സൗദി പത്രപ്രവര്‍ത്തകനെ ടര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ 'കാണാതായ' സംഭവം; അന്വേഷണം ആവശ്യപ്പെട്ട് യു.എസ് സെനറ്റര്‍മാര്‍ രംഗത്ത്
Thu,Oct 11,2018

വാഷിംഗ്ടണ്‍ ഡി സി: ടര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച വിമത സൗദി പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. അദ്ദേഹത്തെ കൊലപ്പെടുത്തിയതായി ടര്‍ക്കി പോലീസ് പറയുമ്പോള്‍ ഖഷോഗി കെട്ടിടത്തിനു പുറത്തു പോയി എന്നാണ് സൗദിയുടെ വിശദീകരണം. ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് കോണ്‍സുലേറ്റിന്റെ പ്രവേശന കവാടം വരെ ഒപ്പമുണ്ടായിരുന്ന ഖഷോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് ചെങ്കിസും പറയുന്നത് അദ്ദേഹം പുറത്തു വന്നിട്ടില്ല എന്നാണ്. മോശമായിരുന്ന സൗദി - ടര്‍ക്കി ബന്ധം കൂടുതല്‍ ഉലച്ച ഈ സംഭവത്തില്‍ അമേരിക്കയ്ക്കും മാറി നില്ക്കാന് കഴിയാത്ത അവസ്ഥയാണ്.
ഖഷോഗിയുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഡസനോളം സെനറ്റര്‍മാര്‍ പ്രസിഡന്റ് ട്രമ്പിന് കത്ത് നല്‍കിയിരിക്കുകയാണ്. സെനറ്റിന്റെ വിദേശകാര്യ സമിതിയിലെ ഒരാളൊഴിച്ച് എല്ലാവരും ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്. അക്രമത്തിനു പിന്നിലുള്ളവര്‍ക്കെതിരേ ഉപരോധം വേണമെന്നാണ് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഗ്ലോബല്‍ മാഗ്നിറ്റ്സ്കൈ ഹ്യൂമണ്‍ റൈറ്റ്സ് അക്കൗണ്ടബിലിറ്റി ആക്ട് അനുസരിച്ച് അന്വേഷണം നടത്തണമെന്ന സെനറ്റര്‍മാരുടെ ആവശ്യം ട്രമ്പിനെ വെട്ടിലാക്കുന്നതാണ്.
ഈ നിയമപ്രകാരം കത്തു ലഭിച്ചാല്‍ അസാധാരണമായ കൊലപാതകത്തിനു പിന്നില്‍ ഏതെങ്കിലും വിദേശ രാജ്യക്കാരന്റെ പ്രവര്ത്തനമുണ്ടോയെന്നും, മര്‍ദനമോ മനുഷ്യാവകാശ ലംഘനമോ അഭിപ്രായസ്വാതന്ത്യതതിനു വിഘാതമോ സൃഷ്ടിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ചു കണ്ടെത്തി, നിയമലംഘനം നടത്തിയവര്‍ക്കെതിരേ ഉപരോധം ഏര്പ്പെടുത്തേണ്ടതണ്ട്. അന്വേഷണ റിപ്പോര്‍ട്ട് 120 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് കോണ്‍ഗ്രസിനെ അറിയക്കണമെന്നാണ് ചട്ടം. റിപ്പബ്ലിക്കന്‍ - ഡെമോക്രാറ്റ് ഭേദമെന്യേ സെനറ്റര്‍മാര്‍ ഒരമിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. ഗ്ലോബല്‍ മാഗ്നിറ്റ്സ്കൈ ഹ്യൂമണ്‍ റൈറ്റ്സ് അക്കൗണ്ടബിലിറ്റി ആക്ട് അനുസരിച്ച് ഇതാദ്യമായാണ് കോണ്‍ഗ്രസ് ഒരു അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പോളിസി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് ഫസ്റ്റിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് റോബ് ബെര്ഷിന്സ്കി പറഞ്ഞു.
സൗദി പൗരനായ ഖഷോഗി ഒരു വര്‍ഷമായി പ്രവാസിയായി നോര്‍ത്ത് കരോലിനയിലാണ് താമസിച്ചിരുന്നത്. സൗദി ഭരണാധികാരികള്‍ തന്നെ തടങ്കലിലാക്കാന്‍ ശ്രമിച്ചേക്കുമെന്ന് ഖഷോഗി ആവര്‍ത്തിച്ച് ആശങ്ക പ്രകിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ പ്രതിശ്രുത വധു പറയുന്നു. സൗദി ഭരണാധികാരികളുമായി ട്രമ്പിന് വളരെ അടുപ്പമുള്ളതു കൊണ്ട് തങ്ങളുടെ ആവശ്യത്തോട് പ്രസിഡന്റ് ഏതു രീതിയിലാവും പ്രതികരിക്കുക എന്ന് സെനറ്റര്‍മാര്‍ക്ക് സംശയമുണ്ട്. സൗദിയാണ് ഖഷോഗിയുടെ തിരോധാനത്തിനു പിന്നിലെന്ന് തെളിയുകയും ശക്തമായ നടപടികള്‍ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ വൈറ്റ്ഹൗസിനെ മറികടന്ന് സൗദിക്കുള്ള ആയുധ വില്പന സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് മടിക്കില്ലെന്ന് സെനറ്റര്‍മാര്‍ സൂചന നല്കി.