ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിയില്‍ ബമ്പുകള്‍

Tue,Sep 11,2018


ചൈനയുടെ അതിവിപുലമായ 'ബെല്‍റ്റ് ആന്‍ഡ് റോഡ്' എന്ന വ്യാപാര അടിസ്ഥാന സൗകര്യ നിര്‍മ്മാണ പദ്ധതിയുടെ വേഗതയ്ക്ക് മുന്നില്‍ ചില ബമ്പുകള്‍ ഉയരുകയാണ്. ചൈനയ്ക്ക് വലിയ കടങ്ങള്‍ തിരിച്ചടക്കാനുള്ള രാജ്യങ്ങള്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. 2013ല്‍ പ്രസിഡന്റ് ഷി ജിന്‍ പിങ് 'പുതിയ സില്‍ക്ക് റോഡ്' എന്ന പേരില്‍ തുടങ്ങിവച്ച സംരംഭമാണിത്. ഇതുമായി ബന്ധപ്പെടുന്ന ലോകമൊട്ടാകെയുള്ള രാജ്യങ്ങളില്‍ റെയില്‍വേ, റോഡുകള്‍, തുറമുഖങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന പദ്ധതിയാണത്. അതിനായി ബില്യണ്‍ കണക്കിന് ഡോളറാണ് പല രാജ്യങ്ങള്‍ക്കും ചൈന വായ്പയായി നല്‍കിയത്.
അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഷി തന്റെ പ്രിയപ്പെട്ട പദ്ധതിയുമായി മുന്നേറുകയാണ്. അതേ സമയം ചൈന തങ്ങളെ കടക്കെണിയില്‍ അകപ്പെടുത്തിയിരിക്കുന്നു എന്ന ആശങ്ക മറ്റു രാജ്യങ്ങളില്‍ വളരുകയും ചെയ്യുന്നു. ഏഷ്യയിലെ ഈ വമ്പന്‍ രാജ്യത്തിന് കടം തിരിച്ചടയ്ക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാത്ത രാജ്യങ്ങളാണിവ. പദ്ധതിയുടെ വാര്‍ഷികം പ്രമാണിച്ച് തിങ്കളാഴ്ച നടന്ന ചടങ്ങില്‍ പ്രസംഗിക്കവെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെക്കുറിച്ച് ഷി പറഞ്ഞത് ഇത് ഒരു 'ചൈനാ ക്ലബ്ബല്ല,' 'തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാണെ'ന്നാണ്. ബെല്‍റ്റ് ആന്‍ഡ് റോഡ് രാജ്യങ്ങളുമായുമുള്ള ചൈനയുടെ വ്യാപാരം 5 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞിരിക്കുകയാണ്. പുറംരാജ്യങ്ങളില്‍ ചൈന നടത്തിയ നിക്ഷേപങ്ങള്‍ 60 ബില്യണ്‍ ഡോളര്‍ കടന്നു. എന്നാല്‍ ഇത് തങ്ങള്‍ക്ക് വല്ല പ്രയോജനവും ചെയ്യുമോ എന്നാണ് ചില രാജ്യങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. 20 ബില്യണ്‍ ഡോളറിന്റെ റെയില്‍വേ ഉള്‍പ്പടെ ചൈനയുടെ പിന്തുണയോടെയുള്ള മൂന്നു നിര്‍ദ്ദിഷ്ട പദ്ധതികള്‍ തല്‍ക്കാലം നടപ്പാക്കില്ലെന്ന് ഓഗസ്റ്റില്‍ ബെയ്ജിങ് സന്ദര്‍ശിച്ച മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞു.
കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുമെന്ന് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കായി ചൈനയില്‍നിന്നും വാങ്ങിയ ബഹുശതം ബില്യണ്‍ ഡോളറുകളുടെ വായ്പ എങ്ങനെ തിരിച്ചടക്കുമെന്ന ആശങ്കകള്‍ ഉയരുന്ന വേളയില്‍ത്തന്നെയാണ് ഇമ്രാന്‍ ഖാന്‍ ഇതു പറഞ്ഞത്. ഇന്ത്യാ സമുദ്രത്തിലെ ദ്വീപ സമൂഹമായ മാലിദ്വീപില്‍ ചൈനയുടെ നടപടികള്‍ 'ഭൂമി പിടിച്ചെടുക്കലിനും കൊളോണിയലിസത്തിനും' തുല്യമാണെന്നാണ് പ്രവാസത്തില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് മുഹമ്മദ് നഷീദ് പറയുന്നത്. മാലിദ്വീപിന് ആകെയുള്ള കടത്തിന്റെ 80%വും ചൈനയ്ക്ക് കൊടുത്തുതീര്‍ക്കാനുള്ളതാണെന്ന് അദ്ദേഹം പറയുന്നു. ചൈനയോടുള്ള കടത്തിന് ശ്രീലങ്ക വലിയ വില നല്‍കിക്കഴിഞ്ഞു. 1.4 ബില്യണ്‍ ഡോളറിന്റെ കടം തിരിച്ചടക്കാന്‍ നിര്‍വാഹമില്ലാതെ കഴിഞ്ഞ വര്‍ഷം ശ്രീലങ്ക തന്ത്രപ്രധാനമായ ഒരു തുറമുഖം ബെയ്ജിങിന് 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കി. വിദേശ സഹായങ്ങള്‍ നല്‍കുന്നതിലും സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിലും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സമര്‍ത്ഥമായ ഒരു അന്താരാഷ്ട്ര ബ്യുറോക്രസി ചൈനയ്ക്കില്ലെന്നും ആരും പ്രതീക്ഷിക്കാത്തവിധം മലേഷ്യ ഉയര്‍ത്തിയതുപോലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അത് സൃഷ്ടിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. ചൈനീസ് കറന്‍സിയായ യുവന്‍ ദുര്‍ബ്ബലമാകുകയും അത്യാര്‍ത്തിപൂണ്ട ഒരു പങ്കാളിയാണ് ചൈനയെന്ന പ്രതീതി അന്താരാഷ്ട്ര തലത്തില്‍ വ്യാപിക്കുകയും ചെയ്യുമ്പോള്‍ ഈ പദ്ധതികളോട് കൂടുതല്‍ രാജ്യങ്ങള്‍ മുന്‍വിധിയോടെയുള്ള സമീപനം സ്വീകരിക്കുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. വികസ്വര രാഷ്ട്രങ്ങള്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഈ പദ്ധതിയിലൂടെ ലഭിക്കുമ്പോള്‍ ചൈനയ്ക്ക് അമിതമായുള്ള വ്യവാസായികോല്‍പ്പന്നങ്ങള്‍ കെട്ടിയിറക്കുന്നതിനും അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കുന്നതിനുമുള്ള കേന്ദ്രങ്ങളായി അവ മാറുന്നു.
സില്‍ക്ക് റോഡ് ഫണ്ട് ലഭിക്കുന്ന 8 രാജ്യങ്ങളില്‍ കടത്തെ സംബന്ധിച്ച ഗുരുതരമായ ആശങ്കകള്‍ നിലനില്‍ക്കുന്നതായി യുഎസിലെ വിദഗ്ധ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് പറയുന്നു. പാകിസ്ഥാന്‍, ജിബൗട്ടി, മാലിദ്വീപ്, മംഗോളിയ, ലാവോസ്, മോന്റിനിഗ്രോ, താജികിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവയാണ് ആ രാജ്യങ്ങള്‍. ചൈന-ലാവോസ് റെയില്‍വേ പദ്ധതിക്ക് 6.7 ബില്യണ്‍ ഡോളറാണ് ചിലവ്. ദക്ഷിണപൂര്‍വേഷ്യന്‍ രാഷ്ട്രമായ ലാവോസിന്റെ ജിഡിപിയുടെ പകുതിയോളമാണ് ഈ തുക. ആഫ്രിക്കന്‍ മുനമ്പുരാഷ്ട്രമായ ജിബൗട്ടി വളരെ ഗുരുതരമായ കടപ്രതിസന്ധി നേരിടുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 2014ല്‍ ജിഡിപിയുടെ 50% ആയിരുന്ന പൊതുകടം 2016ല്‍ 85%മായി വര്‍ദ്ധിച്ചു. ആഫ്രിക്ക വളരെക്കാലമായി ചൈനീസ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന മാറി. കഴിഞ്ഞ തിങ്കളാഴ്ച ബെയ്ജിങ്ങില്‍ ചേര്‍ന്ന ആഫ്രിക്കന്‍ രാഷ്ട്രനേതാക്കളുടെ ഉച്ചകോടിയില്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയും ചര്‍ച്ചാവിഷയമായി. അതേ സമയം രാഷ്ട്രങ്ങളെ കടക്കെണിയയില്‍ പെടുത്തുന്നു എന്ന ആരോപണം ചൈന തള്ളിക്കളയുന്നു. ശ്രീലങ്കയ്ക്കും പാകിസ്ഥാനും ചൈന നല്‍കിയ വായ്പകള്‍ ആ രാജ്യങ്ങള്‍ക്കു ആകെയുള്ള കടത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണെന്ന് ചൈനീസ് വിദേശമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന പണമെല്ലാം തേനും പാലും ആണെന്ന രീതിയിലും ചൈന നല്‍കുന്ന വായ്പകള്‍ കപടവും കെണിയുമാണെന്ന രീതിയിലുള്ള പ്രചാരണം യുക്തിക്കു നിരക്കുന്നതല്ലെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
ചൈന നല്‍കുന്ന വായ്പകള്‍ ഡോളര്‍ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നതെങ്കിലും ട്രാക്ടറുകള്‍, കല്‍ക്കരി, എഞ്ചിനീയറിംഗ് സര്‍വീസുകള്‍ തുടങ്ങിയവയുടെ രൂപത്തിലാണ് നല്‍കുന്നതെന്നും എന്നാല്‍ അവയുടെ വില ഡോളറില്‍ത്തന്നെ തിരിച്ചുനല്‍കണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ദീര്‍ഘകാല വായ്പകളാണ് ചൈന നല്‍കുന്നത്. 20 മുതല്‍ 30 വരം വര്‍ഷ കാലയളവില്‍ അവയെല്ലാം പ്രവര്‍ത്തിപ്പിക്കുക ചൈനതന്നെയാകും. അതില്‍നിന്നുമുള്ള വരുമാനം പ്രാദേശിക ഗവണ്മെന്റുകളുമായി പങ്കുവക്കുകയും ചെയ്യും. ചൈനയുടെ വായ്പകള്‍ സംബന്ധിച്ച ഏപ്രിലില്‍ ഐഎംഎഫ് മേധാവി ക്രിസ്റ്റിനെ ലഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു: 'സൗജന്യ ലഞ്ചാണെന്നു കരുതി എല്ലാവരും അതില്‍ പങ്കുചേരുകയാണെ'ന്നു പറഞ്ഞ അവര്‍ സുതാര്യത ആവശ്യപ്പെടുകയും ചെയ്തു.

Other News

 • കടലേറ്റത്തില്‍ മണ്ണ് ഇളകിമാറി; ഫോര്‍ട്ടുകൊച്ചിയില്‍ പുരാതനകോട്ടയുടെ അവശിഷ്ടങ്ങള്‍ തെളിഞ്ഞു
 • ജോസ് കുടിലില്‍ ചിക്കാഗോയില്‍ നിര്യാതനായി
 • കുടിലില്‍ ജോസ് നിര്യാതനായി
 • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • മറിയാമ്മ പൊട്ടനാട്ട് നിര്യാതയായി
 • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
 • 108 വയസ്സുള്ള പിയാനോ വാദക!
 • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
 • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
 • Write A Comment

   
  Reload Image
  Add code here