'മോഡികെയര്‍' എന്തുകൊണ്ട് ഫലപ്രദമല്ല

Wed,Feb 14,2018


2018ലെ കേന്ദ്ര ബജറ്റില്‍ ഏറ്റവും വലിയ കാര്യമായി ഉദ്‌ഘോഷിക്കുന്നത് പാവപ്പെട്ട 10 കോടിയിലധികം കുടുംബങ്ങള്‍(ഏകദേശം 50 കോടി ജനങ്ങള്‍)ക്കുള്ള ആരോഗ്യ പദ്ധതിയാണ്. അത് ആരോഗ്യ പരിരക്ഷാ രംഗത്ത് 'വിപ്ലവം' സൃഷ്ടിക്കാന്‍ പോകുന്നു എന്നാണ് പത്രങ്ങള്‍ തലക്കെട്ടുകള്‍ നിരത്തിയത്. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ അതില്‍ ആഘോഷിക്കാന്‍ വകയൊന്നുമില്ലെന്ന് കണക്കുകള്‍ നിരത്തി ചില വിദഗ്ധര്‍ പറയുന്നു. 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന വീക്ഷണം ഗവണ്‍മെന്റിനില്ലെന്നത് ഒരിക്കല്‍ക്കൂടി ബജറ്റ് വ്യക്തമായതായും അവര്‍ പറയുന്നു.
ആരോഗ്യ മേഖലയില്‍ രണ്ടു പ്രധാന കാര്യങ്ങളാണ് ധനമന്ത്രി പറഞ്ഞത്: 'ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങള്‍ എല്ലാവരുടെയും വീടുകളുടെ സമീപത്ത് എത്തിക്കുക എന്നതായിരുന്നു അതിലൊന്ന്. ദരിദ്രരും ദുര്‍ബ്ബലരുമായ ജനങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതിയായിരുന്നു മറ്റൊന്ന്. ഒരു കുടുംബത്തിന് ഒരു വര്‍ഷം ആശുപത്രി ചികിത്സക്കും തുടര്‍ന്നുള്ള ചികിത്സകള്‍ക്കുമായി ഒരു വര്‍ഷം 5 ലക്ഷം രൂപവരെയുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് അത്. ഗവണ്മെന്റ് പ്രഖ്യാപിച്ച രണ്ടു കാര്യങ്ങളും പുതുമയുള്ളതല്ല. ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്നത് മെച്ചപ്പെടുന്നതിനോ ചികിത്സാവശ്യങ്ങള്‍ക്കുള്ള ചിലവുകള്‍ കുറയ്ക്കുന്നതിനോ ഇത് സഹായിക്കില്ല. കൂടാതെ, രണ്ടു വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും ആരോഗ്യകുടുംബ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 2018-19ലെ ബജറ്റില്‍ അനുവദിച്ചിട്ടുള്ളത് 52,800 കോടി രൂപ മാത്രമാണ്. 2017-18ലെ പുതുക്കിയ ബജറ്റില്‍ 51,550.85 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. 2.5%ത്തിന്റെ വര്‍ദ്ധനവ് മാത്രമാണുള്ളത്. ജിഡിപിയുടെ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ആരോഗ്യ മേഖലക്കുള്ള വിഹിതം യഥാര്‍ത്ഥത്തില്‍ കുറയുകയാണ് ചെയ്തിട്ടുള്ളത്. 1.5 ലക്ഷം ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കുന്നതിനു 1200 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഒരു കേന്ദ്രത്തിനു 80,000 രൂപയെന്നര്‍ത്ഥം. ഇത് ഒന്നിനും തികയില്ലെന്നു പ്രത്യേകിച്ച് പറയേണ്ടതില്ല. ഇതൊരു പുതിയ കാര്യവുമല്ല. 2017ലെ ബജറ്റിലും ഇത് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അതേപ്പറ്റി ഒന്നും പറഞ്ഞിട്ടുമില്ല.
നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി ശോചനീയമാണ്. വേണ്ടത്ര സൗകര്യങ്ങളില്ല. ആവശ്യത്തിനുള്ള ജീവനക്കാരില്ല. ഉപകരണങ്ങളും മരുന്നുമില്ല. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2017 മാര്‍ച്ച് 31ലെ സ്ഥിതിവിവര കണക്കുകള്‍പ്രകാരം രാജ്യത്താകെയുള്ള 156,231 കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്നവ 17,204 (11%) മാത്രമാണ്. 20%ത്തോളം കേന്ദ്രങ്ങളില്‍ പതിവായി ശുദ്ധജലം ലഭിക്കുന്നില്ല. 23%ത്തില്‍ വൈദ്യുതി ഇല്ല. 6,000ത്തില്‍പ്പരം കേന്ദ്രങ്ങളില്‍ വനിതാ നഴ്‌സുമാരും ഒരു ലക്ഷത്തോളം കേന്ദ്രങ്ങളില്‍ പുരുഷ നഴ്‌സുമാരുമില്ല. ഇവര്‍ രണ്ടുകൂട്ടരുമില്ലാത്ത 4243 കേന്ദ്രങ്ങളുമുണ്ട്. സ്റ്റാഫും സൗകര്യങ്ങളുമില്ലാതെ ഇവയൊക്കെ ആരോഗ്യ കേന്ദ്രങ്ങളാകുന്നതെങ്ങനെ? അനുവദിക്കുന്ന പരിമിതമായ തുകകൊണ്ട് ഇതെല്ലാം സജ്ജീകരിക്കുന്നതെങ്ങനെ? ഈ സ്ഥിതി നിലനില്‍ക്കുമ്പോഴാണ് പുതുതായി 1.5 ലക്ഷം ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. 'ഗവണ്മെന്റ് സഹായത്തോടെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി' എന്നാണ് രണ്ടാമത്തെ പ്രഖ്യാപനത്തിനു മന്ത്രി നല്‍കിയ വിശേഷണം. 2016ലെ ബജറ്റ് പ്രസംഗത്തിലും ഇതേ ധനമന്ത്രി ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. ഒരു വര്‍ഷം ഒരു കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ചികിത്സാ ചിലവുകള്‍ വഹിക്കുന്ന പദ്ധതിക്ക് ഗവണ്മെന്റ് രൂപം നല്‍കുമെന്ന് അന്ന് പ്രഖ്യാപിക്കുകയുണ്ടായി. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആര്‍എസ്ബിവൈ) പദ്ധതിയില്‍ ഒരു വര്‍ഷം നല്‍കുന്ന പരമാവധി തുക 30,000 രൂപയായി തുടരുന്നു. ഇതാണ് ഒറ്റയടിക്ക് 5 ലക്ഷമായി വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നത്. 2016-17ലെ ബജറ്റില്‍ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തിന് ഒരു ലക്ഷം രൂപവീതം നല്‍കാനുള്ള പദ്ധതിക്കായി നീക്കിവച്ചിരുന്നത് 1500 കോടി രൂപയാണ്. അതില്‍ത്തന്നെയും ചിലവഴിച്ചത് 500 കോടിയില്‍ താഴെമാത്രം. ഈ വര്‍ഷം നീക്കിവെച്ചിട്ടുള്ള തുക 2,000 കോടി രൂപയാണ്. ബജറ്റില്‍ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതതന്നെയാണ് തകരുന്നത്. മറുഭാഗത്ത് 3% വിദ്യാഭ്യാസ സെസ് 4% വിദ്യാഭ്യാസ ആരോഗ്യ സെസ് ആക്കി വര്‍ദ്ധിപ്പിച്ചതിലൂടെ അധികമായി ലഭിക്കുന്നത് 11,000 കോടി രൂപയാണ്. അതിന്റെ 25%മെങ്കിലും ആരോഗ്യ മേഖലക്കായി അനുവദിച്ചിരുന്നെങ്കില്‍ 2750 കോടി രൂപ നീക്കിവയ്ക്കാമായിരുന്നു. എന്നാല്‍ ഈ വര്‍ഷം വര്‍ദ്ധിപ്പിച്ചതാകട്ടെ 1250 കോടി രൂപയും. അതായത് ദരിദ്രര്‍ക്കുള്ള ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ പേരില്‍ സാധാരണക്കാരനില്‍നിന്നും കൂടുതല്‍ പിരിച്ചെടുക്കാനാണ് ബജറ്റില്‍ ശ്രമിച്ചിട്ടുള്ളത്. അതേസമയം സ്വകാര്യ ആരോഗ്യ മേഖലക്ക് വലിയ ലാഭം നേടുന്നതിനുള്ള അവസരം അത് തുറന്നുകൊടുക്കുകയും ചെയ്തിരിക്കുന്നു. ആരോഗ്യ സംരക്ഷണ, ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി വിലയില്‍ സംഭവിച്ച കുതിപ്പ് ഈ പദ്ധതിയുടെ യഥാര്‍ത്ഥ പ്രയോജനം ലഭിക്കുന്നവര്‍ ആരാണെന്നത് വെളിപ്പെടുത്തുന്നു.
എല്ലാവര്‍ക്കും ആരോഗ്യം എന്ന പദ്ധതി നടപ്പാക്കുന്നതിന് ഇന്‍ഷുറന്‍സിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയെ ആശ്രയിക്കുന്നത് യഥാര്‍ത്ഥത്തില്‍ ചികിത്സാ ചിലവുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് ലോകമൊട്ടാകെയുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നത്. മെഡിക്കല്‍ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതും ശരിയായ പരിചരണം ലഭിക്കാത്തതുമായ ഒട്ടേറെ നടപടികള്‍ക്ക് അതിടയാക്കുന്നു. പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താതെ സ്വകാര്യ മേഖലയിലൂടെയാണ് ആരോഗ്യ പരിരക്ഷാ പദ്ധതി ഗവണ്മെന്റ് നടപ്പാക്കാന്‍ പോകുന്നത്. ഇന്‍ഷുറന്‍സ് അടിസ്ഥാനമാക്കിയുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ 'പുറമെയുള്ള ചെലവുകളുടെ' പ്രശ്‌നം പരിഹരിക്കുന്നില്ലാ എന്നതാണ് അനുഭവം. ആര്‍എസ്ബിവൈ പദ്ധതിതന്നെയും പുറമെയുള്ള ചിലവുകള്‍ കുറയ്ക്കുകയോ ദരിദ്രര്‍ക്ക് കൂടുതല്‍ ആരോഗ്യ സംരക്ഷണ ലഭ്യത ഉറപ്പാക്കുകയോ ചെയ്തിട്ടില്ല. ആര്‍എസ്ബിവൈയിലും പുതിയ പദ്ധതിയിലും ആശുപത്രിയില്‍ കിടന്നു ചികില്‍സിക്കുന്നതിനുള്ള ചിലവുകള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. ഇന്ത്യയില്‍ ആകെയുള്ള ചികിത്സാ ചിലവിന്റെ 67%വും പുറമെയുള്ള ചിലവുകളാണ്. ഒരു രോഗിക്ക് ചികിത്സക്ക് ചിലവാകുന്നതിന്റെ 63%വും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പുള്ള ഘട്ടത്തിലായിരിക്കും ചിലവാകുക. ഒരു ദശകത്തിലേറെയായി, ആര്‍എസ്ബിവൈ, സംസ്ഥാനങ്ങളില്‍ ആന്ധ്രയിലെ ആരോഗ്യശ്രീ പോലെയുള്ള ഇന്‍ഷുറന്‍സ് അധിഷ്ഠിതമായ പദ്ധതികള്‍ തുടര്‍ന്നിട്ടും പുറമെയുള്ള ചിലവുകള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2014ലെ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഗ്രാമീണ ചന്തയില്‍ 1.2% പേര്‍ക്കും നഗരവാസികളില്‍ 6.2% പേര്‍ക്കും മാത്രമേ ആശുപത്രി ചിലവുകള്‍ ഭാഗികമായെങ്കിലും തിരിച്ചുകിട്ടിയിട്ടുള്ളു. കൂടുതല്‍ പേരെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും എല്ലാവരിലേക്കും അത് എത്തിയില്ലെന്നു മാത്രമല്ല, കാര്യക്ഷമമായ സാമ്പത്തിക സംരക്ഷണം ലഭിക്കുന്നുമില്ല.
ഇന്‍ഷുറന്‍സ് അടിസ്ഥാനമാക്കിയുള്ള ആരോഗ്യ പരിരക്ഷ പദ്ധതികള്‍ ബജറ്റില്‍ ആരോഗ്യ സംരക്ഷണത്തിനായി കുറഞ്ഞ തുകകള്‍ മാത്രം വകയിരുത്തുന്നതിനു ഗവണ്മെന്റിനും പാവപ്പെട്ട ജനങ്ങളുടെ അസുഖങ്ങള്‍ ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്കും അവസരമൊരുക്കുന്നു. ആര്‍ എസ് ബി വൈ പദ്ധതിക്കൊപ്പം സംസ്ഥാനത്തിന്റേതായ ഒരു ഇന്‍ഷുറന്‍സ് പദ്ധതികൂടിയുള്ള ഛത്തീസ്ഗഡില്‍നിന്നും വെളിവായ ഒരു വസ്തുത അക്രഡിറ്റഡ് ആശുപത്രികള്‍ നഗരകേന്ദ്രീകൃതങ്ങളാണെന്നും ഗ്രാമീണ ദരിദ്രര്‍ക്ക് ചെന്നെത്താന്‍ കഴിയാത്തത്ര ദൂരത്താണെന്നുമാണ്. ആരോഗ്യ പദ്ധതികളുണ്ടെങ്കിലും അതിനു പുറമെ ചിലവാകുന്ന തുക ജനങ്ങളെ നേരിടുന്ന വലിയൊരു പ്രശ്‌നമായി ഉയര്‍ന്നുവന്നിട്ടുണ്ട്. പുറമെയുള്ള ചിലവുകള്‍ വല്ലാതെ വര്‍ദ്ധിക്കുന്നത് കൂടുതല്‍ പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിനീക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ജനസംഖ്യയില്‍ 7% അങ്ങനെയുള്ളവരാണ്.
എങ്ങനെ നോക്കിയിരുന്നാലും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത് സാര്‍വത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി ആകുന്നില്ല. എല്ലാവര്‍ക്കും എല്ലാ ചികിത്സാ ചിലവുകളും ലഭ്യമാകുന്നതാണ് സാര്‍വത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇവിടെ ജനസംഖ്യയുടെ 40% പേര്‍ക്ക് ആശുപത്രി ചികിത്സയുടെ ചിലവുമാത്രമാണ് ലഭിക്കുന്നത്. ആരോഗ്യ പരിരക്ഷാ ചെലവുകള്‍ക്കായി ജിഡിപിയുടെ 2.5-3% നീക്കിവയ്ക്കണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. ലോകത്ത് മറ്റു രാജ്യങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ 1-1.2% മാത്രമാണ്. അതായത് പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍ തെറ്റായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയെന്നല്ല പറയേണ്ടത്. ശിശുക്കളുടെയും അമ്മമാരുടെയും മരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യത്ത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആരോഗ്യത്തിനായി പകുതി തുക മാത്രം ചിലവഴിക്കുന്ന രാജ്യമെന്നാണ് പറയേണ്ടത്.

Write A Comment

 
Reload Image
Add code here