ബ്രെക്‌സിറ്റ് ആശങ്കകള്‍ക്കിടയിലും എയര്‍ ബസിനു ബിസിനസ് നേട്ടം

Tue,Jul 24,2018


ബ്രെക്‌സിറ്റ് ഉളവാക്കിയേക്കാവുന്ന ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടെങ്കിലും യൂറോപ്പിലെ വിമാന നിര്‍മാണ കമ്പനിയായ എയര്‍ ബസ് ബ്രിട്ടനിലെ ഫാന്‍ബറോ എയര്‍ ഷോയില്‍ വലിയ ആവേശത്തോടെയുള്ള തുടക്കമാണ് കുറിച്ചത്. ചൈനയിലെയും ഇന്ത്യയിലെയും തായ്‌ലണ്ടിലെയും വ്യോമയാന കമ്പനികളുമായുമുള്ള ഇടപാടുകള്‍ കമ്പനി അറിയിച്ചു. ചൈനയിലെ സിചുന്‍ എയര്‍ ലൈന്‍സ് എയര്‍ ബസ്സിന്റെ ദീര്‍ഘദൂരം പറക്കാവുന്ന 10 എ 350 വിമാനങ്ങള്‍ 2.8 ബില്യണ്‍ ഡോളറിന് (2.4 ബില്യണ്‍ യൂറോ)വാങ്ങും. ഇന്ത്യയുടെ വിസ്തര കമ്പനി വീതികുറവുള്ള 13 എ 320 വിമാനങ്ങള്‍ വാങ്ങുന്നതിനാണ് ധാരണാപത്രം ഒപ്പുവച്ചത്. ഏഷ്യയിലും വടക്കേ അമേരിക്കയിലും ബിസിനസ് വ്യാപിപ്പിക്കുന്ന തായ്‌ലന്‍ഡിലെ സ്റ്റാര്‍ ലക്‌സ് എയര്‍ ലൈന്‍സ് 17 എയര്‍ ബസ് വിമാനങ്ങളായിരിക്കും വാങ്ങുക. അതില്‍ 12 എ 350 1000 വിമാനങ്ങളും 5 എ 350 900 വിമാനങ്ങളുമാകും ഉണ്ടാകുക.
ലണ്ടന്‍ നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള ഫാന്‍ ബറോയില്‍ ധാരണ അനുസരിച്ചുള്ള എല്ലാ ഓര്‍ഡറുകളും ലഭിച്ചാല്‍ 17 ബില്യണിലധികം ഡോളറിന്റെ ബിസിനസാണ് എയര്‍ ബസ് നേടിയിട്ടുള്ളത്. വാങ്ങുന്ന കമ്പനികള്‍ക്ക് നല്‍കുന്ന സൗജന്യം അതില്‍നിന്നും കുറയും. എയര്‍ ബസിന്റെ യുഎസ് എതിരാളിയായ ബോയിങ്ങും ആകര്‍ഷകമായ ചില ഇടപാടുകള്‍ പ്രഖ്യാപിച്ചു. ഡി എച്ച് എലിനു 4.7 ബില്യണ്‍ ഡോളറിനു 14 777 വിമാനങ്ങളും ജാക്‌സണ്‍ സ്‌ക്വയര്‍ ഏവിയേഷന് 3.5 ബില്യണ്‍ ഡോളറിന്റെ 30 737 മാക്‌സ് വിമാനങ്ങളും വില്‍ക്കുന്നതിനുള്ള ഇടപാടുകളാണവ. വിമാനങ്ങളുടെ വിപണി ശക്തമായി വളരുകയാണെന്നാണ് ബോയിങ് ചീഫ് എക്‌സിക്യൂട്ടീവ് ഡെന്നിസ് മുയലിന്‍ബെര്‍ഗ് എയര്‍ ഷോ തുടങ്ങുന്നതിനുമുമ്പ് പറഞ്ഞത്. എയര്‍ ബസ് കമ്പനി മേധാവികളും സമാനമായ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വളരുകയും യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് സംബന്ധിച്ച ബ്രിട്ടന്റെ ചര്‍ച്ചകള്‍ സ്തംഭിച്ചുനില്‍ക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഫാന്‍ബറോ എയര്‍ ഷോ നടക്കുന്നത്.
ഒരു ഉടമ്പടിയും കൂടാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നപക്ഷം ബ്രിട്ടനില്‍ തുടര്‍ന്ന് നിക്ഷേപങ്ങള്‍ നടത്തുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് എയര്‍ ബസ് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടനില്‍ എയര്‍ ബസ് കമ്പനിയില്‍ 15,000 ജീവനക്കാരുണ്ട്. ബ്രെക്‌സിറ്റിനെക്കുറിച്ചു കമ്പനിക്കു ഒരു അറിവും ഇല്ലെന്നാണ് എയര്‍ ബസ് ചീഫ് എക്‌സിക്യൂട്ടീവ് ടോം എന്‍ഡേഴ്‌സ് പറഞ്ഞത്. ബ്രെക്‌സിറ്റിനുശേഷവും യൂറോപ്യന്‍ യൂണിയനുമായി ശക്തമായ വ്യാപാര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന് സഹായകമായ അനുരജ്ഞനപരമായ നിര്‍ദ്ദേശങ്ങളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ കഴിഞ്ഞയാഴ്ച അവതരിപ്പിച്ചത്. ഗവണ്മെന്റ് ഇപ്പോള്‍ 'ശരിയായ ദിശയിലാണു പോകുന്നതെന്ന്' എന്‍ഡേഴ്‌സ് പറഞ്ഞു. അതുപോലെ പ്രായോഗികവും മാന്യവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ബ്രസ്സല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ കൂടിയാലോചനകളില്‍ പങ്കെടുക്കുന്ന മറ്റു യൂറോപ്യന്‍ രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ബ്രസ്സല്‍സുമായി മതിയായ ഒരു ബ്രെക്‌സിറ്റ് കരാര്‍ ഉണ്ടാക്കാത്തപക്ഷം വിമാനങ്ങള്‍ പറക്കുന്നത് നിന്നുപോകുമെന്നായിരുന്നു തെരേസ മേക്ക് എയര്‍ ഷോയുടെ സംഘാടകര്‍ നല്‍കിയ മുന്നറിയിപ്പ്. ആശങ്കകള്‍ അകറ്റുംവിധം ശുഭസൂചകമായ സന്ദേശമാണ് എയര്‍ ഷോയുടെ ഉദ്ഘാടന ചടങ്ങില്‍ മേ നല്‍കിയത്.
യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുകയും രാജ്യത്തിന്റെ പുതിയൊരു ഭാവി രൂപപ്പെടുത്തുകയും ചെയ്യുകയാണെങ്കിലും ലോകത്തിലെ വിമാന നിര്‍മ്മാണ കമ്പനികള്‍ക്ക് ബിസിനസ് ചെയ്യാന്‍ കഴിയുന്ന മികച്ച സ്ഥലമായി യുകെ തുടരുമെന്നാണ് മേ പറഞ്ഞത്. ആധുനിക സാങ്കേതിക വിദ്യയുടെ മേഖലയില്‍ ലോക നേതാക്കളുടെ നിരയില്‍ ബ്രിട്ടന്‍ തുടരുമെന്ന് പറഞ്ഞ മേ ഇലക്ട്രിക്ക് വിമാനങ്ങളുടെതുള്‍പ്പടെയുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 343 മില്യണ്‍ പൗണ്ടിന്റെ (456 മില്യണ്‍ ഡോളര്‍, 389 മില്യണ്‍ യൂറോ) പൊതുസ്വകാര്യ നിക്ഷേപം നടത്തുമെന്നും പ്രഖ്യാപിച്ചു.

Other News

 • 'ശത്രു ഓഹരികള്‍' വില്‍ക്കാന്‍ മോദി ഗവണ്മെന്റ് തീരുമാനിച്ചു
 • സ്ഥലപ്പേരുകള്‍ മാറ്റിയും പ്രതിമകള്‍ നിര്‍മ്മിച്ചും ഹിന്ദു ദേശീയത വളര്‍ത്താന്‍ ബിജെപി
 • വ്യാപാര കരാറില്‍ മാറ്റം വരുത്താനുള്ള യുഎസ് ശ്രമത്തിനെതിരെ കാനഡ
 • ഖാഷോഗിയുടെ വധം 'അറബ് - നാറ്റോ' രൂപീകരണം സങ്കീര്‍ണ്ണമാക്കി
 • ശബരിമല: ജയം ആര്‍ക്ക്?
 • പാക് ക്രൈസ്തവര്‍ ഭീതിയില്‍
 • നിക്ഷേപ രംഗത്ത് ചൈനയ്ക്കു തടയിടാന്‍ അമേരിക്ക
 • 'ക്രിമിനലുകള്‍' വാഴുന്ന കേരള പോലീസ് സേന
 • അമേരിക്കക്കാരെ കൂടുതലായി പിരിച്ചുവിടുന്നു: ടിസിഎസിനെതിരെ കേസ്
 • ബിജെപിക്കുള്ളില്‍ ആധിപത്യമുറപ്പിക്കാന്‍ വിഷമിക്കുന്ന മോദി ടീം
 • അയോദ്ധ്യ: 2019ല്‍ ബിജെപി രാമനിലേക്ക് മടങ്ങുന്നു
 • Write A Comment

   
  Reload Image
  Add code here