ഇറാന്റെ ആണവ രഹസ്യങ്ങള്‍ ഇസ്രായേല്‍ മോഷ്ട്ടിച്ചതെങ്ങനെ?

Mon,Jul 23,2018


അപായ സൂചനകള്‍ പ്രവര്‍ത്തന രഹിതമാക്കി ഇറാനിലെ ടെഹ്‌റാനിലുള്ള ഒരു വാണിജ്യ ജില്ലയിലെ ഒരു വെയര്‍ ഹൗസിന്റെ രണ്ടു വാതിലുകള്‍ ഭേദിച്ച് അകത്തുകടന്ന് ഡസന്‍ കണക്കിന് ഭീകാരമായ സേഫുകള്‍ കുത്തിത്തുറന്ന് അര ടണ്‍ വരുന്ന രഹസ്യരേഖകളുമായി രക്ഷപ്പെടാന്‍ എത്ര സമയം വേണ്ടിവരുമെന്ന് ഇസ്രയേലിന്റെ മൊസാദ് ഏജന്റുമാര്‍ കൃത്യമായി കണക്കുകൂട്ടി: 6 മണിക്കൂറും 29 മിനിറ്റും. വെയര്‍ ഹൗസിനെ ഒരു വര്‍ഷത്തോളം നിരീക്ഷിച്ച ഇസ്രായേലി ചാരന്മാര്‍, രാവിലെയുള്ള ഡ്യൂട്ടിക്കായി ഇറാനിയന്‍ ഗാര്‍ഡുകള്‍ എത്തുന്നത് 7 മണിക്കാണെന്ന് മനസ്സിലാക്കി. രക്ഷപ്പെടാന്‍ വേണ്ടത്ര സമയം ലഭിക്കത്തക്കവിധം 5 മണിക്കുതന്നെ ദൗത്യം പൂര്‍ത്തിയാക്കി തിരിക്കണമെന്നു തീരുമാനിച്ചു. ഇറാനിയന്‍ കസ്‌റ്റോഡിയന്മാര്‍ എത്തിയാല്‍ തങ്ങളുടെ ആണവ രഹസ്യങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അറകളില്‍നിന്നും മോഷണം നടന്നതായി പെട്ടെന്നുതന്നെ അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയും. ആണവായുധങ്ങളെ സംബന്ധിച്ചു വര്‍ഷങ്ങളായി നടത്തിയ പ്രവര്‍ത്തനങ്ങളും അവയുടെ രൂപകല്‍പ്പനകളും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളും അടങ്ങുന്ന രഹസ്യ രേഖകളാണവ. ജനുവരി 31നു രാത്രി 3600 ഡിഗ്രിയില്‍ കത്തുന്ന ഇലക്ട്രോണിക് ടോര്‍ച്ചുകളുമായാണ് മൊസാദ് ഏജന്റുമാര്‍ എത്തിയത്. ഇറാന്‍ നിര്‍മ്മിതമായ 32 സേഫുകള്‍ കുത്തിത്തുറക്കുന്നതിനു അത്രയും ചൂട് വേണമെന്നവര്‍ മനസ്സിലാക്കി. എല്ലാ സേഫുകളുമൊന്നും തുറക്കാന്‍ അവര്‍ മിനക്കെട്ടില്ല. വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന സേഫുകള്‍ മാത്രമേ അവര്‍ തുറന്നുള്ളു. അതിര്‍ത്തിയിലേക്ക് ഓടിപ്പോകുന്നതിനുള്ള സമയമായപ്പോള്‍ 50,000 പേജുകളും പദ്ധതികളുടെ വിഡിയോ പ്ലാനുകളുള്ള 163 കോംപാക്ട് ഡിസ്‌ക്കുകളും അവര്‍ കൈക്കലാക്കിയിരുന്നു.
വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചക്കുശേഷം ഏപ്രിലില്‍ നടത്തിയ കവര്‍ച്ചയുടെ ഫലം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. 2015ലെ ആണവ കരാര്‍ ട്രമ്പ് നിരസിക്കുന്നതിനുള്ള കാരണമായി അദ്ദേഹമത് ചൂണ്ടിക്കാട്ടി. വഞ്ചനാപരമായ നീക്കത്തിലൂടെ ആണവ ബോംബ് നിര്‍മ്മിക്കുന്നതിനുള്ള ഇറാന്റെ പദ്ധതിയാണത് വെളിപ്പെടുത്തുന്നതെന്ന് നെതന്യാഹു പറഞ്ഞു. അതിന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കരാറില്‍നിന്നും പിന്മാറുന്നതിനുള്ള തീരുമാനം ട്രമ്പ് പ്രഖ്യാപിച്ചതും യൂറോപ്യന്‍ സഖ്യശക്തികളുമായുമുള്ള യുഎസിന്റെ ബന്ധങ്ങള്‍ വഷളായതും. ഒരാഴ്ച മുമ്പ് ഇസ്രായേല്‍ ഗവണ്മെന്റ് ക്ഷണിച്ചുവരുത്തിയ മൂന്നു പത്രലേഖകര്‍ക്കു മുമ്പാകെ ആ രേഖകള്‍ കാണിച്ചു. ന്യൂയോര്‍ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍ എന്നിവയില്‍ നിന്നുമുള്ള ലേഖകരായിരുന്നു അവര്‍. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ (ഐഎഇഎ) ഇന്‍സ്‌പെക്ടര്‍മാര്‍ അവരുടെ റിപ്പോര്‍ട്ടുകളില്‍ സംശയം പ്രകടിപ്പിച്ചിരുന്ന കാര്യങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ആ രേഖകള്‍. സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ളതാണ് ആണവ പരിപാടി എന്നാണു ഇറാന്‍ അവകാശപ്പെട്ടിരുന്നതെങ്കിലും ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ഇറാന്‍ മുമ്പ് നടത്തിയിരുന്നതായി അത് വെളിവാക്കുന്നു. രേഖകളുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമൊന്നുമില്ല. രേഖകളില്‍ മിക്കവയും 15 വര്‍ഷത്തെ പഴക്കമുള്ളവയാണ്. തെരെഞ്ഞെടുത്ത ചില രേഖകള്‍ മാത്രമാണ് ഇസ്രയേലികള്‍ പത്രലേഖകരെ കാണിച്ചത്. ഇറാനെ കുറ്റവിമുക്തരാക്കുന്ന രേഖകള്‍ മറച്ചുവച്ചിട്ടുണ്ടാകണം. ആണവായുധങ്ങള്‍ ഉണ്ടാക്കുന്നതിന്റെ രഹസ്യം മറ്റുള്ളവരിലേക്ക് ചോര്‍ന്നു പോകാതിരിക്കാനാണ് ആ രേഖകള്‍ കാണിക്കാത്തതെന്നാണ് ഇസ്രായേല്‍ നല്‍കിയ വിശദീകരണം.
എല്ലാം വ്യാജമാണെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. രാജ്യത്തിനുമേല്‍ വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ഇസ്രയേലികള്‍ കെട്ടിച്ചമച്ച പദ്ധതിയെന്നാണ് അതിനെയവര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ രേഖകള്‍ യാഥാര്‍ത്ഥമാണ് എന്നുതന്നെയാണ് അവ പരിശോധിച്ച യുഎസിന്റേയും യുകെയുടെയും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. 2003ല്‍ പ്രൊജക്റ്റ് അമദ് എന്ന പദ്ധതി അവസാനിപ്പിച്ചതായി ഇറാന്‍ പ്രഖ്യാപിച്ചപ്പോള്‍ പലരും സംശയിച്ചതിനെക്കാളും വിപുലവും മെച്ചപ്പെട്ടതും സംഘടിതവുമായ പദ്ധതിയായിരുന്നു ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇറാന്റെ പദ്ധതിയെന്നാണ് ടൈംസ് പത്രം വിദഗ്ധാഭിപ്രായം തേടിയ പുറമെ നിന്നുമുള്ള വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ഇറാന്റെ ഷഹാബ് 3 എന്ന മിസ്സൈലില്‍ ആണവായുധം ഘടിപ്പിക്കുന്നത് എങ്ങനെ എന്നതായിരുന്നു ഒരു രേഖയിലുണ്ടായിരുന്നത്. ഭൂഗര്‍ഭ ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നതിനെക്കുറിച്ചും ആദ്യ ബാച്ചില്‍ 5 ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും പ്രതിപാദിപ്പിക്കുന്ന രേഖകളും ഉള്‍പ്പെട്ടു. എന്നാല്‍ ഒന്നും നിര്‍മ്മിക്കുകയുണ്ടായില്ല. പദ്ധതിയെ തകര്‍ക്കാന്‍ യുഎസിന്റേയും ഇസ്രയേലിന്റെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തുന്ന ശ്രമങ്ങളെയും സൈബര്‍ ആക്രമണങ്ങളെയും അവര്‍ ഭയന്നതാണ് കാരണം. 2003 അവസാനത്തോടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി മന്ദീഭവിപ്പിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം 2007ല്‍ യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നു.
എന്നാല്‍ 2003നുശേഷവും ഇറാന്‍ പദ്ധതി തുടര്‍ന്നു എന്നാണ് ഇസ്രായേല്‍ പറയുന്നത്. ഇറാന്റെ പരസ്യവും രഹസ്യവുമായ പദ്ധതികളെ എങ്ങനെ വേര്‍തിരിക്കും എന്നതിനെക്കുറിച്ച് ആണവ പദ്ധതിയിലെ മുതിര്‍ന്ന രണ്ടു ഉദ്യോഗസ്ഥന്മാര്‍ തമ്മിലുള്ള തര്‍ക്കങ്ങളും ഒരു രേഖയിലുണ്ട്. അവര്‍ ഇരുവരും പിന്നീട് വധിക്കപ്പെട്ടു. ഇസ്രായേലി ഏജന്റുമാരാണ് അവരെ വധിച്ചതെന്ന് സംശയിക്കപ്പെടുന്നു. ഒരു ആണവ സ്‌ഫോടനത്തില്‍ തുടര്‍ച്ചയായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്ന ന്യുട്രോണുകളെ സംബന്ധിച്ച ഗവേഷണം മറച്ചുപിടിക്കണം എന്നായിരുന്നു ഒരു ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടതെന്നാണ് രേഖകളില്‍ കാണുന്നത്. 2030നു ശേഷം ആണവ ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നതിന് ഇറാനെ അനുവദിക്കുന്ന 2015ലെ കരാറിലെ വ്യവസ്ഥ കഥയില്ലാത്ത ഒന്നായിട്ടാണ് നെതന്യാഹു പറയുന്നത്. പഠിച്ചതെല്ലാം അക്കാലംവരെയും സംഗ്രഹിച്ചുസൂക്ഷിക്കാന്‍ ഇറാന് അറിയാമെന്നും കഴിഞ്ഞ കാലത്ത് നടത്തിയ ഗവേഷണ കാര്യങ്ങളുടെ രേഖകള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലം അന്താരാഷ്ട്ര പരിശോധകരില്‍നിന്നും മറച്ചുപിടിച്ചതുതന്നെ ഭാവിയില്‍ എന്താണവര്‍ ഉദ്ദേശിച്ചിരുന്നത് എന്നതിന്റെ തെളിവാണെന്നും നെതന്യാഹു പറയുന്നു. അതേസമയം ആണവ കരാര്‍ കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകണമെന്ന വാദത്തിനും കരുത്തുപകരുന്ന ഒന്നാണ് ആ രേഖകള്‍. ആണവ കരാറിന്റെ ഫലമായി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ആണവ ഇന്ധനം ഇറാന് ലഭിക്കുമായിരുന്നില്ല. തങ്ങള്‍ ഇക്കാലമത്രയും സംശയിച്ചിരുന്ന കാര്യംതന്നെയാണ് രേഖകള്‍ വ്യക്തമാക്കുന്നത് എന്നാണ് കരാറിനുള്ള കൂടിയാലോചനകള്‍ നടത്തിയ ഒബാമ ഭരണകൂടത്തിലെ പ്രമുഖര്‍ പറയുന്നത്. ഇറാന് അത്യാധുനിക ആണവ ഇന്ധന ശേഷിയും ആണവായുധങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള രൂപരേഖകളും അവ വേഗം നിര്‍മ്മിക്കുന്നതിനുള്ള കഴിവും ഉണ്ടെന്നുള്ളതാണ് തങ്ങള്‍ സംശയിച്ചിരുന്നതെന്ന് അവര്‍ പറയുന്നു. അതുകൊണ്ടാണ് സംഭരിച്ചു സൂക്ഷിച്ചിട്ടുള്ള ആണവ ഇന്ധനത്തിന്റെ 97%വും രാജ്യത്തിന് പുറത്തേക്കു കടത്താന്‍ സമ്മതിക്കുന്ന കരാറിന് രൂപം നല്‍കിയത്. സമ്പൂര്‍ണ്ണമായ ഒരു നിരോധനത്തിന് ഇറാന്‍ ഒരുക്കമായിരുന്നില്ല.
ഇസ്രയേലികള്‍ തുരന്നുകയറിയ വെയര്‍ ഹൗസ് 2015ല്‍ യുഎസുമായും യൂറോപ്യന്‍ ശക്തികളുമായും റഷ്യയുമായും ഇറാന്‍ ഒപ്പുവച്ച ആണവ കരാറിന് ശേഷമാണ് ഉപയോഗിക്കാന്‍ തുടങ്ങിയത്. സൈനിക കേന്ദ്രങ്ങളുള്‍പ്പടെ സംശയിക്കപ്പെടുന്ന ആണവ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്താന്‍ കരാര്‍ ഐഎഇഎ യെ അനുവദിച്ചിരുന്നു. ഒരു ആണവായുധം നിര്‍മ്മിക്കുന്നത് എങ്ങനെയെന്നും അവ മിസ്സൈലുകളില്‍ ഘടിപ്പിക്കുന്നത് എങ്ങനെയെന്നും വിസ്‌ഫോടനം നടത്തുന്നത് എങ്ങനെയെന്നും വിവരിക്കുന്ന ആയിരക്കണക്കിന് പേജുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി സംഭരിച്ചാണ് വെയര്‍ഹൗസില്‍ സൂക്ഷിച്ചതെന്നാണ് ഇസ്രായേല്‍ പറയുന്നത്. മുമ്പ് ആണവ പരിപാടിയുമായി ഒരു ബന്ധവുമില്ലാതെയിരുന്ന ഒരു വാണിജ്യ ജില്ലയിലെ വെയര്‍ഹൗസാണ് അവ സൂക്ഷിക്കുന്നതിനായി തെരഞ്ഞെടുത്തത്. ഇറാന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള വെയര്‍ഹൗസുകളുടെ പട്ടികയിലൊന്നും അത് ഉള്‍പ്പെടുത്തിയിട്ടില്ല. അവിടെ രാപകല്‍ കാവല്‍ ഡ്യൂട്ടി ഒന്നുമുണ്ടായിരുന്നില്ല. എന്താണ് അവിടെ നടക്കുന്നതെന്ന് സമീപവാസികള്‍ക്കുപോലും ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടു വര്‍ഷങ്ങളായി പരിപാടികളുമായി ബന്ധപ്പെട്ട കടലാസുകള്‍ ശേഖരിക്കുന്നതും അവ ഫിലിം ചെയ്യുന്നതും 2016 ഫെബ്രുവരിയില്‍ അവയെല്ലാം പുതിയൊരു സ്ഥലത്തേക്ക് മാറ്റുന്നതുമെല്ലാം മൊസാദ് നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്നത് ഇറാന്‍ മനസ്സിലാക്കിയില്ല. കഴിഞ്ഞ വര്‍ഷമാണ് അവ കവര്‍ച്ച ചെയ്യാന്‍ മൊസാദ് തീരുമാനിച്ചത്. ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ തുരന്നുകയറി ആവശ്യമായ ഫോട്ടോകളോ അല്ലെങ്കില്‍ പ്രതിരൂപങ്ങളോ ഒരു തെളിവും നല്‍കാതെ ശേഖരിക്കുക എന്നത് മൊസാദിന്റെ പ്രവര്‍ത്തന ശൈലിയാണ്. എന്നാല്‍ ഇക്കുറി രേഖകളുടെ പകര്‍പ്പല്ല, അവ മോഷ്ടിക്കുകതന്നെ വേണമെന്നാണ് മൊസാദ് തലവന്‍ യുസി കോഹെന്‍ തീരുമാനിച്ചത്. കെട്ടിടത്തിനുള്ളില്‍ ഏജന്റുമാര്‍ ചിലവഴിക്കുന്ന സമയം അത് കുറയ്ക്കുമെന്നത് ഒരു കാരണമായിരുന്നു. അതിനുപുറമെ രേഖകള്‍ കൃതൃമമായി ചമച്ചതാണെന്നു ഇറാന്‍ ഉന്നയിച്ചേക്കാവുന്ന അവകാശ വാദങ്ങളെ പൊളിക്കുന്നതിനും അവയുടെ അസ്സല്‍ രൂപങ്ങള്‍തന്നെ വേണമെന്ന് ഇസ്രായേല്‍ തീരുമാനിച്ചു. അവ പരിശോധിക്കുന്നതിനായി അന്താരാഷ്ട്ര സംഘങ്ങള്‍ക്ക് നല്‍കാനും സന്നദ്ധമായി.
ഇസ്രായേലി ചാരന്മാര്‍ക്ക് ഇറാനുള്ളില്‍നിന്നും സഹായമുണ്ടായി. 32 സേഫുകളില്‍ ഏറ്റവും പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിച്ചിട്ടുള്ളത് ഏതിലാണെന്ന് അങ്ങനെയാണവര്‍ മനസ്സിലാക്കിയത്. അപായ സൂചന പ്രവര്‍ത്തന രഹിതമാക്കുന്നതിനെക്കുറിച്ചും അവര്‍ മനസ്സിലാക്കി. രാത്രി 10.30നോടുകൂടി അവര്‍ അവിടെയെത്തിയിട്ടും അത് ശബ്ദിച്ചില്ല. എല്ലാം ശാന്തമായി നടന്നു. നാടകീയതകള്‍ ഒന്നുമുണ്ടായില്ല. രേഖകള്‍ കരമാര്‍ഗമോ, ആകാശ മാര്‍ഗമോ, കടല്‍ മാര്‍ഗമോ എങ്ങനെയാണ് എത്തിച്ചതെന്നു മാത്രം ഇസ്രായേല്‍ വെളിപ്പെടുത്തുന്നില്ല. തീരദേശത്തുകൂടി കരമാര്‍ഗം എത്തിക്കുന്നതുതന്നെയാണ് ഏറ്റവും ആയാസം കുറഞ്ഞ മാര്‍ഗം. ടെഹ്‌റാനില്‍നിന്നും രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ഇസ്രയേലിലെത്താം. രണ്ടു ഡസനില്‍ത്താഴെ ഏജന്റുമാര്‍ മാത്രമാണ് ഈ ഓപ്പറേഷനില്‍ പങ്കെടുത്തത്. ചിലരെങ്കിലും പിടിയിലാകുമെന്ന ഭയം കാരണം പല മാര്‍ഗങ്ങളിലാണ് അവര്‍ രേഖകളുമായി കടന്നത്. മൊസാദ് പ്രതീക്ഷിച്ചതുപോലെതന്നെ രാവിലെ 7 മണിയായപ്പോള്‍ ഒരു ഗാര്‍ഡ് എത്തി. കതകുകളും സേഫുകളും തുറന്നുകിടക്കുന്നത് അയാള്‍ കണ്ടു. അയാള്‍ അപായ സൂചന മുഴക്കി. കവര്‍ച്ചക്കാരെ പിടികൂടാന്‍ ഇറാന്‍ രാജ്യവ്യാപകമായ തിരച്ചില്‍ തുടങ്ങി. പതിനായിരക്കണക്കിന് സുരക്ഷാ സൈനികരും പോലീസുകാരും അതില്‍ പങ്കെടുത്തു. ഒരു ഫലവുമുണ്ടായില്ല. നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍ പ്രസംഗംവരെ എന്താണ് സംഭവിച്ചതെന്ന് ഒരക്ഷരം ഇറാന്‍ മിണ്ടിയതുമില്ല.

Write A Comment

 
Reload Image
Add code here