ട്രമ്പ് - പുടിന്‍ ഉച്ചകോടിയില്‍ പാശ്ചാത്യ ലോകത്തിന് ആശങ്ക

Wed,Jul 11,2018


ചെയര്‍മാന്‍ കിം ജോങ് ഉനുമായുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ കൂടിക്കാഴ്ചയും അത് അമേരിക്കയുടെ ഏഷ്യന്‍ സഖ്യശക്തികള്‍ക്കുണ്ടാക്കുന്ന ഭവിഷ്യത്തുകളും അറ്റ്‌ലാന്റിക്കിലെമ്പാടുമുള്ള വിദേശനയസ്ഥാപനങ്ങളെ ആശങ്കാകുലരാക്കി. ഈ മാസാവസാനം ഹെല്‍സിങ്കിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ട്രമ്പ് നടത്താനിരിക്കുന്ന കൂടിക്കാഴ്ച അവരെ ഉല്‍ഘണ്ഠകുലരാക്കുകയും ചെയ്യുന്നു. രണ്ടാം ലോക യുദ്ധാനന്തരം യുറേഷ്യയില്‍ അമേരിക്ക കെട്ടിപ്പടുത്ത 'പാശ്ചാത്യ ലോകം' എന്നറിയപ്പെടുന്ന രാഷ്ട്രീയ ക്രമത്തെ പുടിന്റെ സഹായത്തോടെ ട്രമ്പ് പൊളിച്ചടുക്കാന്‍ തുടങ്ങുമെന്നാണ് അവര്‍ ഭയപ്പെടുന്നത്. ഒരു റഷ്യന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റല്ല ട്രമ്പ്. എന്നാല്‍ ട്രമ്പിന്റെ ലോക വീക്ഷണമാണ് അറ്റ്‌ലാന്റിക്കിലെ ഭരണാധികാരികളെ ഭയപ്പെടുത്തുന്നത്. ട്രമ്പിന് റഷ്യയോടുള്ള സ്‌നേഹം അവരെ സംബന്ധിച്ചിടത്തോളം മോശപ്പെട്ട കാര്യമാണ്. അതോടൊപ്പംതന്നെ പാശ്ചാത്യര്‍ പരിപാവനമായി കരുതുന്ന നാറ്റോ, ജി7, യൂറോപ്യന്‍ യൂണിയന്‍, ഡബ്‌ള്യു ടി ഒ എന്നീ സ്ഥാപനങ്ങളോട് ട്രമ്പിനുള്ള പുച്ഛംകൂടി ആകുമ്പോള്‍ അറ്റ്‌ലാന്റിക് സ്ഥാപനങ്ങള്‍ക്കുള്ള ഭയാശങ്കകള്‍ മനസ്സിലാക്കാന്‍ എളുപ്പമാണ്. ട്രമ്പും പുടിനും തമ്മിലുള്ള ഉച്ചകോടി 'വിജയകര'മാകുന്നതാണ് യൂറോപ്പിലും വടക്കേ അമേരിക്കയിലുമുള്ള രാഷ്ട്രീയ പണ്ഡിതന്മാരില്‍ ആശങ്കയുണ്ടാക്കുന്നതെന്നതാണ് വിരോധാഭാസം. ഹെല്‍സിങ്കി ഉച്ചകോടി പരാജയപ്പെടുന്നതാണ് അവര്‍ക്കിഷ്ടം. കഴിഞ്ഞ രണ്ടു ദശകങ്ങളായി യുഎസ്-റഷ്യ ബന്ധങ്ങള്‍ നിരന്തരം വഷളാകുന്ന സാഹചര്യത്തില്‍ അത് ശരിയാക്കുക എളുപ്പമുള്ള കാര്യമല്ല. റഷ്യയുമായി മിതമായ ഒരു അജണ്ടയുടെ അടിസ്ഥാനത്തില്‍ സഹകരിക്കാന്‍ ട്രമ്പിന്റെ മുന്‍ഗാമികളായ ബരാക് ഒബാമയും ജോര്‍ജ് ഡബ്‌ള്യു ബുഷും ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. വാഷിങ്ടണും മോസ്‌കൊക്കും തമ്മില്‍ പഴിചാരാന്‍ ഏറെയുണ്ട്. ശീത യുദ്ധാനന്തരം അമേരിക്ക തുടര്‍ന്ന വിജയ മനോഭാവവും മോസ്‌കൊയുടെ ദേശീയ താല്‍പ്പര്യങ്ങളോടുള്ള അവഗണനയും വീണ്ടും പഴയ അവസ്ഥയിലെത്തുന്നതിനുള്ള റഷ്യയുടെ കഴിവിനെ വിലകുറച്ചു കണ്ടതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. വന്‍ശക്തിയെന്ന പദവി നിലനിര്‍ത്തുന്നതിനുള്ള റഷ്യയുടെ ന്യായമായ ശ്രമങ്ങള്‍ക്ക് അമേരിക്കക്കൊപ്പം തന്ത്രപ്രധാനമായ തുല്യത എന്ന അവകാശവാദങ്ങളില്‍ ക്ഷതം സംഭവിച്ചു. രാഷ്ട്രീയമായ സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള റഷ്യയുടെ ശ്രമങ്ങള്‍ യൂറോപ്യന്‍ അയല്‍ക്കാരുമായും യുഎസുമായും റഷ്യയെ ശത്രുതയിലാക്കി.
റഷ്യയുടെ കാര്യത്തില്‍ മാത്രമല്ല, യുറേഷ്യയിലാകെ അമേരിക്ക വഹിക്കുന്ന പങ്കിലും സഖ്യശക്തികളുമായുള്ള ബന്ധങ്ങളിലും പരമ്പരാഗതമായുള്ള നിലപാടുകളെ അവഗണിക്കാന്‍ യുഎസ് പ്രസിഡന്റ് സന്നദ്ധനാണെന്നുള്ള വസ്തുത ഒരേ സമയം ഹെല്‍സിങ്കി ഉച്ചകോടിയെ പ്രതീക്ഷയുണര്‍ത്തുന്നതും അപകടം വിതയ്ക്കുന്നതുമാക്കുന്നു. പരമ്പരാഗത രീതിക്കു വിരുദ്ധമായ ചിന്താഗതി പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നുവെങ്കിലും അത് അമേരിക്കയിലെ വിദേശനയവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുമായും വൈറ്റ് ഹൗസിനെ മുമ്പൊരിക്കലുമില്ലാത്ത വിധമുള്ള ഏറ്റുമുട്ടലിന്റെ പാതയിലാണ് എത്തിക്കുക. സ്വന്തം രാജ്യത്ത് പുടിന് ശക്തമായ പിന്തുണയുള്ളപ്പോള്‍ ട്രമ്പിന്റെ റഷ്യന്‍ നയത്തോട് കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. റഷ്യന്‍ ഇന്റലിജന്‍സുമായി ട്രമ്പ് ഒത്തുതീര്‍പ്പുണ്ടാക്കിയതായും മോസ്‌കൊയുമായുള്ള ബന്ധങ്ങളില്‍ യുഎസിന്റെ താല്‍പ്പര്യങ്ങള്‍ ട്രമ്പ് സംരക്ഷിക്കുമെന്ന് യുഎസ് ഭരണവ്യവസ്ഥിതി കരുതുന്നില്ല. 2016ലെ തെരെഞ്ഞെടുപ്പില്‍ ട്രമ്പിനെ വൈറ്റ് ഹൗസിലെത്തിച്ചത് റഷ്യന്‍ ഇടപെടലാണെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിശ്വസിക്കുന്നത്. ട്രമ്പിന്റെ പ്രചാരണ സംഘത്തിന് റഷ്യയുമായുണ്ടായിരുന്ന ബന്ധങ്ങളെ സംബന്ധിച്ച് എഫ് ബി ഐ നടത്തുന്ന അന്വേഷണത്തിലൂടെ പ്രസിഡന്റിനെ ഇമ്പീച്ച് ചെയ്യുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിക്കുമെന്നും പാര്‍ട്ടി കരുതുന്നു. എന്നാല്‍ ഇതൊന്നും ട്രമ്പിനെ പിന്തിരിപ്പിക്കുന്നില്ല. തന്റെ കൊറിയന്‍ നയതന്ത്രത്തെ അമേരിക്കന്‍ ജനത പിന്തുണച്ചതുപോലെ റഷ്യയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെയും പിന്തുണക്കുമെന്നാണ് ട്രമ്പ് പറയുന്നത്. ഹെല്‍സിങ്കി ഉച്ചകോടിയില്‍ മൂന്നു കാര്യങ്ങളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ആഭ്യന്തര കാര്യങ്ങളില്‍ പരസ്പരം ഇടപെടാതിരിക്കുക എന്നതാണ് ആദ്യത്തേത്. ഇക്കാര്യത്തില്‍ റഷ്യക്കും പാശ്ചാത്യ ലോകത്തിനും പരാതികളുണ്ട്. പരസ്പരം നല്‍കുന്ന ഉറപ്പുകളിലൂടെ യുഎസും റഷ്യയും തമ്മിലുള്ള പുനരനുരഞ്ജനം സൃഷ്ടിക്കാവുന്ന ആശങ്കകള്‍ ദൂരീകരിക്കാന്‍ കഴിയും. മദ്ധ്യ യൂറോപ്പ്, മധ്യപൂര്‍വദേശം, ഏഷ്യ എന്നിവടങ്ങളിലെ പ്രധാന പ്രശ്‌നങ്ങളില്‍ സഹകരിക്കുക എന്നതാണ് രണ്ടാമത്തേത്. യുക്രയിന്‍ പ്രശ്‌നത്തില്‍ ഉണ്ടാകുന്ന കരാര്‍ യുഎസും റഷ്യയും തമ്മില്‍ വര്‍ദ്ധിക്കുന്ന സംഘര്‍ഷങ്ങളുടെ പ്രധാന മേഖലയായ മദ്ധ്യ യൂറോപ്പില്‍ മറിച്ചുള്ള ഒരു പ്രക്രിയക്ക് തുടക്കം കുറിക്കും. ജി7, നാറ്റോ എന്നിവയുമായി സഹകരിക്കുന്നതിനുള്ള പാത റഷ്യയ്ക്ക് അത് തുറന്നുകൊടുക്കും. മതതീവ്രവാദം അക്രമാസക്തമായി മാറുകയും ഇറാനും സൗദി അറേബ്യയും തമ്മിലുള്ള നിഴല്‍യുദ്ധം പ്രക്ഷുബ്ധമാക്കുകയും ചെയ്തിട്ടുള്ള മധ്യപൂര്‍വദേശത്ത് യുഎസ്-റഷ്യ സഹകരണം സ്ഥിരത കൈവരിക്കുന്നതിന് സഹായകമാകും. കൊറിയന്‍ ഉപദ്വീപിലും ഏഷ്യന്‍ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങളിലും ട്രമ്പിനും പുടിനും യോജിക്കാന്‍ കഴിയുന്ന ചില പൊതു ഇടങ്ങള്‍ കണ്ടെത്താന്‍ കഴിയും. മേഖലാ പ്രശ്‌നങ്ങള്‍ക്കപ്പുറം, ആണവായുധങ്ങളും പരമ്പരാഗതമായ ആയുധങ്ങളും നിയന്ത്രിക്കുക എന്ന പഴയ പ്രശ്‌നത്തിനൊപ്പംതന്നെ പുതിയ സൈബര്‍ യുദ്ധതന്ത്രവും നിയന്ത്രിക്കുക എന്നതാണ് മൂന്നാമത്തേത്. ചില പൊതു തത്വങ്ങള്‍ സംബന്ധിച്ച പ്രസ്താവന തയ്യാറാക്കാന്‍ ഹെല്‍സിങ്കി ഉച്ചകോടിക്ക് കഴിയും. എന്നാല്‍ സുസ്ഥിരമായ ഒരു പ്രക്രിയക്ക് തുടക്കം കുറിക്കുന്നതിന് ചില ഫലങ്ങള്‍ ഇരുപക്ഷത്തിനും അടിയന്തിരമായി അനുഭവപ്പെടണം. ഉപരോധങ്ങള്‍ പിന്‍വലിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാകും പുടിന്‍ നടത്തുക. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് യുഎസിനെ റഷ്യ സഹായിക്കുന്നുവെന്ന് തെളിയിക്കുന്നതിനാണ് ട്രമ്പ് ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാത്തിനെയും തകര്‍ക്കാന്‍ കഴിയുന്ന ചെകുത്താന്‍ പതിയിരുപ്പുണ്ട്.
ഉച്ചകോടി വിജയകരമാകുമെന്ന പ്രതീക്ഷക്കു കാരണം ട്രമ്പിന്റെ 'അമേരിക്ക ആദ്യം' എന്ന നയംതന്നെയാണ്. രണ്ടാം ലോകയുദ്ധാനന്തരം യുഎസ് ശ്രദ്ധിച്ചിരുന്നത് ആഗോള നേതൃത്വം കയ്യാളുന്നതിനും യുറേഷ്യയില്‍ വ്യവസ്ഥിതി നിലനിര്‍ത്തുന്നതിനുമാണ്. ലിബറല്‍ അന്താരാഷ്ട്ര ക്രമത്തിനായി അമേരിക്കന്‍ ജനതയ്ക്ക് വളരെ ചിലവുകള്‍ വഹിക്കേണ്ടിവരുന്നു എന്നാണ് ട്രമ്പ് പറയുന്നത്. അമേരിക്ക സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സമ്പന്നരായ യൂറോപ്യന്‍, ഏഷ്യന്‍ സഖ്യശക്തികള്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ അവസാനിപ്പിക്കണമെന്നും, നീതിപൂര്‍വകമായ വ്യാപാര ബന്ധങ്ങള്‍ വേണമെന്നും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന വിദേശ സൈനിക ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും മറ്റു ശക്തികളുമായി ന്യായമായ രീതിയില്‍ സഹകരിച്ചുപോകണമെന്നുമാണ് ട്രമ്പ് ആവശ്യപ്പെടുന്നത്. അറ്റ്‌ലാന്റിക് വിദേശനയ വ്യവസ്ഥിതിയുടെ എതിര്‍പ്പുകളെ മറികടന്ന് ട്രമ്പിന്റെ നിലപാടുകളാണ് നിലനില്‍ക്കുന്നതെങ്കില്‍ മേഖലയിലെ ക്രമം രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയുള്‍പ്പെടെ യുറേഷ്യയിലെ പ്രധാന ശക്തികള്‍ക്ക് അവരുടേതായ നിലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടിവരും. രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കയുടെ ശക്തമായ സ്വാധീനം നിലനിന്നതുകാരണം യുറേഷ്യയില്‍ ഉടലെടുത്ത ആഭ്യന്തര വൈരുധ്യങ്ങള്‍ പരിഹരിക്കുക എന്നാണ് അതിനര്‍ത്ഥം. രാഷ്ട്രീയമായും സാമ്പത്തികമായും കെട്ടുറപ്പുള്ള ഒരു പാശ്ചാത്യ ലോകം എന്ന ആശയം ട്രമ്പിന് കീഴില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ പാശ്ചാത്യ ലോകത്തിന്റെ സംരക്ഷണത്തിനായി കെട്ടിപ്പടുത്ത സഖ്യങ്ങള്‍ക്ക് കൂടുതല്‍ കുഴപ്പങ്ങള്‍ നേരിടേണ്ടിവരും.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here