സിന്ധു നദീതട സംസ്‌കാരത്തിന്റെ ഹിന്ദു ഭൂതകാലം മായിക്കാന്‍ പാകിസ്ഥാന്‍

Wed,Sep 12,2018


സിന്ധു നദീതട സംസ്‌കാരം പല തരത്തിലും നഗര ജീവിതത്തെ രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. ഈ പൗരാണിക സംസ്‌കാരത്തിന്റെ ഏറ്റവും അറിയപ്പെടുന്ന രണ്ടു സ്ഥലങ്ങളായിരുന്നു പഞ്ചാബ്, സിന്ധു നദീതടങ്ങളില്‍ ഉയര്‍ന്നുവന്ന മോഹന്‍ജദാരോയും ഹാരപ്പയും. ലോകത്ത് ഏറ്റവും പരിഷ്‌കൃതമായ രീതിയില്‍ മലിനജലം ഒഴുക്കിക്കളയുന്നതിനുള്ള സംവിധാനം ഈ നഗരങ്ങളിലുണ്ടായിരുന്നു. പുരാതനമായ മാനദണ്ഡങ്ങള്‍ വച്ചുനോക്കുമ്പോള്‍ ബഹുസംസ്‌കാര നഗരങ്ങളായിരുന്നു അവ. അഫ്ഗാനിസ്ഥാന്‍, പേര്‍ഷ്യ (ഇറാന്‍) മെസപ്പെട്ടോമിയ (ഇപ്പോഴത്തെ ഇറാക്ക്, ടര്‍ക്കി, കുവൈറ്റ്, സിറിയ) ഈജിപ്ത് എന്നിവടങ്ങളില്‍ നിന്നുമുള്ള വ്യാപാരികള്‍ ചരക്കുല്‍പ്പന്നങ്ങളുമായി ഈ നഗരങ്ങളില്‍ എത്തിയിരുന്നു. ഈ നഗരങ്ങളിലേക്കുള്ള അക്കാലത്തെ ഹൈവേ ആയിരുന്നു സിന്ധു നദി. മോഹന്‍ജദാരോ ആയിരുന്നു അതില്‍ വലിയ നഗരം. വലിയ കൊട്ടാരത്തിന്റെയോ ക്ഷേത്രത്തിന്റെയോ അവശിഷ്ടങ്ങളൊന്നും ഈ നഗരങ്ങളില്‍നിന്നും കണ്ടെടുക്കപ്പെട്ടില്ല. അതേ സമയം പൊതു കുളങ്ങള്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ കേന്ദ്രങ്ങള്‍ കണ്ടെത്തുകയും ചെയ്തു. കൊട്ടാരങ്ങളും കോട്ടകളുമുണ്ടായിരുന്ന മറ്റു പല പൗരാണിക നഗരങ്ങളെ അപേക്ഷിച്ചും ഈ നഗരങ്ങള്‍ കൂടുതല്‍ 'ജനാധിപത്യ' സ്വഭാവമുള്ളവ ആയിരുന്നു എന്ന നിഗമനത്തിലേക്കാണ് ഈ കണ്ടെത്തലുകള്‍ പല പുരാവസ്തു വിദഗ്ധരെയും നയിച്ചത്. എന്നാല്‍ ഇന്നത്തെ അര്‍ത്ഥത്തില്‍ ജനാധിപത്യം എന്ന വാക്കിനെ കാണാനാവില്ല. പുരാതന ഗ്രീസിനെപ്പോലെ ജനാധിപത്യം ഒരു ലിംഗ വിഭാഗക്കാര്‍ക്കും, പ്രത്യേക വര്‍ഗക്കാര്‍ക്കോ അല്ലെങ്കില്‍ ജാതിക്കാര്‍ക്കോ മാത്രമായി പരിമിതപ്പെടുത്തപ്പെട്ടിരുന്നു.
സിന്ധു നദീതടത്തില്‍ വിശാലമായ രാഷ്ട്രങ്ങളൊന്നും ഇല്ലായിരുന്നുവെന്നും നഗരരാഷ്ട്രങ്ങളും പ്രാദേശികമായ ഗവണ്മെന്റുകളുമാണ് ഉണ്ടായിരുന്നതെന്നും പുരാവസ്തു വിദഗ്ധര്‍ പറയുന്നു. പുരാതന ഇന്ത്യയില്‍ സാമ്രാജ്യങ്ങള്‍ ഇല്ലായിരുന്നു. പുരാതനമായ ഈ നഗരങ്ങളില്‍ വിലമതിക്കത്തക്കതായ പലതും കണ്ടെത്താന്‍ കഴിയും. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഈ നഗരങ്ങളെ സംബന്ധിച്ച വിലയിരുത്തല്‍ അസംബന്ധ ജടിലവും പരിഹാസ്യവുമായ വിധത്തില്‍ അധപ്പതിച്ചിരിക്കുന്നു. പ്രശസ്തരായ ചില എഴുത്തുകാര്‍ പോലും, പുരാണങ്ങളുടെയും ചരിത്രകഥകളുടെയും അടിസ്ഥാനത്തില്‍, മുസ്ലിങ്ങളുടെ 'ദുഷിപ്പിക്കുന്ന' സ്വാധീനത്തില്‍നിന്നും മുക്തമായ 'ശുദ്ധമായ' നഗരങ്ങള്‍ എന്ന നിലയിലാണ് പുരാതനമായ ഈ ഇന്ത്യന്‍ നഗരങ്ങളെ അവതരിപ്പിക്കുന്നത്. ഈ നഗരങ്ങള്‍ സാങ്കേതികവിദ്യാപരമായി വളരെ മുന്നിലായിരുന്നുവെന്നും തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്ററുകളും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളും ബോംബുകള്‍പോലും അവിടെ ഉണ്ടായിരുന്നുവെന്നും മറ്റുമാണ് പ്രചരിപ്പിക്കുന്നത്. പാകിസ്ഥാനിലാകട്ടെ അതിനു നേര്‍വിപരീതമായ ദിശയിലാണു ചരിത്രം രചിക്കപ്പെടുന്നത്. 'അപരിഷ്‌കൃതവും വൃത്തിഹീനവു'മായ ഒരു രാജ്യമായിരുന്നു ഇന്ത്യയെന്നും മുസ്ലിങ്ങളുടെ വരവോടെയാണ് അവിടെ 'വെളിച്ചം' പരന്നതെന്നുമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഈ ഭൂപ്രദേശത്തിന്റെ ഇസ്‌ലാമിന് മുമ്പുള്ള ചരിത്രം വിവരിക്കുന്ന സ്‌കൂള്‍ പാഠപുസ്തകങ്ങളിലാണ് ഈ രീതിയിലുള്ള അവതരണം. മുസ്ലിം നാഗരികതയുടെ മഹത്വം ഉദ്‌ഘോഷിക്കുന്നതിനായിട്ടാണ് ഇസ്‌ലാമികപൂര്‍വ ചരിത്രം അവതരിപ്പിക്കുന്നത്. അതായത് അതിര്‍ത്തിയുടെ ഇരുപുറങ്ങളിലുമുള്ള കുട്ടികള്‍ പരസ്പരം കാണുന്നത് ഏറ്റവും മോശപ്പെട്ട പ്രതിച്ഛായയിലാണ്.
1970കളില്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ ഇത് ഏറ്റവും വഷളായ രൂപത്തിലെത്തി. പാകിസ്ഥാന്‍ രൂപീകരിക്കുന്നതിനുള്ള പ്രസ്ഥാനത്തിന്റെ മുന്നണിപ്പടയാളിയായി നിലകൊണ്ടിരുന്ന കിഴക്കന്‍ പാകിസ്ഥാനെ 1971ല്‍ നഷ്ടമായതോടെ രണ്ടു രാഷ്ട്രങ്ങള്‍ എന്ന സിദ്ധാന്തം മരിക്കുകയോ അല്ലെങ്കില്‍ പൊടിപിടിച്ചു കിടക്കുകയോ ചെയ്തു. മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനു പകരം ഭൂട്ടോയുടെ നേതൃത്വത്തിലുള്ള ജനകീയ ഗവണ്മെന്റ് പിന്തിരിപ്പന്‍ സമീപനമാണ് സ്വീകരിച്ചത്. ചരിത്രപുസ്തകങ്ങളില്‍നിന്നും രാമനും ബുദ്ധനും അശോകനും കനിഷ്‌ക്കയും മുഹമ്മദ് ഗസ്‌നിയും മുഗളന്മാര്‍പോലും അപ്രത്യക്ഷമാകുകയും പകരം പാകിസ്ഥാന്റെ വ്യക്തിത്വം ഉറപ്പിക്കുന്ന വിധത്തിലുള്ള പാകിസ്ഥാന്‍ പഠനങ്ങള്‍ ഉള്‍പ്പെടുത്തുകയുംചെയ്തു. ദ്വിരാഷ്ട്ര സിദ്ധാന്തം മരിച്ചിട്ടില്ലെന്നും അത് ആയിരംവര്‍ഷങ്ങള്‍ നിലനില്‍ക്കുമെന്നും ഉറക്കെ വിളിച്ചുപറയുന്നതിന് തുല്യമായിരുന്നു ഈ നപടികള്‍. ഇസ്‌ലാമികപൂര്‍വ ചരിത്രമെല്ലാം തുടച്ചുനീക്കപ്പെടുകയും അറബ് കമാന്‍ഡര്‍ ആയ മുഹമ്മദ് ബിന്‍ കാസിം 'ആദ്യ പാകിസ്ഥാനി' ആയി മാറുകയും ചെയ്തു. ഭുട്ടോക്കുശേഷം ഉയര്‍ന്നുവന്ന നേതാക്കള്‍ അദ്ദേഹത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തരായിരുന്നുവെങ്കിലും അദ്ദേഹത്തില്‍നിന്നും ലഭിച്ച ചരിത്രത്തിന്റെ ചട്ടക്കൂട് അവര്‍ കൂടുതല്‍ ബലപ്പെടുത്തി.
രാഷ്ട്രീയ ആയുധം
പുതുതായി ഉരുത്തിരിഞ്ഞുവന്ന ക്രമത്തില്‍ സിന്ധു നദീതട സംസ്‌കാരത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ടായി. രാജ്യത്തെ മറ്റു പല ചരിത്ര കേന്ദ്രങ്ങളെയുംപോലെ അതും 'ഹിന്ദു' അല്ലാതായി. സിന്ധു നദീതട സംസ്‌കാരത്തിന്റെ കാലത്ത് ഹിന്ദുയിസവുമായി ഇഴുകിച്ചേര്‍ന്ന ബ്രാഹ്മണിസം ഉദയം ചെയ്തിരുന്നില്ല. സിന്ധു നദീതട സംസ്‌കാരത്തെയും അതിന്റെ നഗരങ്ങളെയും മദ്ധേഷ്യയില്‍നിന്നും വന്ന ആര്യന്മാരാണ് നശിപ്പിച്ചതെന്നും അവരാണ് ബ്രാഹ്മണിസത്തിന്റെ അടിത്തറ പാകിയതെന്നുമുള്ള സിദ്ധാന്തം വളരെ പ്രചാരം നേടിയിട്ടുണ്ടെങ്കിലും സിന്ധുനദീതട സംസ്‌കാരത്തെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള പല വിദഗ്ധരും അത് അംഗീകരിക്കുന്നില്ല.
അതിനാല്‍ ഹാരപ്പയും മോഹന്‍ജദാരോയും 'ഹിന്ദു' നഗരങ്ങളായിരുന്നില്ല, ഹിന്ദു സ്വാധീനത്തില്‍നിന്നും മുക്തമായ നഗരങ്ങള്‍ ആയിരുന്നു എന്ന വാദം സ്വീകാര്യമായി മാറി. പുരാവസ്തു ഖനന പ്രവര്‍ത്തനങ്ങള്‍ തുടരുകയും മ്യുസിയങ്ങള്‍ തുറന്നിടുകയും ചെയ്തു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സെനറ്റര്‍ ആയിരുന്ന ഐറ്റസാസ് അഹ്‌സന്‍ 1996ല്‍ ദി ഇന്‍ഡസ് സാഗ ആന്‍ഡ് മേക്കിങ് ഓഫ് പാകിസ്ഥാന്‍ എന്നൊരു പുസ്തകം എഴുതി. പിന്നീട് വടക്കേ ഇന്ത്യയായി മാറിയ ഗംഗാതട സംസ്‌കാരത്തില്‍നിന്നും ഭിന്നമായിരുന്നു സിന്ധു നദീതട സംസ്‌കാരമെന്നും അതാണ് ഇന്ത്യയില്‍നിന്നും പാകിസ്ഥാനെ വേറിട്ടുനിറുത്തിയത് എന്നുമായിരുന്നു അതില്‍ പറഞ്ഞിരുന്നത്. ഈ ചരിത്രത്തെ സ്ഥാപിച്ചെടുക്കുന്നതിന് ഏറ്റവുമൊടുവില്‍ നടന്ന സംഭവമായിരുന്നു 2014ല്‍ പി പി പിയുടെ ചെയര്‍മാനായ ബിലാവല്‍ സര്‍ദാരി ഭൂട്ടോ 2014ല്‍ സിന്ധ് സാംസ്‌കാരികോത്സവം മോഹന്‍ജദാരോവില്‍ സംഘടിപ്പിച്ചത്. അതില്‍നിന്നും വ്യക്തമായ സന്ദേശമിതാണ്: ഹിന്ദു സ്വാധീനത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്നിടത്തോളം പാകിസ്ഥാന്റെ ഇസ്‌ലാമികപൂര്‍വ ചരിത്രം സ്വീകാര്യമാണ്. തക്ഷശില മേഖലയിലും ഇത് വളരെ പ്രകടമാണ്. ഡസന്‍ കണക്കിന് ബുദ്ധമത കേന്ദ്രങ്ങള്‍ അവിടെ സംരക്ഷിക്കപ്പെടുകയും സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കുകയും ചെയ്തിരിക്കുന്നു. ഒരിക്കല്‍ ഇതെല്ലാം ഹിന്ദുകേന്ദ്രങ്ങളായിരുന്നു എന്ന വാചകം മാത്രം അവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു. സിഖുകാരുടെ ചരിത്ര കേന്ദ്രങ്ങളില്‍ സ്ഥിതി അതിലും മെച്ചമാണ്. സമീപവര്‍ഷങ്ങളില്‍ പല ഗുരുദ്വാരകളും പുതുക്കിപ്പണിതിട്ടുണ്ട്. അതേസമയം പഞ്ചാബ് പ്രവിശ്യയിലെ ചാക്വല്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ഹിന്ദുക്ഷേത്രത്തിന്റെ സ്ഥിതി വളരെശോചനീയമാണ്. ശിവന്റെ ഒരു തുള്ളി കണ്ണീരു വീണ് ഉണ്ടായതായി കരുതപ്പെടുന്ന പുണ്യകുളത്തിനു ചുറ്റുമായാണ് ആ ക്ഷേത്രം പണിതിട്ടുള്ളത്. കുളം പലതവണ വറ്റിവരണ്ടു. കഴിഞ്ഞ നവംബറില്‍ കുളം വറ്റുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി സ്വയമേവ നടപടി സ്വീകരിച്ചു. പാകിസ്ഥാന്റെ 22-ാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇമ്രാന്‍ ഖാന്‍ ഒരു 'പുതിയ പാകിസ്ഥാന്‍' സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. അദ്ദേഹം വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷ. ചരിത്ര വസ്തുതകളിലും മാറ്റങ്ങള്‍ സംഭവിക്കുമോ? ഹിന്ദുഇന്ത്യയില്‍ നിന്നും വേര്‍പെടുത്താനുള്ള ഒരു രാഷ്ട്രീയ ഉപകരണം എന്നതില്‍നിന്നും രാജ്യത്തിന്റെ ഹിന്ദു ഭൂതകാലത്തെയും സിന്ധുനദീതട സംസ്‌കാരത്തെയും അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുമോ?

Other News

 • തീവ്രവാദത്തിന്നെതിരെ പാക്കിസ്ഥാൻ കോൺസുലേറ്റ് ആഫീസിനു മുൻപിൽ ഇന്ത്യൻ ജനതയുടെ പ്രതിഷേധം
 • അധ്യാപിക ക്ലാസെടുക്കുന്നതിനിടയില്‍ ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി കുടിച്ച വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അന്ന ജോര്‍ജ് തൈക്കാടന്‍ നിര്യാതയായി
 • Write A Comment

   
  Reload Image
  Add code here