ഇന്ത്യയുടെ പ്രതിരോധ വ്യവസായ നയത്തില്‍ സമൂല മാറ്റം ആവശ്യം

Mon,Jun 11,2018


ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ദേശീയ പരമാധികാരം പരിരക്ഷിക്കുന്നതിനും ഒരു വലിയ നാവിക ശക്തിയാകുന്നതിനുംവേണ്ടി നാവിക സേനയെ അത്യാധുനിക ശക്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015ല്‍ ചൈന സൈനികതന്ത്രം ആവിഷ്‌ക്കരിച്ചത്. ആ ലക്ഷ്യത്തിലെ നാഴികക്കല്ലാണ് മെയ് 12ന് തദ്ദേശീയ നിര്‍മ്മിതമായ വിമാന വാഹിനി കപ്പലിലൂടെ ചൈന പിന്നിട്ടത്. 'ടൈപ്പ് 001' എന്നറിയപ്പെടുന്ന ഈ വിമാനവാഹിനി ചൈനീസ് നാവിക സേനയ്ക്ക് ഇപ്പോഴുള്ള സോവിയറ്റ് കാലഘട്ടത്തില്‍ നിര്‍മ്മിച്ചതും പിന്നീട് നവീകരിച്ചതുമായ ലിയാണിങ് എന്ന വിമാന വാഹിനിക്കൊപ്പം ചേരും. 'ടൈപ്പ് 002' എന്ന പേരില്‍ അത്യാധുനികമായ ഒരു 'സൂപ്പര്‍ വിമാനവാഹിനിയുടെ' നിര്‍മ്മാണം പുരോഗമിക്കുകയാണ്. ചൈനയ്ക്ക് 5-6 വിമാന വാഹിനി കപ്പലുകളെങ്കിലും ആവശ്യമാണ്. തീരക്കടല്‍ സംരക്ഷണമെന്നതില്‍നിന്നും സമുദ്രാതിര്‍ത്തിക്കപ്പുറത്തുമുള്ള സമുദ്രത്തിന്റെ സംരക്ഷണം എന്നതിലേക്ക് ചൈന ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് നാവിക സേനയെ ശക്തമാക്കുന്നതിനുള്ള തീരുമാനമുണ്ടായത്. ഇന്‍ഡോപസിഫിക് മേഖലയിലെ സമുദ്രത്തില്‍ നിയന്ത്രണം സ്ഥാപിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇന്ത്യാ സമുദ്രത്തിലെ ആദ്യ സൈനിക താവളം ജിബൗട്ടിയില്‍ സ്ഥാപിച്ച ചൈന തന്ത്രപ്രധാന തുറമുഖങ്ങളായ ഗ്വാദ്ദാര്‍, ഹമ്പന്‍ടോട്ട എന്നിവിടങ്ങളിലും വലിയ നിക്ഷേപങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ പടിവാതുക്കല്‍വരെ സൈനിക പര്യവേഷണങ്ങള്‍ നടത്തുന്നതിന് ചൈന സജ്ജമായിക്കഴിഞ്ഞു. ചൈനയുടെ തന്ത്രത്തിന്റെ രണ്ടു കാര്യങ്ങളിലേക്കാണ് ഇന്ത്യന്‍ പ്രതിരോധ ആസൂത്രകരുടെ ശ്രദ്ധ തിരിയേണ്ടത്. യുഎസ് നാവിക സേനയുടെ വിമാന വാഹിനി കപ്പലുകളെ അകറ്റി നിര്‍ത്തുന്നതിനായി ചൈനീസ് ശാസ്ത്രജ്ഞര്‍ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ ശേഷി കൈവരിച്ചിട്ടുണ്ട്. കടന്നുവരുന്നത് തടയുക അല്ലെങ്കില്‍ സ്ഥലം നിഷേധിക്കുക എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് അത് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. വളരെ പണം ചിലവഴിച്ചു നിര്‍മ്മിച്ചിട്ടുള്ള വിമാന വാഹിനികള്‍ തന്ത്രം നടപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
ചൈന വികസിപ്പിച്ചിട്ടുള്ള തന്ത്രത്തില്‍ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം സാങ്കേതികവിദ്യാ രംഗത്ത് അവര്‍ നടപ്പാക്കുന്ന സ്വയംഭരണമാണ്. സ്വന്തമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലുകളില്‍ തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധവിമാനങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളു എന്ന തീരുമാനമാണത്. റഷ്യയുടെ സുഖോയ് 33 യുദ്ധവിമാനത്തിന്റെ മാതൃക സ്വന്തമാക്കിയ ശേഷം അതിനെ അടിസ്ഥാനമാക്കി ചൈന സ്വന്തമായി ജെ15 (ഫ്‌ലയിങ് ഷാര്‍ക്) എന്നൊരു വിമാനം സ്വന്തമായുണ്ടാക്കി. ബൗദ്ധിക സ്വത്തവകാശ ലംഘനത്തിന്റെ പേരില്‍ റഷ്യ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് അതു ചെയ്തത്. ചൈനയുടെ ഭീഷണി നേരിടണമെങ്കില്‍ നാവികസേനാ രംഗത്ത് ഇന്ത്യയും കരുത്താര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ചുരുങ്ങിവരുന്ന പ്രതിരോധ ബജറ്റ് കാരണം ഇന്ത്യന്‍ സേനയുടെ പോരാട്ടശേഷി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ല്‍ 'മേക് ഇന്‍ ഇന്ത്യ' എന്ന മുദ്രാവാക്യം ആവിഷ്‌ക്കരിച്ചപ്പോള്‍ അത് ഇന്ത്യന്‍ സൈനികവ്യവസായ ശൃംഖലക്ക് ഉത്തേജനമാകുമെന്ന് എല്ലാവരും കരുതി. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കുശേഷം പൊള്ളയായ ഒരു മുദ്രാവാക്യം മാത്രമായി അത് മാറിയിരിക്കുന്നു. ഇത്തരുണത്തില്‍ തദ്ദേശീയവല്‍ക്കരണത്തിനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഇന്ത്യയ്ക്ക് പാഠമാണ്. സൈനികോപകരണങ്ങള്‍ ഇറക്കുമതി ചെയ്ത് ഒരു രാജ്യവും വലിയൊരു നാവിക ശക്തി ആയിട്ടില്ലെന്നു മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ദീര്‍ഘവീക്ഷണം ഉണ്ടായിരുന്ന നാവിക സേനാ നേതൃത്വം 1960കളില്‍ത്തന്നെ സ്വാശ്രയത്വം കൈവരിക്കുന്നതിനായി യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിന് ഗവണ്മെന്റിനെ പ്രേരിപ്പിച്ചു. വലിയ സന്ദേഹങ്ങള്‍ക്കിടയിലാണ് മസഗോണ്‍ ഡോക്‌സില്‍ ബ്രിട്ടീഷ് രൂപകല്‍പ്പനയിലുള്ള ലിയാണ്ടര്‍ ക്ലാസ് യുദ്ധക്കപ്പലിന്റെ നിര്‍മ്മാണത്തിനുള്ള ലൈസന്‍സ് നേടിയത്.
1972ല്‍ ആദ്യ കപ്പല്‍ പുറത്തിറക്കുകയും ചെയ്തു. അതിനുശേഷം നേവല്‍ ഷിപ് ഡിസൈന്‍ ഓര്‍ഗനൈസഷന്റെ പിന്തുണയോടെ വിവിധ ഷിപ്‌യാര്‍ഡുകളിലായി 150 ഓളം കപ്പലുകള്‍ നിര്‍മ്മിച്ചു. അവയില്‍ പട്രോള്‍ ബോട്ടുകള്‍ മുതല്‍ വിമാന വാഹിനികള്‍വരെയും ജലത്തിലെ പരിശീലന യാനങ്ങള്‍ മുതല്‍ ആണവ മുങ്ങിക്കപ്പലുകള്‍വരെയുമുണ്ട്. തദ്ദേശീയ നിര്‍മ്മിതമായ യുദ്ധക്കപ്പലുകളില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍തന്നെ വികസിപ്പിച്ചെടുത്ത ആയുധ സമ്പ്രദായങ്ങളും സെന്‍സറുകളും ഇനിയുമെത്തിയിട്ടില്ല. യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണത്തില്‍ വിജയം കൈവരിച്ച നാവികസേനയുടെ ശ്രദ്ധ പിന്നീട് വിമാനങ്ങളുടെ മേഖലയിലേക്ക് തിരിഞ്ഞു. 1990കളില്‍ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യുടെ ചെറിയ യുദ്ധവിമാനങ്ങളുടെ (ലൈറ്റ് കോംബാറ്റ് എയര്‍ ക്രാഫ്റ്റ്) നിര്‍മ്മാണ പദ്ധതി അവതാളത്തിലായപ്പോഴാണ് ഇന്ത്യന്‍ നാവിക സേന വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞത്. എന്നാല്‍ തുടക്കത്തില്‍ത്തന്നെ പദ്ധതിയുടെ വിജയത്തില്‍ നാവിക സേനയ്ക്ക് സംശയമുണ്ടായിരുന്നു. ഇന്ത്യയുടെ തദ്ദേശീയ നിര്‍മ്മിത വിമാന വാഹിനിയില്‍ ഉപയോഗിക്കാന്‍ കഴിയുംവിധം ചെറിയ യുദ്ധവിമാനങ്ങള്‍ സമയത്തിന് നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ യുദ്ധവിമാന നിര്‍മ്മാണത്തിനുള്ള പദ്ധതി ഉപേക്ഷിക്കാതെതന്നെ റഷ്യയില്‍നിന്നും മിഗ്29 കെ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഐഎന്‍എസ് വിക്രമാദിത്യയില്‍നിന്നും മിഗ് വിമാനങ്ങളാണ് പറന്നുയരുന്നത്.
ചെറിയ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന അതിന്റെ സേനാവ്യൂഹത്തില്‍ 2016ല്‍ ഉള്‍പ്പെടുത്തുകയും 123 എണ്ണത്തിന് കൂടി ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. നാവികസേനയുടെ ഉപയോഗത്തിനായുള്ള യുദ്ധവിമാനത്തിന്റെ ഒരു മാതൃക 2010 ജൂലൈയില്‍ പുറത്തിറക്കുകയും 2012 ഏപ്രിലില്‍ ആദ്യമായി പറത്തുകയും ചെയ്‌തെങ്കിലും വിമാന വാഹിനി കപ്പലുകളിലെ ഉപയോഗത്തിനായി അതിനിയും സജ്ജമായിട്ടില്ല. ഇന്ത്യന്‍ നാവികസേനയും വ്യോമസേനയും ഉപയോഗിക്കുന്ന ചെറു യുദ്ധ വിമാനങ്ങളിലെ എന്‍ജിനുകള്‍ യുഎസ് നിര്‍മ്മിതമാണ്. എന്നാല്‍ അവയ്ക്ക് ചില പോരായ്മകളുണ്ട്. അതുകൊണ്ട് വിദേശത്തുനിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് വ്യോമ, നാവിക സേനകള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത്തരുണത്തിലാണ് തദ്ദേശീയമായി കാവേരി ടര്‍ബോ ജെറ്റ് നിര്‍മ്മാണ പദ്ധതി വിലയിരുത്തേണ്ടത്. രണ്ടു ദശകങ്ങളായി അതിനൊരു പുരോഗതിയുമില്ല. ഡിസൈന്‍ പോരായ്മകള്‍ കാരണം ഡിആര്‍ഡിഒയുടെ പരാജയപ്പെട്ട മറ്റൊരു പദ്ധതിയാണത്. ചെറു യുദ്ധവിമാന പദ്ധതിയും കാവേരി ടര്‍ബോ ജെറ്റ് പദ്ധതിയും പരാജയപ്പെട്ടു എന്നതുകൊണ്ടുമാത്രം ശക്തവും ചലനാത്മകവുമായ ഒരു വിമാന നിര്‍മ്മാണ വ്യവസായം കെട്ടിപ്പടുക്കാന്‍ ഇന്ത്യക്കു കഴിയില്ല എന്ന നിഗമനത്തില്‍ എത്തുന്നത് ശരിയാകില്ല. അവയുടെ രൂപകല്‍പന, വികസനം, പരീക്ഷണം എന്നീ അവസരങ്ങളില്‍ വിലപ്പെട്ട പല വിവരങ്ങളും ഇന്ത്യക്കു ലഭിച്ചിട്ടുണ്ട്. അവ ചൂഷണം ചെയ്തു മുന്നേറാന്‍ കഴിയണം. ശരിയായ രാഷ്ട്രീയ വീക്ഷണവും മാര്‍ഗനിര്‍ദ്ദേശവും പദ്ധതിക്കാവശ്യമായ മാനേജ്‌മെന്റ് വൈദഗ്ധ്യത്തിന്റെ കുറവും കാരണമാണ് ഡിആര്‍ഡിഒയുടെ മിക്ക പദ്ധതികളും പരാജയപ്പെടുന്നത്. ഉപയോക്താക്കളുടെ പങ്കാളിത്തവും പദ്ധതിയുടെ മാനേജ്‌മെന്റ് വിദഗ്ധരായ ഓഫീസര്‍മാരെ തെരഞ്ഞുപിടിച്ച് ഏല്‍പ്പിക്കുന്നതിലൂടെയും വിജയം കൈവരിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ നാവിക സേനയുടെ ആണവ മുങ്ങിക്കപ്പലുകളുള്‍പ്പടെയുള്ള കപ്പല്‍ നിര്‍മ്മാണ പദ്ധതി തെളിയിച്ചിട്ടുള്ളതാണ്.

Write A Comment

 
Reload Image
Add code here