നാവിക സേനയുടെ കരുത്തില്‍ യുഎസിനെ വെല്ലുവിളിച്ച് ചൈന
Mon,Jul 23,2018

ലോകത്തെ മറ്റേതൊരു രാജ്യത്തെ അപേക്ഷിച്ചും ചൈനയുടെ നാവിക സേന കൂടുതല്‍ വലുതും മെച്ചപ്പെട്ടതും വേഗതയേറിയതുമായി മാറിക്കൊണ്ടിരിക്കുന്നതായി വിദഗ്ദ്ധര്‍.
ഈ മാസമാദ്യം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രണ്ട് 055 ടൈപ്പ് 13,000 ടണ്‍ മിസൈല്‍ നിയന്ത്രിത നശീകരണ കപ്പല്‍ പുറത്തിറക്കി. ഏഷ്യയിലെ ഏറ്റവും വലുതും ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യകളുള്ളതും ഏറ്റവും മാരകവുമായ യുദ്ധക്കപ്പലുകളാണവ.
യുഎസ്, ജപ്പാന്, ദക്ഷിണ കൊറിയ എന്നിവയ്ക്ക് ഉള്ളതിനേക്കാള്‍ ഏറ്റവും വലുതും കൂടുതല്‍ ശക്തിയുള്ളതുമായ നശീകരണ കപ്പലുകളാണ് അവയെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ട് കപ്പലുകള്‍ ഒരേ സമയത്തുതന്നെ പുറത്തിറക്കിയ നടപടി കാണിക്കുന്നത് മറ്റാര്‍ക്കും കിടപിടിക്കാന്‍ കഴിയാത്ത വിധമുള്ള ചൈനയുടെ കപ്പല്‍ നിര്മ്മാണശേഷിയെയും, ചൈനീസ് തീരങ്ങള്ക്കപ്പുറത്തേക്കും സ്വന്തം നാവിക ശക്തി പ്രകടിപ്പിക്കുന്നതിനുള്ള ചൈനയുടെ നീക്കത്തെയും ആണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയ ഓരോ നശീകരണ കപ്പലുകളിലും ഈ വര്‍ഷം സിറിയയില്‍ യുഎസ് പ്രയോഗിച്ച ടോമാഹാക് മിസ്സൈലുകള്‍ക്ക് സമാനമായ ദീര്‍ഘദൂര ആക്രമണ മിസൈലുകള്‍ തൊടുത്തുവിടാന്‍ കഴിയുന്ന ലംബമാന രൂപത്തിലുള്ള 112 ലോഞ്ച് ട്യൂബുകള്‍ ഉണ്ടെന്നും ചൈന പറയുന്നു. ചൈനയ്ക്ക് ഇപ്പോഴുള്ള ടൈപ്പ് 052ഡി നശീകരണ കപ്പലുകളുടെ ഇരട്ടി ശേഷിയാണ് അതിനുള്ളതെന്നും ചൈനീസ് സൈന്യത്തിന്റെ ഇംഗ്ലീഷ് വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു.
ശത്രുവിന്റെ വിമാനങ്ങള്‍, കപ്പലുകള്‍, മിസൈലുകള്‍ എന്നിവയെയെല്ലാം തകര്‍ക്കുന്നതിനുള്ള ആയുധങ്ങളും മിസൈല്‍ ലോഞ്ചറുകളിലൂടെ തൊടുത്തുവിടാന്‍ കഴിയും. മുങ്ങിക്കപ്പലുകള്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ഹെലികോപ്റ്ററുകള്‍ വീതവും സജ്ജീകരിച്ചിട്ടുണ്ട്.
മദ്ധ്യപൂര്‍വദേശം പോലെയുള്ള വിദൂരമായ മേഖലകളിലേക്ക് ചൈനയുടെ യുദ്ധവിമാന വാഹിനികളെ അനുധാവനം ചെയ്യത്തക്ക രീതിയിലാണ് അവ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെ ഇപ്പോള്‍ യുഎസിന് മാത്രം അവകാശപ്പെടാവുന്ന 'ബ്ലൂ വാട്ടര്‍ നേവി' എന്നറിയപ്പെടുന്ന ശേഷിയാണ് ചൈന കൈവരിച്ചിട്ടുള്ളത്. സ്വന്തം തീരത്തുനിന്നും അകലെ ലോകത്തിലെ ഏതു സമുദ്രത്തിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ശേഷിയാണത്.
ചൈനീസ് രാഷ്ട്രത്തിന്റെയും അവിടുത്തെ ഭരണകക്ഷിയുടെയും കരുത്തിന്റെയും അന്തസ്സിന്റെയും പ്രതാപത്തിന്റെയും പ്രകടനമാണ് ഈ കപ്പലുകളെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഏഷ്യന്‍ മേഖലയിലെ സമുദ്രത്തില്‍ യുഎസിനോ അല്ലെങ്കില്‍ ദക്ഷിണ കൊറിയക്കോ ഉള്ള യുദ്ധക്കപ്പലുകളെക്കാള്‍ 3,000 ത്തിലധികം ടണ്ണിന്റെ ശേഷി ചൈനയുടെ കപ്പലുകള്‍ക്കുണ്ട്. ദക്ഷിണ ചൈനാ സമുദ്രത്തിലുള്ള യുഎസിന്റെ ടൈക്കോണ്ടരോഗ വിഭാഗത്തില്‍പ്പെടുന്ന യുദ്ധക്കപ്പലിനു 10,000 ടണ്ണും ആര്‍ലി ബര്‍ക്ക് വിഭാഗത്തില്‍പ്പെടുന്ന നശീകരണകപ്പലുകള്ക്ക് 9,000 ടണ്‍ ശേഷിയുമാണുള്ളത്. യുഎസ് കപ്പലുകളെ തള്ളിമാറ്റി കടന്നുകയറാന്‍ വലുപ്പകൂടുതല്‍ ഉപകരിക്കും.
ചൈനയുടെ നാവിക നയതന്ത്രത്തിന് ഇത് കൂടുതല്‍ കരുത്തേകും. തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ വലിയ യുദ്ധക്കപ്പലുകളില്‍ തദ്ദേശീയ ജനവിഭാഗങ്ങള്‍ ആകൃഷ്ടരാകും.
ജൂലൈ 3ന് രണ്ട് നശീകരണ കപ്പലുകളും ഒരുമിച്ചു പുറത്തിറക്കിയ ചൈന യുഎസിനും സഖ്യശക്തികള്‍ക്കും ലോകത്തിനാകെത്തന്നെയും ഭാവിയില്‍ ചൈനയില്‍നിന്നും എന്തും പ്രതീക്ഷിക്കാമെന്ന ശക്തമായൊരു സന്ദേശമാണ് നല്‍കിയിട്ടുള്ളത്.
ടൈപ്പ് 055 ലെ രണ്ട് കപ്പലുകളും 2017 ജൂണിലും ഈ വര്‍ഷം ഏപ്രിലിലും പുറത്തിറക്കിയ മറ്റു രണ്ട് കപ്പലുകള്‍ക്കൊപ്പം ചേരും. നേരത്തെ പുറത്തിറക്കിയ രണ്ട് കപ്പലുകളും ഷാങ്ഹ്വായിയിലാണ് നിര്‍മ്മിച്ചതെങ്കില്‍ ഇപ്പോള്‍ പുറത്തിറക്കിയ കപ്പലുകള്‍ ലിയോണിങ് പ്രവിശ്യയിലെ ഡാലിയനിലാണ് നിര്‍മ്മിച്ചത്. കപ്പല്‍ നിര്‍മ്മാണത്തില്‍ ചൈനക്കുള്ള വലിയ ശേഷിയെയാണത് കാണിക്കുന്നത്.
ഷിപ്യാര്ഡിലെ പരിമിതമായ ശേഷി കാരണം യുഎസിനുപോലും ഒരു വര്‍ഷം ഒരു കപ്പലില്‍ കൂടുതല്‍ നിര്‍മ്മിക്കുന്നതിന് കഴിയാത്തപ്പോഴാണിത്. ഒരേ ഷിപ്യാര്ഡില്ത്തന്നെ ഒരേ മോഡലിലുള്ള രണ്ട് കപ്പലുകള്‍ ഒരേസമയം നിര്‍മ്മിക്കുന്നതിനുള്ള ശേഷിയുള്ള ചൈനയ്ക്ക് കപ്പലുകള്‍ കൃത്യസമയത്തു നല്‍കുന്നതിന് കഴിയും.
യുഎസ് നാവികസേനയ്ക്ക് ഒപ്പമെത്തുന്നതിന് ആവശ്യമായ ചിലവുകള്‍ വഹിക്കാന്‍ ചൈന ഒരുക്കമായിരിക്കുമെന്നാണ് സൈനിക വിദഗ്ധര്‍ പറയുന്നത്. 2030 ആകുമ്പോഴേക്കും ടൈപ്പ് 055 വിഭാഗത്തിലുള്ള 20 അത്യാധുനിക കപ്പലുകളും അവയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ടൈപ്പ് 054 വിഭാഗത്തിലുള്ള യുദ്ധക്കപ്പലുകളും വിമാന വാഹിനികളും നിര്‍മ്മിക്കുന്നതിനാണ് ചൈന പദ്ധതിയിടുന്നത്. ചെറിയ യുദ്ധവിമാനങ്ങള്‍ വഹിച്ചുകൊണ്ടുപോകാവുന്നതും നാവിക ഭടന്മാരെ വിന്യസിക്കാന്‍ കഴിയുന്ന ഹെലികോപ്ടറുകള്‍ക്കു പറന്നുയരാന്‍ കഴിയുന്നതുമായ മറ്റു രീതിയിലുള്ള ആക്രമണ കപ്പലുകളും ചൈന നിര്‍മ്മിക്കുന്നുണ്ട്.
ഇലക്ട്രോ മാഗ്നെറ്റിക് പീരങ്കികളും ശബ്ദവേഗതയെ വെല്ലുന്ന യുദ്ധവിമാനങ്ങളും വിമാന വാഹിനികളില്‍ അത്യാധുനികമായ ലോഞ്ചിങ് സമ്പ്രദായങ്ങളും വികസിപ്പിക്കുന്നതായി ചൈനയുടെ ഔദ്യോഗിക മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 3നു പുറത്തിറക്കിയ ടൈപ്പ് 55എ കപ്പലുകള്‍ അവയുടെ പരീക്ഷണം സമുദ്രങ്ങളില്‍ ഉടന്‍ നടത്തുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ അവ കമ്മീഷന് ചെയ്യുമെന്നോ, സേനയുടെ ഭാഗമാക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല.