എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ക്യാമ്പസ് സെലക്ഷനില്‍ വര്‍ദ്ധനവ്

Sun,Jul 22,2018


എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് 2017-18 വര്‍ഷത്തില്‍ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായി 40% കടന്നു(42%). എഞ്ചിനീയറിംഗ് കോളജുകള്‍ അടച്ചുപൂട്ടുകയും പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുകയും ചെയ്തതിനൊപ്പംതന്നെ കമ്പനികള്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്തിയതിന്റെ ഫലമായിരുന്നു അത്. മുന്‍കാലങ്ങളെ അപേക്ഷിച്ചു 42% എന്നത് കൂടിയ നിലവാരമാണെങ്കിലും രാജ്യത്തുടനീളമുള്ള 58%ത്തിനും ജോലി കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് പരിഭ്രാന്തി ഉളവാക്കുന്ന വസ്തുത. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ പ്രകാരം ക്യാമ്പസ് റിക്രൂട്ട്‌മെന്റ് ലഭിച്ചവര്‍ 2016-17ല്‍ 38.39%വും, 2013-14ല്‍ 31.95%വും ആയിരുന്നു.
ഇപ്പോള്‍ ശതമാനം ഉയരുന്നതിനു കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തിയത് ഒരു ഘടകമാണെങ്കിലും അതിനൊപ്പംതന്നെ കോളജുകള്‍ അടച്ചുപൂട്ടിയതും പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതും സഹായകമായി. 2013-14ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 994,000 ആയിരുന്നു. 2017-18ല്‍ അത് 750,000 ആയി കുറഞ്ഞിട്ടുണ്ട്. എ ഐ സി ടി ഇക്ക് കീഴിലിപ്പോള്‍ എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന 3225 കോളജുകളാണ് ഇപ്പോഴുള്ളത്. 2014-15ല്‍ 3400 കോളജുകളുണ്ടായിരുന്നു. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചതോടെ എഞ്ചിനീയറിംഗ് കോളജുകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കാന്‍ പല സംസ്ഥാനങ്ങളും എഐസിടിഇയോട് ആവശ്യപ്പെടുകയുണ്ടായി. പുതിയ ടെക്‌നിക്കല്‍ ഇന്‍സ്റ്റിട്യൂട്ടുകള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന നിവേദനങ്ങള്‍ ഹരിയാന, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലുങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങി പല സംസ്ഥാനങ്ങളും എഐസിടിഇക്ക് നല്‍കുകയുണ്ടായി. ടെക്‌നിക്കല്‍ ഇന്‍സ്റ്റിട്യൂട്ടുകള്‍ അനുവദിക്കുന്നത് എഐസിടിഇ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് നല്‍കുന്ന ശുപാര്‍ശകള്‍ അനുസരിച്ചാണ്.
വിദ്യാര്‍ത്ഥികളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ ഉയര്‍ത്തണമെന്ന് വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഗവണ്മെന്റ് നല്‍കിയ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് ഇത്തവണ അതുയര്‍ന്നതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. കമ്പനികളില്‍ ഇന്റേണ്‍ഷിപ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ ലഭിക്കാനെളുപ്പമാണ്. ഈ വര്‍ഷം വേനലവധിക്കാലത്ത് 3.8 ലക്ഷത്തിലധികം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ് അവസരങ്ങള്‍ ലഭിച്ചത് നല്ലൊരു സൂചനയായിട്ടാണ് എഐസിടിഇയുടെ വക്താവ് പറഞ്ഞത്. ഇതിനിയും ഉയരുമെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നും വക്താവ് പറയുന്നു.
എഐസിടിഇയുടെ കീഴില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്കും ബിരുദാനന്തര കോഴ്‌സുകള്‍ക്കും ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കുറയുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. ബിരുദാനന്തര ബിരുദത്തിന് 2013-14ല്‍ 100,000 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നിരുന്ന സ്ഥാനത്ത് 2017-18ല്‍ 68,000 പേരാണ് ചേര്‍ന്നത്. ഈ കാലഘട്ടത്തില്‍ പ്ലേസ്‌മെന്റുകള്‍ 18%ത്തില്‍ നിന്നും 21%മായി ഉയര്‍ന്നു. ഇതേ കാലഘട്ടത്തില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നേരിയ കുറവ് സംഭവിക്കുകയും 680,000ത്തില്‍നിന്നും 670,000 ആകുകയും ചെയ്തപ്പോള്‍ പ്ലേസ്‌മെന്റുകള്‍ 18.6% ത്തില്‍നിന്നും 24% ആയി ഉയരുകയും ചെയ്തു.

Write A Comment

 
Reload Image
Add code here