ഓഹരി വിപണിയിലെ മാന്ദ്യം വലിയ തിരുത്തലുകള്‍ക്ക് വഴിയൊരുക്കാം

Wed,Feb 14,2018


ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ക്ക് ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനമുണ്ടായി. നികുതി കഴിച്ചാലും, സ്ഥിരനിക്ഷേപം, ബോണ്ടുകള്‍, സ്വര്‍ണ്ണം, റിയല്‍ എസ്‌റ്റേറ്റ് എന്നിവയിലെ നിക്ഷേപങ്ങളെക്കാള്‍ കൂടുതല്‍ വരുമാനം ഓഹരി വിപണിയില്‍ നിന്നും നേടാന്‍ കഴിയും. എങ്കിലും നികുതി ഏര്‍പ്പെടുത്തിയത് വലിയൊരു മാറ്റം തന്നെയാണ്. ഓഹരി വിപണിയില്‍നിന്നും നികുതിരഹിത വരുമാനം നേടാമായിരുന്ന നല്ല നാളുകള്‍ കഴിഞ്ഞുപോയിരിക്കുന്നു. ഇതൊരു തുടക്കം മാത്രമാണോ എന്നതാണ് നിക്ഷേപകരെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. 'ചെറിയൊരു ലെവി ആയ 10%ത്തിലൂടെ തുടക്കമിടുന്നു' എന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. ക്രമേണ ഈ നിരക്ക് ഉയരുമെന്നതിന്റെ സൂചനയാണത്. ഹൃസ്വകാല മൂലധന നേട്ടങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കായ 30% നികുതി ഏര്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ നീളുന്ന ഓഹരികള്‍ ദീര്‍ഘകാല മൂലധന നേട്ടങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നതിനും സാധ്യതയുണ്ട്. എന്തായാലും ഓഹരിവിപണിയിലെ നിക്ഷേപങ്ങള്‍ക്കും നികുതിയുടെ വാതില്‍ തുറന്നിരിക്കുന്നു. ഓഹരി വിപണിക്കെതിരെ വീശുന്ന കാറ്റ് നികുതി മാത്രമാണെന്ന് ധരിക്കരുത്. മറ്റു പലതുമുണ്ട്. അതില്‍ പ്രധാനം ഇന്ത്യയിലും ആഗോളതലത്തിലും പലിശനിരക്കുകള്‍ ഉയരുമെന്ന ഭയമാണ്. തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ ഉദ്ദേശിച്ച വിജയം നേടാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ ബോണ്ട് വിപണിയില്‍ നാല് മാസങ്ങള്‍കൊണ്ട് നേട്ടം 6.63%ത്തില്‍നിന്നും 7.66% ആയി ഉയര്‍ന്നു.
ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം മോശം വാര്‍ത്തയാണത്. ഇത് തുടരുകയാണെങ്കില്‍ ബോണ്ടില്‍നിന്നുമുള്ള വരുമാനം വീണ്ടും ഉയരുകയും പലിശ നിരക്കുകള്‍ ഉയര്‍ത്തുകയല്ലാതെ റിസര്‍വ് ബാങ്കിന് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. അത് സെന്‍സെക്‌സിനു വലിയ അപകടമാണ്. ബ്രസീല്‍, റഷ്യ, ചൈന എന്നീ ശക്തിപ്രാപിക്കുന്ന സമ്പദ്ഘടനകളുടെ കൂട്ടത്തില്‍ 2018ല്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് അതൊരു കാരണമാകും. യുഎസിലും പലിശനിരക്കുകള്‍ ഉയരുകയാണ്. മെച്ചപ്പെടുന്ന വളര്‍ച്ചയും ഉയരുന്ന നാണയപ്പെരുപ്പവും യുഎസില്‍ ബോണ്ടുകളില്‍ നിന്നുമുള്ള വരുമാനം 2.84% വരെ ഉയര്‍ത്തി. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതെല്ലാം ഓഹരി വിപണികള്‍ക്കു വലിയ പ്രഹരങ്ങളായി മാറുകയാണ്. ആഗോള വിപണികള്‍ വീണാല്‍ ഇന്ത്യയിലും വീഴും. ഒരുപക്ഷെ വീഴ്ചയുടെ ആഘാതം അല്‍പ്പം കൂടുമെന്നുമാത്രം. 2018ലേക്ക് കടക്കുമ്പോള്‍ നിശബ്ദനായി കടന്നുവരുന്ന മറ്റൊരു അപകടകാരി രാഷ്ട്രീയംതന്നെയാണ്. 'ഇന്ത്യ തിളങ്ങുന്ന' കാലത്ത് (വാജ്‌പേയി ഭരണകാലം) ഉണ്ടായ തകര്‍ച്ചയുടെ അസന്തുഷ്ടി ഉളവാക്കുന്ന ഓര്‍മ്മകള്‍ ഓഹരിവിപണിക്കുണ്ട്. അതിന്റെ സമാനതകള്‍ ഇന്ന് പ്രകടമാകുന്നുണ്ട്. ഗ്രാമീണ ഇന്ത്യ ആയാസപ്പെടുന്ന അവസരത്തില്‍ത്തന്നെയാണ് സെന്‍സെക്‌സ് ഉയരുന്നതും ദാവോസില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്നതും.
ഒരു രാഷ്ട്രീയ ദുരന്തത്തിനുള്ള ചേരുവകളാണത്. രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ഗുജറാത്തില്‍ ബിജെപി കഷ്ടിച്ചുനേടിയ വിജയവും ദലാല്‍ സ്ട്രീറ്റിനെ ആശങ്കപ്പെടുത്തുന്നു. 2019ലും ബിജെപിയുടെ വിജയം ഒരു സ്ഥിരവിലയെന്ന മട്ടിലായിരുന്നു ഓഹരിവിപണിയില്‍ തുടര്‍ന്നിരുന്നത്. ഇനിയിപ്പോള്‍ വ്യത്യസ്തമായ വിധിക്കുള്ള സാധ്യത ഓഹരി വിലകളിലും പ്രതിഫലിക്കും. ഇന്ത്യന്‍ ഓഹരികള്‍ വളരെ ഉയര്‍ന്ന വിലയ്ക്ക് വ്യാപാരംചെയ്യുന്ന അവസരത്തില്‍ത്തന്നെയാണ് ഈ അപകട സാധ്യതകളെല്ലാം ഉരുണ്ടുകൂടുന്നതെന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ചെറുകിട ഇടത്തരം കമ്പനികളുടെ ഓഹരികള്‍പോലും അസംബന്ധമായ വിലയ്ക്കാണ് വിറ്റുപോയിരുന്നത്. ഇനിയിപ്പോള്‍ അപകട സാധ്യതകളുടെ പശ്ചാത്തലത്തില്‍ വില ചുരുങ്ങും. ഇന്ത്യയിലെ നിക്ഷേപകരുടെ പണം മ്യുച്ചല്‍ ഫണ്ടുകളിലൂടെയാണ് ഓഹരി വിപണിയിലേക്ക് പ്രവഹിക്കുന്നത്. 2017ല്‍ മാത്രം 1.2 ലക്ഷം കോടി രൂപയാണ് ആ വഴിയിലൂടെ ഓഹരിവിപണിയില്‍ എത്തിയത്. ഈ നിക്ഷേപകരില്‍ പലര്‍ക്കും യഥാര്‍ത്ഥ വിപണിയുടെ അസ്ഥിര ഭാവം അറിയില്ല. ഇനിയിപ്പോള്‍ നിക്ഷേപങ്ങളിലെ നേട്ടങ്ങള്‍ക്കു നികുതികൂടി നല്‍കേണ്ട സാഹചര്യം അവര്‍ക്കുണ്ടായിരിക്കുന്നു. അവരുടെ വിശ്വാസവും ധൈര്യവുമൊക്കെ പരീക്ഷിക്കപ്പെടും. ഓഹരി വിപണിയില്‍ കുട്ടികളുടെ കാര്യമില്ല. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഓഹരി വിപണിയിലേക്ക് ഉണ്ടായ പ്രവാഹം തുടരുമോ എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
ഒരു തിരുത്തലിന്റെ സമയം വൈകി. പണമുണ്ടാക്കുന്നത് വളരെ എളുപ്പമായ ഒന്നായി മാറി. വിപണിയിലെ മുന്നേറ്റങ്ങളില്‍ വലിയ നിക്ഷേപക വൈദഗ്ധ്യങ്ങള്‍ നിക്ഷേപകര്‍ കാട്ടി. ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്കുള്ള നികുതി പതനം തുടങ്ങുന്നതിനു കാരണമായേക്കും. ലോക്‌സഭാ തെരെഞ്ഞെടുപ്പുവരെ നീളുന്ന കൗതുകകരമായ ഒരു വര്‍ഷത്തിന്റെ തുടക്കമാണ് സംഭവിച്ചിട്ടുള്ളത്. ഒരു ഭാഗത്ത് ക്രമേണയായി മെച്ചപ്പെടുന്ന സമ്പദ്ഘടനയും കോര്‍പ്പറേറ്റ് വരുമാനങ്ങളുടെ വീണ്ടെടുപ്പും. മറുഭാഗത്ത് നേരത്തെ സൂചിപ്പിച്ച അപകട സാധ്യതകള്‍ കടന്നുവരികയും ചെയ്യുന്നു. വളരെ സങ്കീര്‍ണ്ണമായ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ട്. കാള ചത്തിട്ടില്ല; മുറിവേല്‍ക്കുകയും ക്ഷീണിച്ചുപോകുകയും ചെയ്തിട്ടുണ്ട്. അത് തിരിച്ചുവരുകതന്നെ ചെയ്യും.

Other News

 • ശബരിമല ; ഷിക്കാഗോയില്‍ പ്രതിഷേധ യോഗം നടന്നു
 • ചന്ദ്ര കൊച്ചാര്‍: ആകാശത്തോളമുയര്‍ന്ന ഒരു വനിതയുടെ പതനം
 • ഗുജറാത്തില്‍ അക്രമം; കുടിയേറ്റ തൊഴിലാളികളുടെ പലായനം വ്യവസായങ്ങളെ ബാധിച്ചു
 • ആധാര്‍ ഉപയോഗിക്കാന്‍ ബാങ്കുകളെയും ടെലികോമുകളെയും അനുവദിച്ചേക്കും
 • യുഎസ് കമ്പനികളിലേക്ക് ചെറിയ ചിപ്പുമായി നുഴഞ്ഞുകയറി ചൈന ഹാക്കിങ് നടത്തി
 • രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിക്കും; മദ്ധ്യപ്രദേശിലും ഛത്തിസ്ഗഡിലും മുന്‍തൂക്കം
 • ഗോസംരക്ഷകര്‍ അഴിഞ്ഞാടുമ്പോഴും ഇന്ത്യയില്‍ ഇറച്ചി ഭക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
 • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് - ഇന്ത്യയ്ക്ക് മുന്നേറാന്‍ അവസരമുണ്ട്
 • 'കിഴക്കിന്റെ ജെറുസലേമി'ലേക്ക് പോപ്പ് ഫ്രാന്‍സിസിനെ ക്ഷണിച്ച് കിം ജോങ് ഉന്‍
 • സൗദി പത്രപ്രവര്‍ത്തകനെ കോണ്‍സുലേറ്റില്‍ അപായപ്പെടുത്തിയതായി ടര്‍ക്കി
 • കാവിനോ അകത്ത്; സുപ്രീം കോടതി മാറുമോ?
 • Write A Comment

   
  Reload Image
  Add code here