മാദ്ധ്യമസ്വാതന്ത്ര്യം ഹനിക്കാന്‍ മോദിയുടെ വളഞ്ഞ വഴി

Tue,Sep 11,2018


പത്രങ്ങളെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ ഓരോ പ്രധാനമന്ത്രിയും അവരുടേതായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അപകീര്‍ത്തി കേസുകളില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ശിക്ഷ ലഭിക്കുന്നത് എളുപ്പമാക്കുന്ന വിധത്തില്‍ ജവാഹര്‍ലാല്‍ നെഹ്‌റു ക്രിമിനല്‍ നടപടി നിയമം (സിആര്‍പിസി) ഭേദഗതി ചെയ്തു. അദ്ദേഹത്തിന്റെ കൂടുതല്‍ കാര്‍ക്കശ്യക്കാരിയായ മകള്‍ ഇന്ദിരാ ഗാന്ധി പത്ര വ്യവസായത്തിനുമേല്‍ 'സാമൂഹ്യ നിയന്ത്രണം' ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു. പത്രമുടമകളുടെ ബിസിനസ് താല്‍പ്പര്യങ്ങളുടെമേല്‍ സ്‌റ്റേറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്, അല്‍പ്പം മയപ്പെടുത്തി സാമൂഹ്യ നിയന്ത്രണം എന്ന് പറഞ്ഞതേയുള്ളു. 1988ല്‍ പത്രങ്ങളെ ശിക്ഷിക്കുംവിധം അപകീര്‍ത്തി ബില്‍ അവതരിപ്പിക്കാന്‍ രാജീവ് ഗാന്ധി ശ്രമിച്ചുവെങ്കിലും സാര്‍വത്രികമായ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വാങ്ങി. ഈ മൂന്നു തന്ത്രങ്ങളും അവയുടെ ലക്ഷ്യം നിറവേറ്റുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. അപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുടിലമായ തന്ത്രം ആവിഷ്‌ക്കരിച്ചിട്ടുള്ളത്. വളരെ രഹസ്യമായി പ്രാവര്‍ത്തികമാക്കുന്ന ആ തന്ത്രം ലക്ഷ്യമിടുന്നത് പത്രത്തിന്റെയോ ടി വി ചാനലിന്റെയോ ഉടമയെയാണ്. അവിടെ വെടിയോ പുകയോ ഒന്നും ഉയരുന്നില്ല. എന്നാല്‍ ആ തന്ത്രം വളരെ ഫലപ്രദമാണെന്ന് പറയേണ്ടിവരും. ഭീതിയുടെയും കീഴടങ്ങലിന്റേതുമായ അന്തരീക്ഷമാണ് എവിടെയുമുള്ളത്.
എന്‍ഡിടിവിയില്‍നിന്ന് രാജിവച്ച സീനിയര്‍ മാദ്ധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തിന്റെ അനുഭവംതന്നെ ഉദാഹരണം. അവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച ടിവി ചാനലുകള്‍ ശ്രമം ഉപേക്ഷിച്ചു. അവരെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ പുതിയൊരു ചാനലിന് ലൈസന്‍സ് നിഷേധിച്ചു. കാരണമായി അവയുടെ പ്രമോട്ടര്‍മാര്‍ പറഞ്ഞത് ഭരണകക്ഷിയിലെ ഉന്നതര്‍ ദത്തിനെ ഇഷ്ടപ്പെടുന്നില്ലെന്നും അതിനാല്‍ പ്രത്യാഘാതങ്ങള്‍ ഭയക്കുന്നു എന്നുമാണ്. പിന്നീട് ബിജെപിയുടെ ചില നേതാക്കള്‍, ടിവി പ്രോജക്ടുകളില്‍നിന്നു വിട്ടുനില്‍ക്കാന്‍ തന്നെ ''സൗമ്യമായും ഭീഷണിയുടെ സ്വരത്തിലും'' ഉപദേശിച്ചു എന്ന് ദത്ത് പിന്നീട് ട്വീറ്റ് ചെയ്തു. നേരിട്ടുള്ള ഭീഷണികളുണ്ടായാല്‍ തനിക്ക് അതിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് കേസ് നടത്താമായിരുന്നു; ഇത്തരത്തിലുള്ള വ്യംഗ്യമായ, എന്നാല്‍ ഫലപ്രദമായ, ഭീഷണിയെ എങ്ങനെ നേരിടുമെന്ന് അറിയാത്ത സ്ഥിതിയാണുള്ളതെന്നും അവര്‍ പറയുന്നു. ബിജെപി വ്യവസ്ഥിതമായ രീതിയില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ഉപദ്രവിക്കുന്നതായി എന്‍ഡിടിവി ജേര്‍ണലിസ്റ്റ് രവിഷ് കുമാര്‍, സ്വതന്ത്ര ജേര്‍ണലിസ്റ്റ് റാണ അയുബ് എന്നിവര്‍ അടുത്ത കാലത്ത് ആരോപിച്ചിരുന്നു. ഓഗസ്റ്റ് 2നു ബോംബെ ഹൈക്കോടതി രോഷത്തോടെ ചോദിച്ചു: ''രാജ്യത്തിന്റെ ഏറ്റവും ദുരന്തപൂര്‍ണ്ണമായ ഒരു ഘട്ടമാണ് നമ്മളിന്ന് കാണുന്നത്. തങ്ങളുടെ ഉല്‍ക്കണ്ഠകളും അഭിപ്രായങ്ങളും നിര്‍ഭയം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലാ എന്ന് പൗരന്മാര്‍ക്ക് തോന്നുകയാണ്. സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും സംസാരിക്കുന്നതിനും പോലീസ് സംരക്ഷണത്തോടുകൂടി മാത്രമേ കഴിയുകയുള്ളു എന്ന അവസ്ഥയിലേക്കാണോ നമ്മള്‍ പോകുന്നത്?' എഡിറ്റോറിയല്‍ കോണ്‍ഫറന്‍സുകളിലേക്കും ന്യൂസ് റൂമുകളിലേക്കും വ്യാപിച്ചിട്ടുള്ള ഈ അന്തരീക്ഷം വൈമുഖ്യത്തോടെയെങ്കിലും സ്വയം സെന്‍സര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുന്നതിലേക്കു നയിക്കുന്നു.
മോദി ഭരണകൂടത്തിന്റെ രീതികളെക്കുറിച്ചും ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിറ്റേഴ്‌സ് ഗില്‍ഡ് ശക്തവും വിശദവുമായ വിമര്‍ശനമാണ് നടത്തിയത്. പത്രസ്വാതന്ത്ര്യത്തിന്റെ ചാമ്പ്യനായി ഉയരാന്‍ ഇതിലൂടെ ഗില്‍ഡിന് കഴിഞ്ഞു. അതേ സമയം ഭരണഘടനാ സ്ഥാപനമായ പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, അതിന് നേര്‍വിപരീതമായി, കീഴടങ്ങലിന്റേതായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അനേകം വസ്തുതകള്‍ ചൂണ്ടിക്കാണിച്ചാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് ഗവണ്മെന്റിനെ വിമര്‍ശിച്ചത്. ഹിന്ദി ചാനലായ എബിപിയില്‍നിന്നും ജൂലൈയില്‍ മുതിര്‍ന്ന രണ്ടു മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു പിരിഞ്ഞുപോകേണ്ടിവന്നു. മാനേജിങ് എഡിറ്റര്‍ മിലിന്ദ് ഖണ്ഡേക്കര്‍, സീനിയര്‍ ആങ്കറായ പുണ്യ പ്രസൂണ്‍ ബാജ്‌പേയ് എന്നിവരാണ് പുറത്തുപോയത്. ഖണ്ഡേക്കര്‍ കാരണമൊന്നും പറഞ്ഞില്ല. എന്നാല്‍ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ ബാജ്‌പേയ് കാരണങ്ങള്‍ വിശദീകരിച്ചു. താന്‍ അവതരിപ്പിക്കുന്ന പരിപാടികളില്‍നിന്നും ഗവണ്മെന്റിനെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ദിവസങ്ങളായി അതിന്മേലുള്ള സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇത്തരം തന്ത്രങ്ങളെ ഗില്‍ഡ് ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനത്തെ ചില ശക്തികള്‍ തുരങ്കംവയ്ക്കുകയാണെന്നും രാഷ്ട്രീയ സംവിധാനത്തില്‍ നിന്നുമുണ്ടാകുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള സമ്മര്‍ദ്ദങ്ങളെയും ഗവണ്മെന്റിനെ വിമര്‍ശിക്കുന്ന ചാനല്‍ പരിപാടികളുടെ സംപ്രേഷണം തടസ്സപ്പെടുത്തുന്ന നിരന്തരമുണ്ടാകുന്നതായ സംഭവങ്ങളെയും അതിജീവിക്കാന്‍ ചില മാദ്ധ്യമ ഉടമകള്‍ക്ക് കഴിയാതെ വരുന്നതായി ഗില്‍ഡ് ചൂണ്ടിക്കാട്ടി. അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ വേര് പിഴുതെടുക്കുന്നതിനു തുല്യമാണ്. അറിയാനുള്ള അവകാശത്തെയും ഭരണസംവിധാനത്തെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമാക്കുന്നതിനെയും അത് ഇല്ലാതെയാക്കും. 'സൗഹൃദപരമല്ലാത്ത' വാര്‍ത്താ ചാനലുകളെയും അസ്വസ്ഥതയുണ്ടാക്കുന്ന ശബ്ദങ്ങളെയും ഇല്ലാതെയാക്കുന്നതിനുള്ള നിര്‍ല്ലജ്ജമായ ശ്രമമാണ് കാണപ്പെടുന്നത്. ഗവണ്മെന്റിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനലിന് സംപ്രേഷണത്തിനിടയില്‍ സിഗ്‌നല്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ തുറന്ന ജനാധിപത്യ വ്യവസ്ഥിതിയെ നശിപ്പിക്കാനുള്ള ശ്രമങ്ങളെയാണ് കാണിക്കുന്നത്. ലോക് സഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഈ വിഷയം കഴിഞ്ഞമാസം ശക്തമായി ഉന്നയിച്ചു. ഇത്തരം സംഭവങ്ങള്‍ അടിക്കടി ഉണ്ടാകുന്നത് എന്തുകൊണ്ടെന്നു അന്വേഷിക്കണമെന്ന് ഗില്‍ഡും ആവശ്യപ്പെട്ടിരുന്നു.
പ്രഗത്ഭരും തിരക്കേറിയവരുമായ എഡിറ്റര്‍മാര്‍ ഉള്‍പ്പെടുന്ന ഗില്‍ഡ് മാദ്ധ്യമ സ്വാതന്ത്ര്യങ്ങളിലുള്ള എല്ലാ കൈകടത്തുളകളെയും നിരീക്ഷിക്കുന്നതിനും അവ പുറത്തുകൊണ്ടു വരുന്നതിനുമായി അക്കാദമീഷ്യന്മാരും ബുദ്ധിജീവികളുമായുമുള്ള ആള്‍ക്കാരെ നിയമിക്കണം. വാര്‍ത്തകളെയും വീക്ഷണങ്ങളെയും ശരിയായും നീതിപൂര്‍വകമായും അവതരിപ്പിക്കുന്നതിനു വിഘാതമാകുന്ന ബാഹ്യ ഇടപെടലുകളില്‍ പ്രസ്സ് കമ്മീഷന്‍ 1954ല്‍ ഉല്‍കണ്ഠ പ്രകടിപ്പിച്ചിരുന്നു. എളുപ്പത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഒട്ടേറെ ദുര്‍ബ്ബലമായ കണ്ണികളിലാണ് പത്രസ്വാതന്ത്ര്യം സ്ഥിതി ചെയ്യുന്നത്. വാര്‍ത്താ ശേഖരണം മുതല്‍, എഡിറ്റോറിയല്‍ തീരുമാനങ്ങളും പ്രിന്റിങ് പ്രസ്സും ഉള്‍പ്പടെ സര്‍ക്കുലേഷനും വിതരണവുംവരെ നീളുന്ന കണ്ണികളാണത്. ഗവണ്മെന്റിന്റെ അഴിമതി തുറന്നുകാട്ടിയ ഒരു പത്രത്തില്‍ 1987ല്‍ ഒരു സമരമുണ്ടായി. വാര്‍ത്താമുറികളില്‍വരെ അക്രമികള്‍ കടന്നുചെന്നു. അത്തരം ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള നിയമനിര്‍മ്മാണം അന്ന് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്‌ഡെ അവതരിപ്പിച്ചു. പത്രവ്യവസായത്തിന് രണ്ടു വശങ്ങളുണ്ട്. അത് വ്യവസായവും ബിസിനസുമാണെന്നത് ഒരു വശം. അതേസമയം അത് നിഷ്പക്ഷമായ വാര്‍ത്തകളും സ്വതന്ത്രമായ വീക്ഷണങ്ങളും അവതരിപ്പിക്കുന്നതാണെന്നത് രണ്ടാമത്തെ വശം. ബിസിനസിന്മേലുള്ള കടന്നാക്രമണം സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനെതിരായ കടന്നാക്രമണം കൂടിയാണ്. ഇത് കോടതിയും അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. ഗവണ്മെന്റിന്റെ പരസ്യങ്ങള്‍ നിഷേധിക്കുന്നതും സ്‌റ്റേറ്റ് ലൈബ്രറികളില്‍ പത്രം വിലക്കുന്നതുമായ എല്ലാ നടപടികളും ഭരണഘടനാ വിരുദ്ധമാണ്. ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്തുവരുന്ന. മാദ്ധ്യമ സ്വാതന്ത്ര്യന്തിന് നേര്‍ക്കുയരുന്ന ഭീഷണികളെ അവഗണിക്കുന്നത് വിവേകശൂന്യമായിരിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Write A Comment

 
Reload Image
Add code here