വിശ്വാസ്യത നഷ്ടപ്പെടുന്ന ജനാധിപത്യ സ്ഥാപനങ്ങള്‍

Mon,Jun 11,2018


ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള അടിസ്ഥാന വിശ്വാസം നഷ്ടപെടുന്നതായാണ് സമീപ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ കാണിക്കുന്നതെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സുപ്രീം കോടതിതന്നെ സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഫണ്ടിനെക്കുറിച്ചുള്ള സുതാര്യത നഷ്ടപ്പെടുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കുന്നതിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ ഉയരുകയും ഭരണഘടനാ ഭേദഗതി ചെയ്യണമോ വേണ്ടയോ എന്നുള്ളതിനെക്കുറിച്ചുള്ള സംവാദങ്ങള്‍ നടക്കുകയും ചെയ്യുന്നു. ബഹുകക്ഷി പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുകയും, കൃത്യമായി തെരഞ്ഞെടുപ്പുകള്‍ നടക്കുകയും, പത്രസ്വാതന്ത്ര്യം നിലനില്‍ക്കുകയും, സ്വതന്ത്രമായ ജുഡീഷ്യറി ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, തെരെഞ്ഞെടുപ്പിന്റെ നീതിപൂര്‍വകത, മാദ്ധ്യമങ്ങളുടെ സഖ്യങ്ങള്‍, എക്‌സിക്യൂട്ടീവില്‍നിന്നും ജുഡീഷ്യറി മതിയായ വേര്‍തിരിവ്, ധനാധിപത്യം എന്നിവയെ സംബന്ധിച്ച സംശയങ്ങള്‍ ഉയരുകയാണ്.
ജനപ്രിയത അടിസ്ഥാനമാക്കിയുള്ള ഒരു ഭരണത്തിന്റെ പ്രധാന സവിശേഷത ഭാഷ, മതം, പ്രദേശം അല്ലെങ്കില്‍ സമുദായം എന്നിവയുടെയൊക്കെ പേരില്‍ ജനവികാരം ഇളക്കിവിട്ട് ജനകീയ പിന്തുണ നേടുന്ന കരുത്തനായ ഒരു നേതാവ് ഉണ്ടാകും എന്നതാണ്. സാംസ്‌കാരികമായ അഭിമാനം ഉയര്‍ത്തിപ്പിടിച്ചായിരിക്കും അയാള്‍ പ്രചാരണങ്ങള്‍ നടത്തുക. പാവങ്ങളുടെ സംരക്ഷകനായി ഭാവിക്കുകയും വരേണ്യ വര്‍ഗക്കാര്‍ക്കെതിരെ സംസാരിക്കുകയും ചെയ്യും. ദേശീയതയെ മഹത്വവല്‍ക്കരിക്കുകയും സൈനിക കരുത്തില്‍ ഊറ്റംകൊള്ളുകയും ചെയ്യും. സുവര്‍ണ്ണ ഭൂതകാലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും സമ്പല്‍ സമൃദ്ധമായ ഭാവി വാഗ്ദാനം ചെയ്യുകയും ചെയ്യും. ഇപ്പോഴത്തെ ഗവണ്മെന്റ് കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഈ സ്വഭാവങ്ങളില്‍ പലതും പ്രകടമാക്കിയിട്ടുണ്ട്. വരേണ്യ വര്‍ഗക്കാര്‍ക്കെതിരെയുള്ള നടപടിയെന്ന് പറഞ്ഞാണ് നോട്ടുനിരോധനം നടപ്പാക്കിയത്. അതിര്‍ത്തി നിയന്ത്രണ രേഖക്കപ്പുറത്തു നടത്തിയ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' സൈനിക കരുത്തിന്റെ വിളംബരമാക്കി. ഹിന്ദുദേശീയതയെ മഹത്വവല്‍ക്കരിക്കുന്ന പ്രസ്താവനകളാണ് ബിജെപി നേതാക്കളില്‍നിന്നും തുടരെത്തുടരെ ഉണ്ടാകുന്നത്. സമ്പല്‍സമൃദ്ധമായ ഭാവിയെക്കുറിച്ചായിരുന്നു 2014ല്‍ നല്‍കിയ 'അച്ഛേ ദിന്‍' എന്ന വാഗ്ദാനം. ജനവികാരം ഇളക്കിവിടുന്ന പ്രവണതയ്‌ക്കൊപ്പംതന്നെയാണ് ധനാധിപത്യത്തിന്റെ രാഷ്ട്രീയം ശക്തിപ്പെട്ടത്. സമ്പന്നര്‍ക്ക് വേണ്ടിയുള്ള, സമ്പന്നരാല്‍ നയിക്കപ്പെടുന്ന, സമ്പന്നരുടെ ഗവണ്മെന്റായി അതു മാറി.
ഒരാളുടെ സമ്പത്തിന്റെ വലുപ്പവും അയാള്‍ക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടുന്നതും തമ്മില്‍ നല്ലൊരു ബന്ധം കൂടുതലായി കാണപ്പെടുന്നു. വോട്ടിനു പണം നല്‍കുന്ന തുറന്ന വിപണിയുള്ളതിനാല്‍ അത്തരക്കാര്‍ വോട്ടുകള്‍ ധാരാളം നേടുകയും ചെയ്യുന്നു. ഇന്ത്യയില്‍ വര്‍ഗ താല്‍പ്പര്യവും രാഷ്ട്രീയാധികാരവും തമ്മിലുള്ള ശക്തമായ സഖ്യം വളരെ പ്രകടമാണ്. വലിയ നികുതി വെട്ടിപ്പുകളിലും ബഹുശതം കോടി ഡോളറുകളുടെ അഴിമതി കേസുകളിലും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മാത്രമല്ല ഉള്‍പ്പെട്ടിട്ടുള്ളത്. ലാഭങ്ങളെ എങ്ങനെ സ്വകാര്യവല്‍ക്കരിക്കാമെന്നും നഷ്ടങ്ങളെ എങ്ങനെ ദേശവല്‍ക്കരിക്കാമെന്നും പൊതുമേഖലാ ബാങ്കുകളും കാണിച്ചുതരുന്നു. യുപിഎ ഭരണകാലത്തുപോലും കോമണ്‍വെല്‍ത്ത് ഗെയിംസും കല്‍ക്കരിപ്പാടവുമായി ബന്ധപ്പെട്ട്, രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ടതായി ആരോപിക്കപ്പെട്ട വലിയ അഴിമതികളുണ്ടായി. ജനവികാരം ഇളക്കിവിടുന്ന നടപടികളും ധനാധിപത്യവും ചേര്‍ന്ന് സാമൂഹ്യ നന്മയുടെ മേല്‍ വ്യക്തിപൂജയും സ്വകാര്യ താല്‍പ്പര്യങ്ങളും അടിച്ചേല്‍പ്പിക്കുകയും ജനാധിപത്യത്തെ ഊര്‍ജ്ജസ്വലമാക്കി നിലനിര്‍ത്തുന്ന സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ഹനിക്കുകയും ചെയ്യുമെന്ന അപകടം നിലനില്‍ക്കുന്നു. സ്ഥാപനങ്ങളുടെ നാശം തടയുന്നതിന് ആവിഷ്‌ക്കരിക്കുന്ന ഏതൊരു തന്ത്രവും ജനാധിപത്യത്തിന്റെ തത്വങ്ങളിലും പ്രായോഗികതയിലും ഭരണഘടനാ മൂല്യങ്ങളിലും സാമൂഹ്യ നീതിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യംവച്ചുള്ളതാകണം.

Write A Comment

 
Reload Image
Add code here