'ഹിന്ദു പാകിസ്ഥാന്‍': കോണ്‍ഗ്രസിന്റെ സമീപനം ലജ്ജാകരം

Sun,Jul 22,2018


ഇന്ത്യ ഒരു ഹിന്ദു പാകിസ്ഥാനായി മാറുന്നതിന്റെ അപകടത്തെക്കുറിച്ചു കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ എംപി നടത്തിയ പരാമര്‍ശം ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനുള്ള സംഘടിതമായ ശ്രമം നടക്കുന്നു. ഇപ്പോഴത്തെ ഭരണാധികാരികള്‍ 2019നുശേഷവും തുടര്‍ന്നാല്‍ പാകിസ്ഥാനെപ്പോലെ ഭൂരിപക്ഷ മതവിഭാഗക്കാര്‍ അസഹിഷ്ണുത പുലര്‍ത്തുന്ന ഒരു രാജ്യമായി ഇന്ത്യയും മാറുമെന്നാണ് തരൂര്‍ ഉദ്ദേശിച്ചത്. സ്വാതന്ത്ര്യലബ്ധിയോടെയാണ് ഇന്ത്യയും പാകിസ്ഥാനും പിറവികൊണ്ടതെങ്കിലും രാഷ്ട്രത്തെ സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു. മുസ്ലിം ഭൂരിപക്ഷത്തിന്റെ ആധിപത്യം നിലനിര്‍ത്തുക എന്ന ധാരണയോടെയാണ് പാകിസ്ഥാന് രൂപം നല്‍കിയത്. അന്ന് മുഴക്കിയ മുദ്രാവാക്യങ്ങളില്‍ അത് വളരെ പ്രകടവുമായി: 'പാകിസ്ഥാന്‍ കാ മതലപ് കിയ, ല ഇലാഹ ഇല്ലല്ലാഹ്' (പാകിസ്ഥാന്‍ എന്നതിന്റെ അര്‍ത്ഥം, അള്ളാവല്ലാതെ ഒരു ദൈവമില്ല.)
പൗരത്വത്തെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ ആലേഖനം ചെയ്തിട്ടുള്ള കാഴ്ചപ്പാട് വളരെ വ്യത്യസ്തമാണ്. എല്ലാ പൗരന്മാര്‍ക്കും തുല്യമായ അവകാശങ്ങള്‍ നല്‍കുകയും രാഷ്ട്രത്തെ ഏതെങ്കിലുമൊരു മതവുമായി താദാത്മ്യം ചെയ്യുന്നതിനെ നിരാകരിക്കുകയും ചെയ്യുന്നു. പ്രായോഗിക തലത്തില്‍ പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടാകാമെങ്കിലും ഇന്ത്യയുടെ ഭരണാധികാരികള്‍ ഭരണത്തെ നയിക്കുന്ന മാര്‍ഗനിര്‍ദ്ദേശ തത്വമായി ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത് മതനിരപേക്ഷതയാണ്.
ഹിന്ദുത്വ ദേശീയവാദികള്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ ഇതിനു സംഭവിക്കാവുന്ന അപകടമാണ് തരൂര്‍ ചൂണ്ടിക്കാട്ടിയത്. ബീഫ് കഴിക്കുന്നുവെന്ന സംശയത്തിന്റെ പേരില്‍ മുസ്ലിങ്ങളെയും ദളിതരെയും ആള്‍ക്കൂട്ടങ്ങള്‍ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് അതിന്റെ ലക്ഷണമാണ്. ഭരണാധികാരത്തിലുള്ളവര്‍ അതെല്ലാം മാപ്പാക്കുന്നുവെന്നാണ് കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹയുടെ സമീപകാല പ്രവൃത്തി വെളിവാക്കുന്നത്. ന്യുനപക്ഷങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും മുസ്ലിങ്ങള്‍ക്കിടയില്‍ അരക്ഷിതബോധം വളരെ പ്രകടമാണ്. മതപരമായ ഭിന്നതകളെയും വര്‍ഗീയ അക്രമങ്ങളെയും ഭരണാധികാരികള്‍ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യഘടനയെത്തന്നെ തകര്‍ക്കുമെന്നാണ് തരൂര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇന്ത്യയുടെ ഘടനയില്‍നിന്നുംനിന്നും മതനിരപേക്ഷതയും ലിബറല്‍ ജനാധിപത്യവും ശരിയാക്കാന്‍ കഴിയാത്തവിധം അപ്രത്യക്ഷമായാല്‍ പാകിസ്ഥാന്റെ മറ്റൊരു രൂപമായിട്ടാകും ഇന്ത്യ മാറുക. അത്തരമൊരു മുന്നറിയിപ്പിനെ വിശ്വാസ വഞ്ചനയുടെ പ്രവൃത്തിയായി ചിത്രീകരിച്ചുകൊണ്ടു കടന്നാക്രമണം നടത്തുന്ന ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍, എത്രത്തോളം ആള്‍ക്കാര്‍ അധപ്പതിക്കുമെന്നതാണ് പ്രകടമാക്കുന്നത്. തരൂരിന്റെ വിമര്‍ശനം ബിജെപിയെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നതിനാല്‍ അവരുടെ പ്രതികരണം പ്രതീക്ഷിച്ചതുതന്നെയാണ്.
എന്നാല്‍ തരൂരിന്റെ പ്രസ്താവനയോട് അകലം പാപാലിക്കുന്നതിനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം വളരെ ലജ്ജാകരമാണ്. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി ബിജെപിയെ അനുകരിച്ച് മൃദുഹിന്ദുത്വ സമീപനം പുലര്‍ത്തുന്ന രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസില്‍നിന്നും ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കാനില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അടുത്ത കാലത്ത് ശശി തരൂര്‍ പ്രസിദ്ധീകരിച്ച 'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകത്തില്‍ അദ്ദേഹം പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടുന്നതെന്നും 'ഹിന്ദു പാകിസ്ഥാന്‍' എന്നതിലെ വൃത്തികെട്ട വാക്ക് ഹിന്ദു അല്ലെന്നും പാകിസ്ഥാന്‍ ആണെന്നും മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം പ്രൊഫസ്സറായിരുന്ന മുഹമ്മദ് അയൂബ് പറയുന്നു.

Write A Comment

 
Reload Image
Add code here