സ്വവര്‍ഗ രതിയും വിവാഹവും: ആംഗ്ലിക്കന്‍ കമ്യൂണിയനില്‍ ഭിന്നത രൂക്ഷം

Sun,Jan 17,2016


രണ്ടിലൊന്ന് തീരുമാനിക്കുവാന്‍ വേണ്ടിയാണ് കാന്റര്‍ബറി ആര്‍ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ആംഗ്ലിക്കന്‍ കമ്യൂണിയന്റെ ആഗോള തലത്തിലുള്ള 38 നേതാക്കളുടെ (primates) സമ്മേളനം വിളിച്ചു കൂട്ടുന്നത്. സഭ ഒന്നിച്ചു പോകുമോ അതോ ഭിന്നിച്ചു പിരിയുമോ എന്നത് തീരുമാനിക്കുക ഈ സമ്മേളനം ആയിരിക്കും. സ്വവര്‍ഗ വിവാഹം, സ്വവര്‍ഗ രതിക്കാരുടെ അവകാശങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ കടുത്ത ഭിന്നതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം വിളിച്ചിട്ടുള്ളത്. ആഫ്രിക്കയിലെ 6 രാജ്യങ്ങളിലെ ബിഷപ്പുമാര്‍ സമ്മേളനം ബഹിഷ്‌ക്കരിക്കുന്നതായി പ്രഖ്യാപിക്കുന്നത് എപ്പോഴായിരിക്കും എന്നത് മാത്രമേ അറിയേണ്ടതുള്ളൂ. ദീര്‍ഘകാലം നീണ്ടുനിന്ന ഒരു വിവാഹ ബന്ധം അവസാനിക്കുന്നതിനോടാണ് സഭയുടെ ഇപ്പോഴത്തെ അവസ്ഥയെ ഉപമിക്കേണ്ടത്. ദമ്പതികള്‍ പ്രത്യേക കിടപ്പുമുറികള്‍ ഉപയോഗിക്കുന്നു, കുട്ടികളെ സ്വന്തമാക്കുന്നു, അല്ലെങ്കില്‍ വിവാഹ മോചന ഹര്‍ജി നല്‍കാന്‍ മുതിരുന്നു. ഈ ഭിന്നത രമ്യമായി പരിഹരിക്കാന്‍ കഴിയുമോ എന്നത് മാത്രമേ അറിയാനുള്ളൂ.
അജണ്ട തീരുമാനിച്ച ശേഷം കുറേപ്പേര്‍ സമ്മേളനത്തില്‍നിന്നും ഇറങ്ങിപ്പോകുന്നതിനുള്ള സാധ്യത 80%മാണെന്ന് ചര്‍ച് ഓഫ് ഇംഗ്ലണ്ട് കേന്ദ്രങ്ങള്‍ പറയുന്നു. ബൈബിളിനെ അടിസ്ഥാനമാക്കി സ്വവര്‍ഗരതിയെ കടുത്ത രീതിയില്‍ എതിര്‍ക്കുന്നവര്‍, സ്വവര്‍ഗ രതിക്കാരെ പുരോഹിതന്മാരായും ബിഷപ്പുമാരായും നിയമിക്കുന്ന യുഎസ് ചര്‍ച്ചിലെ ലിബറലുകളില്‍നിന്നും മാപ്പപേക്ഷയോ പശ്ചാത്താപമോ പ്രതീക്ഷിക്കുന്നു. കുറെ നാളുകളായി സഭയില്‍ നീറി പുകയുകയാണ് ഈ പ്രശ്‌നം. ആംഗ്ലിക്കന്‍ സഭയെയും അതിനു ലോകത്തോട്ടാകെയുള്ള 80 മില്യന്‍ അംഗങ്ങളെയും ലൈംഗിക കാര്യങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനു പകരം ലോകമിന്ന് നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികളായ മതത്തിന്റെ പേരിലുള്ള അക്രമങ്ങള്‍, കാലാവസ്ഥ വ്യതിയാനം, ദാരിദ്ര്യം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് തിരിച്ചുവിടുന്നതിനാണ് ആര്‍ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ശ്രമിക്കുന്നത്. എന്നാല്‍ ക്രിസ്ത്യാനികള്‍ സ്വവര്‍ഗ രതിക്കാര്‍, ദ്വിലിംഗ രതിക്കാര്‍, നപുംസകങ്ങള്‍ എന്നിങ്ങനെ വിഭജിക്കപ്പെടുന്നതിലുള്ള കടുത്ത ഭിന്നതകള്‍ കാന്റര്‍ബറിയുടെ വീക്ഷണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ലോകവീക്ഷണങ്ങള്‍ പുലര്‍ത്തുന്ന സ്വതന്ത്ര സഭകളുടെ അയവേറിയ ഒരു കൂട്ടായ്മയായി ആംഗ്ലിക്കന്‍ കമ്യൂണിയനെ മാറ്റിയേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
ദേശീയ തലത്തിലും മേഖലാ തലത്തിലും സ്വയംഭരണാവകാശമുള്ള 38 സഭകളുടെയും 6 എക്‌സ്ട്രാ പ്രൊവിന്‍ഷ്യല്‍ സഭകളുടെയും ഡയോസിസുകളുടെയും കൂട്ടായ്മയാണ് ആംഗ്ലിക്കന്‍ കമ്മ്യുണിയന്‍. കാന്റര്‍ബറി ആര്‍ച് ബിഷപ്പാണ് അതിന്റെ ആത്മീയ തലവന്‍. എന്നാല്‍ ഈ പദവി കത്തോലിക്കാ സഭയില്‍ പോപ്പിന്റേതുപോലെയല്ല. ആംഗ്ലിക്കന്‍ സഭക്ക് കേന്ദ്രീകൃതമായ അധികാര കേന്ദ്രങ്ങളില്ല. ലാംബെത് കോണ്‍ഫറന്‍സ്, ആംഗ്ലിക്കന്‍ കണ്‍സല്‍ട്ടേറ്റിവ് കൗണ്‍സില്‍, െ്രെപമേറ്റ്‌സ് മീറ്റിംഗ്, കാന്റര്‍ബറി ആര്‍ച് ബിഷപ്പ് എന്നിവരുടെ ഉപദേശങ്ങള്‍ മാനിച്ച് സ്വതന്ത്രമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സഭകാളാണ് ഓരോന്നും. ബിഷപ്പുമാരുടെ 10 വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന സമ്മേളനത്തിന് ഉപരിയായി ഒരോ സഭയും തമ്മില്‍ നിരന്തരമായ സമ്പര്‍ക്കങ്ങള്‍ ആവശ്യമാണെന്ന് 1968 ലെ ലാംബെത് കോണ്‍ഫറന്‍സ് തീരുമാനിച്ചു. സഭാ വിശ്വാസികളും പുരോഹിതരും ഡീക്കന്മാരും ഉള്‍പ്പെട്ട ആംഗ്ലിക്കന്‍ കണ്‍സല്‍ട്ടേറ്റിവ് കൗണ്‍സില്‍ അതിനടുത്ത വര്‍ഷം ആദ്യമായി സമ്മേളിച്ചു. കാന്റര്‍ബറിയിലെ 101-ാമത്തെ ആര്‍ച് ബിഷപ്പായിരുന്ന ഡൊണാള്‍ഡ് കൊഗാന്‍ 1978 ല്‍ െ്രെപമേറ്റ്‌സ് മീറ്റിംഗ് സ്ഥാപിക്കുകയും കൃത്യമായ അടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് പ്രാര്‍ത്ഥനയുടെ ഐക്യത്തില്‍ കാര്യങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യുകയും ചെയ്തുപോന്നു.
എന്നാല്‍ താനൊരു സ്വവര്‍ഗ രതിക്കാരനാണെന്നു തുറന്നുപറഞ്ഞ പുരോഹിതനായ ജീന്‍ റോബിന്‍സണിനെ 2003ല്‍ ന്യൂ ഹാമ്പ്ഷയറിലെ ബിഷപ്പ് ആയി യുഎസിലെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് നിയമിച്ചതോടെയാണ് അഭിപ്രായ ഭിന്നതകള്‍ തുറന്ന ഏറ്റുമുട്ടലിലേക്കു നീങ്ങിയത്. യുഎസിലെ സഭയില്‍ത്തന്നെ ആദ്യ ഭിന്നിപ്പുണ്ടായി. പാരമ്പര്യ വാദികള്‍ വിഘടിച്ചു പോകുകയും ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് അമേരിക്ക (ACNA) രൂപീകരിക്കുകയും ചെയ്തു. സ്വവര്‍ഗ രതിക്കാരനെ ബിഷപ്പ് ആയി നിയമിച്ചതിനെ 'ധാര്‍മ്മികാധഃപതനം' 'പാപം' എന്നിങ്ങനെ അധിക്ഷേപിച്ച പുതിയ സഭയുടെ ആര്‍ച് ബിഷപ്പായ ഫോളി ബീചിനെയും കാന്റര്‍ബറി സമ്മേളനത്തിനു ക്ഷണിച്ചിട്ടുണ്ട്. ആംഗ്ലിക്കന്‍ കമ്മ്യുണിയന്റെ ഔദ്യോഗിക ഘടകമല്ലെങ്കിലും സമ്മേളനത്തിനു ക്ഷണിച്ച നടപടി ലിബറലുകളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
ആര്‍ച് ബിഷപ്പ് ബീച്ചിന്റെ നിലപാടിന് ഉഗാണ്ടയിലെ ആര്‍ച് ബിഷപ്പ് സ്റ്റാന്‍ലി എന്റഗലി ഉറച്ച പിന്തുണ നല്കും. ഉഗാണ്ടയില്‍ സ്വവര്‍ഗ രതി ഒരു ക്രിമിനല്‍ കുറ്റമാണ്. കമ്മ്യുണിയനില്‍ 'ദൈവ ഹിതവും അച്ചടക്കവും' പുനഃസ്ഥാപിക്കുന്നില്ലെങ്കില്‍ െ്രെപമേറ്റുകളുടെ മീറ്റിംഗില്‍നിന്നും താന്‍ ഇറങ്ങി പോകുമെന്ന് ആര്‍ച് ബിഷപ്പ് എന്റഗലി കഴിഞ്ഞയാഴ്ച സ്വന്തം വെബ് സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെനിയന്‍ ആര്‍ച് ബിഷപ്പായ എലിയുദ് വബുകലയും സുവിശേഷ വിശ്വാസത്തിലേക്ക് മടങ്ങണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇവര്‍ ഇരുവരും ആംഗ്ലിക്കന്‍ സഭകളുടെ യാഥാസ്ഥിതിക വിഭാഗത്തിന്റെ GAFCON (Global Anglican Future) എന്ന സംഘടനയിലെ അംഗങ്ങളാണ്. ഇപ്പോഴത്തെ സമ്മേളനം ഭിന്നിപ്പിനു കളമൊരുക്കുന്നപക്ഷം യാഥാസ്ഥിതിക വിഭാഗത്തിന്റെ നേതൃത്വം ഈ സംഘടനക്കായിരിക്കും.
പ്രൈമേറ്റുകളുടെ കഴിഞ്ഞകാല മീറ്റിങ്ങുകളില്‍ ഉണ്ടായിട്ടുള്ള ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് എല്ലാവരെയും ഒരു മേശക്കു ചുറ്റിനുമിരിക്കാന്‍ കാന്റര്‍ബറി ആര്‍ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി 38 പേരെയും ക്ഷണിച്ചത്. ആംഗ്ലിക്കന്‍ സഭയുടെ തലവനെന്ന നിലയില്‍ ആഗോള സഭകള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം വിവിധ സഭാ നേതാക്കളുമായി സ്ഥാപിച്ചിട്ടുള്ള വ്യക്തിപരമായ അടുപ്പം ഈ സമ്മേളനത്തിന്റെ വിജയത്തിനായി ഉപയോഗപ്പെടുത്തും. സ്വവര്‍ഗ വിവാഹങ്ങള്‍ സംബന്ധിച്ച സഭയുടെ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്ന ലിബറല്‍ സഭകളുടെ കൂട്ടത്തില്‍ ബ്രസില്‍, കാനഡ, ന്യൂസിലാണ്ട്, സ്‌കോട്ട്‌ലണ്ട്, സൗത്ത് ഇന്ത്യ, സൗത്ത് ആഫ്രിക്ക, യുഎസ്, വേല്‍സ് എന്നിവ ഉള്‍പ്പെടുന്നു. ലൈംഗികതയോടുള്ള സമീപനം കടുത്ത ഭിന്നത ഉളവാക്കിയിട്ടുള്ള സഭകളില്‍ ഒന്നാണ് ഇംഗ്ലണ്ട്. അവിടെ ഒട്ടേറെ ചര്‍ച്ചകളും സംവാദങ്ങളും നടന്നുകഴിഞ്ഞു. സ്വവര്‍ഗ വിവാഹങ്ങള്‍ ഇംഗ്ലണ്ടില്‍ സിവില്‍ നിയമത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാല്‍ അത് കാനോന്‍ നിയമങ്ങളുടെ ഭാഗം ആക്കേണ്ടതില്ല എന്നാണു സഭയുടെ ഔദ്യോഗിക നിലപാട്. പക്ഷേ ഈ നിലപാടിനോട് വിശ്വാസികളിലും പുരോഹിതന്മാര്‍ക്കിടയിലും എതിര്‍പ്പ് വളരുന്നുണ്ട്.

Other News

 • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അന്ന ജോര്‍ജ് തൈക്കാടന്‍ നിര്യാതയായി
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • Write A Comment

   
  Reload Image
  Add code here