ഇതാദ്യമായി സൗദിയും യുഎഇയും 'വാറ്റ്' നടപ്പാക്കുന്നു

Wed,Jan 10,2018


സൗദി അറേബ്യയും യുഎഇയും ജനുവരി ഒന്നുമുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പാക്കി. നികുതിരഹിതമെന്നും, 'തൊട്ടില്‍ മുതല്‍ ശവക്കുഴിവരെ' പൗരന്മാര്‍ക്ക് വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതെന്നും അഭിമാനിച്ചിരുന്ന ഗള്‍ഫ് നാടുകളില്‍ ഇതാദ്യമായാണ് നികുതി ഏര്‍പ്പെടുത്തുന്നത്. സൗദി അറേബ്യ പുതുവത്സരത്തില്‍ വാഹന ഉടമകള്‍ക്ക് മറ്റൊരു പ്രഹരംകൂടി നല്‍കി. പെട്രോള്‍ വില 127% വര്‍ദ്ധിപ്പിച്ചു. അര്‍ദ്ധരാത്രിമുതല്‍തന്നെ അത് പ്രാബല്യത്തില്‍ വരുകയും ചെയ്തു. ആഗോള എണ്ണവില ഇടിയുകയും ബജറ്റ് കമ്മി ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് ചെലവ് ചുരുക്കലിന്റെയും വരുമാനം വര്‍ദ്ധിപ്പിക്കലിന്റെയും ഭാഗമായി ഗള്‍ഫിലെ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ രണ്ടു വര്‍ഷത്തിലേറെയായി സ്വീകരിച്ചുവരുന്ന നടപടികളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചുശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു രാജ്യങ്ങളിലുംകൂടി 2018ല്‍ ഇതുമൂലം 21 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനമുണ്ടാകും. ജിഡിപിയുടെ രണ്ടു ശതമാനത്തിനു തുല്യമായ തുകയായിരിക്കുമിത്.
എന്നാല്‍ വാണിഭ കേന്ദ്രങ്ങള്‍ വലിയ പങ്കു വഹിക്കുന്ന രണ്ടു രാജ്യങ്ങളിലും ഇത് വലിയ മാറ്റങ്ങളായിരിക്കും ഉണ്ടാക്കുക. വളരെക്കാലമായി എല്ലാവര്‍ഷവും ദുബായ് വാര്‍ഷിക ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ നടത്തിവരുന്നുണ്ട്. ആകര്‍ഷകമായ ചില്ലറ വ്യാപാര കേന്ദ്രങ്ങളിലേക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഉപഭോക്താക്കള്‍ എത്താറുമുണ്ട്. ചില്ലറ വില്‍പ്പന വിലയിലെ വര്‍ദ്ധനവ് കാരണം ബുദ്ധിമുട്ടുന്ന പൗരന്മാരെ സഹായിക്കുന്നതിനായി സൗദി അറേബ്യ ബില്യണ്‍ കണക്കിന് ഡോളര്‍ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. ബഹറിന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നീ ഗള്‍ഫിലെ മറ്റു നാല് രാഷ്ട്രങ്ങളും വാറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് നടപ്പാക്കുന്നത് 2019 ആദ്യം മുതലായിരിക്കും. ഗള്‍ഫിലെ ഒരു രാജ്യത്തും വ്യക്തികള്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. അത് ഏര്‍പ്പെടുത്തുന്നതിന് ഒരു രാജ്യവും ആലോചിക്കുന്നതുമില്ല. എണ്ണയെ മാറ്റിനിര്‍ത്തി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറ്റു മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നു ഗള്‍ഫ് രാഷ്ട്രങ്ങളോട് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) ആവശ്യപ്പെടുകയാണ്. യുഎ ഇയുടെയും സൗദിയുടെയും ബജറ്റിന്റെ 80%വും എണ്ണയില്‍ നിന്നുമുള്ള വരുമാനത്തെ ആശ്രയിച്ചുള്ളതാണ്. ഒരുവര്‍ഷം 100000 ഡോളറോ അതില്‍ കൂടുതലോ വരുമാനമുള്ള കമ്പനികളോട് വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗദിയിലെയും യുഎഇയിലെയും ഗവണ്‍മെന്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാറ്റില്‍നിന്നുമുള്ള വരുമാനം അടിസ്ഥാന സൗകര്യ വികസനത്തിനും പൊതു സേവനതുറകള്‍ മെച്ചപ്പെടുത്തുന്നതിനും യുഎഇയുടെ സമ്പദ്ഘടന കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കി ഉത്തേജിപ്പിക്കുന്നതിനും വിനിയോഗിക്കുമെന്നാണ് യുഎഇ ധനമന്ത്രാലയം അറിയിച്ചത്.
സൗദി അറേബ്യയില്‍ ഇന്ധനവില ഉയര്‍ത്തുന്നത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഇത് രണ്ടാം തവണയാണ്. എന്നിട്ടും ലോകത്തിലെ ഏറ്റവും താഴ്ന്ന വിലയാണ് അവിടെയുള്ളത്. ഹൈ ഗ്രേഡ് പെട്രോളിന് ഒരു ലിറ്ററിന് 24 സെന്റില്‍നിന്നും (ഒരു ഗാലന് 1.09 ഡോളര്‍) 127% വര്‍ധിച്ച് 54 സെന്റായി (ഗാലന് 2.46 ഡോളര്‍) ഉയര്‍ന്നു. ലോ ഗ്രേഡ് പെട്രോളിന്റെ വില 20 സെന്റില്‍ നിന്നും (ഗാലന് 91 സെന്റ്) 83% വര്‍ദ്ധിച്ച് 36.5 സെന്റായി (ഗാലന് 1.66 ഡോളര്‍) ഉയര്‍ന്നു. ഡീസലിനും മണ്ണെണ്ണയ്ക്കും നികുതിയില്‍ മാറ്റമൊന്നുമില്ല. വാറ്റും പെട്രോള്‍ വിലവര്‍ദ്ധനവും സൗദിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അനുഭവപ്പെട്ട നാണയപ്പെരുപ്പത്തിന്റെ വിപരീത ദിശക്ക് ഉടനടി അന്ത്യം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ നടപടികളുടെ ഫലമായി നാണയപ്പെരുപ്പം അഞ്ചു ശതമാനംവരെ വര്‍ധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
വില്‍പ്പന നികുതി ഏര്‍പ്പെടുത്തിയതിനോട് പരിഹാസത്തോടെയുള്ള വിമര്‍ശനങ്ങളാണ് സൗദിയിലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. കാര്‍ പാര്‍ക്കിങ്ങിനുപോലും നികുതി ഏര്‍പ്പെടുത്തിയെന്നും അടുത്തത് ശ്വസിക്കുന്ന വായുവിനായിരിക്കും നികുതി ചുമത്താന്‍ പോകുന്നതെന്നുമായിരുന്നു ഒരാളുടെ കമന്റ്. സൗദി അറേബ്യയുടെ സമ്പദ്ഘടന 2009നുശേഷം ആദ്യമായി 0.5% ചുരുങ്ങുകയാണുണ്ടായത്. വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെലവ് ചുരുക്കുകയും ചെയ്ത് ബജറ്റ് സന്തുലിതമാക്കുന്നതിനാണ് സൗദി ശ്രമിക്കുന്നത്. സൗദിയില്‍ കഴിഞ്ഞമാസം വൈദ്യുതി വിതരണത്തിനുള്ള സബ്‌സിഡിയില്‍ രണ്ടാമതും വെട്ടിക്കുറവ് വരുത്തി. ഇതേത്തുടര്‍ന്ന് വൈദ്യുതി ബില്ലില്‍ ഭീമമായ വര്‍ധനവാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളിലായി 260 ബില്യണില്‍പ്പരം ഡോളറിന്റെ കമ്മിയാണ് സൗദിക്കുണ്ടായത്. 2023നുമുമ്പ് അത് നികത്താന്‍ കഴിയുകയുമില്ല. പൊതു കടം ഉയരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കിടയില്‍ കരുതല്‍ ധനത്തില്‍നിന്നും 250 ബില്യണ്‍ ഡോളര്‍ സൗദിക്ക് പിന്‍വലിക്കേണ്ടിവന്നു. കരുതല്‍ ധനമിപ്പോള്‍ 490 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര വിപണികളില്‍നിന്നും 100 ബില്യണോളം ഡോളര്‍ കടമെടുക്കുകയും ചെയ്തു.

Write A Comment

 
Reload Image
Add code here