ജഡ്ജി നിയമനം: ധാരണയിലെത്താനാകാതെ സുപ്രീം കോടതിയും ഗവണ്മെന്റും

Wed,Feb 14,2018


ഭരണഘടനാ കോടതികളിലെ (സുപ്രീം കോടതിയും ഹൈക്കോടതിയും) ജഡ്ജിമാരെ നിയമിക്കുന്നതു സംബനധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന്, കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സി എസ് കര്‍ണ്ണനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച ഏഴംഗ സുപ്രീം കോടതി ബഞ്ചിലെ രണ്ട് ജഡ്ജിമാര്‍ നല്‍കിയ നിര്‍ദ്ദേശം കേന്ദ്ര ഗവണ്മെന്റ് പരിശോധിച്ചുവരുകയാണ്. ജഡ്ജി നിയമനത്തിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതിയും ഹൈക്കോടതിയും തമ്മിലുള്ള തര്‍ക്കം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഏഴംഗ ബെഞ്ചില്‍ അംഗങ്ങളായിരുന്ന ജസ്റ്റിസുമാരായ ജെ ചെലമേശ്വറും രഞ്ജന്‍ ഗൊഗോയിയുമാണ് 2017 ജൂലൈ 4നു പുറപ്പെടുവിച്ച പ്രത്യേക വിധിന്യായത്തില്‍ ജഡ്ജിമാരെ തെരെഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ പുനരവലോകനത്തിനു വിധേയമാക്കണമെന്ന് നിര്‍ദ്ദേശിച്ചത്.
രണ്ട് പ്രധാന പ്രശ്‌നങ്ങളാണ് അതില്‍ ഉയര്‍ത്തിക്കാട്ടിയത്. ഒന്ന്, ഭരണഘടനാപരമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളിലെ ജഡ്ജിമാരെ തെരെഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനുമുള്ള നടപടി ക്രമങ്ങള്‍ പരിഷ്‌ക്കരിക്കുക; രണ്ട്, ഭരണഘടനാപരമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളിലെ ജഡ്ജിമാരെ തിരുത്തുന്നതിനായി ഇംപീച്ച്‌മെന്റ് അല്ലാതെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് ഒരു നിയമ സംവിധാനമുണ്ടാക്കുക. നിലവിലുള്ള കൊളീജിയം സമ്പ്രദായത്തിന് പകരം നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ്‌സ് കമ്മീഷന്‍ രൂപീകരിച്ച നിയമനിര്‍മ്മാണം 2015ല്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയക്കാര്‍ക്കും പൗരസമൂഹത്തിനും അവസാന വാക്ക് ലഭിക്കും എന്നതിനാലായിരുന്നു അത് റദ്ദാക്കിയത്.
ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ദിപക് മിശ്രക്കെതിരായ കലാപമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന വിധത്തില്‍ ജസ്റ്റിസുമാരായ ചെലമേശ്വറും ഗൊഗോയിയും സുപ്രീം കോടതിയിലെ മറ്റു രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍ക്കൊപ്പം പത്ര സമ്മേളനം കഴിഞ്ഞ മാസം നടത്തിയിരുന്നു. പരിഷ്‌ക്കരിച്ച നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കാത്തതിന് ഗവണ്മെന്റിനെയും അവര്‍ വിമര്‍ശിക്കുകയുണ്ടായി. ഈ വിഷയം പരിഹരിക്കുന്നതില്‍ ചില പ്രധാന പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നതായി ഗവണ്മെന്റ് വൃത്തങ്ങള്‍ പറയുന്നു. സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും നിലവാരങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത വിലയിരുത്തുന്നതിനുള്ള ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള സ്ഥാപനപരമായ സംവിധാനം അതിലുള്‍പ്പെടുന്നുണ്ട്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിന് കൊളീജിയത്തിനു പുറമെയുള്ള സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തി സംവിധാനം വിപുലീകരിക്കുന്നതാണ് രണ്ടാമത്തെ പ്രശ്‌നം.
ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി അത്തരമൊരു നടപടിക്ക് മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ തുടക്കംകുറിച്ചിരുന്നു. എന്നാല്‍ ആ നടപടിക്രമങ്ങള്‍ പിന്തുടരുന്നതിനുള്ള 'വിഷമതകള്‍' ചൂണ്ടിക്കാട്ടി പിന്‍ഗാമിയായി വന്ന ജസ്റ്റിസ് എച്ച് എല്‍ ദത്തു അത് നിര്‍ത്തിവച്ചു. ജഡ്ജിമാരുടെ തെരെഞ്ഞെടുപ്പ് സംവിധാനം വിപുലീകരിക്കണമെന്ന നിര്‍ദ്ദേശമാണ് ഗവണ്മെന്റ് സുപ്രീം കോടതിയുമായി ചര്‍ച്ച ചെയ്യുന്നത്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ സ്ഥിതിവിവര കണക്കുകള്‍ സൂക്ഷിക്കുന്ന ഒന്നായി സെക്രട്ടറിയേറ്റ് ചുരുങ്ങിപ്പോയിരിക്കുന്നു എന്ന ഗവണ്മെന്റ് നിലപാടാണ് നടപടിക്രമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതു സംബന്ധിച്ച് നിലനില്‍ക്കുന്ന മറ്റൊരു തര്‍ക്ക വിഷയം. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയോ അല്ലെങ്കില്‍ പൊതു താല്‍പ്പര്യം പരിഗണിച്ചോ സുപ്രീം കോടതിയിലെയോ ഹൈക്കോടതികളിലെയോ ജഡ്ജിമാരുടെ നിയമനം നിരസിക്കുന്നതിനു ഗവണ്മെന്റിനു അവകാശമുണ്ടായിരിക്കണമെന്ന ഗവണ്മെന്റ് നിലപാടും പരിഹരിക്കേണ്ടതായുണ്ട്. ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ക്കെതിരെ പരാതികള്‍ ഉണ്ടെങ്കില്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനത്തിനും രൂപം നല്‍കണമെന്ന് ഗവണ്മെന്റ് ആവശ്യപ്പെടുന്നുണ്ട്.

Write A Comment

 
Reload Image
Add code here