വൈദികര്‍ക്കിടയിലെ ലൈംഗികപീഡനം: മാർപാപ്പ അടിയന്തര സമ്മേളനം വിളിച്ചു
Fri,Sep 14,2018

വത്തിക്കാൻ സിറ്റി: വൈദികരുള്‍പ്പെട്ട ലൈംഗികപീഡനക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിഷയം ചർച്ചചെയ്യാൻ ഫ്രാന്‍സിസ് മാര്‍പാപ്പ മുതിര്‍ന്ന ബിഷപ്പുമാരുടെ സമ്മേളനം വിളിച്ചു. വത്തിക്കാനില്‍ ഫെബ്രുവരി 21 മുതല്‍ 24 വരെയാണ് സമ്മേളനം.
ഒമ്പത് കര്‍ദിനാള്‍മാര്‍ ഉൾപ്പെട്ട സംഘം കഴിഞ്ഞ മൂന്നുദിവസം വത്തിക്കാനില്‍ നടത്തിയ പ്രത്യേക യോഗത്തിനുശേഷം ബിഷപ്പുമാരുടെ സമ്മേളനം വിളിക്കണമെന്ന് മാര്‍പാപ്പയോട് ആവശ്യപ്പെട്ടിരുന്നു.അമേരിക്ക, ജര്‍മനി, ചിലി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വൈദികര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ വർധിക്കുകയാണ്. ഇൗ പീഡനക്കേസുകള്‍ സഭക്ക് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് സമ്മേളനം വിളിച്ചുചേർക്കുന്നത്. 70 വര്‍ഷത്തിനിടെ ജര്‍മനിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3677 പേര് വൈദികരുടെ പീഡനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 1670 വൈദികരാണ് പ്രതിസ്ഥാനത്തുള്ളത്.
യു.എസിലെ പെന്‍സിൽവേനിയയില്‍ 301 വൈദികര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. വാഷിങ്ടണ്‍ കര്‍ദിനാള്‍ തിയോഡോര്‍ മക്കാറികിനെതിരായ പരാതികളില്‍ നടപടി വൈകിപ്പിച്ചെന്ന് ആരോപിച്ച് ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ് മാര്‍പാപ്പയുടെ രാജി ആവശ്യപ്പെട്ടതും പ്രതിസന്ധിക്ക് ആക്കംകൂട്ടി.