ഇന്ത്യന്‍ ഭരണഘടന അപകടത്തിലെന്ന് ഗോവന്‍ ആര്‍ച് ബിഷപ്പ്

Tue,Jun 12,2018


ബിജെപി നേതാക്കളെ ചൊടിപ്പിച്ച ഡല്‍ഹി ആര്‍ച്ച്ബിഷപ്പിന്റെ ഇടയലേഖലനത്തിനു പിന്നാലെ ഗോവ ആര്‍ച്ച് ബിഷപ്പിന്റെ സമാനമായ ഇടയലേഖനം. 'ഇന്ത്യന്‍ ഭരണഘടന അപകടാവസ്ഥ നേരിടുകയും' രാജ്യത്തെ 'ഏക സാംസ്‌കാരിക മേധാവിത്വം' ഗ്രസിച്ചിരിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ 'രാഷ്ട്രീയത്തില്‍ സജീവമാകാന്‍' കത്തോലിക്കരെ ഗോവയിലെ ആര്‍ച് ബിഷപ്പ് ഫിലിപ് നേറി ഫെറാവോ ആഹ്വാനം ചെയ്തു. ഞായറാഴ്ച പുറത്തിറക്കിയ 2018-19ലെ വാര്‍ഷിക ഇടയ ലേഖനത്തിലാണ് ഈ ആഹ്വാനം. 2019ലെ പൊതുതെരെഞ്ഞെടുപ്പ് അടുക്കുന്ന വേളയിലാണ് ഇടയലേഖനമെന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് 'പ്രക്ഷുബ്ധമായ രാഷ്ട്രീയ അന്തരീക്ഷം' നിലനില്‍ക്കുന്നതിനാല്‍ തെരെഞ്ഞെടുപ്പിനു മുമ്പ് കത്തോലിക്കാ വിശ്വാസികള്‍ 'പ്രാര്‍ത്ഥന യജ്ഞം' നടത്തണമെന്ന ഡല്‍ഹി ആര്‍ച് ബിഷപ്പ് അനില്‍ കൊത്തോയുടെ ലേഖനം പുറത്തുവന്നു ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെയാണ് ഗോവന്‍ ആര്‍ച് ബിഷപ്പ് ഫെറാവോയുടെ ലേഖനവും പുറത്തുവന്നിട്ടുള്ളത്.
കൊത്തോയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പടെയുളളവര്‍ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. അതേത്തുടര്‍ന്ന് തന്റെ പരാമര്‍ശങ്ങള്‍ ബിജെപിക്കോ ആര്‍എസ്എസിനോ എതിരായുള്ളതല്ലെന്ന് ആര്‍ച് ബിഷപ്പ് കൗത്തോ വ്യക്തമാക്കിയിരുന്നു. വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ സജീവ പങ്കുവഹിക്കുന്നത് നന്നായിരിക്കുമെന്നാണ് ഫെറാവോ പറയുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ 'മുഖസ്തുതി രാഷ്ട്രീയത്തെ' അകറ്റിനിര്‍ത്തുകയും സ്വന്തം മനസ്സാക്ഷിക്കനുസൃതമായി കാര്യങ്ങള്‍ ചെയ്യുകയും വേണം. അതിലൂടെ ഒരു ഭാഗത്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് ഭരണം മെച്ചപ്പെടുത്താന്‍ സഹായിക്കും. സാമൂഹ്യനീതിയുടെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതും അഴിമതിക്കെതിരെയുള്ള പോരാട്ടവും പരമപ്രധാനമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. 'വികസനത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ ജനങ്ങള്‍ അവരുടെ ഭൂമിയില്‍നിന്നും ഭവനങ്ങളില്‍ നിന്നും വലിച്ചെറിയപ്പെടുകയാണെന്ന്' ചൂണ്ടിക്കാട്ടിയ ആര്‍ച് ബിഷപ്പ് 'മനുഷ്യാവകാശങ്ങള്‍ ചവുട്ടിമെതിക്കപ്പെടുകയാണ്' എന്ന മുന്നറിയിപ്പും നല്‍കി. അടുത്ത കാലത്തായി രാജ്യത്ത് കാണപ്പെടുന്ന പ്രവണത എല്ലാവരും എന്ത് ഭക്ഷിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ ജീവിക്കണം, എങ്ങനെ ആരാധിക്കണമെന്നുപോലും കല്‍പ്പിച്ച് എല്ലാം ഏകശിലാരൂപത്തിലാക്കുന്നതിനുള്ള ശ്രമങ്ങളാണ്. ഏക സാംസ്‌കാരിക മേധാവിത്വമാണത്. തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കാന്‍ ഗോവയിലെ കത്തോലിക്കരെ ഇതാദ്യമായാണ് ആര്‍ച് ബിഷപ്പ് ആഹ്വാനം ചെയ്യുന്നത്. 1.5 മില്യണ്‍ ജനസംഖ്യയുള്ള ഗോവയില്‍ കത്തോലിക്കര്‍ 25% വരും. മതനിരപേക്ഷതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഭരണഘടന അനുവദിച്ചിട്ടുള്ള മതവിശ്വാസ സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനായി സഭ ജാഗ്രതയോടെ നിലകൊള്ളണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്ലീനറി സമ്മേളനം തീരുമാനിച്ച വിവരം ഫെറാവോ ഇടയലേഖനത്തില്‍ പറയുന്നുണ്ട്.
ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക പ്രധാനമാണെങ്കിലും ഭരണഘടന സംരക്ഷിക്കുക എന്നത് അതിനേക്കാള്‍ പ്രധാനമായി മാറിയിട്ടുണ്ടെന്നു അതില്‍ പറയുന്നു. 'തെരെഞ്ഞെടുപ്പ് സമയത്ത് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി പലരുടെയും മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കാറുണ്ട്. പലപ്പോഴും സ്വാര്‍ത്ഥവും, നിസ്സാരവുമായ നേട്ടങ്ങള്‍ക്കായി ജനം വിലപ്പെട്ട വോട്ടുകള്‍ വില്‍ക്കാറുമുണ്ട്'. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ അജണ്ടയിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് മതനിരപേക്ഷതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങള്‍ക്കായി പോരാടാന്‍ ഇടവകകളെയും ക്രിസ്ത്യന്‍ സമൂഹങ്ങളെയും ലേഖനത്തില്‍ ആര്‍ച് ബിഷപ്പ് ഫെറാവോ ആഹ്വാനം ചെയ്തു.

Write A Comment

 
Reload Image
Add code here