ലോകസമ്മതനായ പോപ്പ് ഫ്രാന്‍സിസ് സഭക്കുള്ളില്‍ പോരാട്ടം തുടരുന്നു

Sun,Jul 08,2018


വത്തിക്കാന്‍ പ്രസ് ഓഫിസിന്റെ ഡെപ്യൂട്ടി മേധാവിയായി 2016ല്‍ ഒരു വനിതയെ നിയമിക്കാന്‍ പോപ്പ് ഫ്രാന്‍സിസ് മുതിര്‍ന്നപ്പോള്‍ കത്തോലിക്കാ സഭയുടെ പുരുഷാധിപത്യമുള്ള അധികാര സംവിധാനം വലിയ എതിര്‍പ്പുയര്‍ത്തി. ലോകത്ത് 1.3 ബില്യണ്‍ കത്തോലിക്കരുടെ നേതാവ് ആ സ്ഥാനത്തെത്തിയിട്ടു അപ്പോഴേക്കും മൂന്നുവര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. എന്നിട്ടും മദ്ധ്യനിരയില്‍പ്പെട്ട ഒരു സ്ഥാനത്തേക്കുപോലും ഒരു സ്ത്രീയെ നിയമിക്കുന്നതിന് പോരാടേണ്ടിവന്നു. 'മേലധികാരികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതൊക്കെ എപ്പോഴും ചെയ്യാന്‍ കഴിഞ്ഞെന്നിരിക്കില്ല' എന്നായിരുന്നു അടുത്തിടെ റോയിട്ടേഴ്‌സിന് അനുവദിച്ച രണ്ടു മണിക്കൂര്‍ ദീര്‍ഘിച്ച അഭിമുഖത്തില്‍ പുഞ്ചിരിച്ചുകൊണ്ട് പോപ്പ് പറഞ്ഞത്. എല്ലാവരെയും ബോധ്യപ്പെടുത്തുക, സാവധാനത്തില്‍ പ്രേരിപ്പിക്കുക - അതാണ് ഭരണ കാര്യങ്ങളില്‍ താന്‍ അവലംബിക്കുന്ന രീതി. വത്തിക്കാനിലെ പ്രസ് ഓഫിസില്‍ എക്‌സിക്യൂട്ടീവ് ചുമതലവഹിക്കുന ഏക വനിതയാണ് സ്പാനിഷ് പത്രപ്രവര്‍ത്തകയായ 42കാരി പാലോമ ഗാര്‍ഷ്യ വജേരോ. വത്തിക്കാനില്‍ നേതൃസ്ഥാനങ്ങള്‍ വഹിക്കുന്ന ഒരു ഡസനില്‍താഴെ വരുന്ന ആള്‍ക്കാരുടെ കൂട്ടത്തില്‍ അവര്‍ മാത്രമേ സ്ത്രീയായുള്ളു. അവരുടെ നിയമനത്തെ ആരാണ് എതിര്‍ത്തതെന്നു പറയാന്‍ പോപ്പ് മുതിര്‍ന്നില്ല. എന്നാല്‍ വത്തിക്കാനില്‍ നിലനില്‍ക്കുന്ന സംസ്‌കാരം മാറ്റുന്നതിനും സഭയെ അതിന്റെ ഇന്നത്തെ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തേക്കു വളര്‍ത്തുന്നതിനും കൂടുതല്‍ കാര്യക്ഷമവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാക്കുന്നതിനും പോപ്പിന് നടത്തേണ്ടിവരുന്ന പോരാട്ടങ്ങളുടെ ഉദാഹരണമാണത്.
പോപ്പിന്റെ സിംഹാസനത്തില്‍ 6-ാം വര്‍ഷത്തിലേക്കു കടക്കുന്ന 81 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ സഭയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ലൈംഗിക അപവാദങ്ങള്‍ക്കു അറുതിവരുത്തുന്നതിനും വത്തിക്കാന്റെ കേന്ദ്ര അധികാരഘടന പരിഷ്‌ക്കരിക്കുന്നതിനും തന്റെ നിലപാടുകള്‍ക്കെതിരെയുള്ള യാഥാസ്ഥിതിക കടന്നാക്രമണങ്ങളെ തരണംചെയ്യുന്നതിനുമുള്ള പോരാട്ടം തുടരുകയാണ്. വത്തിക്കാന്റെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നത് ഉള്‍പ്പടെയുള്ള വലിയ ചില പരിഷ്‌ക്കരണ നടപടികള്‍ പോപ്പ് ഫ്രാന്‍സിസ് നടപ്പാക്കിയതായി വിമര്‍ശകര്‍പോലും സമ്മതിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും അദ്ദേഹം ധൃതികാട്ടുന്നു; കൂടുതല്‍ കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട് എന്നതാണ് പിന്തുണക്കാര്‍ക്കുള്ള അഭിപ്രായം. അദ്ദേഹംതന്നെ വിശേഷിപ്പിക്കാറുള്ള 'പള്ളി കെട്ടിടങ്ങള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്ന ക്രിസ്തു'വിനേക്കാള്‍, പുറന്തള്ളാതെ കരുണ കാട്ടുന്ന, ശിക്ഷിക്കാതെ മാപ്പുനല്‍കുന്ന, തുറന്ന മനസ്സോടെയുമുള്ള സമീപനത്തിനാണ് പോപ്പ് ഫ്രാന്‍സിസ് ഊന്നല്‍ നല്‍കുന്നത്. പാശ്ചാത്യ ലോകത്ത് സഭാവിശ്വാസികളുടെ എണ്ണം കുറയുന്നത് തടയാനും സഭാവിശ്വാസികള്‍ മഹാഭൂരിപക്ഷവുമുള്ള ദക്ഷിണാര്‍ദ്ധഗോളത്തിലെ ദരിദ്രമായ പ്രദേശങ്ങളില്‍ ഭാവിയെ മുന്‍നിര്‍ത്തി സഭയുടെ പങ്ക് ഉറപ്പിക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമാണത്. വിശുദ്ധ വാരാചരണത്തില്‍ അദ്ദേഹം ജെയിലുകളിലെത്തി തടവുകാരുടെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. അവരില്‍ സ്ത്രീകളും മുസ്ലിങ്ങളും ഉള്‍പ്പെട്ടു. നൂറ്റാണ്ടുകളായി പുരോഹിതന്മാരുടെ കാലുകളാണ് ശുശ്രൂഷയുടെ ഭാഗമായി കഴുകിയിരുന്നത്. ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്ന സഭയുടെ നിലപാട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും പിന്തുടരുന്നുണ്ട്. എന്നാല്‍ അതൊരു ഒഴിയാബാധപോലെ ആയിട്ടുണ്ടെന്നു അദ്ദേഹം കരുതുന്നു. ദാരിദ്ര്യം, അനീതി, യുദ്ധം, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങളില്‍നിന്നും ഇത് സഭയുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതായും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. 2013ല്‍ ലാറ്റിന്‍ അമേരിക്കയില്‍നിന്നുമുള്ള ആദ്യത്തെ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍തന്നെ ക്യൂറിയ എന്നറിയപ്പെടുന്ന വത്തിക്കാന്‍ ബ്യുറോക്രസിയെ പരിഷ്‌ക്കരിക്കുന്നതിനായുള്ള പോരാട്ടം ഫ്രാന്‍സിസ് മാര്‍പ്പാപ്പ തുടങ്ങിയിരുന്നു. അഞ്ചു വര്‍ഷത്ത പ്രവര്‍ത്തനഫലമായി ക്യൂറിയക്കുള്ള പുതിയ ഭരണഘടന രൂപപ്പെടുത്തുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്.
പോപ്പ് ഫ്രാന്‍സിസ് അധികാരമേല്‍ക്കുന്നതിനുമുമ്പ് ക്യൂറിയയിലെ ചിലര്‍ പല അഴിമതി കേസുകളിലും കുടുങ്ങിയിരുന്നു. ഇറ്റാലിയന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് അമിതമായ തുക ഈടാക്കാന്‍ അവസരമൊരുക്കി, രേഖകള്‍ ചോര്‍ത്തിനല്‍കി തുടങ്ങിയ കേസുകളാണുണ്ടായത്. ക്യൂറിയയുടെ ആത്മീയ രോഗം സൗഖ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഭൗതികതക്ക് അടിമപ്പെടാതെ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ക്യൂറിയ അംഗങ്ങളെ ഉപദേശിച്ചു. ആഡംബര കാറുകള്‍ക്ക് പകരം ചെറിയ കാറുകള്‍ ഉപയോഗിക്കാന്‍ പുരോഹിതരോടും കന്യാസ്ത്രീകളോടും ആവശ്യപ്പെട്ടു. പോപ്പ് ഫ്രാന്‍സിസിന്റെ മുന്‍ഗാമി പോപ്പ് ബെനഡിക്ട് 2013ല്‍ രാജിവയ്ക്കുന്നതില്‍ ക്രമരഹിതമായി പ്രവര്‍ത്തിച്ച ക്യൂറിയക്ക് അതിന്റേതായ പങ്കുണ്ടായിരുന്നു. പല രേഖകളും ചോര്‍ന്നു. പ്രക്ഷുബ്ധമായ 7 വര്‍ഷങ്ങള്‍ക്കുശേഷം സഭയെ നയിക്കാന്‍ തനിക്കു കരുത്തില്ല എന്നുപറഞ്ഞാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ക്യൂറിയക്ക് മുന്നില്‍ മുട്ടുവണങ്ങില്ല എന്നുറച്ച തീരുമാനത്തിലായിരുന്നു പോപ്പ് ഫ്രാന്‍സിസ്. വത്തിക്കാനിലെ രണ്ടാമത്തെ വലിയ പദവിയായ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് എന്ന സ്ഥാനത്തേക്ക് പരിണിത പ്രജ്ഞനായ കര്‍ദിനാള്‍ പിയെട്രോ പരോലിനെ നിയമിച്ചു. ആരോപണങ്ങളില്‍ മുങ്ങിയ, ഒരിക്കല്‍ അടച്ചുപൂട്ടാന്‍ ആലോചിച്ച, ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തീരുമാനങ്ങളെടുത്തു. യാഥാസ്ഥിതികരുടെ പ്രത്യാക്രമണം സഭക്കുള്ളിലും ലോകത്താകെയും പോപ്പ് ഫ്രാന്‍സിസ് വലിയ ജനസമ്മതനാണ്. അദ്ദേഹം എവിടെ പോയാലും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. യുഎസിലെ കാത്തോലിക്കാരില്‍ 84%ത്തിനും പോപ്പ് ഫ്രാന്‍സിസിനെക്കുറിച്ചു നല്ല അഭിപ്രായമാണുള്ളതെന്ന് പ്യു റിസര്‍ച് സെന്റര്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ തെളിഞ്ഞു. അതേസമയം സഭക്കുള്ളിലെ കടുത്ത യാഥാസ്ഥിതികരില്‍നിന്നും അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. താരതമ്യേന ചെറിയ വിഭാഗമാണ് അവരെങ്കിലും അഭിപ്രായങ്ങള്‍ ശക്തമായി പ്രകടിപ്പിക്കുന്നു. സാമൂഹ്യ മാദ്ധ്യമങ്ങള്‍ അവര്‍ ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. അമേരിക്കയിലെ കര്‍ദിനാള്‍ റെയ്മണ്ട് ലിയോ ബുര്‍ക്ക് ആണ് അവരുടെ ആത്മീയ ഗുരു. 2016ല്‍ ബുര്‍ക്കും മറ്റു മൂന്നു കര്‍ദിനാള്‍മാരുംകൂടി പോപ്പ് ഫ്രാന്‍സിസിനെ പരസ്യമായി വെല്ലുവിളിച്ച് ഒരു കത്തെഴുതി. 'ദി ദുബിയ' എന്നാണത് അറിയപ്പെടുന്നത്. പ്രധാനപ്പെട്ട ധാര്‍മ്മിക പ്രശ്‌നങ്ങളില്‍ പാപ്പാ ആശയക്കുഴപ്പത്തിന്റെ വിത്തുകള്‍ പാകുന്നുവന്നാണ് അവര്‍ കുറ്റപ്പെടുത്തിയത്. അവരുന്നയിച്ച അഞ്ചു ചോദ്യങ്ങളോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതികരിച്ചില്ല. മതസംഹിതകളുടെയും മതാചാരങ്ങളുടെയും ആവരണമിട്ടുള്ള ആക്രമണങ്ങളാണ് പലപ്പോഴും യാഥാസ്ഥിതികര്‍ ഫ്രാന്‍സിസിനെതിരെ നടത്തുന്നതെന്നും, മുമ്പുള്ള രണ്ടു പോപ്പുമാരുടെയും കാലത്ത് അവര്‍ക്കുണ്ടായിരുന്ന അധികാരങ്ങള്‍ നഷ്ടപ്പെട്ടതിലുണ്ടായ നിരാശയില്‍നിന്നുമാണ് അത് ഉടലെടുക്കുന്നതെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. 'പോപ്പിന്റെ അധികാര പരിമിതികള്‍' എന്ന വിഷയത്തില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ റോമില്‍ നടന്ന സമ്മേളനത്തിലെ മുഖ്യ പ്രാസംഗികന്‍ ബുര്‍ക്ക് ആയിരുന്നു. അതില്‍ പ്രസംഗിച്ച പലരും ഫ്രാന്‍സിസിനെ വിശേഷിപ്പിച്ചത് 'അന്തിക്രിസ്തുവിന്റെയും' ലോകാവസാനത്തിന്റെയും ആഗമന ദൂതനായിട്ടാണ്. ഫ്രാന്‍സിസിനു കീഴില്‍ സഭയുടെ വിശ്വാസവും ഐക്യവും വലിയ അപകടത്തിലായിരിക്കുന്നു എന്നാണ് സമ്മേളനം പ്രഖ്യാപിച്ചത്. ദി ദുബിയയില്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. യാഥാസ്ഥിതികരുടെ വിമര്‍ശനങ്ങള്‍ തന്നെ വേദനിപ്പിക്കാറില്ലെന്നും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടെന്നും പോപ്പ് ഫ്രാന്‍സിസ് പറയുന്നു. മുന്‍ഗാമികളായ പോപ്പ് ജോണ്‍ പോളും പോപ്പ് പോള്‍ ആറാമനും 'കൂടുതല്‍ സഹിച്ചിട്ടുണ്ടെന്നു' കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പോപ്പ് ഫ്രാന്‍സിസ് വളരെ കൗശലപൂര്‍വ്വം കാര്യങ്ങള്‍ നീക്കുന്ന ആളാണെന്നു അടുത്തറിയാവുന്നവര്‍ പറയുന്നു. എല്ലാ കാര്യങ്ങളും സ്വന്തം അജണ്ടയനുസരിച്ചുതന്നെ അദ്ദേഹം ചെയ്യും. സ്വന്തം ബാഗ് സ്വയം ചുമന്നുകൊണ്ടുപോകും. മുന്‍ഗാമികളെപ്പോലെ ഗേറ്റ് കാവല്‍ക്കാര്‍ ആരുമില്ല. ചില തീരുമാനങ്ങള്‍ എടുക്കുന്നതുവരെ വത്തിക്കാനിലെ ഉന്നതര്‍ക്കുപോലും അജ്ഞാതമായിരിക്കും. വിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ അതീവമായി ശ്രദ്ധിക്കുന്നു. പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പോപ്പുമാര്‍ സമാന ചിന്താഗതിക്കാരായ കര്‍ദിനാള്‍മാരെയാണ് നിയമിക്കുക. പിന്‍ഗാമികളെ അവരാണ് തെരഞ്ഞെടുക്കുക. സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന വിവിധ കമ്മീഷനുകളുടെ അധ്യക്ഷന്മാരും അവരായിരിക്കും. വ്യാഴാഴ്ച അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നുമായി 14 കര്‍ദിനാള്‍മാരെ പോപ്പ് നിയമിക്കും. ദരിദ്രരോടുള്ള തന്റെ സഹാനുഭൂതി ആവര്‍ത്തിച്ചുറപ്പിക്കുംവിധമായിരിക്കും ആ നിയമനങ്ങള്‍. അവരില്‍ 11 പേരും പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള രഹസ്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള പ്രായപരിധിയായ 80നു താഴെ പ്രായമുള്ളവരാണ്. പുതിയ പോപ്പിനെ തെരഞ്ഞെടുക്കേണ്ട
കര്‍ദിനാള്‍മാരില്‍ പകുതിപ്പേരെയും പോപ്പ് ഫ്രാന്‍സിസ് നിയമിച്ചുകഴിഞ്ഞു. സഭ യൂറോപ്പ് കേന്ദ്രീകൃതമാകുന്നത് കുറച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ടോംഗ, മഡഗാസ്‌കര്‍ തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍നിന്നുമുള്ളവരെ അദ്ദേഹം കര്‍ദിനാള്‍മാരായി നിയമിച്ചു. ആഫ്രിക്കയില്‍നിന്നും മെഡിറ്ററേനിയന്‍ സമുദ്രം കടന്നെത്തിയ കുടിയേറ്റക്കാരുടെ മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച സിസിലിയിലെ അഗ്രിഗേന്റോയിലെ ആര്‍ച്ബിഷപ്പിനെയും അദ്ദേഹം കര്‍ദിനാളാക്കി. തങ്ങളും സഭയുടെ ഭാഗമാണെന്നും തങ്ങളുടെ ശബ്ദവും റോമില്‍ കേള്‍പ്പിക്കുമെന്നും വിദൂരമായ ചെറിയ രാജ്യങ്ങളിലും സ്ഥലങ്ങളിലുമുള്ളവര്‍ക്കു തോന്നാന്‍ കഴിയുന്ന വിധമുള്ള ആള്‍ക്കാരെയാണ് താന്‍ അന്വേഷിച്ചിരുന്നതെന്ന് പോപ്പ് ഫ്രാന്‍സിസ് പറയുന്നു. ഒരു വര്‍ഷത്തോളം അവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു അദ്ദേഹം. പരസ്യമായി പ്രഖ്യാപിക്കുന്നതുവരെ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെട്ടവര്‍പോലും അതറിഞ്ഞിരുന്നില്ല. ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ അതുകൊണ്ടു കഴിഞ്ഞുവെന്ന് പറയുന്ന ഫ്രാന്‍സിസ് അതാണ് മെച്ചപ്പെട്ട രീതിയെന്നും അഭിപ്രായപ്പെട്ടു. തന്റെ പാത പിന്തുടരുന്ന ആളിനെ പിന്‍ഗാമിയായി വരുന്നതിനുള്ള ഭൂരിപക്ഷം ഉറപ്പിക്കാന്‍ വേണ്ടിയുള്ള നിയമനങ്ങളാണിതെന്ന വാദം അദ്ദേഹം തള്ളിക്കളയുന്നു. 'അത് ചെയ്യുന്നത് (പോപ്പിനെ തെരഞ്ഞെടുക്കുന്നത്) പരിശുദ്ധാത്മാവാണ്' പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here