ട്രമ്പിന്റെ 'അമേരിക്ക ആദ്യം' നയം ഇന്ത്യയ്ക്ക് വെല്ലുവിളി

Mon,Jul 23,2018


ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉനുമായുള്ള ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് സിംഗപ്പൂരിലേക്ക് തിരിച്ചപ്പോള്‍ ന്യൂഡല്‍ഹിയില്‍ ചില കേന്ദ്രങ്ങള്‍ ആശ്വസിക്കുകയായിരുന്നു. കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുകയും ഇരു നേതാക്കളും സംയുക്ത പ്രസ്താവനപോലെയുള്ള ഒന്ന് പുറപ്പെടുവിക്കുകയും ചെയ്താല്‍, ഉത്തര കൊറിയയെ ഒറ്റപ്പെടുത്താനും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ശിക്ഷിക്കാനും വാഷിങ്ടണ്‍ ആവശ്യപ്പെടുകയില്ലല്ലോ എന്നായിരുന്നു അവര്‍ ആശ്വസിച്ചത്. കിമ്മിനുമേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്യോങ്യാങില്‍ ഇന്ത്യയുടെ ചെറിയ എംബസ്സി അടച്ചുപൂട്ടുന്നതിനും എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതിനും ഇന്ത്യക്കുമേല്‍ യുഎസ് സമ്മര്‍ദ്ദമുണ്ടായിരുന്നു. ബന്ധങ്ങള്‍ വിച്ഛേദിക്കുക, വ്യാപാര കരാറുകള്‍ ഉടച്ചുവാര്‍ക്കുക, ഇടപാടുകള്‍ റദ്ദാക്കുക, അല്ലെങ്കില്‍ മറ്റൊരു രാജ്യം ഏകപക്ഷീയമായി പ്രഖ്യാപിച്ച ഉപരോധ നടപടികള്‍ അനുസരിക്കാതിരുന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെയോര്‍ത്ത് ആകുലപ്പെടുക എന്നതൊക്കെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഒറ്റപ്പെടുത്താനും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ശിക്ഷിക്കാനും പറയില്ല എന്നുള്ള വിദൂര സാദ്ധ്യത മാത്രമാണ് സിങ്കപ്പൂര്‍ ഉച്ചകോടിയെക്കുറിച്ച് ഇന്ത്യ പ്രതീക്ഷിച്ചത്. ഭാഗ്യത്തിന് വീണ്ടും കൂടിക്കാണുമെന്നുള്ള തീരുമാനത്തോടെയാണ് ട്രമ്പും കിമ്മും പിരിഞ്ഞത്.
അതുപോലെ ഇന്ത്യയെ 'ചുട്ടുപൊള്ളിക്കുന്ന' രണ്ടു കാര്യങ്ങള്‍കൂടി യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്: ഇന്ത്യക്ക് എണ്ണ നല്‍കുന്ന ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ ഇറാനില്‍നിന്നുള്ള ഇറക്കുമതി നിര്‍ത്തുക; റഷ്യയില്‍നിന്നും വലിയ തോതില്‍ സൈനികോപകരണങ്ങള്‍ വാങ്ങാതിരിക്കുക എന്നിവയാണവ. ഇന്ത്യയുമായി ദീര്‍ഘകാലമായി വിശ്വസ്ത ബന്ധങ്ങള്‍ പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇറാനും റഷ്യയും. പിന്നീടുള്ളത് വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കിളുകള്‍പോലെ അമേരിക്കയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ തീരുവ കുറയ്ക്കുക, ഉഭയകക്ഷി വ്യാപാര കമ്മി കുറയ്ക്കുക, അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം ഉറപ്പാക്കുക, ഇന്ത്യയുടെ ബൗദ്ധിക സ്വത്തുനിയമം ഉടച്ചുവാര്‍ക്കുക, ഏറ്റവും ഒടുവിലായി എച്ച് 1 ബി വിസയുടെ കാര്യത്തില്‍ പ്രതിഷേധത്തിനൊന്നും മുതിരാതെ യുഎസിന്റെ കര്‍ക്കശ വ്യവസ്ഥകളുടെ പൊരുത്തപ്പെടുക എന്നിവയാണ്. ചിലതൊക്കെ ഒരു അമേരിക്കന്‍ പ്രസിഡന്റില്‍നിന്നും മറ്റൊരു പ്രസിഡന്റിലേക്കു പകര്‍ന്നു കിട്ടിയ പ്രശ്‌നങ്ങളാണ്. അമേരിക്കന്‍ കമ്പനികള്‍ക്ക് വിപുലമായ വിപണി ലഭ്യത അതിലൊന്നാണ്. റഷ്യയുമായി ബന്ധപ്പെട്ട ഉപരോധ നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ യുഎസ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതാണ്. യുഎസ് തെരെഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്നതിന്റെ പേരില്‍ ഏര്‍പ്പെടുത്തുന്ന ഉപരോധ നടപടികള്‍, അതിന്റെ ആരോപണം നേരിടുന്ന ട്രമ്പ് പുറപ്പെടുവിക്കില്ലായിരുന്നു. എന്നാല്‍ മറ്റെല്ലാം ട്രമ്പ് ഭരണകൂടം പിന്തുടരുന്ന 'അമേരിക്ക ആദ്യം' എന്ന നയവുമായി ബന്ധപ്പെട്ടതാണ്. ആ നയമാകട്ടെ വളരെ സങ്കുചിതമായ താല്പര്യങ്ങളില്‍ അധിഷ്ഠിതമാണ്. മുന്‍ ഭരണകൂടങ്ങളും ലോക രാഷ്ട്രീയത്തിലും വ്യാപാരത്തിലും സമാനമായ നയങ്ങള്‍തന്നെയാണ് പിന്തുടര്‍ന്നതെങ്കിലും അവയെ അപേക്ഷിച്ച് വളരെ സങ്കുചിതമാണ് ഇപ്പോഴത്തേത്. അതുകൊണ്ടാണ് സംരക്ഷണ നടപടികളുടെ ഭാഗമായി സ്റ്റീലിനും അലുമിനിയത്തിനും ഏര്‍പ്പെടുത്തിയ തീരുവകള്‍ വലിയ വിതരണക്കാരായ കാനഡ, ചൈന, ഇന്ത്യ എന്നിങ്ങനെയുള്ള വലുതും ചെറുതുമായ വിതരണക്കാര്‍ക്ക് ഒരുപോലെ ബാധകമാക്കിയത്. ട്രമ്പ് ലക്ഷ്യം വയ്ക്കാത്തതായി ഒന്നുമില്ല. ന്യൂയോര്‍ക്കിലെ ബിസിനസുകാരന് ഒന്നിലും വ്യത്യാസം കാണാന്‍ കഴിയുന്നില്ല. സാമ്പത്തിക രംഗത്തും ബിസിനസ് മേഖലയിലും അമേരിക്കയ്ക്ക് ഉണ്ടായിരുന്ന മേല്‍ക്കൈ വിഡ്ഢിത്തപൂര്‍ണ്ണമായി ബഹുമുഖമായ കരാറുകളിലൂടെയും തെറ്റായ നയങ്ങളിലൂടെയും ബിസിനസുകാര്‍ക്കെതിരായ നികുതികളിലൂടെയും നഷ്ടപ്പെടുത്തി എന്ന ചിന്താഗതിക്കാരാണ് പ്രസിഡന്റും സമാന ചിന്താഗതിക്കാരായ സഹായികളും. അതെല്ലാം ശരിയാക്കുന്നതിനുള്ള പുറപ്പാടിലാണ് ട്രമ്പും സഹായികളും. അതുകൊണ്ടാണ് സഖ്യശക്തിയായ കാനഡയുമായും നാറ്റോ സഖ്യവുമായുമുള്ള ഉറ്റ ബന്ധങ്ങളും കാനഡ, മെക്‌സിക്കോ, ലോക വ്യാപാര സംഘടന എന്നിവയുമായി ഒപ്പുവച്ച നോര്‍ത്ത് അറ്റ്‌ലാന്റിക് ഫ്രീ ട്രേഡ് എഗ്രിമെന്റ് തുടങ്ങിയ വ്യാപാര കരാറുകളും പുനഃപരിശോധിക്കാനും ഉടച്ചുവാര്‍ക്കുന്നതിനും അവര്‍ മുതിരുന്നത്. അനീതിപരം, അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് നിരക്കാത്തത് എന്നിങ്ങനെയുള്ള ന്യായങ്ങള്‍ പറഞ്ഞ് നിലവിലുള്ള കരാറുകളില്‍നിന്നും പിന്‍വാങ്ങുന്നതിനുപോലും അവര്‍ മുതിരുന്നു. ട്രാന്‍സ് പസിഫിക് പാര്‍ട്ണര്‍ഷിപ്, പാരീസ് കാലാവസ്ഥ ഉടമ്പടി, ഇറാന്‍ ആണവ കരാര്‍, യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ എന്നിവയില്‍നിന്നെല്ലാം പിന്മാറിക്കഴിഞ്ഞു.
പിന്‍വാങ്ങുന്ന ഒരു ആഗോള ശക്തിയെന്നാണ് ട്രമ്പിന്റെ അമേരിക്കയെ രാജ്യത്തിനകത്തും പുറത്തുമുള്ള വിമര്‍ശകര്‍ കാണുന്നത്. യാഥാര്‍ഥ്യങ്ങള്‍ പരിശോധിക്കുകയും അതനുസരിച്ചു കാര്യങ്ങള്‍ പുനരാവിഷ്‌ക്കരിക്കുകയും ചെയ്യുന്ന ശക്തിയാണ് യുഎസ് എന്നാണ് ട്രമ്പിനെ പിന്തുണയ്ക്കുന്നവരും സഖ്യശക്തികളും പറയുന്നത്. ഏറ്റവും പ്രവചനാതീതമായ രീതിയില്‍ പെരുമാറുന്ന ഈ യുഎസ് പ്രസിഡന്റിനെ മനസ്സിലാക്കാന്‍ 18 മാസങ്ങള്‍ക്കുശേഷവും ലോകത്തിലെ മറ്റു പല രാജ്യങ്ങള്‍ക്കുമെന്നതുപോലെ ഇന്ത്യയ്ക്കും കഴിഞ്ഞിട്ടില്ല. പല വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ട്രമ്പ് ഇന്ത്യക്ക് അഫ്ഗാനിസ്ഥാനില്‍ പ്രധാനപ്പെട്ട പങ്ക് കല്‍പ്പിക്കുകയും, ഭീകരവിരുദ്ധ യുദ്ധത്തില്‍ പാകിസ്ഥാന്‍ വഞ്ചനകാട്ടിയെന്നു പറയുകയും, ഇന്ത്യയെ ലോക ശക്തിയായി വിശേഷിപ്പിക്കുകയും, യുഎസിന്റെ പസിഫിക് കമന്റിനെ ഇന്‍ഡോപസിഫിക് കമാന്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്യുകയും, ക്വാഡ് (യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ സൈനിക സഹകരണം) വീണ്ടും ഊര്‍ജ്ജിതമാക്കുകയും ചെയ്തു. ഇതൊന്നും എന്തെങ്കിലും നേട്ടമുണ്ടാക്കുകയോ ലോകഭൂപടത്തില്‍ മാറ്റം വരുത്തുകയോ ചെയ്തില്ല. എങ്കിലും ന്യൂഡല്‍ഹിക്ക് യുഎസിന്റെ സ്‌നേഹം വളരെ അനുഭവപ്പെട്ടു. അതേ സമയംതന്നെ ട്രമ്പ് സ്വതസിദ്ധമായ രീതിയില്‍ ഇന്ത്യക്കെതിരെ വര്‍ത്തമാനം പറയുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നതിനായി ഇന്ത്യ ബില്യണ്‍ കണക്കിന് ഡോളറുകള്‍ ആവശ്യപ്പെട്ടു എന്ന് ട്രമ്പ് കുറ്റപ്പെടുത്തിയത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമുള്ള കൂടിക്കാഴ്ചക്ക് ഏതാനും ദിവസങ്ങള്‍ മുമ്പുമാത്രമാണ്. താന്‍ ഇന്ത്യയുടെ വലിയ ആരാധകനാണെന്നും ഇന്ത്യയും യുഎസും 'നല്ല സുഹൃത്തുക്കള്‍' ആയിരിക്കുമെന്നും ഒരു തെരെഞ്ഞെടുപ്പ് റാലിയില്‍ ട്രമ്പ് പ്രസംഗിച്ചതോര്‍ത്ത് മനക്കോട്ട കെട്ടിയ ഇന്ത്യക്കാര്‍ക്ക് അത് സമനില തെറ്റിക്കുന്ന നിമിഷമായി. അത് അന്നത്തെ കാര്യം. ഇന്നിപ്പോള്‍ ഹാര്‍ലി ഡേവിഡ്‌സനാണ്. വ്യാപാരമേഖലയിലെ ഭിന്നതകളും തീരുവയുദ്ധവും ബന്ധങ്ങള്‍ക്ക് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നതായി മാറിയിട്ടുണ്ട്. സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ചുമത്തിയ തീരുവകള്‍ക്ക് തിരിച്ചടിയെന്നോണം ഇന്ത്യയും ചില തീരുവകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച് 1 ബി വിസ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ട്രമ്പ് ഭരണകൂടം ചട്ടങ്ങള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. 'അമേരിക്ക ആദ്യം' എന്ന നയത്തിന്റെ ഭാഗമാണത്. അമേരിക്കയിലെ തൊഴിലുകള്‍ സംരക്ഷിക്കുകയാണ് ഉദ്ദേശം. എന്നാല്‍ അത് ഇന്ത്യന്‍ യുവാക്കളെ ഭയപ്പെടുത്തുകയാണ്. വിദേശികള്‍ക്കും കുടിയേറ്റക്കാര്‍ക്കും മുന്നില്‍ അമേരിക്ക വാതിലുകള്‍ അടയ്ക്കുന്നതായി അവര്‍ കാണുന്നു. ചില കുടിയേറ്റക്കാര്‍ മക്കളില്‍നിന്നുപോലും വേര്‍പെടുത്തപ്പെട്ടു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധങ്ങള്‍ ഇതിലും മോശമായിട്ടുള്ള അവസരം ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചു മാത്രമാണ് വിദഗ്ദ്ധര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ളത്.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here