വി.എസ് തീര്‍ന്നു; സിപിഎമ്മില്‍ ഇനി പിണറായി മാത്രം

Thu,Jan 11,2018


സിപിഎം സംസ്ഥാന സമ്മേളനം അടുത്ത മാസം നടക്കുമ്പോള്‍ പാര്‍ട്ടിയുടെ നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുവരുത്തിയിരിക്കുന്നു. അദ്ദേഹത്തെ വെല്ലുവിളിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയുണ്ട്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച പിണറായിക്ക് പാര്‍ട്ടിയുടെ ദേശീയനയത്തിലും വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് വ്യക്തമായി. തൃശൂരില്‍ ഫെബ്രുവരി 22-25 തീയതികളിലാണ് സിപിഐ(എം) സംസ്ഥാന സമ്മേളനം നടക്കുക. അതിനുമുമ്പ് 14 ജില്ലാ ഘടകങ്ങളിലും തന്റേതായിരിക്കും അവസാന വാക്കെന്ന് പിണറായി ഉറപ്പിച്ചു. കേരളത്തിലെ പാര്‍ട്ടി പിണറായി വിജയന്‍ ഗ്രൂപ്പെന്നും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പെന്നുമുള്ള രണ്ടു വിഭാഗങ്ങളായി തിരിഞ്ഞതൊക്കെ ഇനി കഴിഞ്ഞകാല ചരിത്രം മാത്രമായി അവശേഷിക്കും. വിഎസ് പക്ഷത്തിന്റെ കോട്ടകളായിരുന്ന എറണാകുളവും ആലപ്പുഴയും കൊല്ലവുമെല്ലാം ഇന്ന് ഔദ്യോഗിക ചേരിയിലാണ്. സാമ ഭേദ ദണ്ഡങ്ങള്‍ ഉപയോഗിച്ച് പിണറായിയും കോടിയേരിയും അവരുടെ വിശ്വസ്തരും എതിര്‍ചേരിക്കാരെ വരുതിയിലാക്കിയിട്ടുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ പ്രചാരണത്തെ നയിച്ചുവെങ്കിലും രണ്ടാമതും മുഖ്യമന്ത്രിയാകുന്നതിനുള്ള വിഎസിന്റെ ശ്രമങ്ങളെ പിണറായി തകിടം മറിച്ചു. പിന്നീട് വിജയന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തലമുതിര്‍ന്ന നേതാവായ വിഎസിനൊപ്പം ചുരുക്കം ചിലര്‍ മാത്രമാണ് അവശേഷിച്ചത്.
സി പി എമ്മിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍, മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി അവസാന വാക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടേതായിരിക്കും. മുഖ്യമന്ത്രിക്ക് അത് കഴിഞ്ഞേ സ്ഥാനമുള്ളൂ. എന്നാലിപ്പോള്‍ സ്ഥിതി അതല്ല. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പിണറായി വിജയന്റെ ഒരു അനുബന്ധമായിട്ടാണ് കരുതപ്പെടുന്നത്. 1998 മുതല്‍ 2015 വരെയുള്ള 17 വര്‍ഷക്കാലം സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നു എന്നതാണ് പാര്‍ട്ടിയെ പിടിയിലൊതുക്കാന്‍ വിജയനെ സഹായിച്ചത്. ഈ കാലയളവില്‍ പാര്‍ട്ടിയുടെ വലിയ ജനകീയ നേതാവായ അച്യുതാനന്ദനെ നിഷ്പ്രഭനാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2015ലെ പാര്‍ട്ടി സമ്മേളനത്തില്‍ ദീര്‍ഘകാലമായി പാര്‍ട്ടി നേതൃത്വത്തില്‍ തുടരുകയായിരുന്നു വിജയന് തന്റെ സഹായികളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന് കഴിഞ്ഞിരുന്നുവെങ്കിലും പാര്‍ട്ടിയിലെ ചില സ്ഥാനങ്ങളില്‍ അച്യുതാനന്ദന്‍പക്ഷക്കാരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇക്കുറി പിണറായിക്ക് സ്വച്ഛന്ദം മുന്നോട്ടു പോകാന്‍ കഴിഞ്ഞു. ഈ മാസമൊടുവില്‍ 14 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാകുമ്പോള്‍ ഒരൊറ്റ നേതാവ് മാത്രമേ അമരത്തുണ്ടാകു. അത് 72 കാരനായ പിണറായി വിജയനായിരിക്കും. ജില്ലാ സമ്മേളനങ്ങളില്‍നിന്നും അച്യുതാനന്ദനെ പാടെ ഒഴിവാക്കി. സംസ്ഥാനത്തുനിന്നുള്ള പോളിറ്റ് ബ്യുറോ അംഗമായ എം എ ബേബിക്കും കാര്യമായ പങ്കൊന്നും നല്‍കിയില്ല. നിലവിലെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും പിണറായി വിജയനോട് വളരെ അടുപ്പം പുലര്‍ത്തുകയും ചെയ്യുന്ന കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സമ്മേളനത്തില്‍ മറ്റൊരു ഊഴംകൂടി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. വിഭാഗീയതയുടെ അലയൊലികള്‍ കുറഞ്ഞതോടെ ഇക്കുറി പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു പഴയ മാധ്യമശ്രദ്ധയില്ല. ഇനിയിപ്പോള്‍ എല്ലാ ശ്രദ്ധയും പതിയുക സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ആരൊക്കെ ഉള്‍പ്പെടുമെന്നതും, ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസ്ഥാനത്തുനിന്നും പങ്കെടുക്കേണ്ട 175ഓളം പ്രതിനിധികള്‍ ആരൊക്കെയാകും എന്നതായിരിക്കും.
പാര്‍ട്ടിയുടെ പശ്ചിമ ബംഗാളിലെ ഘടകത്തിന്റെ തിളക്കമെല്ലാം നഷ്ടപ്പെട്ടത് മുഖ്യമന്ത്രി കൂടിയായ പിണറായി വിജയന് പാര്‍ട്ടി കോണ്‍ഗ്രസില്‍ ലഭിക്കുന്ന ഒരു ബോണസ് ആയിരിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി വിജയന്റെ ബന്ധം ഊഷ്മളമല്ല. കേരളത്തില്‍ നിന്നുതന്നെയുള്ള മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് കാരാട്ടിനെപ്പോലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എന്തെങ്കിലും സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ക്കുന്ന നേതാവാണ് പിണറായിയും. എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയും വലതുപക്ഷ ശക്തികളും കരുത്തുനേടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുമുള്ള സഖ്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന പക്ഷക്കാരനാണ് യെച്ചൂരി. പാര്‍ട്ടിയിലെ തന്റെ ശക്തി പ്രകടിപ്പിച്ചുകൊണ്ട് ഹൈദരാബാദില്‍ കിങ് മേക്കറാകാന്‍ പിണറായിക്ക് കഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്.
അംഗസംഖ്യ കൂടി
ചരിത്രപ്രസിദ്ധമായ ആലപ്പുഴ സംസ്ഥാന സമ്മേളനം കഴിഞ്ഞ് മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ പാര്‍ട്ടിക്കുണ്ടായ വന്‍ മാറ്റങ്ങളിലൊന്ന് ഇക്കാലയളവില്‍ അറുപതിനായിരത്തോളം പുതിയ അംഗങ്ങള്‍ സിപിഎമ്മിലെത്തി എന്നതാണ്. സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ ഈ വര്‍ധന റിക്കാര്‍ഡാണ്. 462,000 പേരാണ് ഇന്നു കേരളത്തിലെ പാര്‍ട്ടിയിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഘടകം കേരളത്തിലേതാണ്. അംഗങ്ങള്‍ കൂടിയതിന് ആനുപാതികമായി ബ്രാഞ്ചുകളും കൂടി. ഏഴായിരത്തോളം പുതിയ ബ്രാഞ്ചുകള്‍. ആകെ 31,700. മറ്റു പാര്‍ട്ടികളെപ്പോലെയുള്ള അംഗത്വവിതരണ രീതിയല്ല സിപിഎമ്മിലേത്. ബിജെപിയിലേതുപോലെ ഇവിടെ മിസ്ഡ് കോള്‍ അടിച്ച് ആര്‍ക്കും അംഗങ്ങളാകാനും കഴിയില്ല. ആദ്യം ഗ്രൂപ്പ്, കാന്‍ഡിഡേറ്റ് അംഗമായി നിന്നു പാര്‍ട്ടിയോടുള്ള പ്രതിബദ്ധതയും കൂറും തെളിയിച്ചാലേ പൂര്‍ണ അംഗമാകാന്‍ കഴിയൂ. അംഗത്വം നല്‍കുന്നതിലെ ആ പഴയ കാര്‍ക്കശ്യമെല്ലാം ഇപ്പോഴില്ല. ഈ പാര്‍ട്ടിയുടെ ഭാഗമാകാനും പുറത്തുപോകാനും പഴയതുപോലെ വിഷമമില്ലെന്നതാണ് പുതിയ കാര്യം. പാര്‍ട്ടിയില്‍ നില്‍ക്കക്കള്ളിയില്ലാത്തവര്‍ പുറത്തുപോയി. അങ്ങനെയുള്ളവരെ ചേര്‍ത്ത് ഒറ്റപ്പാലം മണ്ണൂര്‍ മേഖലയില്‍ ഇതാദ്യമായി സിപിഐക്ക് ഒരു ലോക്കല്‍കമ്മിറ്റി തന്നെയുണ്ടാക്കി. എങ്കിലും ആഗ്രഹമുള്ള ആര്‍ക്കും അംഗമാകാമെന്ന സ്ഥിതിയിലേക്കു മാറിയിട്ടില്ല. പുതിയ ആളുകളെ ചേര്‍ക്കുമ്പോള്‍ പാര്‍ട്ടിക്ക് ഒരു സംഭാവനയും നല്‍കാത്തവരെ തഴയുന്നുണ്ട്. വിദ്യാര്‍ഥികളെയും യുവാക്കളെയും സ്ത്രീകളെയും കൂടുതലായി പാര്‍ട്ടിയില്‍ ചേര്‍ക്കുന്നു. ക്യാംപസുകളില്‍നിന്ന് എസ്എഫ്‌ഐയിലെ തീപ്പൊരികളെ സിപിഎമ്മിലേക്കു നേരിട്ടു റിക്രൂട്ട് ചെയ്യുന്നുണ്ട്. ആകെ പാര്‍ട്ടി അംഗസംഖ്യയുടെ 25% സ്ത്രീകളാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്. ഇതെല്ലാം സിപിഎം അംഗത്വഘടനയെ, അതു വഴി പാര്‍ട്ടി സ്വഭാവത്തെത്തന്നെ മാറ്റിമറിക്കാന്‍ പോകുന്നു. പഴയ രണസ്മരണകളുടെയും ത്യാഗത്തിന്റെയുമൊക്കെ ഭാഗമായവരുടെ എണ്ണം സിപിഎമ്മില്‍ ന്യൂനപക്ഷമാകുന്നു. തൊഴിലാളികളുടെയും അടിസ്ഥാനവര്‍ഗത്തിന്റെയും പാര്‍ട്ടിയെന്ന വിശേഷണം തന്നെ അതു കാലക്രമേണ മാറ്റിമറിക്കാം. ഇടത്തരക്കാരുടെ കൂടി വിശ്വാസം നേടിയെടുക്കാന്‍ നോക്കുന്ന പുതിയ പാര്‍ട്ടിയായി സിപിഎം മാറുകയാണ്.
പാര്‍ട്ടിയുടെ പ്രസക്തി
മാറുന്ന സിപിഎം കാലത്തിന്റെ പുതിയ വെല്ലുവിളികള്‍ നേരിടുന്നു. പാര്‍ട്ടിയുടെ പ്രസക്തിതന്നെ ചോദ്യംചെയ്യപ്പെടുകയാണ്. 2004 മുതലുള്ള കാലഘട്ടത്തില്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സഖ്യത്തെ പുറത്തുനിന്നു പിന്തുണച്ച് ദേശീയ രാഷ്ട്രീയ അജണ്ടയില്‍ പാര്‍ട്ടിക്ക് സ്ഥാനമുണ്ടായിരുന്നു. അന്ന് സിപിഎമ്മിന്റെ 26 അടക്കം ഇടതുപക്ഷത്തിന് 35 എംപിമാരുണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഇടതുപക്ഷം ക്ഷയിക്കുകയായിരുന്നു; സിപിഎമ്മും അങ്ങനെതന്നെ. ബംഗാളില്‍ ഭരണം നഷ്ടപ്പെട്ടു. അവിടെ 9 എംപിമാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടുപേര്‍ മാത്രമാണ്. കേരളത്തില്‍ ഭരണം പിടിക്കാനായതിനാല്‍ ദേശീയ രാഷ്ട്രീയത്തില്‍നിന്ന് പുറത്തായില്ല. ഇപ്പോള്‍ 9 എംപിമാരും 2 സ്വതന്ത്രരും ഉള്‍പ്പെടെ മൊത്തം 11 പേര്‍ മാത്രമേ രാജ്യത്ത് ആകെയുള്ളു. പാര്‍ട്ടിയുടെ വോട്ട് ഷെയറും 5.33ശതമാനത്തില്‍നിന്ന് 3.28 ആയി ചുരുങ്ങി.

Write A Comment

 
Reload Image
Add code here