Can't Select Database

ബിജെപിയെ വെല്ലുവിളിച്ച് യശ്വന്ത് സിന്‍ഹ

Wed,Feb 14,2018


ബിജെപി വിട്ടുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വേണമെങ്കില്‍ അവര്‍ തന്നെ പുറത്താക്കട്ടെ എന്നും വിമത നേതാവ് യശ്വന്ത് സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച ആഗ്രഹിക്കുന്നുണ്ടെന്നും നിരവധി കത്തുകള്‍ അതിനായി അയച്ചിട്ട് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും അതാണ് 'രാഷ്ട്ര മഞ്ച്' എന്ന പേരില്‍ രാഷ്ട്രീയ വേദിക്കു രൂപം നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന സിന്‍ഹ പറഞ്ഞു. എന്‍ഡിഎ ഗവണ്മെന്റിന്റെ നയങ്ങള്‍ ബിജെപിയുടെ തെരെഞ്ഞെടുപ്പ് മാനിഫെസ്‌റ്റോക്കു അനുസരിച്ചുള്ളതാകണം. അത് ഉറപ്പുവരുത്തുകയാണ് മഞ്ചിന്റെ ദൗത്യം.
'ഞാനെന്തിന് ബിജെപി വിടണം? യുപിഎ അധികാരത്തിലുണ്ടായിരുന്ന 2004-14 കാലത്ത് അത്യദ്ധ്വാനം ചെയ്തവനാണ് ഞാന്‍. പാര്‍ട്ടിക്ക് വേണമെങ്കില്‍ എന്നെ പുറത്താക്കാം', 2018-19ലെ കേന്ദ്ര ബജറ്റിനെക്കുറിച്ച് കൊല്‍ക്കത്ത ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സിന്‍ഹ മാധ്യമ പ്രവര്‍ത്തകരോട് ഇങ്ങനെ സംസാരിച്ചത്. എന്‍ഡിഎ ഗവണ്മെന്റിന്റെ ഇപ്പോഴത്തെ നയങ്ങള്‍ ബിജെപിയുടെ തെരെഞ്ഞെടുപ്പ് മാനിഫെസ്‌റ്റോക്ക് നിരക്കുന്ന വിധത്തിലുള്ളതല്ലെന്നു പറഞ്ഞ സിന്‍ഹ, ബിജെപിയുടെ തെരെഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ 4 വര്‍ഷങ്ങളായി താന്‍ പ്രതിഷേധ സ്വരമുയര്‍ത്തിയതെന്നും അതാണിപ്പോള്‍ രാഷ്ട്രീയ മഞ്ചിന്റെ രൂപീകരണത്തില്‍ കലാശിച്ചിരിക്കുന്നതെന്നും പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും കര്‍ഷക സംഘടനകളിലും ഉള്‍പ്പെടുന്നവരാണ് രാഷ്ട്രീയ മഞ്ചിലുള്ളത്.
നരേന്ദ്ര മോഡി ഗവണ്മെന്റിന്റെ ബജറ്റ് നിര്‍ദ്ദേശങ്ങളെ വിമര്‍ശിച്ച മുന്‍ ധനമന്ത്രി കര്‍ഷകരുടെ വരുമാനം കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ 1.38% ഇടിയുകയാണുണ്ടായതെന്നും ഗ്രാമീണ മേഖലയില്‍ ദുരിതങ്ങള്‍ വര്‍ദ്ധിച്ചുവെന്നും പറയുന്നു. കാര്‍ഷിക വളര്‍ച്ച കുറഞ്ഞതുകൊണ്ടു മാത്രമല്ല ഗ്രാമീണ മേഖലയില്‍ ദുരിതങ്ങള്‍ വര്‍ദ്ധിച്ചത്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മൂന്നിലൊന്നു വില മാത്രമാണ് ലഭിക്കുന്നത്. മിനിമം താങ്ങുവിലയുടെ 50% മാത്രമാണത്. 'നരേന്ദ്ര മോഡി ഗവണ്മെന്റിന്റെ കീഴില്‍ കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ കാര്‍ഷിക വളര്‍ച്ചയുടെ വാര്‍ഷിക ശരാശരി 1.9% മാത്രമായിരുന്നു. അതേ സമയം യുപിഎ ഗവണ്മെന്റിന്റെ ആദ്യ 4 വര്‍ഷങ്ങളില്‍ 3.8% ആയിരുന്നു.
2022 ആകുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുന്നതിന് പകരം 1.38% കുറയുകയായിരുന്നു. 4 വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ 2018 ആയി. ഇനിയുള്ള 4 വര്‍ഷങ്ങളില്‍ എന്ത് നേടാന്‍ കഴിയും? ബജറ്റ് എന്നത് 'പവിത്രമായ രേഖയാണ്'. അതിലെ ഓരോ നിര്‍ദ്ദേശത്തിനും ആവശ്യമായ പണം ഉള്‍ക്കൊള്ളിച്ചിരിക്കണം. അല്ലാത്തപക്ഷം അതൊരു തെരെഞ്ഞെടുപ്പ് പ്രകടനപത്രികക്ക് തുല്യമാകും. തെരെഞ്ഞെടുപ്പ് പ്രകടന പത്രികയില്‍, ചിലവുകളൊന്നും പരിഗണിക്കാതെയും പണം എവിടെനിന്നും ലഭിക്കുന്നുവെന്ന് നോക്കാതെയും വാഗ്ദാനങ്ങള്‍ നിരത്താന്‍കഴിയും. എന്നാല്‍ ബജറ്റില്‍ അത് സാധ്യമല്ല. കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതിക്കായി ഒരു രൂപപോലും നീക്കിവച്ചിട്ടില്ലെന്ന് സിന്‍ഹ ചൂണ്ടിക്കാട്ടി.

Other News

 • ജനന,മരണ നിരക്കുകള്‍ കുറഞ്ഞു; കേരളത്തിലെ ജനസംഖ്യാഘടന മാറുന്നു
 • കേരളത്തില്‍ 'ശരിയത്' അനുസരിച്ചുള്ള വീടുകള്‍ ഒരുങ്ങുന്നു
 • ചൈന സ്വന്തമായി വിമാനവാഹിനി നിര്‍മ്മിച്ച് ചൈനീസ് നാവിക സേന കരുത്തുനേടുന്നു
 • ഇനി യുദ്ധം പോസ്റ്റ്‌പെയ്ഡില്‍; പുതിയ റോമിംഗ് പ്ലാനുകളുമായി ജിയോ
 • ഡോണള്‍ഡ് ട്രമ്പ് വ്യത്യസ്തനായൊരു പ്രസിഡന്റ്
 • പാക് സൈന്യത്തിനെതിരെ പഷ്തൂണ്‍ യുവാക്കള്‍
 • പുതിയ ഫാം ബില്‍ നിലവില്‍ വരുമോ?
 • 70 വര്‍ഷത്തെ പലസ്തീന്‍ ദുരന്തത്തിന്റെ സാക്ഷിയായ ഒരു 97 കാരന്‍
 • ഇന്ത്യയിലെ വിവാഹമോചന തലസ്ഥാനമായി കേരളം മാറുന്നു
 • പാകിസ്ഥാനില്‍ ഭരണകക്ഷിയുടെ തെരെഞ്ഞെടുപ്പുസാദ്ധ്യത മങ്ങുന്നു
 • കര്‍ണാടക; കുതിരക്കച്ചവടത്തിന് വഴിയൊരുക്കി ഗവര്‍ണര്‍
 • Write A Comment

   
  Reload Image
  Add code here