യുഎസ്-ചൈന വ്യാപാര യുദ്ധം ടെക് വ്യവസായങ്ങളിലേക്കും വ്യാപിക്കുന്നു

Sun,Jul 08,2018


പാശ്ചാത്യ രാജ്യങ്ങളില്‍നിന്നും ബെയ്ജിങ്ങിലെത്തുന്ന ഒരാള്‍ വല്ലാതെ വിഷമിക്കും: ഗൂഗിള്‍, ഫേസ്ബുക്, യൂബര്‍ എന്നിങ്ങനെ പാശ്ചാത്യ ഓണ്‍ലൈന്‍ ജീവിതത്തിന്റെ ഭാഗമായ ഒന്നുംതന്നെ അവിടെയില്ല. ചൈനക്കാര്‍ ബൈദുവിലൂടെ സെര്‍ച്ച് ചെയ്യുന്നു. അവരുടെ സാമൂഹ്യമാധ്യമം വീ ചാറ്റ് ആണ്. സഞ്ചരിക്കുന്നതിനായി ഡിഡിയുണ്ട്. താല്‍പ്പര്യമുള്ള വാര്‍ത്തകള്‍ ടൂട്ടിയേയോ തുടങ്ങിയ സൈറ്റുകളിലൂടെ ലഭിക്കും. ബെയ്ജിങ് എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നു അവര്‍ക്കറിയാം. അതൊക്കെ സാധാരണ കാര്യംമാത്രമായി അവര്‍ കണക്കാക്കുന്നു. സ്വന്തം ബ്രാന്‍ഡുകളിലൂടെയും ചട്ടങ്ങളിലൂടെയും സംസ്‌കാരത്തിലൂടെയും ഒരു ബദല്‍ ഇന്റര്‍നെറ്റ് പ്രപഞ്ചം സൃഷ്ടിച്ചിട്ടുണ്ട്. സ്വകാര്യതയൊന്നും ഇല്ലെന്നു മാത്രം. ഈ സമാന്തര പ്രപഞ്ചത്തെ മറികടന്ന് ഇന്റര്‍നെറ്റ് ആധിപത്യം മാത്രമല്ല, ലോകമൊട്ടാകെയുള്ള സാങ്കേതികവിദ്യാ വ്യവസായത്തിലും ആധിപത്യം സ്ഥാപിക്കുകയെന്ന മോഹമാണ് ചൈനയ്ക്കുള്ളത്. ബെയ്ജിങിനെ തടഞ്ഞുനിര്‍ത്താനായി യുഎസും സഖ്യശക്തികളും സാങ്കേതികവിദ്യാ സംരക്ഷണം (ടെക്‌നോ-പ്രൊട്ടെക്ഷനിസം) എന്നൊരു പ്രസ്ഥാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ആഗോള വ്യാപാരയുദ്ധത്തില്‍ അപകടകരമായ ഒരു പുതിയ മുന്നണികൂടി അത് തുറന്നിരിക്കുകയാണ്. ചൈനയുടെ ടെക് ആധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ നേതാവ് ഡോണള്‍ഡ് ട്രമ്പ് ആയിരിക്കാനിടയില്ല. ക്ഷയോന്മുഖമായ വ്യവസായങ്ങളുടെ ചാമ്പ്യനായിട്ടാണ് അദ്ദേഹം കാണപ്പെടുന്നത്. സ്റ്റീലിനും അലുമിനിയത്തിനും ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവ ചൈനയില്‍നിന്ന് മാത്രമല്ല, ജര്‍മ്മനി, കാനഡ ഉള്‍പ്പടെയുള്ള സഖ്യശക്തികളില്‍നിന്നുപോലും രൂക്ഷമായ എതിര്‍പ്പുയര്‍ത്തി. ചൈനയുമായി വളര്‍ന്നുവരുന്ന ടെക് യുദ്ധവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്റ്റീല്‍ ചെറിയ കാര്യം മാത്രമാണ്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലോകത്ത് സാമ്പത്തിക ആധിപത്യം വഹിക്കുന്ന രാജ്യം ഏതെന്നു തീരുമാനിക്കുക സാങ്കേതികവിദ്യ ആയിരിക്കും. പ്രതിശീര്‍ഷ ജിഡിപി വളര്‍ച്ചയുടെ 20% മാത്രമാണ് മൂലധനവും തൊഴില്‍ശക്തിയും സംഭാവന ചെയ്യുക. സാമ്പത്തിക വളര്‍ച്ചയുടെ 80% ആശ്രയിച്ചിരിക്കുന്നത് ഉല്‍പ്പാദന വര്‍ദ്ധനവിനായി എത്ര വേഗതയില്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും അത് പ്രയോഗിക്കുകയും ചെയ്യുന്നു എന്നതിനെയാണ്. എത്ര വേഗതയില്‍ പാശ്ചാത്യ സാങ്കേതികവിദ്യകള്‍ മറികടക്കാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചാണ് പാശ്ചാത്യ ജീവിതനിലവാരം കൈവരിക്കുക എന്ന ചൈനയുടെ മോഹം നിലകൊള്ളുന്നത്. ട്രമ്പിന്റെ സ്റ്റീല്‍ തീരുവയില്‍ ക്ഷുഭിതരായിരുന്ന സഖ്യശക്തികള്‍പോലും ചൈനക്കെതിരെ അദ്ദേഹം ചുമത്തിയ 50 ബില്യണ്‍ ഡോളറിന്റെ തീരുവകളെ പിന്തുണച്ചു. തിരിച്ചടിക്കുന്നപക്ഷം കവര്‍ച്ചാസ്വഭാവമുള്ള ചൈനയുടെ ടെക് വ്യാപാരത്തിനെതിരെ മറ്റൊരു 200 ബില്യണ്‍ ഡോളറിന്റെകൂടി തീരുവ ചുമത്തുമെന്നും പ്രഖ്യാപിച്ചു. അമേരിക്കയിലെ ടെക് വ്യവസായത്തില്‍ ചൈനയുടെ നിക്ഷേപങ്ങളെക്കുറിച്ചും ചൈനയിലേക്കുള്ള ടെക് കയറ്റുമതികളെക്കുറിച്ചും പുനരവലോകനം ചെയ്യുന്ന തീവ്രശ്രമത്തിലാണ് ട്രമ്പ്.
താന്‍ അധികാരമേല്‍ക്കുന്നതിനു മുമ്പുതന്നെ തുടങ്ങിയിരുന്ന വ്യാപാര യുദ്ധത്തെ കൂടുതല്‍ തീവ്രമാക്കുകയും വ്യാപകമാക്കുകയുമാണ് ട്രമ്പ് ചെയ്യുന്നത്. 2008ലെ ആഗോള ധനപ്രതിസന്ധിക്കുശേഷം ലോകമൊട്ടാകെയുള്ള രാജ്യങ്ങള്‍ അതിര്‍ത്തികടന്നുള്ള വ്യാപാരം, മൂലധനം, കുടിയേറ്റം എന്നിവയുടെ മേലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങി. അപ്പോഴും ആഗോളവല്‍ക്കരണത്തിന്റെ ചാമ്പ്യന്മാര്‍ വീമ്പിളക്കിയത് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും ഇന്റര്‍നെറ്റിന്റെയും മേഖലകളില്‍ ലോകത്ത് അതിരുകളൊന്നും ഉണ്ടാകില്ലെന്നാണ്. പക്ഷേ അവിടെയും ഇച്ഛാശക്തിയുള്ള ഒരു ഗവണ്മെന്റിന് മതിലുകള്‍ കെട്ടാന്‍ കഴിയുമെന്ന് ചൈന തെളിയിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനേക്കാള്‍ ജനപ്രീതി ചൈനയുമായിട്ടുള്ള വ്യാപാരത്തില്‍ അദ്ദേഹം സ്വീകരിച്ചിട്ടുള്ള കര്‍ക്കശമായ നിലപാടുകള്‍ക്കാണ്. ചൈനയില്‍ നിക്ഷേപിക്കുന്ന കമ്പനികളില്‍നിന്നും അവരുടെ സാങ്കേതിക വിദ്യകള്‍ പങ്കിടാന്‍ ആവശ്യപ്പെട്ടും, അല്ലെങ്കില്‍ ഹാക്കര്‍മാര്‍ മുഖേന ചോര്‍ത്തിയും മറ്റുമുള്ള അനധികൃതമായ മാര്‍ഗങ്ങളിലൂടെയാണ് ബെയ്ജിങ് ഒപ്പമെത്താന്‍ ശ്രമിക്കുന്നതെന്ന പൊതുധാരണയാണ് പാശ്ചാത്യ ലോകത്തുള്ളത്. വികസനത്തിന്റെ കാര്യത്തില്‍ സാങ്കേതികവിദ്യയില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങളില്‍നിന്നും കടംകൊള്ളുന്ന പതിവുണ്ട്. ബ്രിട്ടീഷ് സാങ്കേതികവിദ്യകള്‍ കടംകൊണ്ടാണ് 19-ാം നൂറ്റാണ്ടില്‍ യുഎസില്‍ വ്യവസായ പുരോഗതിയുണ്ടായത്. യുഎസിലെ വ്യവസായ പുരോഗതിയെ അനുകരിച്ചാണ് രണ്ടാം ലോക യുദ്ധാനന്തരം ജപ്പാന്‍ വലിയ വിജയം നേടിയത്. എന്നാല്‍ ചൈനയുടെ രീതികള്‍ ഒരു പുതിയ ഭീഷണിയായിട്ടാണ് അനുഭവപ്പെടുന്നത്. വലിയ മത്സരം കാഴ്ചവയ്ക്കുന്ന വിദേശ കമ്പനികളായ ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവയെ ബെയ്ജിങ് നിരോധിച്ചപ്പോള്‍, കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ മറ്റുള്ളവയെ അവരുടെ ബിസിനസ് ചൈനീസ് എതിരാളികള്‍ക്ക് വില്‍ക്കുന്നതിനോ (ഉദാഹരണം, യൂബര്‍) അല്ലെങ്കില്‍ വിട്ടുപോകുന്നതിനോ (ആമസോണ്‍.കോം) നിര്‍ബ്ബന്ധിതമാക്കി. ചുരുക്കത്തില്‍ വിപുലമായ ആഭ്യന്തര വിപണിയില്‍ ചൈന ഇന്റര്‍നെറ്റ് കുത്തകളെ സൃഷ്ടിക്കുകയും വിദേശ വിപണികളിലേക്കും കടന്നുചെല്ലാന്‍ കഴിയുംവിധം സാമ്പത്തികമായി അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
'ചൈനയില്‍ സൃഷ്ടിക്കപ്പെട്ടത്' എന്നത് മാറ്റി 'ചൈനയില്‍ നിര്‍മ്മിച്ചത്' എന്നാക്കി മാറ്റുകയാണ് ബെയ്ജിങ്. പ്രധാനപ്പെട്ട പല വ്യവസായങ്ങളുടെയും കാര്യത്തില്‍ സിലിക്കണ്‍ വാലിയേക്കാള്‍ ആധുനികമാണ് ഷെന്‍ഷെങ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മറ്റു അത്യാധുനിക സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ ചൈന കൂടുതല്‍ മുന്നേറ്റം നടത്തുന്നുണ്ട്. വിപണിയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ലോകത്തിലെ 20 ഇന്റര്‍നെറ്റ് കമ്പനികളില്‍ 11 അമേരിക്കനും 9 ചൈനീസ് കമ്പനികളുമാണുള്ളത്. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ അത്തരം രണ്ട് കമ്പനികള്‍ മാത്രമാണുണ്ടായിരുന്നത്. ചൈനീസ് ടെക് കമ്പനികളുടെ കടന്നുകയറ്റം തടയാന്‍ പല രീതികളിലും ട്രമ്പ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. സുരക്ഷാഭീഷണി ഉയര്‍ത്തുന്ന വിദേശ നിക്ഷേപങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കമ്മിറ്റി മണിഗ്രാം വാങ്ങുന്നതിനുള്ള ഒരു ചൈനീസ് കമ്പനിയുടെ ശ്രമം തടഞ്ഞത് അതിലൊന്നായിരുന്നു. അതേ കമ്മിറ്റിതന്നെ ആഗോള മൊബൈല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചൈനയുടെ സ്വാധീനം വ്യാപിക്കുന്നത് തടയാന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോം ഏറ്റെടുക്കുന്നതില്‍നിന്നും ബ്രോഡകോമിനെ തടഞ്ഞു. പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഇസഡ് ടി ഇക്ക് വേണ്ടിയുള്ള കയറ്റുമതികള്‍ ട്രമ്പ് തടഞ്ഞപ്പോള്‍ പ്രധാനപ്പെട്ട അമേരിക്കന്‍ സാങ്കേതികവിദ്യ ലഭിക്കാതെ കമ്പനിയുടെ പ്രവര്‍ത്തനം വലിയ തോതില്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഒരു ബില്യണ്‍ ഡോളര്‍ പിഴ അടയ്ക്കുകയും കമ്പനിയുടെ ഉന്നത സ്ഥാനത്തുള്ള എക്‌സിക്യൂട്ടീവ്മാരെ മാറ്റുകയും ചെയ്തതിനുശേഷം നിരോധനം പിന്‍വലിക്കാന്‍ ട്രമ്പ് തയ്യാറായിരുന്നുവെങ്കിലും കോണ്‍ഗ്രസ് അതിനോട് യോജിച്ചില്ല. നിരോധനം പുനഃസ്ഥാപിക്കുന്നതിനാണ് സെനറ്റ് വോട്ടു ചെയ്തത്. അത് വരുംനാളുകളില്‍ വ്യാപാര യുദ്ധം രൂക്ഷമാക്കും. സെമികണ്ടക്ടറുകള്‍, സോഫ്റ്റ്‌വെയര്‍, മറ്റു പ്രധാന സാങ്കേതികവിദ്യകള്‍ എന്നിവയുടെ കാര്യത്തില്‍ യുഎസിനോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് ചൈനയിപ്പോള്‍.
ധനസാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളിലായിരിക്കും ട്രമ്പ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. ചൈനയിലേക്കുള്ള സാങ്കേതികവിദ്യ കയറ്റുമതിയില്‍ മാത്രമല്ല, ചൈനയില്‍ അമേരിക്കന്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനും വിലക്കുകള്‍ ഏര്‍പ്പെടുത്തും. പല പാശ്ചാത്യ സഖ്യശക്തികളും സമാനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ചൈനയില്‍ ജര്‍മന്‍ കമ്പനികള്‍ നേരിടുന്ന വിലക്കുകള്‍ക്കുള്ള തിരിച്ചടിയെന്നോണം ജര്‍മനിയില്‍ ചൈനീസ് കമ്പനികള്‍ക്കും നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കുകയാണ്. ദേശീയ സുരക്ഷാപരമായ കാരണങ്ങളാല്‍ 5ജി ഫോണുകള്‍ ഇറക്കുന്നതില്‍നിന്നും ചൈനീസ് കമ്പനികളെ ഓസ്‌ട്രേലിയയും തടഞ്ഞിട്ടുണ്ട്. ചൈനീസ് കമ്പനികളെപ്പോലെ വളരാന്‍ അവസരമൊരുക്കുംവിധം ഏകീകൃത ഡിജിറ്റല്‍ വിപണിക്ക് രൂപം നല്‍കുന്നതിനുള്ള ശ്രമത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. അതേസമയം വിദേശ കമ്പനികള്‍ക്ക് വിലക്കുകള്‍ സൃഷ്ടിക്കുകയും ആഭ്യന്തര നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ ശക്തമാക്കുകയും ചെയ്യുന്ന ചൈനയുടെ രീതി സ്വീകരിച്ച് എതിര്‍ദിശയില്‍ സഞ്ചരിക്കുകയാണ് പല രാജ്യങ്ങളും. വിദേശ ഇന്റര്‍നെറ്റ് കമ്പനികളുടെ സെര്‍വറുകള്‍ സ്വന്തം രാജ്യങ്ങളില്‍ത്തന്നെ സ്ഥാപിക്കണമെന്നാണ് റഷ്യയും ബ്രസീലും ആവശ്യപ്പെടുന്നത്. അങ്ങനെയുള്ളപ്പോള്‍ ഗവണ്മെന്റുകള്‍ക്കു നിരീക്ഷണത്തിനും നിയന്ത്രണത്തിനും എളുപ്പമാകും. ഇറാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ വാട്‌സാപ്പും വൈബറും നിരോധിച്ചു. അതിനുപിന്നില്‍ വ്യാപാരത്തെക്കാള്‍ കൂടുതല്‍ രാഷ്ട്രീയമായ കാരണങ്ങളാണുള്ളത്. അടുത്ത ആഗോള സാമ്പത്തിക മാന്ദ്യത്തോടെ സാങ്കേതികവിദ്യ സംരക്ഷണ നടപടികള്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും ഡിജിറ്റല്‍ ആയി പരസ്പരബന്ധിതമായ ലോകം സ്വയം നശിക്കുകയും ചെയ്യും. യുഎസിലും യൂറോപ്പിലും ജപ്പാനിലുമെല്ലാം പൊതുകടം വളരെ ഉയര്‍ന്നുനില്‍ക്കുകയാണ്. ഒരു മാന്ദ്യമുണ്ടാകുമ്പോള്‍ ഈ ഗവണ്മെന്റുകളുടെ സ്ഥിതി വളരെ മോശമായിരിക്കുമെന്നാണ് അതിനര്‍ത്ഥം. പലിശനിരക്കുകള്‍ വളരെ കുറവാണെന്നതിനാല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് കാര്യമായി സഹായിക്കാന്‍ കഴിയില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ സംരക്ഷണ നടപടികള്‍ ശക്തമാക്കുക മാത്രമായിരിക്കും അവരുടെ മുന്നിലുള്ള ഏക പോംവഴി. യുദ്ധാനന്തരമുള്ള കാലഘട്ടത്തില്‍ സ്വതന്ത്ര വ്യാപാരമെന്ന പൊതു സമവായ ആശയത്തിന് വളരെ പിന്തുണയുണ്ടായിരുന്നു. കടുത്ത സാഹചര്യങ്ങളില്‍പ്പോലും തീരുവകള്‍ ഉയര്‍ത്താന്‍ കൂട്ടാക്കിയിരുന്നില്ല. 2008നുശേഷമുണ്ടായ വ്യാപാര യുദ്ധങ്ങളിലും തീരുവകള്‍ പ്രശ്‌നമായിരുന്നില്ല. ചില വ്യവസായങ്ങള്‍ക്ക് ഗവണ്‍മെന്റുകള്‍ നല്‍കുന്ന സബ്‌സിഡിയും മറ്റുമായിരുന്നു പ്രശ്‌നം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ട്രമ്പും അതുപോലെ കടുത്ത ദേശീയവികാരങ്ങള്‍ ഉയര്‍ത്തിവിടുന്നവരും സാങ്കേതികവിദ്യ സംരക്ഷണം ഉള്‍പ്പടെ എല്ലാ രൂപങ്ങളിലുമുള്ള കറന്‍സി സംരക്ഷണ നടപടികള്‍ സ്വീകരിക്കുകയാണ്. അടുത്തകാലംവരെയും ആഗോള ധനവിപണികള്‍ വളര്‍ന്നുവരുന്ന വ്യാപാര യുദ്ധങ്ങളെ അവഗണിക്കുകയായിരുന്നു. തീരുവകളുടെ രൂപത്തിലേക്ക് വ്യാപാര യുദ്ധം വളരുമ്പോള്‍ പരമ്പരാഗതമായ വ്യവസായങ്ങളില്‍നിന്നും സാങ്കേതികവിദ്യ വ്യവസായങ്ങളിലേക്കും അത് വ്യാപിക്കുകയാണ്. വിപണികള്‍ കൂടുതല്‍ നിയന്ത്രിക്കാന്‍ പ്രയാസമുള്ളവയായി മാറുന്നു. ഇതുവരെയും യുഎസിനേക്കാള്‍ കൂടുതല്‍ ഓഹരിവിപണിയെ ബാധിച്ചത് ചൈനയിലാണെങ്കിലും ഇതില്‍ വിജയികള്‍ ആരുമുണ്ടാകില്ല. ഒരു വലിയ വ്യാപാരയുദ്ധത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് അമേരിക്കന്‍ നിക്ഷേപകരും ഉല്‍പ്പാദകരും ഭയക്കുന്നതായാണ് അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ തെളിഞ്ഞത്.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here