പ്രവീണ്‍ വധക്കേസ്; വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗത്തിന്റെ നീക്കം

Thu,Jan 11,2018


മര്‍ഫിസ്‌ബൊറൊ (കാര്‍ബണ്‍ഡെയില്‍): അമേരിക്കയിലെ മലയാളി സമൂഹത്തെ നടുക്കിയ പ്രവീണ്‍ വര്‍ഗീസ് വധക്കേസിലെ വിചാരണ ജാക്‌സണ്‍ കൗണ്ടിയില്‍ നിന്ന് മാറ്റാന്‍ പ്രതിഭാഗത്തിന്റെ ശ്രമം. കേസിന്റെ വിചാരണ തീയതി നിശ്ചയിക്കുവാന്‍ ജാക്‌സണ്‍ കൗണ്ടിയിലെ സര്‍ക്യൂട്ട് ജഡ്ജി മാര്‍ക് ക്ലാര്‍ക് കോടതി ചേര്‍ന്ന അവസരത്തിലാണ് പ്രതി ഗേജ് ബഥൂണിന്റെ അറ്റോര്‍ണി മൈക്കിള്‍ വെപ്‌സിക് വിചാരണ സ്ഥലം മാറ്റുന്നതിനു വേണ്ടിയുള്ള ഹര്‍ജി സമര്‍പ്പിക്കാന്‍ താന്‍ ഒരുങ്ങുകയാണെന്ന് അറിയിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും, ഇതിനു വേണ്ട രേഖ തയാറാക്കുന്നതിന്റെ 90 ശതമാനം കാര്യങ്ങളും പൂര്‍ത്തിയായെന്നും വെപ്‌സിക് അവകാശപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ കേസുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സ്ഥലം മാറ്റുന്നതിനുള്ള കാരണമായി അറ്റോര്‍ണി ചൂണ്ടിക്കാട്ടിയത്. കേസ് മന:പൂര്‍വം വൈകിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് പറയപ്പെടുന്നു.
വിചാരണ സ്ഥലം മാറ്റണമെന്ന ആവശ്യത്തെ എതിര്‍ക്കുമെന്ന് ഇല്ലിനോയിസ് സ്റ്റേറ്റ് അറ്റോര്‍ണി അപ്പലേറ്റ് പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണ്‍ പറഞ്ഞു. പ്രതിഭാഗം ഉന്നയിക്കുന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകളുടെ ഉറവിടം ജാക്‌സണ്‍ കൗണ്ടിയല്ല. ലോകത്തിന്റെ പല ഭാഗത്തു നിന്നും ആളുകള്‍ ഈ കേസിനെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. പ്രതിക്ക് ഈ കൗണ്ടി കോടതിയിലും നീതിപൂര്‍വകമായ വിചാരണ ലഭിക്കും. പുതിയ വേദിക്കു വേണ്ടിയുള്ള നീക്കം കേസിന്റെ വിചാരണ ഒരു വര്‍ഷത്തോളം വൈകാന്‍ ഇടയാക്കുമെന്നു റോബിന്‍സണ്‍ നിരീക്ഷിച്ചു. വൈകി കിട്ടുന്ന നീതി, നീതി നിഷേധത്തിനു തുല്യമാണെന്ന് മുമ്പ് ഒരു കേസില്‍ വെപ്‌സിക് തന്നെ എടുത്തു പറഞ്ഞതും റോബിന്‍സണ്‍ അനുസ്മരിപ്പിച്ചു.
ഈ കേസില്‍ ബഥൂണിനെതിരേ കേസ് ചാര്‍ജ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് ജാക്‌സ്ണ്‍ കൗണ്ടി ഗ്രാന്‍ഡ് ജൂറി ആദ്യഘട്ടത്തില്‍ വിധിച്ചതാണ്. കേസിലെ ക്രിമിനല്‍ അന്വേഷണം അവസാനിച്ചുവെന്ന് അന്ന് ജാക്‌സണ്‍ കൗണ്ടിയിലെ സ്റ്റേറ്റ് അറ്റോര്‍ണിയായിരുന്ന മൈക്കിള്‍ കാര്‍ നിരീക്ഷണവും നടത്തിയിരുന്നു. അധികം വൈകാതെ ഈ കേസില്‍ നിന്ന് കാര്‍ തലയൂരുകയായിരുന്നു. മലയാളി സമൂഹവും, പ്രവീണിന്റെ അമ്മ ലൗലി വര്‍ഗീസും നടത്തിയ നിരന്തര പോരാട്ടത്തെ തുടര്‍ന്നാണ് കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചത്. അദ്ദേഹം നടത്തിയ അന്വേഷണത്തില്‍ ബഥൂണാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. മൈക്കിള്‍ കാറിനു മുമ്പ് ജാക്‌സണ്‍ കൗണ്ടിയില്‍ സ്റ്റേറ്റ് അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചിരുന്നത് വെപ്‌സിക്കാണ്. ബഥൂണിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ വളരെ ആസൂത്രിതമായ ശ്രമം തുടക്കം മുതല്‍ക്കേ ഉണ്ടായിരുന്നു. കേസിന്റെ വേദി മാറ്റുന്നത് തന്നെ അലട്ടുന്നില്ലെന്നും, ഈ കേസ് ലോകം മുഴുവന്‍ അറിയാവുന്ന കാര്യമാണെന്നും, എന്തുകൊണ്ടാണ് ഇവിടെ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതെന്നു മനസിലാകുന്നില്ലെന്നും, അങ്ങിനെ ചെയ്താല്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കാന്‍ ഉതകുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ലവ്‌ലി വര്‍ഗീസ് പറഞ്ഞു. അമേരിക്കന്‍ രീതിയനുസരിച്ച് വാദി പ്രതി ഭാഗത്തെ അറ്റോര്‍ണിമാര്‍ പരസ്പരം കാര്യങ്ങള്‍ ധരിപ്പിക്കാറുണ്ട്. വാദമുഖങ്ങളെപ്പറ്റിയും, വിസ്തരിക്കാന്‍ പോകുന്ന സാക്ഷികളെപ്പറ്റിയുമൊക്കെ കാര്യങ്ങളെപ്പറ്റിയുമൊക്ക ഇതിലുണ്ടാകും. റോബിന്‍സിണ്‍ എല്ലാ കാര്യങ്ങളും പ്രതിഭാഗത്തിന് കൈമാറിയെങ്കിലും വെപ്‌സിക് ഒരു വിവരവും നല്‍കാന്‍ ഇതുവരെ തയാറായിട്ടില്ലെന്ന് ലവ്‌ലി ചൂണ്ടിക്കാട്ടി. ജഡ്ജിക്കും വാദിക്കാന്‍ പോകുന്ന കാര്യങ്ങളെപ്പറ്റി റോബിന്‍സണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രതിഭാഗത്തു നിന്ന് സമാനമായ റിപ്പോര്‍ട്ട് നല്‍കാത്ത കാര്യം നവംബറില്‍ കോടതി ചേര്‍പ്പോള്‍ ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു. തനിക്ക് നിരവധി കേസുകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും, ഈ കേസ് പഠിക്കാന്‍ ആവശ്യത്തിനു സമയം കിട്ടിയില്ലെന്നുമുള്ള നിരുത്തരവാദപരമായ മറുപടിയാണ് വെപ്‌സിക് നല്‍കിയത്. ജനുവരി അഞ്ചിന് കോടതി ചേരുമ്പോള്‍ വിചാരണ തീയതി പ്രഖ്യാപിക്കുമെന്ന് നവംബറില്‍ തന്നെ ജഡ്ജി സൂചിപ്പിച്ചിരുന്നതുമാണ്.
കേസിന്റെ വിചാരണ ഉടന്‍ തുടങ്ങിയേക്കുമെന്ന പ്രതീക്ഷയോടെ കോടതി ചേര്‍പ്പോഴാണ് വിചാരണ നോര്‍ത്ത് ഭാഗത്തുള്ള ഏതെങ്കിലും കൗണ്ടിയിലേക്കു മാറ്റുന്നതിനു താന്‍ ഹര്‍ജി നല്‍കാന്‍ പോവുകയാണെന്ന് വെപ്‌സിക് അറിയിച്ചത്. ഒരു കേസിന്റെ വിചാരണ നടത്തുന്നതിന് കൗണ്ടിക്ക് ഒരു ലക്ഷത്തിലധികം ഡോളര്‍ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മറ്റൊരു കൗണ്ടിയിലേക്കു മാറ്റിയാല്‍ ചെലവ് പിന്നെയും കുതിച്ചുയരും. വേറൊരു കൗണ്ടിയിലേക്കു മാറ്റിയാലും അതിന്റെ ചെലവുകള്‍ വഹിക്കേണ്ടി വരുന്നത് ജാക്‌സണ്‍ കൗണ്ടിക്കു തന്നെയാവും. കാരണം, കേസിന് ആസ്പദമായ സംഭവം നടന്ന കൗണ്ടിയാണ് വിചാരണ ചെലവുകള്‍ വഹിക്കേണ്ടത്. പ്രതിഭാഗം സമര്‍പ്പിക്കുന്ന ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വിചാരണ സ്ഥലം മാറ്റണമോ വേണ്ടയോ എന്ന് ജഡ്ജി തീര്‍പ്പു കല്‍പിക്കും. ഫെബ്രുവരി 16 നാണ് ഇനി കോടതി ചേരുന്നത്.
സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ ക്രിമിനോളജി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസിനെ കാര്‍ബണ്‍ഡയിലില്‍ 2014 ഫെബ്രുവരി 12 നാണ് കാണാതായത്. ആറു ദിവസത്തിനു ശേഷം വനമേഖലയില്‍ നിന്ന് പ്രവീണിന്റെ മൃതദേഹം കണ്ടെത്തികയായിരുന്നു. കാണാതായ ദിവസം രാത്രി പ്രവീണിനെ അപായപ്പെടുത്തിയത് ഗേജ് ബഥൂണാണെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഷിക്കാഗോയില്‍ നിന്നും ആറു മണിക്കൂര്‍ ഡ്രൈവുള്ള മര്‍ഫിസ്‌ബൊറൊയില്‍ കേസിന്റെ വിചാരണ നടക്കുമ്പോള്‍ തദ്ദേശിയര്‍ ഉള്‍പ്പെടെ ധാരാളം പേര്‍ കോടതിയില്‍ എത്താറുണ്ടെന്നും, പ്രവീണിന്റെ കുടുംബത്തോട് പിന്തുണ അറിയിക്കാറുണ്ടെന്നും ലവ്‌ലി വര്‍ഗീസ് പറഞ്ഞു.

Write A Comment

 
Reload Image
Add code here