രൂപയുടെ മൂല്യം ഇടിയുന്നു; ഇന്ത്യയുടെ ധനകാര്യ മാനേജ്മന്റ് പ്രതിസന്ധിയില്‍

Wed,Jul 11,2018


ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ജൂണ്‍ 29 വ്യാഴാഴ്ച 69.09 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തുകയുണ്ടായി. ഈ സമ്മര്‍ദ്ദം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ നാണയ ശേഖരത്തില്‍നിന്നും ഡോളര്‍ പരസ്യവിപണിയില്‍ വില്‍ക്കുന്ന കറന്‍സി നയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടരുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ വര്‍ഷാവസാനത്തിനു മുമ്പുതന്നെ രൂപയുടെ മൂല്യം 70ലേക്ക് താഴ്‌ന്നേക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഏഷ്യയിലെ മിക്ക കറന്‍സികളും ദുര്‍ബ്ബലമാകുകയാണ്. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച മൂന്നു കറന്‍സികളുടെ കൂട്ടത്തിലാണ് ഇന്ത്യന്‍ രൂപയും. ബ്ലൂംബെര്‍ഗ് പ്രസിദ്ധീകരിച്ച സ്ഥിതിവിവര കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടയില്‍ രൂപയുടെ മൂല്യത്തില്‍ സംഭവിച്ച ശോഷണം 5%മാണ്. ആഗോള സ്ഥിതിയും ഇന്ത്യയുടെ പ്രത്യേകമായുള്ള സൂക്ഷ്മ സാമ്പത്തിക ഘടകങ്ങളും കാരണം ഇന്ത്യയുടെ ഓഹരി വിപണിയിലും കടപ്പത്ര വിപണിയിലും നിക്ഷേപിച്ചിട്ടുള്ള വിദേശ സ്ഥാപനങ്ങള്‍ ഒരു ദശകത്തിനിടയില്‍ ഇതാദ്യമായി 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ 6 മാസങ്ങളില്‍ 46,190 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്. 2009നുശേഷം ഇത്രയും മോശമായ രീതിയില്‍ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്കുണ്ടായത് ഇതാദ്യമാണ്. ഡോളറിന്റെ പുറത്തേക്കുള്ള പോക്ക് രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു. ആഗോളതലത്തിലും പുതിയൊരു സ്ഥിതിവിശേഷം ഉടലെടുത്തിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ വ്യാപാര നയങ്ങള്‍ ആഗോള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ കറന്‍സികളുടെ മൂല്യം ഇടിയുന്നത് തുടരും. അന്താരാഷ്ട്ര എണ്ണവില ഉയരുന്നതും ഇറാനില്‍നിന്നുമുള്ള ഇറക്കുമതികളുടെ കാര്യത്തില്‍ നേരിടുന്ന സമ്മര്‍ദ്ദവും ഇന്ത്യയുടെ സൂക്ഷ്മമായ സാമ്പത്തിക സുസ്ഥിരതയ്ക്ക് അപകടമുയര്‍ത്തുന്നു. അന്താരാഷ്ട്ര എണ്ണവില കുറഞ്ഞതിന്റെ ഫലമായി ഇന്ത്യയുടെ ഇറക്കുമതി ചിലവുകള്‍ കുറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടനക്ക് പരമ്പരാഗതമായി അനുഭവപ്പെട്ടിരുന്ന ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വീണ്ടും വളരെ വര്‍ദ്ധിക്കുകയാണ്.
കയറ്റുമതി വരുമാനത്തേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചിലവുകള്‍ ഉണ്ടാകുന്ന കറന്റ് അക്കൗണ്ട് കമ്മി മോദി ഗവണ്മെന്റ് അധികാരമേറ്റ 2014ല്‍ ജിഡിപിയുടെ 1.7% ആയിരുന്നു. 2016-17ല്‍ അത് 0.7% ത്തോളം കുറയുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് അവസാനത്തില്‍ അത് വീണ്ടും ഉയര്‍ന്നു 1.9%ത്തിലെത്തി. എണ്ണ ഇറക്കുമതി ചിലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കറന്റ് അക്കൗണ്ട് കമ്മി ഈ വര്‍ഷം ഇനിയും വര്‍ദ്ധിക്കും. കയറ്റുമതി വര്‍ദ്ധിപ്പിച്ചിരുന്നുവെങ്കില്‍ ഇത് പരിഹരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അങ്ങനെയൊരു സ്ഥിതിയില്ല. കയറ്റുമതി വരുമാനം കുറയുകയാണ്. 2013-14ല്‍ 312 ബില്യണ്‍ ഡോളര്‍ ആയിരുന്ന കയറ്റുമതി വരുമാനം 2017-18 ആയപ്പോഴേക്കും 303 ബില്യണ്‍ ഡോളറായി കുറയുകയാണുണ്ടായത്. ജിഡിപിയുടെ 17.2% ആയിരുന്ന കയറ്റുമതി വരുമാനം 12.4% ആയി കുറഞ്ഞു. വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാമതായിരുന്ന ഇന്ത്യ യഥാക്രമം അഞ്ചാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തേക്കും പോയി. രൂപ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശക്തിപ്പെടുകയായിരുന്നു എന്നതാണ് കയറ്റുമതിരംഗത്തെ മത്സരക്ഷമത നഷ്ടപ്പെടുന്നതിനു കാരണമായത്. അതിനു പുറമെ നോട്ടുനിരോധനവും ചരക്കുസേവന നികുതി നടപ്പാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നങ്ങളും സ്ഥിതി വഷളാക്കി. ക്രൂഡ് ഓയില്‍ വില ബാരലിന് 65 ഡോളര്‍ എന്ന നിലയില്‍ തുടര്‍ന്നാല്‍പ്പോലും കറന്റ് അക്കൗണ്ട് കമ്മി ഇന്നത്തെ നിലയില്‍ ജിഡിപിയുടെ 2.4% വരെ ഉയരും. അത് എണ്ണവില ബാരലിന് 107 ഡോളര്‍ ആയിരുന്നപ്പോള്‍ ഉണ്ടായ കറന്റ് അക്കൗണ്ട് കമ്മിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതുമായിരിക്കും.
ധനക്കമ്മിയാണ് മറ്റൊരു വെല്ലുവിളി. ധനക്കമ്മി കുറയ്ക്കുന്നതില്‍ ഗവണ്മെന്റ് പരാജയപ്പെട്ടു. 2017-18ല്‍ ജിഡിപിയുടെ 3.2%മായി ധനക്കമ്മി കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നതെങ്കിലും 3.53%ല്‍ എത്തി. 2014ല്‍ ധനക്കമ്മി ജിഡിപിയുടെ 4.5%മായിരുന്നു. ഇന്ധനങ്ങള്‍ക്കുള്ള പരോക്ഷ നികുതി ഗണ്യമായി വര്‍ദ്ധിപ്പിച്ചതിലൂടെ നികുതി വരുമാനത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ അര ശതമാനത്തില്‍ താഴെമാത്രമാണ് ധനക്കമ്മി കുറയ്ക്കാന്‍ കഴിഞ്ഞത്. ധനക്കമ്മി ജിഡിപിയുടെ 3%ത്തില്‍ ഒതുക്കിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 2003ല്‍ ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്മന്റ് (എഫ്ആര്‍ബിഎം) ആക്ട് പാസാക്കിയത്. 2007-08ല്‍ മാത്രമാണ് ആ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞത്. അന്ന് ധനക്കമ്മി 2.5%മായി കുറഞ്ഞിരുന്നു. പിന്നൊരിക്കലും ആ ലക്ഷ്യത്തിലെത്തിയിട്ടില്ല. 2012ലും 2015ലും രണ്ടു തവണയായി വരുത്തിയ ഭേദഗതികളിലൂടെ 3% എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സമയപരിധി 2017-18 എന്നാക്കി തീരുമാനിച്ചു. ആ ലക്ഷ്യം കൈവരിക്കുന്നതിനായി എന്‍ഡിഎ ഗവണ്മെന്റ് ഒന്നുംതന്നെ ചെയ്യുന്നില്ല. ഈ വര്‍ഷം ബജറ്റ് അവതരണ വേളയില്‍ എഫ്ആര്‍ബിഎം ആക്ട് വീണ്ടും ഭേദഗതി ചെയ്യുകയും ലക്ഷ്യം കൈവരിക്കുന്നതിനുള്ള സമയപരിധി 2020-21 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തു.
എന്‍ കെ സിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ജിഡിപിയും കടവും തമ്മിലുള്ള അനുപാതം കേന്ദ്ര ഗവണ്മെന്റിനും സംസ്ഥാന ഗവണ്മെന്റുകള്‍ക്കും എന്തായിരിക്കണമെന്നു തീരുമാനിക്കുന്ന നിയമം ആവിഷ്‌ക്കരിച്ചു. അതു പ്രകാരം 2022 ആകുമ്പോള്‍ കേന്ദ്ര ഗവണ്മെന്റിനു 40%വും സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് 60%വും എന്ന ലക്ഷ്യമാണ് ആവിഷ്‌ക്കരിച്ചത്. എന്നാല്‍ മോദി ഗവണ്മെന്റ് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സമയപരിധി 2024-25 ലേക്ക് നീട്ടി. 2015-16ലെ കേന്ദ്ര ബജറ്റില്‍ ജിഡിപിയും കടവും തമ്മിലുള്ള അനുപാതം 2017-18ല്‍ 42.8% ആയിരിക്കണമെന്ന ലക്ഷ്യം ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ 2016-17ലെ ബജറ്റില്‍ അതില്‍ വീണ്ടും അയവു വരുത്തി 46.8% എന്നാക്കി ഉയര്‍ത്തുകയും ചെയ്തു. ആഗോള സാഹചര്യങ്ങള്‍ അനുകൂലമായിരുന്നപ്പോള്‍പ്പോലും ധനക്കമ്മി നിശ്ചിത ലക്ഷ്യത്തിലേക്കെത്തിക്കാന്‍ കഴിയാതിരുന്നതോടെ വിദേശ കറന്‍സികള്‍ക്ക് ഗവണ്മെന്റിന്റെ കടപ്പത്ര വിപണിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ് ചെയ്തത്. പൊതുതെരഞ്ഞെടുപ്പ് ആസന്നമാകവേ ധനക്കമ്മി ഈ വര്‍ഷം കുറയാന്‍ തീരെ സാധ്യതയില്ല. രൂപയെ സംരക്ഷിച്ചുനിര്‍ത്താനായി ആര്‍ബിഐ ഇതുവരെയും സ്വീകരിച്ച തന്ത്രം വിദേശനാണയ ശേഖരത്തിലുള്ള ഡോളറുകള്‍ വില്‍ക്കുക എന്നതാണ്. അവരത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ ഫലമായി വിദേശ നാണയ കരുതല്‍ ശേഖരം ഗണ്യമായി കുറയുന്നു. ജൂണ്‍ 15ന് അവസാനിച്ച ആഴ്ചയില്‍ 410.7 ബില്യണ്‍ ഡോളര്‍ ആയിരുന്നത് ജൂണ്‍ 22നു സമാപിച്ച ആഴ്ചയില്‍ 407.81 ബില്യണ്‍ ഡോളറായി ശോഷിച്ചു. 10 മാസത്തേക്കുള്ള ഇറക്കുമതിക്ക് അത് മതിയാകും. അതുകൊണ്ട് പരിഭ്രമിക്കേണ്ടതില്ല. എന്നാല്‍ ആലസ്യം പൂണ്ടിരിക്കാനും കഴിയില്ല.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here