പ്രത്യേക ദ്രാവിഡ നാടിനായുള്ള നീക്കം വിജയിക്കില്ല

Mon,Apr 09,2018


അഞ്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഇരമ്പലുകള്‍ എല്ലാവരുംചേര്‍ന്ന് 'പ്രത്യേക ദ്രാവിഡ നാട്' എന്ന ആവശ്യം ഉയര്‍ത്തുന്നതിലേക്ക് എത്തിച്ചേരുമോ എന്ന ചോദ്യം ഒരിക്കല്‍ക്കൂടി ഉയരുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായത്തിന്റെ വിഹിതം 2011ലെ ജനസംഖയുടെ അനുപാതത്തില്‍ വിതരണം ചെയ്യണമെന്ന 15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയാണ് ഇപ്പോഴത്തെ അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുള്ളത്. 1971ലെ ജനസംഖ്യയാണ് ഇതുവരെയും മാനദണ്ഡമാക്കിയിരുന്നത്. കുടുംബാസൂത്രണം നടപ്പാക്കുന്നതിലൂടെ ജനനനിരക്കുകള്‍ കുറയ്ക്കുന്നതിലും ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്നതിലും എല്ലായ്‌പ്പോഴും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുന്നില്‍ നിന്നത്. കുടുംബാസൂത്രണത്തെ അവഗണിച്ച ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യാ വളര്‍ച്ച വളരെ കൂടുതലാണ്.
ജനസംഖ്യാ വളര്‍ച്ച നിയന്ത്രിച്ചതിലുളള പിഴപോലെയാകും ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ എന്നാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഭയക്കുന്നത്. ജനസംഖ്യയാണ് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകളുടെ മാനദണ്ഡം. ജനസംഖ്യ കണക്കുകളുടെ അടിസ്ഥാനവര്‍ഷം 1971ല്‍നിന്നും 2011 ആക്കിയതാണിപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു ദോഷകരമായി മാറിയത്. 1971 ലെ ജനസംഖ്യ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് ലോക് സഭ സീറ്റുകള്‍ വീതംവച്ചിട്ടുള്ളത്. ഭരണഘടനാ ഭേദഗതിയിലൂടെ 2026 വരെ അത് അങ്ങനെതന്നെ തുടരുകയും ചെയ്യും. അതിനുശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക് സഭയിലും സീറ്റുകളുടെ എണ്ണം കുറയും. ഇത്തരം പ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും പ്രത്യേക ദ്രവീഡിയന്‍ രാഷ്ട്രരൂപീകരിക്കണം എന്ന ആവശ്യം ഗൗരവതരമായി ഉന്നയിക്കുന്നതിന് അതിടയാക്കുമെന്ന് പലരും കരുതുന്നില്ല. സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പും പിമ്പുമുള്ള നാളുകളില്‍ ജസ്റ്റിസ് പാര്‍ട്ടിയും ദ്രാവിഡ കഴകവും പ്രത്യേക ദ്രവീഡിയന്‍ രാഷ്ട്രം എന്ന ആശയം ഉന്നയിച്ചിരുന്നു. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളില്‍ അതിനു കുറച്ചു പിന്തുണ ലഭിച്ചുവെങ്കിലും മലയാളം, കന്നഡ, തെലുഗു ഭാഷകള്‍ സംസാരിക്കുന്ന പ്രദേശങ്ങളില്‍ അല്‍പ്പവും പിന്തുണ ലഭിച്ചില്ല. ദക്ഷിണേന്ത്യന്‍ സംഥാനങ്ങള്‍ക്കു സമാനതകള്‍ ഉള്ളതുപോലെതന്നെ ഭിന്നതകളും ഏറെയുണ്ട്. വേറിട്ടുപോകലിനുള്ള ആവശ്യം ഉയര്‍ത്തുന്നത് നിയമവിരുദ്ധമാണെന്ന ഭരണഘടനാ ഭേദഗതി 1960കളില്‍ അംഗീകരിക്കപ്പെട്ടതോടെ ഡിഎംകെ പ്രത്യേക ദ്രാവിഡ രാഷ്ട്രം എന്ന ആവശ്യത്തില്‍നിന്നും പിന്മാറി. എങ്കിലും ദ്രവീഡിയന്‍ പ്രത്യയശാസ്ത്രം ഇപ്പോഴും സൂക്ഷിക്കുന്നു. 1972ല്‍ കരുണാനിധി നേതൃത്വം നല്‍കിയ ഡിഎംകെ ആയും എംജി രാമചന്ദ്രന്‍ നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ ആയും പാര്‍ട്ടി ഭിന്നിച്ചപ്പോഴും ഇരു പാര്‍ട്ടികളും ദ്രവീഡിയന്‍ പ്രത്യയശാസ്ത്രം തന്നെയാണ് മുറുകെ പിടിച്ചത്. ബ്രാഹ്മണ വിരോധവും ഹിന്ദി നിര്‍ബ്ബന്ധമാക്കുന്നതിനോടുള്ള എതിര്‍പ്പുമായിരുന്നു ആ പ്രത്യയശാസ്ത്രത്തിന്റെ നെടുംതൂണുകള്‍. ബ്രാഹ്മണരെ ആര്യന്മാര്‍ (ദ്രാവിഡന്മാര്‍ അല്ലാത്തവര്‍) ആയും മര്‍ദ്ദകരായുമാണ് ദ്രവീഡിയന്‍ പ്രത്യയശാസ്ത്രം ചിത്രീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്കായി ഗവണ്മെന്റ് ജോലികള്‍ ഏറ്റവും കൂടുതല്‍ (69%) സംവരണം ചെയ്തിട്ടുള്ള സംസ്ഥാനമായി അത് മാറി. 1950ല്‍ അംഗീകരിച്ച ഭരണഘടന പ്രകാരം 1965 വരെയും ഹിന്ദിയും ഇംഗ്ലീഷും ഇന്ത്യയുടെ ദേശീയ ഭാഷകളായിരിക്കുമെന്നും അതിനുശേഷം ഹിന്ദിക്ക് മാത്രമായിരിക്കും ആ പദവിയെന്നും വ്യവസ്ഥ ചെയ്തിരുന്നു. 1960കളില്‍ തമിഴ്‌നാട്ടിലുണ്ടായ രക്തരൂക്ഷിതമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ആ തീരുമാനത്തില്‍നിന്നും കേന്ദ്രത്തിനു പിന്‍വാങ്ങേണ്ടിവന്നു. ഇംഗ്ലീഷ് തുടര്‍ന്നും അനിശ്ചിതമായ കാലത്തേക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതിയും നല്‍കി. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ധനപരവും രാഷ്ട്രീയവുമായ വീതംവയ്ക്കലിന് 1971ലെ ജനസംഖ്യാ കണക്കായിരിക്കും മാനദണ്ഡമാക്കുകയെന്നും ആ പ്രക്ഷോഭത്തിന്റെ ഫലമായി കേന്ദ്രം അംഗീകരിച്ചു. ആ വലിയ വികാരങ്ങളൊക്കെ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ഇന്നിപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന വികാരങ്ങളെക്കാള്‍ അവരെ തമ്മിലടിപ്പിക്കുന്ന വികാരങ്ങളാണ് മുന്നില്‍നില്‍ക്കുന്നത്. നദീജലം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ വളരെ രൂക്ഷമാണ്. ഓരോ സംസ്ഥാനവും പരമാവധി ജലം ആവശ്യപ്പെടുന്നു. ഒരിക്കല്‍ കര്‍ണ്ണാടകത്തിലെ നദീജല പ്രക്ഷോഭകരുടെ അക്രമങ്ങള്‍ ഭയന്ന് ബംഗളുരു നഗരത്തില്‍നിന്ന് തമിഴര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. കേരളവും തമിഴ്‌നാടും തമ്മിലും ആന്ധ്രയും തെലുങ്കാനയും തമ്മിലും നദീജല തര്‍ക്കങ്ങള്‍ നിലവിലുണ്ട്. ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിക്കപ്പെട്ടതിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. തെലുങ്കാന, പ്രത്യേകിച്ചും ഹൈദരാബാദ് നഷ്ടപ്പെട്ടതിനു പകരമായി ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം സംസ്ഥാനത്തെ രണ്ടു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള അനിഷ്ടത്തെക്കാള്‍ കൂടുതലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അനിഷ്ടം. ദക്ഷിണേന്ത്യയില്‍ വിഘടനവാദം വളര്‍ത്തുന്നതില്‍ സിനിമാ ലോകം ചരിത്രപരമായി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് മറുവഴിക്കാണ് നീങ്ങുന്നത്. 1960കളില്‍ ബ്രാഹ്മണവിരുദ്ധ, ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഡിഎംകെയുടെ രാഷ്ട്രീയ നേതാക്കളായ അണ്ണാദുരൈയും കരുണാനിധിയും എംജി രാമചന്ദ്രനുമെല്ലാം സിനിമാ ലോകത്തുനിന്നും എത്തിയവരായിരുന്നു. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ സിനിമാ താരങ്ങള്‍ ഇപ്പോഴും സജീവമാണ്. രജനി കാന്തും കമല്‍ ഹാസനും പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയിരിക്കുന്നു. ഇരുവര്‍ക്കും ബ്രാഹ്മണവിരോധമോ ഹിന്ദി വിരോധമൊ ഇല്ല. എംജിആറിന്റെ ഭാര്യ ജാനകി ബ്രാഹ്മണ സ്ത്രീ ആയിരുന്നു. എംജിആര്‍ വളര്‍ത്തിക്കൊണ്ടുവരുകയും അദ്ദേഹത്തിന്റെ മരണശേഷം ഒരു മത്സരത്തിലൂടെ പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കുകയും ചെയ്ത ജയലളിതയും ബ്രാഹ്മണ സമുദായാംഗമായിരുന്നു. ദശകങ്ങളോളം നീണ്ടുനിന്ന ജയലളിതയുടെ ഭരണത്തിനുശേഷം ബ്രാഹ്മണ വിരോധമെന്നത് രാഷ്ട്രീയ പ്രശ്‌നം അല്ലാതെയായിരിക്കുന്നു.
ദക്ഷിണേന്ത്യന്‍ സിനിമാ ലോകവും ഹിന്ദി സിനിമാ ലോകവും തമ്മില്‍ കൂടുതലായുള്ള അടുപ്പത്തിലൂടെ മറ്റു വേര്‍തിരിവുകളും കാലഹരണപ്പെട്ടതായി. തമിഴ് സിനിമാലോകത്തെന്നതുപോലെ ഹിന്ദി സിനിമകളിലും തിളങ്ങുന്ന താരങ്ങളാണ് രജനി കാന്തും കമല്‍ ഹാസനും. തെലുഗു സിനിമയായ ബാഹുബലിയുടെ ഹിന്ദി പതിപ്പ് കോടിക്കണക്കിനു രൂപയുടെ വരുമാനമാണ് നേടിയത്. തമിഴ് സിനിമകളിലെയും ഹിന്ദി സിനിമകളിലെയും സംഗീതലോകം അടക്കി വാഴുകയാണ് എആര്‍ റഹുമാന്‍. രജനികാന്ത് ശിവാജി റാവു ഗെയ്ക്‌വാദ് എന്ന മറാത്തികളാണെന്ന് അറിയുമ്പോള്‍ പലരും അത്ഭുതപ്പെട്ടേക്കാം.
വിഘടനവാദം ഉന്നയിക്കാന്‍ കഴിയാത്തവിധം ദക്ഷിണേന്ത്യ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി അത്രക്കും ഇഴുകിച്ചേര്‍ന്നിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ രൂക്ഷമായ ഭിന്നതകളുണ്ട്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവരുടെ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ നല്ല ഭാവിയാണുള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്കതീതമായി ദ്രവീഡിയന്‍ വ്യക്തിത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒരു ഭാവിയുമില്ല.

Other News

 • റെക്കോഡ് ഫണ്ട് നേട്ടവുമായി ബെറ്റോ ഒ റൂര്‍ക്കേ
 • ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വെളുപ്പ് വാദക്കാര്‍ ഇന്റര്‍നെറ്റില്‍ നിരത്തുന്നു
 • ബ്രെക്‌സിറ്റ് മൂന്ന് മാസമെങ്കിലും വൈകും
 • യുഎസ് - ചൈന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്
 • യുഎസ് വാഴ്‌സിറ്റികളിലെ ഉന്നത വിജയികള്‍ക്ക് കൂടുതല്‍ വിസ
 • വെടിയുണ്ടകള്‍ തകര്‍ത്തത് അലിവാവയുടെ സ്വപ്നം, നാസറിന്റെയും
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • ഐഎസ് തടവറയില്‍നിന്നും ജീവിതത്തിലേക്ക്
 • വംശീയഭീകരത: ഇനിയും വളരണം രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം
 • ഇന്ത്യാ-പാക് സംഘര്‍ഷ വേളയില്‍ നാവികസേനയും തയ്യാറായിരുന്നു
 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • Write A Comment

   
  Reload Image
  Add code here