ട്രമ്പിന് പറ്റിയ ജോഡിയായി പുതിയ മെക്‌സിക്കന്‍ പ്രസിഡന്റ് ഒബ്രഡോര്‍

Wed,Jul 11,2018


'ട്രമ്പ് പ്രകോപനപരമായാണ് ട്വീറ്റ്‌ചെയ്യുന്നതെങ്കില്‍ അതിനുള്ള മറുപടി ഞാന്‍ നല്‍കും'. മെക്‌സിക്കന്‍ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട 'അംല' എന്ന ചുരുക്കല്‍പ്പേരില്‍ അറിയപ്പെടുന്ന ആന്ദ്രെ മന്വേല്‍ ലോപ്പസ് ഒബ്രഡോര്‍ ഒരു തെരെഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ട്രമ്പിന്റെ കാര്യത്തില്‍ 'തീയെ തീ കൊണ്ടു''നേരിടുമെന്ന ഉറച്ച നിലപാടാണ് നാഷണല്‍ റീജനറേഷന്‍ മൂവ്‌മെന്റ് (മൊറേന) സ്ഥാപകനും ജനപക്ഷ നിലപാടുകാരനുമായ ഒബ്രഡോറിനുള്ളത്. വികാരവിക്ഷുബ്ധനായി പൊട്ടിത്തെറിക്കുകയും അടുത്ത നിമിഷത്തില്‍ത്തന്നെ മനസ്സുമാറുകയും ചെയ്യുന്ന പ്രവചനാതീത സ്വഭാവമാണ് ഒബ്രഡോറിനുള്ളത് എന്നതിനാല്‍ കുറെ മെക്‌സിക്കോക്കാരെങ്കിലും ആശങ്കാകുലരാണ്. വികാരവിക്ഷുബ്ധനാകുന്ന കാര്യത്തിലെങ്കിലും യുഎസിന്റെ തെക്കേ 'അതിര്‍ത്തിക്കപ്പുറത്തുള്ള ട്രമ്പ്' ആയിരിക്കും അദ്ദേഹം. 2006 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്ന ഒബ്രഡോര്‍ ലളിതജീവിതം നയിക്കുന്ന ആളാണ്. സാധാരണ റെയില്‍കൊച്ചുകളിലാണ് സഞ്ചാരം. മെക്‌സിക്കോയിലെ പ്രസിഡന്റിന്റെ കൊട്ടാരം പൊതുപാര്‍ക്കായി മാറ്റണമെന്നുപോലും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ട്രമ്പിന്റെയും ഒബ്രഡോറിന്റെയും രാഷ്ട്രീയ സമീപനങ്ങള്‍ തമ്മില്‍ ഒരു സാമ്യവുമില്ല. എന്നാല്‍ വിമര്‍ശകരോടും മാധ്യമങ്ങളോടുമുള്ള സമീപനത്തില്‍ സമാനതകളുണ്ട്. പ്രസിഡന്റ് ട്രമ്പിനെപ്പോലെതന്നെ സ്വവര്‍ഗ വിവാഹങ്ങളോടും സ്ത്രീകളുടെ അവകാശങ്ങളോടും പ്രതിബദ്ധതയൊന്നും കാട്ടുന്നില്ല. സ്വവര്‍ഗ വിവാഹത്തിന്റെയും ഗര്‍ഭഛിദ്രത്തിന്റെയും കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി മില്യണ്‍ കണക്കിനുള്ള കത്തോലിക്കാരോടും ഇവാഞ്ചലിക്കലുകളോടും 'സ്വതന്ത്ര ചിന്തകരോടും' തനിക്കു കൂടിയാലോചിക്കേണ്ടതുണ്ടെന്നാണ് ഒബ്രഡോര്‍ പറഞ്ഞത്.
അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ കൂടിയാലോചനയിലൂടെയല്ല തീരുമാനിക്കേണ്ടതെന്നും അവ ഉറപ്പു നല്‍കുകയാണ് വേണ്ടതെന്നുമായിരുന്നു അതിനോട് മെക്‌സിക്കോയിലെ സ്വവര്‍ഗാനുരാഗികളുടെ സമൂഹം പ്രതികരിച്ചത്. രാജ്യത്തിന്റെ ഭരണം എങ്ങനെ നടത്തും എന്നതു സംബന്ധിച്ച് പുറത്തിറക്കിയ 461 പേജുകളുള്ള പ്രകടനപത്രികയില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെക്കുറിച്ചൊന്നുംതന്നെ പറയുന്നില്ല. ലിംഗസമത്വത്തെക്കുറിച്ച് ഒരു തവണ മാത്രമാണ് പരാമര്‍ശിച്ചത്. 2000 മുതല്‍ 2005 വരെ മെക്‌സിക്കോ സിറ്റിയിലെ ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ സ്വവര്‍ഗ വിവാഹം പ്രോത്സാഹിപ്പിക്കുകയോ ഗര്‍ഭഛിദ്രം കുറ്റകൃത്യങ്ങളുടെ പട്ടികയില്‍നിന്നും ഒഴിവാക്കുകയോ ചെയ്തില്ല. ഇരു പ്രസിഡന്റുമാരും തമ്മിലുള്ള സാമ്യം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ട്രമ്പിനെപ്പോലെതന്നെ ഒബ്രഡോറിന്റെ ചുറ്റുപാടും ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചരിത്രമുള്ളവരുണ്ട്. മെക്‌സിക്കോയിലെ അധ്യാപകരുടെ യൂണിയന്‍ നേതാവായ എല്‍ബ എസ്‌തേറുമായുള്ള ഒബ്രഡോറിന്റെ സഖ്യം ഉദാഹരണമാണ്. 200 മില്യണ്‍ ഡോളറിന്റെ തട്ടിപ്പു നടത്തുകയും അത് ഒരു സ്വകാര്യ ജെറ്റ് കമ്പനിയില്‍ ഉള്‍പ്പടെ പലയിടത്തായി നിക്ഷേപിക്കുകയും ചെയ്തുവെന്ന ആരോപണത്തിന് അവര്‍ വിധേയയായിരുന്നു. അവര്‍ ആരോപണങ്ങള്‍ നിഷേധിച്ചുവെന്നു മാത്രമല്ല, ശിക്ഷിക്കപ്പെട്ടതുമില്ല. എന്നിട്ടും ലോപ്പസ് ഒബ്രഡോര്‍ ഇത്രയും ജനസമ്മതനായതെങ്ങനെ എന്ന് അത്ഭുതപ്പെടുന്നവരുണ്ടാകാം. അത് മനസ്സിലാക്കണമെങ്കില്‍ എതിരാളികളെ നോക്കണം. 43 വിദ്യാര്‍ഥികള്‍ അപ്രത്യക്ഷരാകാന്‍ നിര്‍ബ്ബന്ധിതരായതിന്റെ അന്വേഷണം പരാജയപ്പെട്ടതിന്റെ ആരോപണങ്ങള്‍ നേരിടുകയാണ് പ്രസിഡന്റ് എന്റിക്കെ പെനിയ നിയേത്തോയുടെ ഇന്‍സ്റ്റിറ്റിയുഷനല്‍ റവല്യൂഷനറി പാര്‍ട്ടി. തെരെഞ്ഞെടുപ്പില്‍ അത് വലിയ വിഷയമായിരുന്നു. വിദ്യാര്‍ത്ഥികളെ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാക്കിയാണ് അധികൃതര്‍ കുറ്റം സമ്മതിപ്പിച്ചതെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തിയത്. അഴിമതിയുടെ പ്രശ്‌നവുമുണ്ട്. പ്രസിഡന്റ് പെനിയ നിയേത്തോയുടെ കാലത്ത് കരാറുകള്‍ നേടിയ ഒരു നിര്‍മ്മാണ കമ്പനി പ്രസിഡന്റിന് ഒരു ആഡംബര വസതി നിര്‍മിച്ചുനല്‍കിയതായി ആരോപണം 2014ല്‍ ഉയരുകയുണ്ടായി. താല്‍പ്പര്യസംഘര്‍ഷത്തിന്റെ പ്രശ്‌നമാണ് അതിലുയര്‍ന്നത്. അതിനു നിയേത്തോ പരസ്യമായി മാപ്പുപറയുകയും രാഷ്ട്രീയ അഴിമതികള്‍ തടയുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുകയും ചെയ്തു. എങ്കിലും മെക്‌സിക്കോക്കാരുടെ മുന്നില്‍ അഴിമതിയുടെ കറ മായ്ചുകളയുവാന്‍ അതൊന്നും സഹായിച്ചില്ല.
ദീര്‍ഘകാലം അഴിമതിയുമായി ബന്ധപ്പെട്ട ഒരു പാര്‍ട്ടി എന്ന നിലയില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റവല്യൂഷനറി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോസ് അന്റോണിയോ മീഡിന് വലിയ തോതില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമായിരുന്നില്ല. നാഷണല്‍ ആക്ഷന്‍ പാര്‍ട്ടിയില്‍നിന്നും രാജിവയ്ക്കുകയും വിവിധ പ്രതിപക്ഷ ഗ്രൂപ്പുകളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തി ഫോര്‍വേഡ് ഫോര്‍ മെക്‌സിക്കോ എന്ന മുന്നണിയുടെ സ്ഥാനാര്‍ത്ഥി ആയിരുന്ന റിക്കാര്‍ഡോ അനായ ജനങ്ങളോട് സംസാരിക്കുന്നതിനേക്കാള്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തുന്നതിലാണ് പ്രശസ്തന്‍. ഏറ്റവും ഒടുവിലായി അഴിമതിക്കാരുടെ കൈകള്‍ വെട്ടുമെന്നു പ്രഖ്യാപിച്ച് രംഗത്തുവന്ന സ്വതന്ത്രനായ ജൈമേ 'എല്‍ ബ്രോന്‍കോ' റോഡ്രിഗസിനെക്കുറിച്ച് ആയിരക്കണക്കിന് തമാശകളാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്. അതിലെ ഏറ്റവും ശ്രദ്ധേയമായത് 'എല്‍ബ്രോന്‍കോ'ക്ക് കൈകള്‍ ഇല്ലെന്നതാണ്. എതിരാളികളുടെ പോരായ്മകളൊന്നുമായിരുന്നില്ല ജനങ്ങളെ ഒബ്രഡോറിലേക്കു ആകര്‍ഷിച്ചത്. ട്രമ്പിനെപ്പോലെതന്നെ തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് ഒബ്രഡോറും നടത്തിയത്: 'അഴിമതി അവസാനിപ്പിക്കും, മെക്‌സിക്കോയിലെ പൊതുജീവിതം സംശുദ്ധമാക്കും, മെക്‌സിക്കോകാര്‍ അഴിമതിക്കാരാണെന്ന ധാരണ പിന്നെ (ട്രമ്പിന്) ഉണ്ടാകില്ല'.... മുന്‍ഭരണകാലം അഴിമതിക്കഥകള്‍കൊണ്ട് നിറഞ്ഞതായിരുന്ന സാഹചര്യത്തില്‍ ഒബ്രഡോറിന്റെ അഴിമതിവിരുദ്ധ സന്ദേശം വോട്ടര്‍മാരെ ആകര്‍ഷിച്ചു. പറയുന്നതെല്ലാം പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കിയ ഒബ്രഡോര്‍ തനിക്കു മാത്രമാണ് അതു ചെയ്യാന്‍ കഴിയുക എന്നും പറഞ്ഞു. അത് വോട്ടര്‍മാരുടെ കാതുകളില്‍ മുഴങ്ങിനിന്നു. ട്രമ്പിനെപ്പോലെതന്നെ മാദ്ധ്യമങ്ങളോട് ലോപ്പസ് ഒബ്രഡോറും വെറുപ്പ് കാട്ടി. മാദ്ധ്യമങ്ങള്‍ വരേണ്യവിഭാഗത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്നായിരുന്നു പ്രചാരണവേളയില്‍ അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ എനിക്കൊപ്പമോ, അതോ അഴിമതി മാഫിയക്കൊപ്പമോ എന്ന് ചോദിച്ചാണ് അദ്ദേഹം ധ്രുവീകരണം സൃഷ്ടിച്ചത്. ഈ ധ്രുവീകരണം പല അമേരിക്കക്കാര്‍ക്കും വളരെ പരിചിതമാണ്.
പ്രസിഡന്റ് ട്രമ്പുമായി എങ്ങനെയാകും ഒബ്രഡോര്‍ ഇടപഴകുക, അദ്ദേഹത്തിന്റെ നയങ്ങള്‍ യുഎസുമായുള്ള ബന്ധങ്ങളില്‍ എന്ത് സ്വാധീനമായിരിക്കും ചെലുത്തുക എന്നതാണ് ഉയരുന്ന ചോദ്യം. ഒരു ട്വിറ്റര്‍ യുദ്ധം ആസന്നമായി കാണപ്പെടുന്നു. ലാറ്റിന്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടന മെക്‌സിക്കോകാരോടുള്ള ട്രമ്പിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ ശക്തമായി പ്രതികരിക്കും. സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നതിനും സ്ത്രീകളുടെ ലൈംഗികവും ഗര്‍ഭധാരണവും സംബന്ധിച്ച അവകാശങ്ങള്‍ നിഷേധിക്കാനുമാണ് ഇരു പ്രസിഡന്റുമാരും മുതിരുന്നതെങ്കില്‍ അതൊരു ആഗോള മനുഷ്യാവകാശ പ്രശ്‌നമായി മാറും. വിവാഹത്തിലെ തുല്യതയും സ്വന്തം സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പരമാധികാരവും ദശകങ്ങളോളം പിന്നോട്ടടിക്കപ്പെടും. ദുര്‍ബ്ബലരായ സ്ഥാനാര്‍ത്ഥികള്‍ അണിനിരന്ന ഒരു മത്സരത്തിലെ മികച്ച ആളായിരുന്നു ഒബ്രഡോര്‍. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവി യുഎസുമായുമുള്ള ബന്ധങ്ങളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ സാധ്യതയില്ല. കാലവും ട്വിറ്ററുമാകും അത് തെളിയിക്കുക.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here