മിടുക്കരായ 11 പേരും ഇരുള്‍ മൂടിയ ഒരു രഹസ്യവും

Mon,Jul 23,2018


ചുണ്ടാവാത്ത് കുടുംബം മെച്ചപ്പെട്ട ഭാവിക്കുവേണ്ടി അത്യാദ്ധ്വാനം ചെയ്യുന്ന ഡല്‍ഹിയിലെ മറ്റേതൊരു മിഡില്‍ ക്ലാസ് കുടുംബവും പോലെ ആയിരുന്നു. 2007ലെ ഒരു മരണം ഇതിനെല്ലാം മാറ്റംവരുത്തി. പുറമേനിന്നു നോക്കുന്നവര്‍ക്ക് അവര്‍ ആദ്ധ്യാത്മികതയില്‍ അഭയം തേടുന്നതായാണ് തോന്നിയത്. പക്ഷേ എന്താണ് സംഭവിച്ചതെന്ന് ലോകത്ത് ആരും ഇനി അറിയില്ല. കാരണം, അതു വിശദീകരിക്കാന്‍ ആരും ജീവിച്ചിരിപ്പില്ല ഇതുപോലൊരു സംഭവം നടന്ന സ്ഥലത്ത് 17 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ പോകേണ്ടിവന്നിട്ടില്ലെന്നാണ് ജൂലൈ 1ന് രാവിലെ കുടുംബത്തിലെ 11 പേര്‍ കൂട്ടത്തോടെ മരിച്ചനിലയില്‍ കണ്ടെത്തിയ ബുരാരിയിലെ വീട്ടിനുള്ളിലേക്ക് ആദ്യമായി പ്രവേശിച്ച പോലീസ് കോണ്‍സ്റ്റബിള്‍ രാജീവ് ടോമര്‍ പറയുന്നത്. ബീറ്റിനു പോയിരുന്ന ടോമര്‍ കണ്ട്രോള്‍ റൂമില്‍നിന്നുമുള്ള സന്ദേശത്തെ തുടര്‍ന്നാണ് രാവിലെ വീടിനുമുന്നില്‍ തടിച്ചുകൂടിയിരുന്ന ആള്‍ക്കാരെ തള്ളിമാറ്റി അകത്തുകടന്നത്. 10-15 സെക്കന്‍ഡുകള്‍ മാത്രമേ അവിടെ നില്‍ക്കാന്‍ കഴിഞ്ഞുള്ളു. അത്രക്കും ഭയങ്കരമായിരുന്നു കാഴ്ച. 10 മനുഷ്യശരീരങ്ങള്‍ തൂങ്ങിനില്‍ക്കുന്നു. താഴേക്കോടി മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു. വീടിന്റെ ആദ്യനിലയില്‍ ഭവനേഷ് സിംഗ് (50), സഹോദരന്‍ ലളിത് സിംഗ് (45), അവരുടെ ഭാര്യമാരായ സവിത (48), ടിന (42), അവരുടെ മക്കളായ നീതു (25), മോനു എന്ന് വിളിക്കുന്ന മനേക(23), ധ്രുവ് എന്ന് വിളിക്കുന്ന ദുഷ്യന്ത് (15), ശിവം (15), ഭവനേഷിന്റെയും ലളിതിന്റെയും സഹോദരിയായ ബേബി എന്ന് വിളിക്കുന്ന പ്രതിഭ (48), അവരുടെ മകള്‍ പ്രിയങ്ക (33) എന്നിവര്‍ വൃത്താകൃതിയില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. പ്രതിഭ അല്‍പ്പം മാറിയാണ് തൂങ്ങിനിന്നത്. 77 കാരിയായ അമ്മ നാരായണ്‍ ദേവിയുടെ മൃതദേഹം അടുത്ത മുറിയില്‍ തറയില്‍ കിടക്കുകയായിരുന്നു. കൈകാലുകള്‍ കൂട്ടിക്കെട്ടിയും കണ്ണുകളും വായും മൂടിക്കെട്ടിയും ആരോ നടത്തിയ കൊലപാതകങ്ങളെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ ചില കുറിപ്പുകളോടെ കണ്ടെടുത്ത 11 ഡയറികള്‍ അന്വേഷണത്തിന്റെ ഗതിമാറ്റി. എന്തോ തെറ്റായ വിശ്വാസത്തിന്റെ ഇരകളായി നടത്തിയ പൂജയാണ് 'കൂട്ട ആത്മഹത്യ' എന്ന നിഗമനത്തിലെത്തി. 2007ല്‍ മരിച്ച പിതാവ് ഭോപ്പാല്‍ സിംഗിന്റെ 'ആത്മാവ്' ലളിതിന്റെ ശരീരത്തില്‍ പ്രവേശിച്ച് പറഞ്ഞ കാര്യങ്ങളാണ് ആ ഡയറികളിലെന്ന് പോലീസ് പറയുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനായി ബദ്ധ തപസ്യ (ആല്‍മര ആരാധന) അനുഷ്ഠിക്കാന്‍ ആത്മാവ് ലളിതിനോട് പറഞ്ഞു. എങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ കഴുത്തില്‍ കുരുക്കിട്ട് ഇത്തരമൊരു പൂജയില്‍ പങ്കെടുക്കാന്‍ 15ഉം 25ഉം വയസായ കുട്ടികള്‍ എങ്ങനെ സമ്മതിച്ചുവെന്നത് ദുരൂഹമാണ്.
ചുണ്ടാവാത്ത് കുടുംബം രാജസ്ഥാനില്‍ നിന്നുള്ളവരാണ്. 1989-90ല്‍ ഡല്‍ഹിയിലേക്ക് താമസം മാറ്റുന്നതിനുമുമ്പ് ഒരു ദശകം ഹരിയാനയിലെ ടോഹാനയില്‍ താമസിച്ചു. ഭോപ്പാല്‍ സിംഗ് സാമ്പത്തിക ഭദ്രതയുള്ള ആളായിരുന്നു. കൃഷിഭൂമിയും കാലിവളര്‍ത്തലും ഉണ്ടായിരുന്നു. കൃഷിഭൂമി വിറ്റാണ് ബുരാരിയില്‍ സ്ഥലം വാങ്ങിയതും ഭാര്യയ്ക്കും ഇളയ മകന്‍ ലളിതിനുമൊപ്പം അവിടെ താമസമാക്കിയതും. രാജസ്ഥാനിലെ സാവ ഗ്രാമത്തിലുള്ള കുടുംബ വേരുകള്‍ ഉപേക്ഷിച്ച് താനും ഭവനേഷും ഡല്‍ഹിയിലേക്ക് അപ്പോള്‍ പോകുകയുണ്ടായില്ലെന്നാണ് ഭോപ്പാല്‍ സിംഗിന്റെ ജീവിച്ചിരിപ്പുള്ള ഏക മകനും ബില്‍ഡിംഗ് കോണ്‍ട്രാക്ടറുമായ ദിനേശ് സിംഗ് ചുണ്ടാവാത്ത് പറയുന്നത്. ഭവനേഷ് സിങ്ങും ഭാര്യയും ഒപ്പം സംയുക്തമായി ബിസിനസ് തുടങ്ങാമെന്ന് കരുതി. 1978-86 കാലത്ത് സൗദി അറേബ്യയില്‍ സെയ്ല്‍സ് മാനേജരായി ജോലി നോക്കുകയായിരുന്നു ദിനേശ് സിംഗ്.
അമ്മ നാരായണ്‍ ദേവി പഞ്ചാബിലെ ഭാട്ടിയ കുടുംബത്തില്‍നിന്നുമായിരുന്നു. വിവാഹശേഷം പിതാവ് ഭോപ്പാല്‍ സിംഗ് ഏതാനും വര്‍ഷങ്ങള്‍ അവിടെയാണ് കഴിഞ്ഞത്. അതിനാല്‍ പലരും ഭാട്ടിയ സാബ് എന്നാണു വിളിച്ചിരുന്നത്. സഹോദരി പ്രതിഭയെ ഹരീന്ദര്‍ ഭാട്ടിയയാണ് വിവാഹം കഴിച്ചത്. അതിനാല്‍ സഹോദരിയുടെയും മകള്‍ പ്രിയങ്കയുടെയും പേരിനൊപ്പം ഭാട്ടിയ എന്നു ചേര്‍ത്തു. ഭോപ്പാല്‍ സിംഗിനെ 'ഡാഡി' എന്നാണ് എല്ലാവരും സ്‌നേഹത്തോടെ വിളിച്ചിരുന്നത്. എല്ലാവരോടും അടുത്തുപെരുമാറിയ അദ്ദേഹം എല്ലാവരുടെയും ആദരവും പിടിച്ചുപറ്റി. അദ്ദേഹം കുടിക്കുകയും മാംസഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ മക്കളുമൊത്ത് കുടിച്ചിട്ടില്ല. ദിനേശ് എപ്പോള്‍ ഡല്‍ഹിയില്‍ ചെന്നാലും മുറിയില്‍ അയാള്‍ക്കും ഭവനേഷിനുമായി ഒരു ബോട്ടില്‍ വിസ്‌കി വയ്ക്കുമായിരുന്നു. ലളിത് മദ്യം കഴിക്കുമായിരുന്നില്ല. അയല്‍ക്കാരോടും കുടുംബം നല്ല സൗഹൃദത്തിലായിരുന്നു. വീടിന് നേരെ എതിര്‍വശം താമസിക്കുന്ന 62 കാരിയായ റിത ശര്‍മ്മക്കു ഭോപ്പാല്‍ സിങ്ങും നാരായണ്‍ ദേവിയും മാതാപിതാക്കളെപ്പോലെയായിരുന്നു. ലളിതിന്റെയും ഭവനേഷിന്റെയും കൈകളില്‍ രാഖി കെട്ടുമായിരുന്നു. ഒരു വയസ്സുള്ള മകന്റെ നാപ്കിന്‍ മാറുന്നതുള്‍പ്പടെ റിതയുടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും അവര്‍ നോക്കിനടത്തി. 1993ലാണ് ഭവനേഷും ഭാര്യയും മകള്‍ നീതുവും ഡല്‍ഹിയില്‍ കുടുംബത്തോടൊപ്പം ചേര്‍ന്നത്. രണ്ട് മക്കളെയും രാജസ്ഥാനില്‍നിന്നും ഡല്‍ഹിയിലേക്ക് വരാന്‍ അദ്ദേഹം ക്ഷണിച്ചു. അപകടത്തില്‍പ്പെട്ട് 12 മാസങ്ങള്‍ കിടപ്പിലായിരുന്ന ദിനേശ് പോയില്ല. രാജസ്ഥാനില്‍ കോണ്‍ട്രാക്ട് പണികള്‍ കൂടുതല്‍ കിട്ടുന്ന അവസരവുമായിരുന്നു. 1990കളുടെ പകുതിയോടെ മകള്‍ പ്രതിഭ കുടുംബത്തോടൊപ്പം താമസമാക്കി. മുഴുക്കുടിയനായിരുന്ന ഭര്‍ത്താവ് ഹരീന്ദര്‍ ഭാട്ടിയ അവളോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷമാണ് പ്രതിഭയെ സ്വന്തം വീട്ടിലേക്കു ഭോപ്പാല്‍ സിംഗ് കൂട്ടിക്കൊണ്ടുവന്നതും അവരുടെ മകള്‍ പ്രിയങ്കയ്ക്ക് നല്ല വിദ്യാഭ്യാസം നല്‍കി വളര്‍ത്തിയതും.
കുടുംബത്തിന് സംഭവിച്ച ദുരന്തത്തിന്റെ കേന്ദ്ര കഥാപാത്രമായി മാറിയിട്ടുള്ള ലളിത് പ്രത്യേക സ്വഭാവക്കാരനായിരുന്നു. തമാശക്കാരനും ഒതുങ്ങിയ പ്രകൃതക്കാരനും ആധികാരികമായി പെരുമാറുന്നവനുമായിരുന്നു. ചുണ്ടാവാത്ത് കുടുംബം ഡല്‍ഹിയിലേക്ക് താമസം മാറുമ്പോള്‍ കുടുംബത്തില്‍ വരുമാനമുള്ള ഏക അംഗവുമായിരുന്നു. ഹിസാറിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മെഡിസിന് പഠിച്ചിരുന്നുവെങ്കിലും ഒരു തവണ അപകടം കാരണവും മറ്റൊരു തവണ അസുഖം കാരണവും പരീക്ഷ എഴുതാന്‍ കഴിയാതായതോടെ പഠനം ഉപേക്ഷിച്ച് ഒരു സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തു. 2002ല്‍ ടിനയെ വിവാഹം കഴിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ ശിവ ജനിച്ചു. 2004ല്‍ ഒരാള്‍ ലളിതിന്റെ ദേഹത്ത് പ്ലൈവുഡ് പലകകള്‍ തള്ളിയിട്ട് അതിനു തീയിടുകയും ചെയ്തു. ആ കേസ് ഒത്തുതീര്‍പ്പിലായെങ്കിലും ആ സംഭവത്തോടെ ലളിതിനു ശബ്ദം നഷ്ടപ്പെട്ടു. 2007ല്‍ പിതാവായ ഭോപ്പാല്‍ സിംഗ് ശ്വാസകോശ രോഗം കാരണം മരിക്കുകയുംകൂടി ചെയ്തതോടെ ലളിതിന്റെ ജീവിതം ആകെ തകിടംമറിഞ്ഞ അവസ്ഥയിലായി. കുടുംബം ആകെ തകര്‍ന്നു. ഒരു പുരോഹിതനെ വിളിച്ച് 10 ദിവസം നീണ്ട ഗരുഡ പുരാണ പാഥ് നടത്തി. അതിലൊരു ദിവസം എല്ലാവരും പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ ലളിതും ഓം എന്ന് ഉച്ഛരിച്ചു. ലളിതിന്റെ ശബ്ദം തിരിച്ചുകിട്ടി. ഡാഡി തിരിച്ചെത്തിയെന്ന് എല്ലാവരും പറഞ്ഞു. ആ കുടുംബത്തിന്റെ അന്ത്യം അവിടെ തുടങ്ങി. സ്വപ്നത്തില്‍ പിതാവ് തന്റെ അടുത്തെത്തിയെന്നും പൂജ ചൊല്ലാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ലളിത് പറഞ്ഞത്. പിന്നീട് ചുണ്ടാവാത്ത് കുടുംബത്തിന്റെ ജീവിതശൈലിയില്‍ ഒട്ടേറെ മാറ്റം സംഭവിച്ചു. സസ്യേതര ഭക്ഷണം ഉപേക്ഷിച്ചു. ഭവനേഷ് വീട്ടില്‍ കുടി നിര്‍ത്തി. പൂജകള്‍ പതിവായി. കടകള്‍ ഒന്നില്‍ നിന്നും മൂന്നായി. ലളിതിന്റെ പ്ലൈവുഡ് ഷോപ്, ഭവനേഷിന്റെ പലവ്യജ്ഞന കട, രണ്ട് പേരുംകൂടി ചേര്‍ന്നു തുടങ്ങിയ മറ്റൊരു കട. വീടിന്റെ നിലകളും ഉയര്‍ന്നു. ലളിതിന്റെ ഡയറികളില്‍ ഭോപ്പാല്‍ സിംഗിനെക്കുറിച്ചു ആദ്യമായി പരാമര്‍ശിക്കപ്പെട്ടു കാണുന്നത് 2007 സെപ്റ്റംബര്‍ 7നാണ്. 'അങ്ങയുടെ പഴയ സ്വഭാവരീതികളില്‍നിന്നും വിടുതല്‍കിട്ടട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു' എന്നായിരുന്നു അന്നത്തെ കുറിപ്പില്‍ കണ്ടത്. തുടര്‍ന്ന് കുടുംബത്തിലെ അംഗങ്ങള്‍ പിന്തുടരേണ്ട രീതികളെക്കുറിച്ചുള്ള കര്‍ശനമായ നിര്‍ദ്ദേശങ്ങളായിരുന്നു. സംസാര വേളകളിലെല്ലാം പിതാവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയാന്‍ ലളിത് ശ്രമിച്ചിരുന്നുവെന്നു 6 വര്‍ഷമായി ലളിതിന്റെ കടയില്‍ ജോലി ചെയ്തിരുന്ന പപ്പു എന്ന അഹമ്മദ് അലി പറയുന്നു. പിതാവ് എത്രമാത്രം നല്ല മനുഷ്യനായിരുന്നു എന്നാണ് ലളിത് പറഞ്ഞുകൊണ്ടിരുന്നത്.
സംഭവത്തിന് ഒരാഴ്ച മുമ്പുമുതല്‍ ലളിത് കടയില്‍ അധികം വരാതെയായി. സുഖമില്ലാത്തതിനാല്‍ വീട്ടില്‍ കിടപ്പായിരുന്നു. മരണത്തിനുള്ള കാരണം എന്താണെന്ന് പറയാന്‍ കഴിയാത്ത അലി പറയുന്നത് തന്റെ തൊഴിലുടമ ദയാലുവും മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുള്ളവനും ആയിരുന്നുവെന്നാണ്. 2016 ഡിസംബറിലായിരുന്നു അലിയുടെ വിവാഹം. നോട്ടുനിരോധനത്തിന്റെ നാളുകളില്‍ തനിക്കു പണംതന്നു സഹായിക്കാനായി വെളുപ്പിന് മൂന്നു മണിവരെ എ ടി എമ്മിന് മുന്നില്‍ കാത്തുനിന്ന ലളിത് ഭയ്യയെക്കുറിച്ചു പറയുമ്പോള്‍ അലിയുടെ കണ്ണുകള്‍ നിറയും. മരുമക്കളായ സവിതയും ടിനയും വീട്ടമ്മമാരായിരുന്നു. അവര്‍ ഭക്ഷണം പാചകം ചെയ്യുകയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാര്യങ്ങള്‍ നോക്കിനടത്തുകയും ചെയ്തു. കടയിലെ തൊഴിലാളികളില്‍ ഒരാളുടെ ഭാര്യയുടെ കാലൊടിഞ്ഞപ്പോള്‍ അവരെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു പരിചരിക്കാന്‍പോലും മനസ്സുകാട്ടിയവരാണവര്‍. ഇളയ സഹോദരനെക്കാള്‍ സംസാരപ്രിയനായിരുന്നു ഭവനേഷ്. അദ്ദേഹത്തിന്റെ കടയില്‍ ജീവിതത്തിന്റെ എല്ലാതുറകളിലും ഉള്ളവര്‍ ഒത്തുകൂടുമായിരുന്നു. പിതാവിനെ സഹായിക്കാന്‍ മകള്‍ നീതുവും കടയില്‍ പോകുകയും സാമ്പത്തിക കാര്യങ്ങള്‍ നോക്കിനടത്തുകയും ചെയ്തിരുന്നു. ഡിഎവി പബ്ലിക് സ്‌കൂളിലെ പഠനത്തിന് ശേഷം കൊമേഴ്‌സില്‍ ബിരുദവും മാസ്റ്റര്‍ ബിരുദവും കറസ്‌പോണ്ടന്‍സ് കോഴ്‌സിലൂടെ അവള്‍ നേടി. ഇളയ സഹോദരി മനേക ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിഎസ്‌സി ബിരുദം നേടിയശേഷം ഫോറന്‍സിക് സയന്‍സില്‍ മാസ്റ്റേഴ്‌സിനു ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. മനേകയെപ്പോലെതന്നെ ശിവവും ധ്രുവും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളും പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ നേടുന്നവരുമായിരുന്നു. കാറുകളോടും മോട്ടോര്‍ ബൈക്കുകാലുടും വലിയ ഭ്രമം ഇരുവര്‍ക്കുമുണ്ടായിരുന്നെങ്കിലും ആ കുടുംബത്തിന് അതൊന്നുമില്ലായിരുന്നു. അവരുടെ പ്രായം വച്ചുനോക്കുമ്പോള്‍ വലിയ ദൈവഭക്തി ഇരുവര്‍ക്കുമുണ്ടായിരുന്നു. ദിവസവും ക്രിക്കറ്റ് കളിക്കാനും സൈക്ലിങിനും പോകുമായിരുന്ന കുട്ടികള്‍ ജൂണ്‍ അവസാന ആഴ്ചയില്‍ അതിനു ചെല്ലാറില്ലായിരുന്നു എന്നാണ് കൂട്ടുകാര്‍ പറയുന്നത്. മൊബൈല്‍ ഫോണുകളോ ലാപ്‌ടോപ്പുകളോ അവര്‍ക്കുണ്ടായിരുന്നില്ല. വീട്ടിലെ കമ്പ്യൂട്ടര്‍ മുതിര്‍ന്നവരുടെ നിയന്ത്രണത്തിലായിരുന്നു. സ്‌കൂളില്‍ ഒരേ ക്ലാസിലാണ് ഇരുവരും പഠിച്ചത്. അവരുടെ കൂട്ടുകാരും ഒരേ ആള്‍ക്കാര്‍ ആയിരുന്നു. പ്രതിഭ വീട്ടില്‍ വൈകുന്നേരങ്ങളില്‍ 8-ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുമായിരുന്നു. നല്ലതുപോലെ പഠിപ്പിക്കുകയും ഹോം വര്‍ക്ക് ചെയ്തില്ലെങ്കില്‍ വഴക്കുപറയുകയും ചെയ്യുന്ന അധ്യാപികയായിരുന്നു അവരെന്നാണ് കുട്ടികള്‍ പറയുന്നത്. പ്രതിഭയുടെ മകളും വാരാന്ത്യങ്ങളില്‍ അവധി ദിനങ്ങളില്‍ പഠിപ്പിക്കുമായിരുന്നു.
കസിന്‍ സഹോദരിമാരില്‍നിന്നും വ്യത്യസ്തയായിരുന്നു പ്രിയങ്ക. നീതുവിനെപ്പോലെ ബഹളക്കാരിയും മനേകയെപ്പോലെ ശാന്തപ്രകൃതക്കാരിയുമായിരുന്നില്ല. രണ്ടിനും മധ്യേയുള്ള ഒരു പ്രകൃതം. സി പി എ ഗ്ലോബല്‍ എന്ന സ്ഥാപനത്തില്‍ 2012 മുതല്‍ ജോലിചെയ്തിരുന്ന പ്രിയങ്ക ജോലിയില്‍ മിടുക്കിയായിരുന്നുവെന്നും ട്രോഫികളും സമ്മാനങ്ങളും നേടിയിട്ടുണ്ടെന്നും മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ പറയുന്നു. ജൂണ്‍ 17 നായിരുന്നു പ്രിയങ്കയുടെ വിവാഹ നിശ്ചയം. ചടങ്ങുകളുടെ ഫോട്ടോയൊന്നും ഫേസ് ബുക്കില്‍ ഇടരുതെന്ന് അവള്‍ പങ്കെടുത്ത അയല്‍ക്കാരനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ബുരാരിയിലെ വീടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ആരും ഒരു സൂചനയും തനിക്കു നല്‍കിയിരുന്നില്ലെന്നു ദിനേശ് പറയുന്നു. കുടുംബത്തിന്റെ ദുരന്തവുമായി ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നിഗൂഢത എന്ന വിശദീകരണം മാത്രമേ അതിനു നല്‍കാന്‍ ദിനേശിന് കഴിയുന്നുള്ളു. 'പ്രകൃതിക്കതീതമായ ശക്തികളിലൊന്നും എനിക്ക് വിശ്വാസമില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്തു ചെയ്തും ഞാനതു തടയുമായിരുന്നുവെന്നും അവര്‍ മനസ്സിലാക്കി', ദിനേശ് പറഞ്ഞു.

Write A Comment

 
Reload Image
Add code here