് നേരിട്ടു ഉത്തരവാദപ്പെട്ട ഒരു സമിതിക്കു വിട്ടുകൊടുക്കുകയാകും ചെയ്യുകയെന്ന് ഹര്‍ജിയില്‍ പറയുന്നു. ജംഷഡ്പൂരില്‍ മുനിസിപ്പാലിറ്റി ഇല്ലാത്തതിനാല്‍ പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ശുചീകരണം, ഖരമാലിന്യ സംസ്‌കരണം, ജലവിതരണം എന്നീ അവശ്യ സേവനങ്ങളും റോഡുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതു ആവശ്യങ്ങളുമെല്ലാം തെരെഞ്ഞെടുക്കപ്പെടാത്തതും ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്തതുമായ ബ്യുറോക്രാറ്റിക് വ്യവസായ സംവിധാനത്തിന്റെ ചുമതലയിലാണ്. അധികാരം വികേന്ദ്രീകരിച്ചു ജനങ്ങളോട് ഉത്തരവാദപ്പെട്ട തദ്ദേശീയ ഭരണസമിതികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമായിരുന്നു ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ ലക്ഷ്യമിട്ടത്. ജനാധിപത്യ സംവിധാനത്തിന്റെ പ്രധാനപ്പെട്ട ഒരു തൂണാണ് അധികാര വികേന്ദ്രീകരണം. എന്നാല്‍ ഒരു വ്യവസായ കുടുംബവുമായി സഹകരിച്ച് മുനിസിപ്പാലിറ്റി രൂപീകരിക്കുന്നതിനുളള തീരുമാനം ദശകങ്ങളായി വൈകിപ്പിക്കുന്ന സംസ്ഥാന ഗവണ്മെന്റ് ആ ലക്ഷ്യത്തെയാണ് പരാജയപ്പെടുത്തുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഉണ്ടാകുകയും അതിന്റെ ഫലമായി ജംഷഡ്പൂരിനെ മുനിസിപ്പാലിറ്റി ആക്കുമെന്നും സംസ്ഥാന ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ അതുസംബന്ധിച്ച സംസ്ഥാന ഗവണ്മെന്റ് പുറപ്പെടുവിച്ച വിജ്ഞാപനത്തെ ടാറ്റ സ്റ്റീല്‍ ചോദ്യം ചെയ്തു. ഇതിനിടയില്‍ പ്രാബല്യത്തില്‍വന്ന പഞ്ചായത്ത് രാജ് ആക്ട് അത് ചെയ്യുന്നതിന് സംസ്ഥാന ഗവണ്മെന്റിനെ നിര്‍ബ്ബന്ധിതമാക്കുകയായിരുന്നു. മുനിസിപ്പാലിറ്റി ആയി പ്രഖ്യാപിക്കുന്നതിനുള്ള പുതിയൊരു വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്തിരിക്കുകയാണ് ടാറ്റാ സ്റ്റീല്‍. എന്നാല്‍ പരമോന്നത കോടതിയില്‍ ആ കേസിന്റെ തീര്‍പ്പുവരാനിരിക്കെ സംസ്ഥാന ഗവണ്മെന്റ് പിന്നോക്കംപോകുകയും വ്യവസായ ടൗണ്‍ഷിപ്പായി ജംഷഡ്പൂരിനെ പ്രഖ്യാപിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തിരിക്കുകയാണ്.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here