ചാരക്കേസില്‍ നമ്പിനാരായണന് അന്തിമ വിജയം; 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം; ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണം: സുപ്രിംകോടതി
Fri,Sep 14,2018

ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നടത്തിയ നിയമപോരാട്ടത്തില്‍ അന്തിമവിജയം നമ്പിനാരായണനൊപ്പം.
നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സുപ്രീം കോടതി വിധിച്ചു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും സുപ്രീം കോടതി വിധിച്ചു. നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
മാനസിക പീഡനത്തിന് നമ്പി നാരായണന് ഇരയായി. നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കണം എന്നും ആവശ്യപ്പെട്ടാണ് നമ്പി നാരായണന് സുപ്രീം കോടതിയെ സമീപിച്ചത്. വാദത്തിനിടെ ഇതിനോട് യോജിച്ച കോടതി 75 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്കുന്ന കാര്യം പരിഗണിക്കാം എന്ന് വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കാല്‍നൂറ്റാണ്ടോളം പഴക്കമുള്ള ചാരക്കേസില്‍ നീതി തേടിയുള്ള നമ്പി നാരായണന്റെ പോരാട്ടത്തിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആയ സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയന് എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തിയതിനാല്‍ നടപടി വേണമെന്നായിരുന്നു ആവശ്യം. നടപടി വേണ്ടെന്ന് 2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡിവിഷന് ബഞ്ച് സര്‍ക്കാര്‍ നടപടി ശരിവച്ചിരുന്നു.
നമ്പി നാരായണന് 50 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്ന കേസില്‍ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇടത് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാതെ തീരുമാനം കോടതിക്ക് വിട്ടു. ഔദ്യോഗിക ചുമതല നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെനായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.