ഫ്രാന്‍സില്‍ തീവ്രവാദികള്‍ ജയില്‍മോചിതരാകുന്നു; സുരക്ഷാ ഭീഷണി കൂടുന്നു

Tue,Jul 24,2018


അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് അര്‍ദ്ധ സൈനിക വേഷംപോലെയുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച 20നടുത്ത് പ്രായമുള്ള ഒരു ഫ്രഞ്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സിറിയയിലെ തീവ്രവാദികള്‍ക്കൊപ്പം ചേരുന്നതിനായിരുന്നു അയാളുടെ പദ്ധതി. തീവ്രവാദി സംഘത്തെ പിന്തുണയ്ക്കാനുള്ള ഗൂഡാലോചനയില്‍ പങ്കെടുത്തതിന് നാസിം എന്ന അയാളെ പിന്നീട് ശിക്ഷിച്ചു. തെരുവുകളില്‍നിന്നും ഭീകരന്മാരെ തുരത്തുന്നതിനുള്ള ഫ്രഞ്ച് നിയമമനുസരിച്ചായിരുന്നു ശിക്ഷ. വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അയാള്‍ മോചിതനാകും. അയാളെപ്പോലെ, സിറിയയിലെ യുദ്ധത്തിനിടയിലും ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ സ്വാധീനത്തിലും തീവ്രവാദികളായ നൂറുകണക്കിന് ആള്‍ക്കാര്‍ അടുത്ത വര്‍ഷാന്ത്യത്തിനുമുമ്പ് ജയിലുകളില്‍നിന്നും മോചിതരാകും. ഫ്രഞ്ച് ഭീകരവിരുദ്ധ അധികൃതര്‍ക്ക് ഇത് തലവേദന സൃഷ്ടിക്കുന്നു.
ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ യൂറോപ്പിലെ സെല്ലുകള്‍ തകര്‍ത്തതിന്റെ ഫലമായി കുറഞ്ഞിരുന്ന സുരക്ഷാ ഭീഷണി വീണ്ടും തലപൊക്കുമെന്നതാണ് അവരെ ആശങ്കപ്പെടുത്തുന്നത്. ഭീകര ആക്രമണങ്ങള്‍ തടയുന്നതിനായി, ജയിലില്‍നിന്നും വിട്ടയക്കപ്പെടുന്നവരെ നിരീക്ഷിക്കുന്നതിനായി ഫ്രഞ്ച് പോലീസ് ഒരു പ്രത്യേക വിഭാഗത്തിന് രൂപം നല്‍കുകയാണ്. വലിയൊരു അപകട സാധ്യതയാണ് ഉയര്‍ന്നുവരുന്നതെന്നും ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍ക്ക് ഒട്ടുംതന്നെ മാനസിക പരിവര്‍ത്തനം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ജയിലില്‍ കഴിഞ്ഞ നാളുകളില്‍ കൂടുതല്‍ തീവ്രവാദികളായി മാറുകയാണ് ചെയ്തിട്ടുള്ളതെന്നും പാരിസിലെ പ്രോസിക്യൂട്ടര്‍ ഫ്രാന്‍കോയിസ് മോലിന്‍സ് പറയുന്നു. ഇപ്പോള്‍ വിട്ടയക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ സിറിയന്‍ യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ ദീര്‍ഘകാലത്തേക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ അടക്കപ്പെട്ടിരുന്ന ജമീല്‍ ബെഗാളിനെപ്പോലുള്ളവരും ഉള്‍പ്പെടുന്നു. കഴിഞ്ഞ തിങ്കളാഴ്ച അയാള്‍ മോചിതനായി. ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ അയാള്‍ ആദ്യം ശിക്ഷിക്കപ്പെടുന്നത് 2001ലായിരുന്നു. പാരിസിലെ അമേരിക്കന്‍ എംബസ്സിയില്‍ ബോംബാക്രമണം നടത്തിയതിനായിരുന്നു അത്. പിന്നീട് 2013ലും ശിക്ഷിക്കപ്പെട്ടു.
1995ല്‍ പാരീസ് മെട്രോ സ്‌റ്റേഷനില്‍ ബോംബാക്രമണം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന അലി ബെല്‍കാസിമിനെ ജയിലില്‍നിന്നും രക്ഷപ്പെടാന്‍ സഹായിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് 10 വര്‍ഷത്തേക്ക് കൂടി ശിക്ഷിക്കപ്പെട്ടത്. 2015ല്‍ ചാര്‍ലി ഹെബ്ദോ മാസസികയുടെ ഓഫിസിലുണ്ടായ ഭീകര ആക്രമണത്തിലുള്‍പ്പെട്ട രണ്ടു പേര്‍ അയാളുടെ ശിഷ്യന്മാര്‍ ആയിരുന്നു. ബെഗാളിനെ ഫ്രാന്‍സില്‍നിന്നും ജന്മനാടായ അള്‍ജീരിയായിലേക്കു മടക്കി അയക്കുകയാണെന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ 50 പേരും ജയിലില്‍ കഴിയവേ തീവ്രവാദികളായ 400 പേരും 2019 അവസാനത്തിനുമുമ്പ് ജയില്‍ മോചിതരാകുമെന്നാണ് ജസ്റ്റിസ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലേറെയായി സംഭവിച്ച മാരകമായ ഭീകര ആക്രമണങ്ങളുടെ ഞടുക്കത്തില്‍നിന്നും ഇനിയും മുക്തമായിട്ടില്ലാത്ത രാജ്യമാണ് ഫ്രാന്‍സ്. അവയില്‍ പലതും നടത്തിയത് ഫ്രഞ്ച് ജയിലുകള്‍ക്കുള്ളില്‍ കഴിഞ്ഞവരായിരുന്നു. അങ്ങനെയുള്ളവരുടെ ഒരു കൂട്ടമാണ് സമൂഹത്തിലേക്ക് ഇപ്പോള്‍ തിരിച്ചെത്തുന്നത്. ഭീകരാക്രമണങ്ങള്‍ തടയുന്നതിനുള്ള സുരക്ഷാ സേനയുടെ ശേഷിതന്നെയായിരിക്കും പരീക്ഷിക്കപ്പെടുക. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന പലരും ജയിലില്‍ കഴിയവേ ഇസ്‌ലാമിക തീവ്രവാദികളായി മാറിയിട്ടുണ്ടെന്ന് ജസ്റ്റിസ് മന്ത്രാലയം പറയുന്നു. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് 5 വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷയാണുള്ളത്.
2015ല്‍ ഫ്രാന്‍സ് നിയമങ്ങള്‍ കൂടുതല്‍ കടുപ്പമുള്ളതാക്കി. ചിലതരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്ക് ജയില്‍ശിക്ഷ നല്‍കുന്ന നിയമങ്ങളാണ് നടപ്പാക്കിയത്. യൂറോപ്യന്‍ യൂണിയനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിരുന്ന ശരാശരി ശിക്ഷ 2017ല്‍ 5 വര്‍ഷമായിരുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്റെ ഏജന്‍സിയായ യുറോജസ്റ്റ് വെളിപ്പെടുത്തുന്നു. നാസിമിന് 6 വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചത്. കൂടുതല്‍ കടുത്ത ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്കുള്ള ശിക്ഷ നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പ് അയാള്‍ തൊഴില്‍ രഹിതനായിരുന്നു. ഫ്രഞ്ച് നഗരമായ നൈസില്‍ താമസിച്ചിരുന്ന അയാള്‍ ഓണ്‍ലൈന്‍ മുഖേനയാണ് തീവ്രവാദത്തിലേക്ക് ആകൃഷ്ടനായത്. ഇപ്പോഴും 'തീവ്രമായ' ഇസ്‌ലാമിക വിശ്വാസമാണ് അയാള്‍ക്കുള്ളതെന്ന് അഭിഭാഷകനായ കാമില്ലേ ലുക്കോട്ടെ പറയുന്നു. ഇസ്‌ലാമിക തീവ്രവാദിയായതുകൊണ്ടു മാത്രം ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മോചിതരാകുന്ന തീവ്രവാദികള്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന ഭയം അധികൃതര്‍ക്കുണ്ട്. മോചിതരായവരെ കടുത്ത നിരീക്ഷണത്തിനു വിധേയമാക്കുമെന്ന് ജസ്റ്റിസ് മന്ത്രി നിക്കോളെ ബെല്ലുബട് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് ജയിലുകളില്‍നിന്നും മോചിതരായവര്‍ കടുത്ത ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സമീപകാല ചരിത്രമുണ്ട്. വടക്കന്‍ ഫ്രാന്‍സില്‍ ഒരു പള്ളിയിലെ പുരോഹിതനെ 19 കാരനായ ഒരാള്‍ വധിച്ചതും മറ്റൊരാള്‍ ഒരു പോലീസ് ഓഫീസറെയും അയാളുടെ ഭാര്യയേയും അവരുടെ വീട്ടില്‍ കുത്തിക്കൊലപ്പെടുത്തിയതുമായ സംഭവങ്ങള്‍ അതിലുള്‍പ്പെടും.
ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ വളര്‍ച്ചക്കനുസരിച്ചു ഫ്രഞ്ച് ജയിലുകളില്‍ തീവ്രവാദികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. ഇറാക്കിലും സിറിയയിലും ഭൂപ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയ ഇസ്‌ലാമിക സ്‌റ്റേറ്റ് ഓണ്‍ലൈന്‍ പ്രചാരണത്തിലൂടെ ആയിരങ്ങളെ അനുയായികളാക്കി മാറ്റി. തീവ്രവാദികള്‍ക്കെതിരെ ഫ്രഞ്ച് അധികൃതര്‍ നടത്തിയ അടിച്ചമര്‍ത്തല്‍ നടപടികളുടെ ഫലമായാണ് ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെ എണ്ണം ജയിലുകളില്‍ വര്‍ദ്ധിച്ചത്. എന്നാല്‍ ജയിലുകളില്‍ മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകിയ അവര്‍ കൂടുതല്‍ ആള്‍ക്കാരെ തീവ്രവാദികളാക്കുന്നതിനുള്ള സാധ്യതയാണ് കാണുന്നത്. ജസ്റ്റിസ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഫ്രാന്‍സിലെ ജയിലുകളില്‍ ഇപ്പോള്‍ 512 പേരാണുള്ളത്. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവരുടെ എണ്ണം മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചത്. മറ്റൊരു 1200 ഓളം തടവുകാര്‍ കൂടി തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാധ്യതയുണ്ട്. 2015നുശേഷം ഇങ്ങനെയുള്ളവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് 70%മാണ്.
ഓണ്‍ലൈന്‍ മുഖേന ഇസ്‌ലാമിക സ്‌റ്റേറ്റ് തീവ്രവാദികളാക്കിയവരെയെല്ലാം നിരീക്ഷിക്കുക എന്നത് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കടുപ്പമേറിയ ജോലിയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഫ്രഞ്ച് പോലീസ് യുസിഎല്‍എടി എന്നൊരു വിഭാഗത്തിന് രൂപം നല്‍കിയിട്ടുണ്ട്. ജയില്‍ അധികൃതരുമായും ഇന്റലിജന്‍സ് ഏജന്‍സികളുമായും സഹകരിച്ചും വിവരങ്ങള്‍ കൈമാറിയും നിരീക്ഷിക്കപ്പെടേണ്ട പട്ടികയിലുള്ളവരുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്നതിനാണിത്. അപകട സാധ്യത വര്‍ദ്ധിച്ചിട്ടുള്ളത് ഗവണ്മെന്റിനെയും മുമ്പെന്നത്തേക്കാളും കൂടുതലായി ആശങ്കപ്പെടുത്തുന്നുണ്ട്.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here