സൗദി രാജകുമാരന്റേത് തീക്കളി

Thu,Jan 11,2018


സൗദി രാജഭരണത്തിന്റെ അടിത്തറ മതമൗലികവാദികളുടെ പിന്തുണയായിരുന്നു. ഭരണം നിലനിറുത്താന്‍ മതമൗലികവാദത്തെ (വഹാബിസം) കയറൂറി വിടുകയും അതിന്റെ പ്രചാരണത്തിനായി കണക്കറ്റ എണ്ണപ്പണം ലോകമെമ്പാടും ഒഴുക്കുകയും ചെയ്തു. ഒടുവില്‍ മതമൗലികവാദം കരാളരൂപംപൂണ്ട് അല്‍ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങി നൂറുകണക്കിന് തീവ്രവാദി സംഘങ്ങളുടെ രൂപങ്ങളില്‍ ലോകത്തിന്റെ സമാധാനം കെടുത്തുകയും; സൗദിയിലേതടക്കം ഇസ്ലാമിക ഭരണകൂടങ്ങള്‍ക്ക് ഭീഷണിയായി മാറുകയും ചെയ്തു. അതിനൊപ്പംതന്നെ എണ്ണവില ഇടിഞ്ഞു. എണ്ണപ്പണത്തിന്റെ കൊഴുപ്പില്‍ രമിച്ചിരുന്ന സൗദി അറേബ്യ പോലുള്ള രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുകയും ചെയ്തു. ഈ രണ്ടു പ്രതിസന്ധികള്‍ക്കും പരിഹാരം കാണാതെ ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പില്ല എന്ന അവസ്ഥ സംജാതമായപ്പോള്‍, അതിനുള്ള വഴിതേടുകയായിരുന്നു സൗദിയിലെ കിരീടാവകാശി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. എണ്ണ വരുമാനത്തിലുള്ള രാജ്യത്തിന്റെ ആശ്രിതത്വം കുറച്ച് സമ്പദ്ഘടനയെ ഉടച്ചുവാര്‍ക്കാന്‍ 'വിഷന്‍ 2030' എന്ന പേരില്‍ പദ്ധതി തയ്യാറാക്കി നടപ്പാക്കിവരുന്നു; മതമൗലികവാദത്തില്‍നിന്നും രാജ്യത്തെ കരകയറാന്‍ സാമൂഹ്യ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുകയുമാണ്. എന്നാല്‍ അതെല്ലാം തീക്കളിയായി മാറുകയാണെന്ന് നിരീക്ഷകര്‍ കരുതുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളും അതിന്റെ ഭാഗമായ ചെലവുചുരുക്കലും നികുതി നടപ്പാക്കലുമെല്ലാം, ഗവണ്മെന്റിന്റെ ഔദാര്യങ്ങള്‍ പറ്റി സുഖമായി കഴിഞ്ഞിരുന്ന ജനങ്ങള്‍ക്കും, എന്തിന്, സുഭിക്ഷതയില്‍ കഴിഞ്ഞിരുന്ന രാജകുടുംബാംഗങ്ങള്‍ക്കുപോലും അസ്വസ്ഥത ഉണ്ടാക്കുന്നു. ഇതില്‍ പ്രതിഷേഷിച്ച 11 രാജകുമാരന്മാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് ഈ അടുത്ത ദിവസമാണ്. ആപാദചൂഡം പര്‍ദ്ദ ധരിച്ച സ്ത്രീകള്‍ കണ്ണുകള്‍ പോലും പുറത്തുകാട്ടരുതെന്ന ഫത്വ പുറപ്പെടുവിച്ച മതനേതാക്കളുള്ള രാജ്യത്ത്, ധൃതിപിടിച്ച് നടപ്പാക്കുന്ന സാമൂഹ്യ പരിഷ്‌കാരങ്ങള്‍ ടൈംബോബാണെന്ന് നിരീക്ഷകര്‍ ഭയക്കുന്നു. സൗദി ഭരണകൂടം ഇപ്പോള്‍ തീയും വെടിമരുന്നുംകൊണ്ടു കളിക്കുകയാണ്.
എല്ലാം മതമയം
സൗദിയില്‍ എല്ലാം നിയന്ത്രിച്ചിരുന്നത് മതമായിരുന്നു. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സുന്നി ഇസ്‌ലാമിക യാഥാസ്ഥിതികത്വമായിരുന്നു നടമാടിയിരുന്നത്. നാല് ദശകങ്ങള്‍ക്ക് മുമ്പാണ് അവിടെ യാഥാസ്ഥിതിക ശക്തികള്‍ ആധിപത്യമുറപ്പിച്ചത്. അതിനുശേഷമുള്ള തലമുറകളെ രൂപപ്പെടുത്തിയത് അവരായിരുന്നു. മതത്തിന്റെ ആ നിയന്ത്രണം ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയാണ്. എണ്ണയെ ആശ്രയിച്ചു കഴിയുന്ന സമ്പദ്ഘടനയെ വൈവിധ്യവല്‍ക്കരിക്കുകയെന്ന ആവശ്യവും ഭരണാധികാരികള്‍ നേരിടുന്നു. മുന്‍ഗാമികളെ അപേക്ഷിച്ച് വളരെ വേഗതയില്‍ ആ ദിശയില്‍ അവര്‍ മുന്നേറുകയുമാണ്. കിരീടാവകാശിയായ 32 കാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. സമ്പദ്ഘടനയെ സമൂലമായി ആധുനികവല്‍ക്കരിക്കുന്നതിനു സാമൂഹ്യമായ ഉദാരവല്‍ക്കരണം കൂടിയേ മതിയാകൂ എന്നദ്ദേഹം മനസ്സിലാക്കുന്നു. കൂടുതല്‍ സഹിഷ്ണുത പുലര്‍ത്തുന്ന ഇസ്‌ലാമികതയിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുപോകുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.
'രാജ്യം മുമ്പ് എന്തായിരുന്നുവോ അതിലേക്ക് തിരിച്ചുപോകുക മാത്രമേ ഞങ്ങള്‍ ചെയ്യുന്നുള്ളു. ലോകത്തോട്, എല്ലാ മതങ്ങളോടും എല്ലാ പാരമ്പര്യങ്ങളിലുംപെട്ട ആള്‍ക്കാരോടും കൂടുതല്‍ തുറന്ന സമീപനം കാട്ടുന്ന, മിതവാദപരമായ ഇസ്‌ലാമിക കാലത്തേക്കാണ് ഞങ്ങള്‍ തിരിച്ചു പോകുന്നത്', റിയാദില്‍ ഒക്ടോബറില്‍ ഒരു നിക്ഷേപക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ലോകത്ത് സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യുന്നതിന് വിലക്കുണ്ടായിരുന്ന ഒരേയൊരു രാജ്യമായിരുന്നു സൗദി. ഈ വേനല്‍ക്കാലത്ത് ആ വിലക്ക് ഇല്ലാതെയാകും. 35 വര്‍ഷത്തെ നിരോധനത്തിന് ശേഷം സിനിമ തീയേറ്ററുകള്‍ വീണ്ടും ഉടന്‍ തുറക്കും. നിഷിദ്ധമായിരുന്ന സംഗീത പരിപാടികള്‍ തിരിച്ചു വരുകയാണ്. ഇതാദ്യമായി സൗദിയില്‍ വെള്ളിയാഴ്ച സ്ത്രീകള്‍ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണും. എന്നാല്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മതയാഥാസ്ഥിതിക ശക്തികളില്‍നിന്നും കടുത്ത എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. സ്ത്രീകളെ ഡ്രൈവ് ചെയ്യാന്‍ അനുവദിച്ചതിനെതിരെ സൗദിയിലെ ഒരുയര്‍ന്ന ഇസ്‌ലാമിക സമിതിയിലെ അംഗം സ്വന്തം വെബ്‌സൈറ്റില്‍ കുറിച്ചതിങ്ങനെ: ''സ്ത്രീകളെ ഡ്രൈവ് ചെയ്യാന്‍ അനുവദിച്ചാല്‍ രാത്രിയിലും പകലുമൊക്കെ അവര്‍ യഥേഷ്ടം സഞ്ചരിക്കും. അപ്പോള്‍ പ്രലോഭനങ്ങള്‍ ഉണ്ടാകും; അതിനവര്‍ എളുപ്പം വഴിപ്പെടും'. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉദാരവല്‍ക്കരണ നടപടികളുടെ ഫലമായി ഉണ്ടാകുമെന്നു അതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ ജന്മരാജ്യമെന്ന നിലയില്‍ സൗദിക്ക് അതിന്റെ വ്യക്തിത്വം നഷ്ടപ്പെടുന്നതിനോട് യോജിക്കാനാവില്ല എന്നാണു എതിര്‍ വിഭാഗത്തിന്റെ നിലപാട്. രാജ്യത്ത് പല നിരോധനങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നു, അവ എന്നെങ്കിലും നീക്കം ചെയ്യപ്പെടുമോ എന്നറിയില്ല. സ്ത്രീകള്‍ കാല്‍പ്പാദങ്ങള്‍വരെ എത്തുന്ന നീളന്‍ കുപ്പായങ്ങള്‍ ധരിക്കണം; റസ്റ്ററന്റുകളിലും തൊഴിലിടങ്ങളിലും പുരുഷനും സ്ത്രീയും അകലം പാലിക്കണം; സ്ത്രീകള്‍ക്ക് പുരുഷ സംരക്ഷകന്‍ ഉണ്ടായിരിക്കണം; അയാളുടെ അനുമതിയോടെ മാത്രമേ വിവാഹം കഴിക്കാനും വിദേശങ്ങളിലേക്ക് യാത്ര ചെയ്യാനും കഴിയുകയുള്ളു; പ്രാര്‍ത്ഥനാ വേളയില്‍ ഒരു ദിവസം പല പ്രാവശ്യം കടകളെല്ലാം അടയ്ക്കണം; മുസ്ലിങ്ങളല്ലാത്തവര്‍ക്കു പരസ്യമായി അവരുടെ വിശ്വാസം പ്രകടിപ്പിക്കാന്‍ അനുവാദമില്ല.
വഹാബിസം വന്ന വഴി
സൗദിയിലെ ഇസ്‌ലാമിക യാഥാസ്ഥിതികത്വവും രാജകുടുംബവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. 18-ാം നൂറ്റാണ്ടില്‍ സൗദി രാജാക്കന്മാര്‍ ഇസ്‌ലാമിക മതപ്രബോധകനായ ഇബ്ന്‍ അബ്ദു അല്‍ വഹാബുമായി ഒരു സഖ്യമുണ്ടാക്കി. അതുവഴി പ്രവാചകനായ മുഹമ്മദും അനുയായികളും അനുവര്‍ത്തിച്ചിരുന്ന യഥാര്‍ത്ഥ വിശ്വാസം നടപ്പാക്കുന്നതിനുള്ള സ്വാതന്ത്ര്യം വഹാബിന് ലഭിച്ചു. അതാണ് വഹാബിസം എന്നറിയപ്പെടുന്ന സുന്നി ഇസ്‌ലാമിക യാഥാസ്ഥിതികത്വം. അത് സൗദിയുടെ ഔദ്യോഗിക മതസംഹിതയായി. രാജ്യത്തിനുള്ളിലും വിദേശങ്ങളിലുമുള്ള ജിഹാദികള്‍ക്ക് പ്രചോദനമായി അതു മാറി. വഹാബിന്റെ പിന്‍ഗാമികളും രാജകുടുംബവും തമ്മിലുള്ള സഖ്യത്തിലൂടെയാണ് 1932ല്‍ ആധുനിക സൗദി രാഷ്ട്രം രൂപംകൊണ്ടത്. അന്നു മുതല്‍ മതകേന്ദ്രങ്ങളുടെ പിന്തുണയോടെയാണ് രാജാക്കന്മാര്‍ ഭരിച്ചിരുന്നത്. നീതിന്യായ വ്യവസ്ഥപോലും ശരിയത് അഥവാ ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാനത്തിലായി. രാജാവിനെ അനുസരിക്കേണ്ടത് മതപരമായ കടമയായി വഹാബിസം അനുയായികളെ പഠിപ്പിച്ചു. ദശകങ്ങളായി സൗദി സമൂഹത്തില്‍ മാറ്റങ്ങള്‍ക്കു ശ്രമിച്ചപ്പോഴൊക്കെയും ഗോത്രവര്‍ഗ പാരമ്പര്യങ്ങളും മതപരമായ പരിഗണനകളും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥയിലൂടെയാണ് സൗദി അറേബ്യ മുന്നോട്ടുപോയത്. ഇത് ലോകത്തെ ഒരു മതയാഥാസ്ഥിതിക രാജ്യമാക്കി സൗദിയെ മാറ്റി. മതയാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ടുതന്നെ ടെലിവിഷന്‍ സൗകര്യങ്ങള്‍ അനുവദിക്കുന്നതിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുന്നതിലും സൗദി ഭരണകൂടം നടപടികള്‍ സ്വീകരിച്ചു.
1979ല്‍ ഇസ്‌ലാമികതയുടെ കളിത്തൊട്ടിലെന്ന സൗദിയുടെ പദവിക്ക് വെല്ലുവിളി ഉയര്‍ത്തിയ രണ്ടു സംഭവങ്ങളോടെ അവിടെ മതയാഥാസ്ഥിതിക ശക്തികള്‍ മേല്‍ക്കൈ നേടി. അതിലൊന്ന് ഇറാനിലെ ഇസ്‌ലാമിക വിപ്ലവമായിരുന്നു. മറ്റൊന്ന് ഇസ്‌ലാമിന്റെ പുണ്യകേന്ദ്രമായ മെക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ സായുധരായ തീവ്രവാദികള്‍ തീര്‍ത്ത ഉപരോധമായിരുന്നു. തങ്ങളുടെ ഭരണത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയ തീവ്ര മതയാഥാസ്ഥിതിക ശക്തികളെ പ്രീതിപ്പെടുത്താന്‍ ഭരണാധികാരികള്‍ ശ്രമിച്ചു. സമൂഹത്തില്‍ കര്‍ശനമായ പെരുമാറ്റ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുന്നതും വിദ്യാഭ്യാസ രീതി ഉടച്ചുവാര്‍ക്കുന്നതും അസഹിഷ്ണുതയില്‍ അധിഷ്ഠിതമായ വീക്ഷണങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത് ഉമുള്‍പ്പടെ എല്ലാ സ്വാതന്ത്ര്യങ്ങളും മത യാഥാസ്ഥിതികര്‍ക്കു നല്‍കി. രാജ്യത്ത് പുതുതായി കണ്ടെത്തിയ അളവറ്റ എന്ന എണ്ണ സമ്പത്ത് ഉല്‍പ്പാദനക്ഷമതക്കുമേല്‍ മതത്തിനു പ്രാധാന്യം നല്‍കുന്നതിന് ഭരണാധികാരികളെ സഹായിച്ചു. രാജ്യത്തിനുള്ളിലും വിദേശങ്ങളിലും മതപരമായ കാര്യങ്ങള്‍ക്കുള്ള ഫണ്ട് ഭരണകൂടം അനുവദിച്ചു. വിദേശമൂലധന നിക്ഷേപങ്ങള്‍ അവര്‍ തേടിയതുമില്ല. തൊഴിലിടങ്ങളില്‍ പുരുഷനും സ്ത്രീയും ഇടകലരുന്നത് നിരോധിച്ചതുള്‍പ്പടെയുള്ള കര്‍ക്കശമായ കാര്യങ്ങളിലൂടെ വിദേശ നിക്ഷേപകരെ അകറ്റിനിര്‍ത്തുകയും ചെയ്തു. മത കാര്‍ക്കശ്യങ്ങള്‍ക്കു വഴങ്ങി ടൂറിസം, വിനോദം തുടങ്ങിയ മേഖലകള്‍ അവഗണിക്കുകയും ചെയ്തു. സൗദി അറേബ്യയില്‍ സംഭവിച്ച കുത്തനെയുള്ള ഈ മാറ്റം രാജ്യത്തെവിടെയുമുള്ള ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു. ചരിത്രപരമായി സൗദിയിലെ തുറന്ന സമൂഹമായിരുന്നു ആസിര്‍ മേഖലയില്‍ ഉണ്ടായിരുന്നത്. സൗദിയിലെ മറ്റേതു മേഖലയെക്കാളും ഫലഭുയിഷ്ഠമായിരുന്ന അവിടെ ഗോതമ്പ് പാടങ്ങളില്‍ പുരുഷനും സ്ത്രീയും ഒരുമിച്ചു പാട്ടുകള്‍ പാടി ജോലി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളായിരുന്നു സജീവമായിരുന്നത്. എണ്ണപ്പണത്തിന്റെ പ്രവാഹവും മത യാഥാസ്ഥിതികത്വവും 1980കളുടെ തുടക്കത്തോടെ അതെല്ലാം അപ്രത്യക്ഷമാക്കി. പുരുഷനും സ്ത്രീയും ഒരുമിച്ചു കൂടുന്നതിനോ പാട്ടുകള്‍ പാടുന്നതിനോ നൃത്തം ചെയ്യുന്നതിനോ കഴിയുന്നില്ല. സിനിമപോലും കാണാന്‍ കഴിയുന്നില്ല. പൊതുനിരത്തില്‍ ആപാദചൂഡം മറയുന്ന വസ്ത്രങ്ങള്‍ ധരിച്ചാകണം സ്ത്രീകള്‍ ഇറങ്ങേണ്ടത്. അസിര്‍ പോലെയുള്ള പ്രദേശങ്ങളില്‍ അങ്ങനെയൊരു വസ്ത്രധാരണ രീതി ഉണ്ടായിരുന്നില്ല. തെറ്റും ശരിയും തീരുമാനിക്കാന്‍ മത പോലീസ് രംഗത്തുവന്നു. അവര്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിനടന്ന് പുതിയ ക്രമം അടിച്ചേല്‍പ്പിച്ചു. പാഠപുസ്തകങ്ങള്‍ വഹാബി പുരോഹിതന്മാരുടെ പ്രബോധനങ്ങളാല്‍ നിറഞ്ഞു. ക്രിസ്ത്യാനികളെയും ജൂതന്മാരെയും ഷിയാ മുസ്ലിങ്ങളെയും വെറുക്കാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ റിക്രൂട്ട് ചെയ്യുന്ന സ്ഥിതിപോലും ഉണ്ടായി. ഗവണ്മെന്റിന്റെ സഹായത്തോടെ സൗദി മതസംഘടനകള്‍ അതിര്‍ത്തിക്ക് പുറത്തേക്കും ഇസ്‌ലാമിക വ്യാഖ്യാനങ്ങള്‍ എത്തിക്കുകയും ജിഹാദികളുടെ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തു. ഒരിക്കല്‍ കൃഷിക്ക് ഫലഭുയിഷ്ഠമായിരുന്ന അസീറിന്റെ മണ്ണ് ജിഹാദികളുടെ വിളനിലമായി. സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്ന 17 സൗദി പൗരന്മാരില്‍ 11 പേരും അസീറില്‍ നിന്നുമുള്ളവരായിരുന്നു.
മാറ്റങ്ങള്‍ക്ക് തുടക്കം
ജനുവരി ആദ്യം സൗദി തലസ്ഥാനത്ത് ഹിബ തവാജിയുടെ സംഗീത പരിപാടി നടന്നു. ദശകങ്ങള്‍ക്കുശേഷം ആദ്യമായി ഒരു ഗായികയുടെ പരിപാടിയാണ് അവിടെ നടന്നത്. ശ്രോതാക്കള്‍ കസേരകളില്‍നിന്നും എഴുന്നേല്‍ക്കുകയും നൃത്തം ചവിട്ടുകയും ആര്‍പ്പുവിളിക്കുകയും ചെയ്തു. അമേരിക്കന്‍ റാപ് സംഗീതജ്ഞനായ നെല്ലിയുടെ ഒരു പരിപാടിയും കഴിഞ്ഞ മാസം നടന്നു. ഇപ്പോഴും ചില വിലക്കുകള്‍ അവശേഷിക്കുന്നു. ഹിബയുടെ പരിപാടിയില്‍ സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു. നെല്ലിയുടെ പരിപാടി പുരുഷന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. 2015 ആദ്യം സല്‍മാന്‍ രാജാവ് സിംഹാസനത്തില്‍ അവരോധിതനാകുമ്പോള്‍ ഇത്രയും സമഗ്രമായ സാമൂഹ്യ മാറ്റങ്ങള്‍ക്കു അദ്ദേഹം നേതൃത്വം നല്‍കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കടുത്ത മുസ്ലിം വിശ്വാസിയായ അദ്ദേഹം റിയാദിലെ ഗവര്‍ണ്ണരെന്ന നിലയില്‍ ദശകങ്ങളോളം തുടര്‍ന്നപ്പോള്‍ മതസ്ഥാപനങ്ങളുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. സൗദിയിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ലിബറല്‍ ആയിരുന്ന മുന്‍ഗാമി അബ്ദുള്ള രാജാവിനെ അപേക്ഷിച്ച് മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള സ്വാധീനം സല്‍മാന്‍ രാജാവിനും മകനും മതകേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നു എന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
എണ്ണയുടെ വിലയിടിയുന്ന സാഹചര്യത്തില്‍ സൗദിയിലെ സാമൂഹ്യ നിയമങ്ങളില്‍ അയവു വരുത്തേണ്ടത് മുഹമ്മദ് രാജകുമാരന് സാമ്പത്തികവും രാഷ്ട്രീയവുമായ ആവശ്യകതയായി മാറി. എണ്ണയോടുളള രാജ്യത്തിന്റെ ആശ്രിതത്വം കുറയ്ക്കുക എന്ന വലിയ പദ്ധതിയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും 30 വയസ്സില്‍ താഴെയുള്ളവരാണ്. തൊഴില്‍രഹിതരുടെ എണ്ണം 12.8% മാണ്. വിദേശ നിക്ഷേപകര്‍ക്കും രാജ്യത്തെ യുവാക്കള്‍ക്കും കൂടുതല്‍ ആകര്‍ഷകമാക്കി രാജ്യത്തെ മാറ്റുകയെന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. തൊഴില്‍ ചെയ്യുന്നവരുടെ കൂട്ടത്തിലേക്കു കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരുകയും വേണം. ഈ ശ്രമങ്ങളില്‍ പരാജയപ്പെട്ടാല്‍ വലിയ അപകടമായിരിക്കും ഉണ്ടാകുക. അടുത്ത തലമുറയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനു പുറമെ രാജ്യത്തിനുള്ളില്‍ തീവ്രവാദ ശക്തികളുടെ ഒളിപ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്ന സ്ഥിതിയുമുണ്ടാകും.
ശക്തി ചോരുന്ന യാഥാസ്ഥിതികര്‍
ഒരു ദശകത്തിനു മുമ്പ് മത യാഥാസ്ഥിതിക ശക്തികള്‍ക്കുണ്ടായിരുന്ന സ്വാധീനം ഇന്നവര്‍ക്കില്ല. സാറ്റലൈറ്റ് ടെലിവിഷനും ഇന്റര്‍നെറ്റുമെല്ലാം സൗദിയിലെ ജനങ്ങളെ സ്വാധീനിച്ചു. വിവിധ ചിന്താസരണികള്‍ അവര്‍ മനസിലാക്കുന്നു. ഗവണ്മെന്റ് സ്‌കോളര്‍ഷിപ്പുകളുടെ സഹായത്തോടെ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഒരു ലക്ഷത്തിലേറെ സൗദി യുവതീ യുവാക്കള്‍ പാശ്ചാത്യ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാഭ്യാസം നേടി രാജ്യത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പാശ്ചാത്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ അധ്യാപകരുടെ ഒരു സംഘത്തെ കഴിഞ്ഞവര്‍ഷം അയച്ചിരുന്നു. 2016ല്‍ മത പോലീസിന്റെ അധികാരങ്ങള്‍ ഗവണ്മെന്റ് നിര്‍ത്തലാക്കി. അവര്‍ക്കിപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. സൗദിയില്‍ വഹാബി പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചിരുന്ന മുസ്ലിം വേള്‍ഡ് ലീഗ് എന്ന സംഘടനയെ മിതവാദിയായ ഒരു പുരോഹിതനാണിപ്പോള്‍ നയിക്കുന്നത്. മതങ്ങള്‍ തമ്മിലുള്ള ധാരണ വളര്‍ത്തുന്നതിന് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നു. വിമതര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സെപ്റ്റംബറില്‍ ഡസന്‍ കണക്കിന് മത പുരോഹിതന്മാരെ അറസ്റ്റ് ചെയ്തു. രാജാധികാരത്തെ വെല്ലുവിളിച്ചിരുന്ന ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശക്തമായ 'ഇസ്‌ലാമിക ഉണര്‍വ്' എന്ന സംഘടനയില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. അതിലെ അംഗങ്ങള്‍ മിക്കവരുമിപ്പോള്‍ മിതവാദികളായി മാറിയിട്ടുണ്ട്.
മത പോലീസിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചത് ഉള്‍പ്പടെയുളള പരിഷ്‌ക്കരണങ്ങളെ എതിര്‍ത്ത ഖാലിദ് ബിന്‍ തലാല്‍ രാജകുമാരനും അറസ്റ്റിലായി. അടിച്ചമര്‍ത്തല്‍ നടപടികളെ തുടര്‍ന്ന് പല മത പുരോഹിതരുമിപ്പോള്‍ സാമൂഹ്യ പരിഷ്‌ക്കരണങ്ങളെ അനുകൂലിക്കുകയാണ്. മുഹമ്മദ് പ്രവാചകന്റെ പ്രബോധനങ്ങള്‍ വ്യാഖ്യാനിക്കുന്നതിനായി ഗവണ്മെന്റ് പുതിയൊരു കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. അക്രമങ്ങളെ ന്യായീകരിക്കുന്നത് തടയാന്‍ വേണ്ടിയാണിത്. റിയാദ് ഉള്‍പ്പടെയുളള നഗരങ്ങളില്‍ സ്ത്രീകള്‍ കറുത്ത വസ്ത്രങ്ങള്‍ മാറ്റി കൂടുതല്‍ വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിച്ചുതുടങ്ങി. മുഖാവരണം തോള്‍ഭാഗംവരെ മതിയെന്നായിട്ടുണ്ട്. 30 വര്‍ഷം നീണ്ടുനിന്ന കടുത്ത മതയാഥാസ്ഥിതികത്വത്തിനു ശേഷം മാറ്റങ്ങളോട് ചെറുത്തുനില്‍ക്കുന്ന പ്രദേശങ്ങളുമുണ്ട്. സിനിമയല്ല, തൊഴിലാണ് ആവശ്യമെന്നു ചിലര്‍ പറയുന്നു. സിനിമ കാണിച്ചാലും അത് ശരിയത് നിയമങ്ങള്‍ക്ക് അനുസൃതമായുള്ളവ ആയിരിക്കണമെന്നു നിര്‍ബ്ബന്ധിക്കുന്നവരുമുണ്ട്. എന്നാല്‍ കടുത്ത മത യാഥാസ്ഥിതിക കേന്ദ്രങ്ങളില്‍പ്പോലും സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ സാമൂഹ്യ മാറ്റങ്ങള്‍ക്കു നിര്‍ബ്ബന്ധിതമാക്കുന്നുവെന്ന തോന്നലുണ്ടായിട്ടുണ്ട്.

Write A Comment

 
Reload Image
Add code here