മുംബൈയില്‍നിന്നും ലണ്ടനിലേക്ക് ആദ്യ എയര്‍ ഇന്ത്യാ വിമാനം പറന്നിട്ട് 70 വര്‍ഷം

Tue,Jun 12,2018


എയര്‍ ഇന്ത്യയുടെ വിമാനം ആദ്യമായി പറന്നുയര്‍ന്നിട്ട് 70 വര്‍ഷങ്ങള്‍ പിന്നിടുന്നു. 1948 ജൂണില്‍ മുംബൈയില്‍നിന്നും ലണ്ടനിലേക്കായിരുന്നു വിമാനം പറന്നത്. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധങ്ങളുടെ അടിത്തറ പാകല്‍കൂടിയായി അതിനെ വിശേഷിപ്പിക്കാം. ഇതിഹാസം രചിച്ച ആദ്യ ഫ്‌ളൈറ്റ് ജൂണ്‍ 8 തീയതി മുംബൈയില്‍നിന്നും തിരിച്ച് കെയ്‌റോ, ജനീവ വഴി ലണ്ടനില്‍ ജൂണ്‍ 10ന് ലാന്‍ഡ് ചെയ്തു. 42 യാത്രക്കാരാണ് അതിലുണ്ടായിരുന്നത്. അവരില്‍ ചിലര്‍ 'നവാബുമാരും' 'മഹാരാജാക്കന്മാരും' ആയിരുന്നു. ആദ്യ ഫ്‌ളൈറ്റിന്റെ 70-ാം വാര്‍ഷികം എയര്‍ ഇന്ത്യ ആഘോഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ ആദ്യകാല ഫ്‌ളൈറ്റുകളെക്കുറിച്ചുള്ള സ്മരണകള്‍ പങ്കുവയ്ക്കാന്‍ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളെ ഇന്ത്യയുടെ ദേശീയ വ്യോമയാന കമ്പനി ക്ഷണിച്ചിട്ടുണ്ട്. അവരുടെ സ്മരണകളും അക്കാലത്തെ ചിത്രങ്ങളുമെല്ലാം ഫ്‌ളൈറ്റിനുള്ളില്‍ നല്‍കുന്ന മാസികയില്‍ പ്രസിദ്ധീകരിക്കും.
എയര്‍ ഇന്ത്യയുടെ ആദ്യകാല ഫ്‌ളൈറ്റുകളിലാണ് യുകെയില്‍ ജീവിതം തേടിപ്പോയ പല ഇന്ത്യക്കാരും സഞ്ചരിച്ചത്. അവരെ സന്ദര്‍ശിക്കാനായി ലണ്ടനില്‍ പോയി മടങ്ങിയ ബന്ധുക്കളും സുഹൃത്തുക്കളും ആദ്യകാല യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. ഇന്നത്തെപ്പോലെ ഫ്‌ളൈറ്റുകള്‍ അധികമൊന്നും ഉണ്ടായിരുന്ന കാലമല്ലായിരുന്നു അത്. ഇന്ത്യ-യുകെ ബന്ധങ്ങളില്‍ വലിയൊരു പങ്ക് എയര്‍ ഇന്ത്യയുടെ ആദ്യകാല ഫ്‌ളൈറ്റുകള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമയാന രംഗത്ത് വലിയൊരു മാറ്റം സംഭവിക്കുന്ന സമയത്താണ് എയര്‍ ഇന്ത്യയുടെ ആദ്യ ഫ്‌ളൈറ്റിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്നതെന്നാണ് എയര്‍ ഇന്ത്യയുടെ യുകെ-യൂറോപ്പ് റീജിയണല്‍ മാനേജര്‍ ദേബാശിഷ് ഗോള്‍ഡര്‍ പറയുന്നത്. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമായി നടക്കുന്ന സമയത്തുതന്നെ റീജിയണല്‍ മാനേജര്‍ ആയി ചുമതലയേറ്റ ഗോള്‍ഡര്‍ പറയുന്നത് എയര്‍ ഇന്ത്യ പഴയകാല പ്രതാപവും സൗന്ദര്യവും വീണ്ടെടുക്കുമെന്നാണ്.
എയര്‍ ഇന്ത്യയുടെ ഏറ്റവും തിരക്കേറിയ വിപണിയാണ് യുകെ. അടുത്തിടെ ബിര്‍മിംഗ്ഹാമിനും അമൃത്‌സറിനുമിടയില്‍ നേരിട്ടുള്ള മൂന്നു ഫ്‌ളൈറ്റുകള്‍കൂടി എയര്‍ ഇന്ത്യ തുടങ്ങിയിരുന്നു. അമൃതസറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണ് ഈ ഫ്‌ളൈറ്റുകള്‍ തുടങ്ങിയത്. വളരെക്കാലമായി ഇതിനുള്ള ആവശ്യം ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍നിന്നും യുകെയില്‍ താമസമുറപ്പിച്ച ഇന്ത്യക്കാരുടെ മൂന്നാമത്തെയോ നാലാമത്തെയോ തലമുറയാണ് ഇപ്പോള്‍ അവിടെയുള്ളത്. അവര്‍ കൂടെക്കൂടെ നാട്ടിലേക്ക് വരുന്നതിനും കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനും താല്‍പ്പര്യം കാട്ടുന്നവരാണ്. ലണ്ടനില്‍നിന്നും ഗോവയിലേക്ക് നേരിട്ടും, അഹമ്മദാബാദ്, കാനഡ എന്നിവിടങ്ങളിലേക്കു ദിവസേനയും ലണ്ടനില്‍നിന്നും അമൃത്‌സറിലേക്കും ഉള്ള ഫ്‌ളൈറ്റുകള്‍ നല്ല റൂട്ടുകളാണെന്നു എയര്‍ ഇന്ത്യ കരുതുന്നുണ്ട്. എന്നാല്‍ വിമാനത്താവളങ്ങളില്‍ സ്ലോട്ടുകള്‍ ആവശ്യത്തിന് ഇല്ലാത്തത് തടസ്സമായി മാറുന്നു. യുകെയിലെ ഹീത്രു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ പൂര്‍ണ്ണ ശേഷി ഉപയോഗപ്പെടുത്തുന്നുണ്ട്. യുകെയില്‍ ഇന്ത്യന്‍ സമൂഹം എയര്‍ ഇന്ത്യയില്‍ അര്‍പ്പിച്ചിട്ടുള്ള ശക്തമായ വിശ്വാസംതന്നെയാണ് ആ വളര്‍ച്ചക്ക് കാരണമെന്ന് ഗോര്‍ഡര്‍ പറയുന്നു.
നല്ല വിമാനങ്ങള്‍ ഇല്ലാത്തതായിരുന്നു കഴിഞ്ഞകാലത്ത് എയര്‍ ഇന്ത്യ നേരിട്ടിരുന്ന പ്രശ്‌നം. എന്നാല്‍ ബോയിങ് 787 ഡ്രീം ലൈനറുകള്‍ വന്നതോടെ ഏറ്റവും സുരക്ഷിതവും ഹരിതവുമായ വിമാനങ്ങള്‍ റൂട്ടില്‍ പറപ്പിക്കുന്നതിനു എയര്‍ ഇന്ത്യക്കു കഴിയുന്നുണ്ട്. യാത്രക്കാരില്‍നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അവരുടെ യാത്ര കൂടുതല്‍ സുഖകരമായിട്ടുണ്ട്. വികസനത്തിന്റെ അടുത്ത ഘട്ടത്തില്‍ ടെല്‍അവിവും ഉള്‍പ്പെടുത്തും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്കും ഫ്‌ളൈറ്റുകള്‍ വ്യാപിപ്പിക്കും. കിഴക്കും തെക്കും ആഫ്രിക്കയിലേക്ക് 2000ത്തിന്റെ തുടക്കം വരെ എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തിയിരുന്നു.

Write A Comment

 
Reload Image
Add code here