സ്റ്റീല്‍, മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം: ഇന്ത്യ രണ്ടാമത്; വൈദ്യുതി മൂന്നാമത്

Mon,Apr 09,2018


ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറി. 2017 വരെയുള്ള മൂന്നു വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ജപ്പാനെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തെക്കുയര്‍ന്നത്. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ കണക്കു പ്രകാരം ജപ്പാന്റെ സ്റ്റീല്‍ ഉല്‍പ്പാദനം 0.5% കുറഞ്ഞ് 8.2 മില്യണ്‍ ടണ്‍ ആയി. അതേസമയം ഇന്ത്യ 3.4% വര്‍ദ്ധനവോടെ ഉല്‍പ്പാദനം 8.4 മില്യണ്‍ ടണ്‍ ആക്കി ഉയര്‍ത്തി. ഫെബ്രുവരിയില്‍ മാത്രമായിരുന്നില്ല ഇന്ത്യ സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവ് കാണിച്ചത്. ജനുവരി -ഫെബ്രുവരി മാസങ്ങളില്‍ അതുണ്ടായി. ജനുവരിക്കു മുമ്പുള്ള മാസങ്ങളിലെല്ലാം ജപ്പാന്‍ ആയിരുന്നു മുന്നില്‍. ജപ്പാനും ഇന്ത്യയും തമ്മില്‍ ഇഞ്ചുകളുടെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇരു രാജ്യങ്ങളെയും അപേക്ഷിച്ച് ചൈന വളരെ മുന്നിലാണ്. 2017ല്‍ ജപ്പാന്‍ 104.7 മില്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിച്ചപ്പോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനം 101.4 മില്യണ്‍ ടണ്‍ ആയിരുന്നു. 2016ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം 9.3 മില്യണ്‍ ടണ്‍ ആയിരുന്നപ്പോള്‍ 2015ല്‍ 16 മില്യണ്‍ ടണ്‍ വ്യത്യസമുണ്ടായിരുന്നു. 2017ല്‍ ജപ്പാന്റെ ഉല്‍പ്പാദനം കുറഞ്ഞപ്പോള്‍ ഇന്ത്യ 6.2% വളര്‍ച്ച കാണിച്ചു. 2018ല്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിലയുറപ്പിക്കാനുള്ള സാധ്യതയുണ്ട്.
സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ വലിയ ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്. 200 മില്യണ്‍ ടണ്‍ വാര്‍ഷിക ഉല്‍പ്പാദനമാണ് ലക്ഷ്യം. ഇപ്പോള്‍ 128 മില്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സ്ഥാപിത ശേഷിയുണ്ട്. 2015ലാണ് യുഎസിനെ പിന്തള്ളി സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. അതിനുമുമ്പ് ദീര്‍ഘകാലം നാലാംസ്ഥാനത്തായിരുന്നു. വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 2018 ഫെബ്രുവരിയില്‍ ചൈന 64.9 മില്യണ്‍ ടണ്‍ സ്റ്റീല്‍ ഉല്‍പ്പാദിപ്പിച്ചു (5.9% വര്‍ദ്ധനവ്). യൂറോപ്യന്‍ യൂണിയനില്‍ ഇറ്റലി 2.1 മില്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിച്ചപ്പോള്‍ സൗത്ത് കൊറിയ 5.4 മില്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിച്ചു. ഫെബ്രുവരിയില്‍ യുഎസിന്റെ ഉല്‍പ്പാദനം 6.4 മില്യണ്‍ ടണ്‍ ആയിരുന്നു. ലോകമൊട്ടാകെ എടുത്താല്‍ സ്ഥാപിത ശേഷിയുടെ 73.3% മാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ രണ്ടാമത് ചൈന കഴിഞ്ഞാല്‍ മൊബൈല്‍ ഫോണുകളുടെ ഉല്‍പ്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2014ല്‍ മൂന്നു മില്യണ്‍ മൊബൈല്‍ ഫോണുകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 2017ല്‍ ഉല്‍പ്പാദനം 11 മില്യണ്‍ ആയി ഉയര്‍ന്നു. വിയറ്റ്‌നാമിനെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്. 2017-18ല്‍ മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി പകുതിയില്‍ താഴെയായി കുറഞ്ഞിരുന്നു. മൊബൈല്‍ ഫോണുകളുടെ ആഗോള ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ വിഹിതം 11%മാണ്. 2014 ല്‍ 3% മാത്രമായിരുന്നു. 2019 ആകുമ്പോള്‍ ഇന്ത്യയില്‍ 46 ബില്യണ്‍ ഡോളര്‍ വിലയുള്ള 500 മില്യണ്‍ മൊബൈല്‍ ഫോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ഇലക്ട്രോണിക്‌സ് & ഐ ടി മന്ത്രാലയത്തിന് കേഴിലുള്ള ഫാസ്റ്റ് ട്രാക്ക് ടാസ്‌ക്ക് ഫോഴ്‌സ് (എഫ്ടിടിഎഫ്) ലക്ഷ്യമിടുന്നത്. ഇതില്‍ 1.5 ബില്യണ്‍ ഡോളറോളം വിലയുള്ള 120 മില്യണ്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുകയെന്നതും ലക്ഷ്യമാണ്. ലോകത്ത് സ്മാര്‍ട്ട് ഫോണുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന രണ്ടാമത്തെ വിപണിയാണ് ഇന്ത്യ.
വൈദ്യുതി ഉല്‍പ്പാദനത്തില്‍ മൂന്നാമത് ചൈനയും യുഎസും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. 2016ല്‍ മണിക്കൂറില്‍ 1423 ടെറാവാട്ട് ആയിരുന്നു ഉല്‍പ്പാദനം. ചൈനയുടെ ഉല്‍പ്പാദനം 6015 ടെറവാട്ടും യുഎസിന്റേത് 4327 ടെറവാട്ടും ആയിരുന്നു. വൈദ്യുതി ഉല്‍പ്പാദനത്തില്‍ വമ്പന്മാരായി നിലകൊണ്ടിരുന്ന റഷ്യ, ജപ്പാന്‍, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ആ സ്ഥാനത്തെത്തിയത്. വാണിജ്യമന്ത്രാലയം രൂപീകരിച്ച ഇന്ത്യ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിന്റെ കണക്കുകള്‍ അനുസരിച്ച് 2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ 1003.525 ബില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത്. 2017 സാമ്പത്തിക വര്‍ഷത്തില്‍ 1160.1 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഇന്ത്യ ഉല്‍പ്പാദിപ്പിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 4.72% ആയിരുന്നു വര്‍ദ്ധനവ്. ഗവണ്മെന്റ് നടപ്പാക്കിയ ചില മുന്‍കൈ നടപടികളുടെയും പരിഷ്‌ക്കരണ നടപടികളുടെയും ഫലമായിരുന്നു അത്. 2010ല്‍ 771.60 ബില്യണ്‍ യൂണിറ്റ് ആയിരുന്ന വൈദ്യുതി ഉല്‍പ്പാദനമാണ് 2017ല്‍ 1160.10 ബില്യണ്‍ യൂണിറ്റ് ആയി വര്‍ദ്ധിച്ചത്. വാര്‍ഷിക ശരാശരി വളര്‍ച്ച 7.03% ആയിരുന്നു. വളര്‍ച്ചയില്‍ ഇന്ത്യ പിന്തള്ളിയ ജപ്പാന് 7 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയേക്കാള്‍ 27%വും റഷ്യയ്ക്ക് 8.77%വും സ്ഥാപിത ശേഷി കൂടുതലുണ്ടായിരുന്നു. 2018 ജനുവരിയിലെ കണക്കുകള്‍ പ്രകാരം 334.4 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സ്ഥാപിത ശേഷിയുണ്ട്. സ്ഥാപിതശേഷിയുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍, ചൈന, യുഎസ്, ജപ്പാന്‍ എന്നിവ കഴിഞ്ഞാല്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 13-ാം പഞ്ചവത്സര പദ്ധതി അവസാനിക്കുന്ന 2022 ആകുമ്പോഴേക്കും 100 ജിഗാവാട്ട് വൈദ്യുതി അധികം ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. യുകെ ആകെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് തുല്യമാണിത്. വൈദ്യുതി ലഭ്യതയുടെ കാര്യത്തില്‍ ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 73 സ്ഥാനങ്ങള്‍ മുന്നേറിയ ഇന്ത്യയിപ്പോള്‍ 26-ാം സ്ഥാനത്താണ്. 2018 ഡിസംബര്‍ ആകുമ്പോഴേക്കും നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള 40 മില്യണ്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള 2.5 ബില്യണ്‍ ഡോളറിന്റെ സൗഭാഗ്യ പദ്ധതി കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങിയിരുന്നു.
അധിക വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യമാണ് ഗവണ്മെന്റിനുള്ളത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1229.4 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. 2016-17നേക്കാള്‍ 50 ബില്യണ്‍ യൂണിറ്റ് കൂടുതലായിരിക്കുമിത്. അടുത്ത 5-10 വര്‍ഷങ്ങള്‍ക്കുള്ളില്‍ സോളാര്‍, കാറ്റ്, മിനി ജലവൈദ്യുത പദ്ധതികള്‍, ജൈവ മാലിന്യങ്ങള്‍ എന്നിവയില്‍നിന്നും 266 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ഇന്ത്യയിലും വിദേശങ്ങളിലുമുള്ള 293 കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ട്. 2016ല്‍ 1160.1 ബില്യണ്‍ യൂണിറ്റ് ആയിരുന്ന വൈദ്യുതി ഉപഭോഗം 2022 ആകുമ്പോള്‍ 1,894.7 ബില്യണ്‍ യൂണിറ്റ് ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജനസംഖ്യാ വര്‍ദ്ധനക്കൊപ്പംതന്നെ വൈദ്യുതി കണക്ഷനുകളും വര്‍ദ്ധിക്കുകയാണ്. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ട ആവശ്യകതയാണ് ഇത് കാണിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന 40 രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സോളാര്‍ വൈദ്യുതി പദ്ധതികള്‍ക്ക് 10 വര്‍ഷത്തെ നികുതി ഇളവ് നല്‍കുന്നതുള്‍പ്പടെയുള്ള പല കാര്യങ്ങളും വൈദ്യുത മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. 2022 ആകുമ്പോഴേക്കും 100 ജിഗാവാട്ട് സോളാര്‍ വൈദ്യുതി ഉള്‍പ്പടെ 175 ജിഗാവാട്ട് പാരമ്പര്യേതര വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം തന്നെ 20 ജിഗാവാട്ട് സോളാര്‍ വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയുണ്ട്. കാറ്റില്‍ നിന്നുമുള്ള വൈദ്യുതി ഉല്‍പ്പാദനം നിലവിലുള്ള 20 ജിഗാവാട്ടില്‍നിന്നും 2021 ആകുമ്പോഴേക്കും 60 ജിഗാവാട്ട് ആക്കുകയാണ് ലക്ഷ്യം. സ്തംഭനാവസ്ഥയിലായ ജലവൈദ്യുത പദ്ധതികള്‍ പുനരാരംഭിക്കും. വാഹന വിപണിയില്‍ നാലാം സ്ഥാനത്ത് യാത്ര വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പനയില്‍ 9.5% വര്‍ദ്ധന. 2017ല്‍ 4 മില്യണിലധികം വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റു. ലോകത്തിലെ നാലാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ ഉയര്‍ന്നു. 3.8 മില്യണ്‍ വാഹനങ്ങള്‍ വിറ്റ ജര്‍മനിയെ പിന്തള്ളിയാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. ജര്‍മനിക്കു കഴിഞ്ഞ വര്‍ഷം 2.8% വളര്‍ച്ച നേടുന്നതിന് മാത്രമേ കഴിഞ്ഞുള്ളു. ഒരു ദശകത്തിനുള്ളില്‍ ഇന്ത്യയിലെ വാഹന വിപണി ഇരട്ടിയായി വര്‍ദ്ധിച്ചു. ഒരു വര്‍ഷം 10% എന്ന തോതില്‍ വര്‍ദ്ധിച്ച് 2020 ആകുമ്പോഴേക്കും ജപ്പാനെ പിന്തള്ളി മൂന്നാം സ്ഥാനത് എത്തുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കളുടെ വരുമാനത്തിലുണ്ടായ വര്‍ദ്ധനവാണ് നാലാം സ്ഥാനത്തേക്കുയരാന്‍ ഇന്ത്യയെ സഹായിച്ചത്. ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2007നും 2016നുമിടയില്‍ പ്രതിശീര്‍ഷ ജിഡിപിയില്‍ 70% വര്‍ദ്ധനയാണുണ്ടായത്. 1700 ഡോളറില്‍ കൂടുതലാണതിപ്പോള്‍.
യാത്രാ വാഹനങ്ങളുടെ വില്‍പ്പനയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ വാഹന വിപണിയുടെ 80%വും കയ്യടക്കിയിട്ടുള്ളത് മാരുതി സുസുകി കമ്പനിയാണ്. 2017ല്‍ 15% വര്‍ദ്ധനയോടെ 1.6 മില്യണ്‍ കാറുകള്‍ വിറ്റ സുസുക്കിയുടെ ഇന്ത്യന്‍ സബ്‌സിഡിയറി കമ്പനി വിപണി വിഹിതം 2.6% പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ചു. പുതിയ മോഡലുകളുമായി വാങ്ങാനെത്തുന്നവരെ ആകര്‍ഷിച്ച് ഹ്യൂണ്ടായ്, ടാറ്റ, റെണാള്‍ട്ട്, ഹോണ്ട, ഫോര്‍ഡ് തുടങ്ങിയ കമ്പനികളും വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ അതിവേഗതയില്‍ വളരുന്ന വാഹന വിപണി കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഹൈവേകളിലൂടെ നഗരങ്ങളെയും പട്ടണങ്ങളെയും കൂട്ടി യോജിപ്പിക്കുന്നതിനു ഗവണ്മെന്റ് നല്‍കുന്ന മുന്‍ഗണനയും വാഹന വിപണിയുടെ വളര്‍ച്ചയെ സഹായിക്കുന്നുണ്ട്. എന്നാല്‍ വാഹന പെരുപ്പത്തിനൊപ്പം റോഡുകള്‍ വികസിക്കാത്തത് ന്യൂഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ഗതാഗത സ്തംഭനങ്ങള്‍ക്കിടയാക്കുന്നു.

Other News

 • റെക്കോഡ് ഫണ്ട് നേട്ടവുമായി ബെറ്റോ ഒ റൂര്‍ക്കേ
 • ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വെളുപ്പ് വാദക്കാര്‍ ഇന്റര്‍നെറ്റില്‍ നിരത്തുന്നു
 • ബ്രെക്‌സിറ്റ് മൂന്ന് മാസമെങ്കിലും വൈകും
 • യുഎസ് - ചൈന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്
 • യുഎസ് വാഴ്‌സിറ്റികളിലെ ഉന്നത വിജയികള്‍ക്ക് കൂടുതല്‍ വിസ
 • വെടിയുണ്ടകള്‍ തകര്‍ത്തത് അലിവാവയുടെ സ്വപ്നം, നാസറിന്റെയും
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • ഐഎസ് തടവറയില്‍നിന്നും ജീവിതത്തിലേക്ക്
 • വംശീയഭീകരത: ഇനിയും വളരണം രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം
 • ഇന്ത്യാ-പാക് സംഘര്‍ഷ വേളയില്‍ നാവികസേനയും തയ്യാറായിരുന്നു
 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • Write A Comment

   
  Reload Image
  Add code here