ട്രമ്പ് സ്വയം മാപ്പു നല്‍കുമോ?

Tue,Jun 12,2018


സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ നടത്തുന്ന അന്വേഷണം 'തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണ്' എന്ന് പറഞ്ഞ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് സ്വയം മാപ്പു നല്‍കുന്നതിനുള്ള 'സര്‍വാധികാരം' തനിക്കുള്ളതായി 'ഒട്ടേറെ നിയമവിദഗ്ധരെ' ഉദ്ധരിച്ച് അവകാശപ്പെട്ടു. 'എന്നാല്‍ ഒരു തെറ്റും ചെയ്യാത്തപ്പോള്‍ ഞാന്‍ എന്തിനത് ചെയ്യണം?' എന്ന് ചോദിക്കുകയും ചെയ്തു. പല സംസ്ഥാന ഗവണ്മെന്റുകളില്‍നിന്നും ഭിന്നമായി, പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അധികാരം യുഎസ് ഭരണഘടന പ്രസിഡന്റില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. താനുള്‍പ്പടെ ആര്‍ക്കെതിരെയും അന്വേഷണം നടത്തുന്നതില്‍നിന്നും ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുന്നതില്‍നിന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന്റെ തടയാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. അതുകൊണ്ടുതന്നെ സ്വയം മാപ്പു നല്‍കേണ്ട ഘട്ടത്തിലേക്ക് അദ്ദേഹം എത്തിച്ചേരുന്നില്ല. എന്നാല്‍ ആ ദിശയിലുള്ള ഏതൊരു നീക്കവും കോണ്‍ഗ്രസുമായുമുള്ള ഒരു രാഷ്ട്രീയ ഏറ്റുമുട്ടലിലേക്കായിരിക്കും നയിക്കുക. 2016ലെ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ട്രമ്പിന്റെ പ്രചാരണ സംഘം റഷ്യക്കാരുമായി ബന്ധപ്പെട്ടിരുന്നോ, അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് നീതി നിര്‍വഹണം തടസ്സപ്പെടുത്താന്‍ ട്രമ്പ് ശ്രമിച്ചോ എന്നീ കാര്യങ്ങാണ് മുള്ളര്‍ അന്വേഷിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെട്ടതായുള്ള ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചിരുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയുന്ന ട്രമ്പ് 'തനിക്കെതിരെയുള്ള അന്തമില്ലാത്ത വേട്ടയാടലായി' അന്വേഷണത്തെ ചിത്രീകരിക്കുകയും ചെയ്യുന്നു. തിങ്കളാഴ്ച ട്രമ്പിന്റെ ട്വീറ്റുകളില്‍ പറഞ്ഞതിങ്ങനെ: 'സ്‌പെഷ്യല്‍ കൗണ്‍സലിന്റെ നിയമനം തീര്‍ത്തും ഭരണഘടനാവിരുദ്ധമാണ്. എന്നിട്ടും നമ്മള്‍ ഗെയിം കളിക്കുകയാണ്. എന്തുകൊണ്ടെന്നാല്‍ ഡെമോക്രറ്റുകളെപ്പോലെ തെറ്റൊന്നും ചെയ്യുന്നവനല്ല ഞാന്‍' 'പല നിയമവിദഗ്ധരും അഭിപ്രായപ്പെട്ടതുപോലെ സ്വയം മാപ്പു നല്‍കുന്നതിനുള്ള സര്‍വാധികാരം എനിക്കുണ്ട്. എന്നാല്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തപ്പോള്‍ ഞാന്‍ എന്തിനത് ചെയ്യണം? അതേസമയം വളരെ രോഷാകുലരും കലഹിക്കുന്നവരുമായ 13 ഡെമോക്രറ്റുകളുടെയും (മറ്റുള്ളവരുടെയും) നേതൃത്വത്തില്‍ ഒരിക്കലും അവസാനിക്കാത്ത വേട്ടയാടല്‍ ഇടക്കാല തെരെഞ്ഞെടുപ്പ് അടുക്കുമ്പോഴും തുടരുകയാണ്.'
ട്രമ്പിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്ക് ഫ്‌ളിന്‍, മുന്‍ വിദേശകാര്യ ഉപദേഷ്ടാവായ ജോര്‍ജ് പാപ്പഡോപോളോസ് എന്നിവരുള്‍പ്പെടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രമ്പിനൊപ്പം സഹകരിച്ച പലരും മുള്ളറുടെ അന്വേഷണ സംഘവുമായി സഹകരിക്കുന്നുണ്ട്. ഫെഡറല്‍ ഏജന്റുമാര്‍ക്ക് മുമ്പാകെ കള്ളസത്യവാങ്മൂലം നല്‍കിയ കുറ്റം പാപ്പഡോപോളോസ് സമ്മതിച്ചിട്ടുണ്ട്. ട്രമ്പിന്റെ പ്രചാരണസമിതിയുടെ മുന്‍ ചെയര്‍മാനായ പോള്‍ മനഫോര്‍ട്ടിനെതിരെ നികുതി, ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട രണ്ടു കുറ്റങ്ങള്‍ മുള്ളര്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് മനഫോര്‍ട് പറയുന്നു. 2016ലെ തെരെഞ്ഞെടുപ്പില്‍ ഇടപെടാന്‍ നടത്തിയ വ്യാപകമായ ശ്രമങ്ങള്‍ക്ക് മൂന്ന് റഷ്യന്‍ കമ്പനികളും 13 റഷ്യന്‍ പൗരന്മാരും കുറ്റക്കാരാണെന്ന് മുള്ളറുടെ സംഘം കണ്ടെത്തിയിട്ടുണ്ട്. യുഎസ് രാഷ്ട്രീയ സംവിധാനത്തില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും തെറ്റിധാരണകള്‍ പരത്തുകയും റാലികള്‍ നടത്തുകയും ചെയ്തുവെന്നതാണ് അവര്‍ക്കെതിരെയുളള കുറ്റം. 1974ല്‍ പ്രസിഡന്റ് റിച്ചഡ് നിക്‌സന്റെ ചില അഭിഭാഷകര്‍, സ്വയം മാപ്പു നല്‍കുന്നതിനുള്ള അധികാരം അദ്ദേഹത്തില്‍ നിക്ഷിപ്തമായിട്ടുണ്ടെന്ന ഉപദേശം നല്‍കിയിരുന്നു. എന്നാല്‍ 1992ല്‍ ഇറാന്‍കോണ്‍ട്രാ അപവാദത്തില്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്‌ള്യു ബുഷിന്റെ കാര്യത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അതിനു വിപരീതമായ നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്.
ഒരു പ്രസിഡന്റും അങ്ങനെയൊരു അധികാരം പ്രയോഗിച്ചിട്ടില്ല. പ്രസിഡന്റിന് സ്വയം മാപ്പു നല്‍കാനുള്ള അധികാരമുണ്ടോ എന്നുള്ളത് ഭരണഘടന വിദഗ്ധര്‍ക്കിടയില്‍ പരിഹരിക്കപ്പെടാതെ തര്‍ക്കവിഷയമായി അവശേഷിക്കുന്നു. പ്രശ്‌നം സാങ്കല്‍പ്പികം മാത്രമാണെന്ന് സൂചിപ്പിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പ്രസിഡന്റ് തെറ്റൊന്നും ചെയ്യാത്തതിനാല്‍ മാപ്പു നല്‍കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നാണ് പറഞ്ഞത്. ആരും നിയമത്തിനു അതീതരല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ഫെഡറല്‍ കുറ്റകൃത്യത്തില്‍നിന്നും പ്രസിഡന്റിന് സ്വയം മാപ്പു നല്‍കുന്നതിനുള്ള അധികാരമുണ്ടെന്ന് പറഞ്ഞ ട്രമ്പിന്റെ അഭിഭാഷകരിലൊരാളായ റൂഡി ഗൂലിയാനി പക്ഷെ അതിനു രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെന്ന് സമ്മതിച്ചു. ഒരു യുഎസ് പ്രസിഡന്റ് സ്വയം മാപ്പുനല്‍കുന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമാണ്. അതുടന്‍തന്നെ ഇമ്പീച്‌മെന്റിലേക്കു നയിച്ചെന്നിരിക്കും. ഭരണഘടനയുടെ കാര്യത്തില്‍ പ്രസിഡന്റ് വട്ടപ്പൂജ്യമായെന്നാണ് ട്രമ്പിന്റെ ട്വീറ്റിനോട് സെനറ്റിലെ ന്യുനപക്ഷ നേതാവായ ഡെമോക്രാറ്റ് അംഗം ചക് ഷുമാര്‍ പ്രതികരിച്ചത്. ഒരു പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന നിലപാട് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് മുമ്പ് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആ നിലപാടുകളെ ചോദ്യം ചെയ്തിട്ടുമുണ്ട്. അധികാരത്തിലേറുന്നതിനു മുമ്പ് നടത്തിയ കുറ്റകൃത്യങ്ങളുടെ പേരില്‍ സ്വയം മാപ്പു നല്‍കുന്നതിനുള്ള അധികാരം തര്‍ക്ക വിഷയമാണെന്ന് പറഞ്ഞ ന്യൂയോര്‍ക്കിലെ ഒരു നിയമ വിദഗ്ധനായ നിക്കോളാസ് ഗ്രാവന്റ്, അധികാരത്തില്‍ വരുന്നതിനു മുമ്പ് നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് സ്വയം മാപ്പുനല്‍കുന്നത് തര്‍ക്കവിഷയമാണെന്നും അധികാരത്തിലിരിക്കുമ്പോള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കു സ്വയം മാപ്പു നല്‍കുന്നത് 'മനസാക്ഷിക്ക് നിരക്കാത്തതും നിയമ വിരുദ്ധവുമാണെന്ന്' അഭിപ്രായപ്പെട്ടു. സ്വയം മാപ്പു നല്‍കുന്നതിനുള്ള സര്‍വാധികാരം തനിക്കുണ്ടെന്ന് പ്രസിഡന്റ് അവകാശപ്പെടുമ്പോള്‍ ഈ രണ്ടു കാര്യങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുമ്പുള്ള സ്‌പെഷ്യല്‍, പ്രോസിക്യൂട്ടര്‍മാര്‍ നിയമപരമായുള്ള വിപുലമായ അധികാരത്തോടെ പ്രവര്‍ത്തിച്ചവര്‍ ആയിരുന്നുവെന്നും എന്നാല്‍ ആ നിയമം നിലവിലില്ലാതെയായെന്നും മിസോറി യൂണിവേഴ്‌സിറ്റിയിലെ നിയമ പ്രൊഫസറായ ഫ്രാങ്ക് ബൗമാന്‍ പറയുന്നു. നിലവിലെ നിയമപ്രകാരം മ്യുള്ളര്‍ക്ക് കുറ്റം ചുമത്താന്‍ ഉന്നതങ്ങളിലേക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പ്രസിഡന്റ് പുറപ്പെടുവിക്കുന്നതിനു മുമ്പായോ അല്ലെങ്കില്‍ അത്തരമൊരു ഉത്തരവിനെ ധിക്കരിച്ചുകൊണ്ടോ കുറ്റം ചുമത്താന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അറ്റോര്‍ണിമാര്‍ മുതിരുന്ന പക്ഷം, അവരെ മാറ്റി തന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ തയ്യാറുള്ളവരെ നിയമിക്കാന്‍ ട്രമ്പിന് കഴിയുമെന്നും, ഇനി ഫെഡറല്‍ ജൂറി സ്വയം കുറ്റം ചുമത്തിയാലും ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന്റെ അഭിഭാഷകന്റെ അനുമതിയില്ലാതെ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങാന്‍ കഴിയില്ലെന്നും ബൗമന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള തീരുമാനം സ്വതന്ത്രമായി എടുക്കുന്നതിനുള്ള അധികാരം ജഡ്ജിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Write A Comment

 
Reload Image
Add code here