'ചെയിന്‍ കുടിയേറ്റ'ത്തിനു തടയിടാന്‍ ട്രമ്പ്

Thu,Jan 11,2018


പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ഏറ്റവും പുച്ഛിക്കപ്പെട്ടിരുന്ന അവകാശവാദം - താന്‍ 'മഹാനായോരു ഡീല്‍മേക്കര്‍' ആണെന്നത് - ശരിയാണെന്ന് തെളിയാന്‍ പോകുന്നുവോ? അമേരിക്കയിലെ ഏറ്റവും വിഭാഗീയ വിഷയങ്ങളിലൊന്നായ കുടിയേറ്റവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളിലെങ്കിലും ഉഭയകക്ഷി പിന്തുണയോടെ പരിഹാരം കാണാന്‍ പ്രസിഡന്റ് ട്രമ്പിനായാല്‍ ഈ അവകാശവാദം തെളിയിക്കാന്‍ അതിലപ്പുറം എന്തു വേണം? രണ്ടു കക്ഷികളിലും പെട്ട രണ്ട് ഡസനോളം നിയമനിര്‍മ്മാതാക്കളുമായി ടെലവിഷന്‍ കാമറയുടെ മുമ്പില്‍ ട്രമ്പ് നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ധാരണകള്‍ എന്തെങ്കിലും സൂചനയാണെങ്കില്‍, ഏറ്റവും വിഭാഗീയ വ്യക്തിയായി കണക്കാക്കപ്പെടുന്ന ട്രമ്പ്, ഏറ്റവും വിഭാഗീയമായ ഒരു വിഷയത്തില്‍ ഒരു ഡീല്‍ ഉണ്ടാക്കാന്‍ പോകുകയാണ്. പരസ്പര ചര്‍ച്ചയിലൂടെ കുടിയേറ്റ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിലെത്തുന്നതിനുള്ള ഒരു ചട്ടക്കൂട് ഉണ്ടാക്കിയാണ് ഇരു പാര്‍ട്ടികളിലെയും നിയമനിര്‍മ്മാതാക്കള്‍ മടങ്ങിയത്. ചില വിഷയങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോള്‍ മറ്റു ചില വിഷയങ്ങളില്‍ ഇരു കൂട്ടര്‍ക്കും മെച്ചമുണ്ടാകും എന്നതാണ് അതിന്റെ ആകര്‍ഷണീയത.
ധാരണ ഇങ്ങനെ:
ഉരുത്തിരിഞ്ഞ ധാരണകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാള്‍ അത് ഏറെക്കുറെ ഇങ്ങനെ ആയിരിക്കും: കുട്ടികളായിരിക്കുമ്പോള്‍ മാതാപിതാക്കളോടൊപ്പമോ അല്ലാതെയോ അനധികൃതമായി യുഎസില്‍ എത്തിയ, 'ഡ്രീമേഴ്‌സ്' എന്നറിയപ്പെടുന്ന, 800,000ത്തോളം യുവജനങ്ങള്‍ക്ക് യുഎസ് പൗരത്വത്തിലേക്കുള്ള വഴിതെളിയും. പകരം ''ചെയിന്‍ കുടിയേറ്റം'', വിസാ ലോട്ടറി എന്നിവ അവസാനിപ്പിക്കുകയും പകരം വിദഗ്ധരായ കുടിയേറ്റക്കാര്‍ക്ക് മാത്രം അവസരം നല്‍കുകയും ചെയ്യും. അതിര്‍ത്തി കള്‍ ഭദ്രമാക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കും. യുഎസ് - മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടണമെന്ന് ട്രമ്പ് ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നടക്കാനുളള സാദ്ധ്യത വിരളമാണ്. അനധികൃതമായി യുഎസില്‍ കഴിയുന്ന 11 ബില്യനോളം അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ ധാരണ ഉണ്ടാകാന്‍ ഇടയില്ല. ഇത്രയുമെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ ബാരാക് ഒബാമയ്ക്കും ജോര്‍ജ് ബുഷിനും കഴിയാത്ത നേട്ടമായിരിക്കും ട്രമ്പ് നേടുക. ഡ്രീമേഴ്‌സിനെ പുറത്താക്കുന്നത് തല്‍ക്കാലം നീട്ടിവയ്ക്കുന്നതിനും, അവര്‍ക്ക് തുടര്‍ന്നും പഠിക്കാനും ജോലി ചെയ്യാനുമുളള അനുമിതി നല്‍കാനുമായി പ്രസിഡന്റ് ഒബാമ പുറപ്പെടുവിച്ച 'ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ്' (ഡിഎസിഎ) ഉത്തരവിന്റെ കാലാവധി ഈ മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെ, അത് ദീര്‍ഘിപ്പിക്കുന്നതെല്ലെന്ന് ട്രമ്പ് വ്യക്തമാക്കിയിരുന്നതാണ്. അതിനാല്‍ മാര്‍ച്ചിനു ശേഷം ഇത്തരക്കാരെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. അവരെ സംരക്ഷിക്കാന്‍ ഡെമോക്രാറ്റുകള്‍ വലുതായി ആഗ്രഹിക്കുന്നുണ്ട്. ചില വിട്ടുവീഴ്ചകള്‍ക്കു തയ്യാറായാല്‍ അക്കാര്യം സാധിക്കുമെന്നതാണ് ഡെമോക്രാറ്റ് പക്ഷത്തിനുള്ള 'ഇന്‍സെന്റീവ്'. ഡ്രീമേഴ്‌സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ കുടുംബ സമാഗമത്തിന്റെ പേരില്‍ യോഗ്യതയുള്ളവരും ഇല്ലാത്തവരുമായ വിദേശികള്‍ നിയമാനുസൃതം കുടിയേറുന്നത് തടയാനാകുമെന്നത് റിപ്പബ്ലിക്കന്‍ പക്ഷത്തിനുള്ള ഇന്‍സെന്റീവ്.
വിഭാഗീയ വിഷയം
ദശാബ്ദങ്ങളായി കുടിയേറ്റ പ്രശ്‌ന പരിഹാരം വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍മൂലം അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. 11 മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നേടുന്നതിനുള്ള വഴി തുറക്കുന്നതുള്‍പ്പെടെ കുടിയേറ്റവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന സമഗ്രമായ ഒരു നിയമനിര്‍മ്മാണമാണ് ഡെമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നത്. മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുകയും അതിര്‍ത്തി ഭദ്രമാക്കുകയും നിയമാനുസൃത കുടിയേറ്റം വിദഗ്ധരായവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയും വേണമെന്ന് റിപ്പബ്ലിക്കന്മാരും ആഗ്രഹിക്കുന്നു. ഇതു രണ്ടും പക്ഷേ നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്. കാരണം ഒരു വിഭാഗത്തിന്റെ ആഗ്രഹം സഫലമാകുന്നത് തടയാന്‍ എതിര്‍വിഭാഗത്തിനു കഴിയും; അത് മുതലാക്കി വോട്ടു നേടാനും. അതിനാല്‍ ഏറെങ്കിലും വിഷയങ്ങള്‍ പരസ്പര ധാരണയിലെത്തി പരിഹരിക്കാനായാല്‍ അത്രമയുമായി എന്ന ചിന്തയാണ് പ്രസിഡന്റിനെ ഭരിക്കുന്നതെന്നു തോന്നുന്നു. അതിനുള്ള സാദ്ധ്യതയാണ് തെളിഞ്ഞുവരുന്നത്.
സ്ഥാനാര്‍ത്ഥി ട്രമ്പും പ്രസിഡന്റ് ട്രമ്പും
തെരഞ്ഞെടുപ്പുകാലത്തെ വാചകക്കസര്‍ത്തുകള്‍ വച്ചുനോക്കിയാല്‍ ഇത്തരമൊരു ധാരണയ്ക്ക് പച്ചക്കൊടി കാണിക്കാന്‍ ഏറ്റവും സാദ്ധ്യതയില്ലാത്ത വ്യക്തിയാണ് പ്രസിഡന്റ് ട്രമ്പ്. പരസ്പര ധാരണകളുടെ ചട്ടക്കൂട് ഇനിയും ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതുണ്ട്. ഒരു പക്ഷത്തിന്റെ നയപരമായ വിജയം അംഗീകരിക്കാന്‍ മറുഭാഗം എത്രമാത്രം തയ്യാറാകുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റ വിജയം സ്ഥിതി ചെയ്യുന്നത്. ഡ്രീമേഴ്‌സിനെ പുറത്താക്കണമെന്ന് വാശിപിടിക്കുന്ന റിപ്പബ്ലിക്കന്മാരെ പ്രസിഡന്റിനു കൈകാര്യം ചെയ്യേണ്ടിവരും. അത്തരക്കാരുടെ ശബ്ദമാണ് ഉച്ചത്തില്‍ കേള്‍ക്കുന്നതെങ്കിലും അവര്‍ എണ്ണത്തില്‍ കുറവാണെന്ന മെച്ചമുണ്ട്. ട്രമ്പിന്റെ വോട്ടര്‍മാരില്‍ ചിലര്‍ പിണങ്ങും എന്ന പ്രശ്‌നവുമുണ്ട്. എങ്കിലും ജീവിതത്തിന്റെ അധിക കാലവും യുഎസില്‍ കഴിയുകയും അവിടവുമായി ഇഴുകിച്ചേരുകയും ചെയ്ത ഡ്രീമേഴ്‌സിന് മറ്റുള്ളവരേക്കാള്‍ പൗരത്വത്തിനുള്ള അവകാശമുണ്ടെന്ന് വാദിക്കാം. ഡ്രീമേഴ്‌സിന്റെ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കി വോട്ടുനേടുന്നതില്‍നിന്നും ഡെമോക്രാറ്റുകളെ തടയുകയും, ആ പ്രശ്‌നം പരിഹരിച്ചതിന്റെ പേരില്‍ അഭിമാനിക്കുകയും ചെയ്യാമെന്ന മെച്ചം റിപ്പബ്ലിക്കന്മാര്‍ക്കുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യുഎസ് സമ്പദ്ഘടനയ്ക്കും സൈന്യത്തിനും ഇപ്പോള്‍ത്തന്നെ സംഭാവനകല്‍ നല്‍കുന്ന ഡ്രീമേഴ്‌സിന്റെ പ്രശ്‌നം ഡെമോക്രാറ്റുകളുടെ മുന്‍ഗണനയിലുള്ള കാര്യമാണ്. പക്ഷേ, കുടുംബ സമാഗമത്തിന്റെ പേരില്‍ യുഎസ് പൗരത്വം ഉള്ളവരും ഗ്രീന്‍കാര്‍ഡ് ഉള്ളവരുമായ വിദേശികള്‍ ബന്ധുക്കള്‍ക്ക് പ്രവേശനം നേടുന്ന പദ്ധതി ഉപേക്ഷിക്കാന്‍ കുട്ടുനില്‍ക്കേണ്ടിവരും. അതുപോലെ കുടിയേറ്റം കുറവുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള വിസാ ലോട്ടറി അവസാനിപ്പിക്കാനും കൂട്ടുനില്‍ക്കേണ്ടിവരും. പക്ഷേ, മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടണമെന്ന ട്രമ്പിന്റെ ആവശ്യം ഡെമോക്രാറ്റുകള്‍ ശക്തിയായി എതിര്‍ക്കും. ചില റിപ്പബ്ലിക്കന്മാരും അവരെ അനുകൂലിക്കും. മതില്‍കെട്ടാന്‍ കൂട്ടുനില്‍ക്കുന്നത് ട്രമ്പിന് രാഷ്ട്രീയ വിജയം സമ്മാനിക്കുന്നതിനു പുറമെ മതില്‍ കെട്ടുന്നതുകൊണ്ടുമാത്രം അനധികൃത കുടിയേറ്റം തടയാനാവില്ലെന്നും അവര്‍ വാദിക്കുന്നു. ട്രമ്പിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചാല്‍പോലും അത് യാഥാര്‍ത്ഥ്യമാകുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവരും. കാരണം ഒട്ടേറെ സ്വകാര്യ ഭൂമി അതില്‍ ഉള്‍പ്പെടുന്നുണ്ട്. വളരെ ചെലവേറിയ പദ്ധതി അടുത്ത പ്രസിഡന്റ് ഉപേക്ഷിക്കാനും സാദ്ധ്യതയുണ്ട്. അടുത്തവര്‍ഷം കോണ്‍ഗ്രസ് തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്മാര്‍ക്ക് ഒരു രാഷ്ട്രീയവിജയം സമ്മാനിക്കാന്‍ ആഗ്രഹിക്കുകയില്ല.
കോടതി ഇടപെടല്‍
ഇതിനിടെ ഒബാമയുടെ ഡിഎസിഎ ഉത്തരവ് റദ്ദാക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയ ഫെഡറല്‍ കോടതികള്‍ക്കെതിരെ പ്രസിഡന്റ് ട്രമ്പ് ആഞ്ഞടിച്ചു. ''നമ്മുടെ കോടതി സംവിധാനം എത്രമാത്രം തകര്‍ന്നതും നീതിരഹിതവുമാണെന്നാണ് ഇതു കാണിക്കുന്നതെ''ന്ന് ട്രമ്പ് പറഞ്ഞു. ഗവണ്മെന്റിന്റെ ഉത്തരവുകള്‍ 9-ാം സര്‍ക്യൂട്ട് കോടതി റദ്ദാക്കുകയും സുപ്രീം കോടതി അത് തിരുത്തുകയും ചെയ്യുന്നത് പതിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള ഡിസ്ട്രിക്ട് ജഡ്ജാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും തടഞ്ഞുകൊണ്ട് ട്രമ്പ് പുറപ്പെടുവിച്ച രണ്ട് ഉത്തരവുകള്‍ ഫെഡറല്‍ കോടതികള്‍ തടയയുകയും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ താല്ക്കാലികമായി അനുവദിക്കുകയും ചെയ്തിരുന്നു. അതുപോലെ, അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നഗരങ്ങള്‍ക്ക് (സാങ്ച്വറി സിറ്റീസ്) ഫെഡറല്‍ സഹായം നിഷേധിക്കുന്ന ഉത്തരവ് ദേശവ്യാപകമായി തടഞ്ഞുകൊണ്ട് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ഫെഡറല്‍ കോടതി നവംബറില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Write A Comment

 
Reload Image
Add code here