നോട്ടുനിരോധനം മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കി

Mon,Sep 10,2018


അസാധുവാക്കിയ നോട്ടുകളുടെ 99.3%വും തിരിച്ചെത്തിയതായി ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമ്മതിച്ചിരിക്കുന്നു. നേപ്പാളിലും ഭൂട്ടാനിലുമുള്ള നോട്ടുകള്‍ എത്രയെന്ന് ഇനിയും എണ്ണി തിട്ടപ്പെടുത്തിയിട്ടുമില്ല. നോട്ടുനിരോധനം സാമ്പത്തികമായി വന്‍ പരാജയമായി എന്നു വ്യക്തം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തിപരമായും യുപി നിയമസഭാ തെരെഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് രാഷ്ട്രീയമായും അത് വലിയ നേട്ടമുണ്ടാക്കി. നോട്ടു നിരോധനത്തിന്റെ ഏറ്റവും വലിയ ലക്ഷ്യവും അതുതന്നെയായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. നോട്ടു നിരോധനത്തിന്റെ ഫലമായി സാമ്പത്തികോത്പാദനത്തില്‍ സംഭവിച്ച കുറവ് 2016-17 ലെ സാമ്പത്തിക സര്‍വേയില്‍ വ്യക്തമാകുന്നുണ്ട്. ജിഡിപി വളര്‍ച്ച 2015-16ല്‍ 8% ആയിരുന്നത് 2016-17 ല്‍ 7.1%മായി കുറഞ്ഞു. 2017-18ല്‍ അത് വീണ്ടും കുറഞ്ഞു 6.7%മായി. ജിഡിപി വളര്‍ച്ചയില്‍ സംഭവിച്ച കുറവ് നോട്ടു നിരോധനത്തിന്റെ ഫലമായിരുന്നില്ലെന്നും 2017 ജൂലൈയില്‍ നടപ്പാക്കിയ ജിഎസ്ടി, കിട്ടാക്കടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ കാട്ടിയ വിമുഖതയുടെ ഫലമായി നിക്ഷേപങ്ങള്‍ കുറഞ്ഞത്, തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് വന്‍കിട കമ്പനികള്‍ കരുതിയ വായ്പകള്‍ ഉപേക്ഷിച്ചതിന്റെ ഫലമായി വന്‍കിട പദ്ധതികള്‍ തുടങ്ങുന്നതിന്റെ എണ്ണത്തില്‍ സംഭവിച്ച കുറവ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഇവ ഓരോന്നും വളര്‍ച്ച കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. എന്നാല്‍, ഇവയെയെല്ലാം കോര്‍ത്തിണക്കുന്ന പൊതു ചരടായി മോശപ്പെട്ട സാമ്പത്തിക മാനേജ്മന്റ് നിലനില്‍ക്കുന്നു. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ജിഡിപി വളര്‍ച്ചയിലുണ്ടായ കുറവ് 0.25% മുതല്‍ ഒരു ശതമാനം വരെ എന്നാണ് പറഞ്ഞിട്ടുള്ളത്. അതില്‍ നോട്ടുനിരോധനത്തിന്റെ ഫലമായുണ്ടായ കുറവ് എത്രയെന്ന് മനസ്സിലാക്കണമെങ്കില്‍ 2016-17ലെയും 2017-18ലെയും ജിഡിപിയുടെ ശരാശരി എടുത്തു പരിശോധിക്കണം. അങ്ങനെ ചെയ്യുമ്പോള്‍, നോട്ടുനിരോധനത്തിന്റെ ഫലമായുണ്ടായ നഷ്ടം ഒരു ലക്ഷം കോടിയിലധികം രൂപയായിരുന്നുവെന്നു കാണാം.
നോട്ടു നിരോധനത്തിന്റെ പരാജയം സൂചിപ്പിക്കുന്ന രണ്ട് അധിക സ്ഥിതിവിവര കണക്കുകള്‍കൂടി ആര്‍ബിഐയുടെ ഏറ്റവുമൊടുവില്‍ പുറത്തുവന്ന 2017-18ലെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്. നോട്ടു നിരോധനത്തിന് മുമ്പുള്ള അഞ്ചു വര്‍ഷങ്ങളില്‍ വീടുകളില്‍ പണമായി സൂക്ഷിക്കുന്ന സമ്പാദ്യം ദേശീയ തലത്തില്‍ ആകെ ചിലവഴിക്കപ്പെടുന്ന വരുമാനത്തിന്റെ (ഗ്രോസ് നാഷണല്‍ ഡിസ്‌പോസിബിള്‍ ഇന്‍കം- ജി എന്‍ ഡി ഐ) 1.12% ആയിരുന്നത് 2017-18ല്‍ 2.8മായി വര്‍ദ്ധിച്ചുവെന്ന് കാണിക്കുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, വീടുകളില്‍ സൂക്ഷിക്കുന്ന പണം രണ്ടര മടങ്ങു വര്‍ദ്ധിച്ചിരിക്കുന്നു. പണമിടപാടുകള്‍ ചുരുക്കിക്കൊണ്ടുവരുക എന്ന ഗവണ്മെന്റ് ലക്ഷ്യത്തിനു വിപരീതമായാണ് കാര്യങ്ങള്‍ പോകുന്നത്. ധനപരമായ ബാധ്യതകളില്‍ സംഭവിച്ചിട്ടുള്ള വര്‍ദ്ധനവാണ് ഏറ്റവും വഷളായ കാര്യം. നോട്ടു നിരോധനത്തിന് മുമ്പുള്ള അഞ്ചു വര്‍ഷങ്ങളില്‍ വീടുകളുടെ ധനപരമായ ബാധ്യതകള്‍ ജിഎന്‍ഡിഐ യുടെ 3.6% ആയിരുന്നത് 2017-18ല്‍ 4%മായി വര്‍ദ്ധിച്ചു. 2016-17ല്‍ 67,949 കോടി രൂപയായിരുന്ന സ്ഥാപനങ്ങളുടെ ബാധ്യതകള്‍ 2017-18ല്‍ 370,964 കോടി രൂപയായിട്ടാണ് വര്‍ദ്ധിച്ചത്. ചെറുകിട വ്യവസായ സ്ഥാപനങ്ങളെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത്. അവയില്‍ പലതിനും ആഘാതത്തില്‍നിന്നും കരകയറാന്‍ കഴിഞ്ഞിട്ടില്ല. ഒരു വിഷമഘട്ടം തരണം ചെയ്യാന്‍ വീണ്ടും കടം വാങ്ങേണ്ടിവരുന്ന സാഹചര്യമാണ് അവര്‍ നേരിടുന്നത്. ബാധ്യതകള്‍ വല്ലാതെ ഉയര്‍ന്നത് എന്തുകൊണ്ടാണെന്ന് അത് വ്യക്തമാക്കുന്നുണ്ട്. ഭാരം മുഴുവനും ചുമക്കേണ്ടിവന്നത് പാവപ്പെട്ടവരും ധനശേഷി കുറഞ്ഞവരുമാണ്.
റിയല്‍ എസ്‌റ്റേറ്റ്, ഓഹരികള്‍, സ്വര്‍ണ്ണം, വെള്ളി, വിദേശ കറന്‍സികള്‍ എന്നിവയുടെ രൂപത്തില്‍ കള്ളപ്പണം സൂക്ഷിച്ചവരെ നോട്ടു നിരോധനം ഒരിക്കലും ബാധിച്ചിട്ടില്ല. പണമായി സൂക്ഷിക്കുന്ന ചെറുകിടക്കാരെയാണ് അത് ഏറ്റവും ബാധിച്ചത്. സ്വര്‍ണ്ണം വാങ്ങുന്നതിനോ അത്യാവശ്യ ഘട്ടങ്ങളിലെ ആശുപത്രി ചിലവുകള്‍ക്കായോ ഭര്‍ത്താക്കന്മാരറിയാതെ പണം സൂക്ഷിക്കുന്ന ഭാര്യമാരും അക്കൂട്ടത്തിലുള്‍പ്പെടും. വന്‍കിടക്കാര്‍ രക്ഷപ്പെട്ടപ്പോള്‍ നോട്ടു നിരോധനത്തിന്റെ ആഘാതം മുഴുവനും ഏറ്റത് അത്തരം ആള്‍ക്കാര്‍ക്കാണ്. നോട്ടുനിരോധനത്തിന്റെ ഫലമായി നികുതിദായകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായത് നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുണ്ടായത് നോട്ടു നിരോധനത്തിന്റെ ഫലമല്ല. ജിഎസ്ടി നടപ്പാക്കിയത് നികുതിദായകരുടെ എണ്ണത്തിലുള്ള വലിയ വര്‍ദ്ധനവിനിടയാക്കി. നോട്ടു നിരോധനത്തിന്റെ രാഷ്ട്രീയ സ്വാധീനമാണ് വിലയിരുത്തപ്പെടേണ്ടത്. കള്ളപ്പണക്കാരായ സമ്പന്ന വര്‍ഗത്തിനെതിരെ പാവങ്ങള്‍ക്കായി പോരാട്ടം നടത്തുന്ന ഒരാളെന്ന പ്രതിച്ഛായ സൃഷ്ടിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം. തന്റെ ഐതിഹാസിക പോരാട്ടത്തില്‍ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട നിരയായി കാത്തുനിന്ന് പങ്കുചേരുന്നതിനാണ് മോദി ആഹ്വാനം ചെയ്തത്. ജനം അത് അതേപടി വിശ്വസിച്ചു. വലിയൊരു ലക്ഷ്യത്തിനായി കഷ്ടപ്പാടുകള്‍ സഹിക്കാന്‍ അവര്‍ സന്നദ്ധരായി. അസാമാന്യമായ ധീരത കാട്ടിയ പ്രധാനമന്ത്രിയെ അവര്‍ പ്രശംസിക്കുകയും ചെയ്തു. ബിജെപിയുടെ പിന്തുണയും അതിന്റെ ഫലമായി വര്‍ദ്ധിച്ചു. ദരിദ്രരും തീരെ ദരിദ്രരല്ലാത്തവരുമായ ജനങ്ങളും ചെറുകിട വ്യാപാരികളുംപോലും ബിജെപിയുടെ പിന്തുണക്കാരായി. നോട്ടു നിരോധനം കള്ളപ്പണം ഇല്ലാതെയാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുകയും പാവപ്പെട്ടവരും ഇടത്തരക്കാരുമായവരുടെ കടഭാരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമേ ഇടയാക്കിയുള്ളുവെന്നും കാണുമ്പോള്‍ അത് ഭരണകക്ഷിയുടെ ജനപിന്തുണയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ എന്തുതന്നെ പറഞ്ഞാലും നോട്ടു നിരോധനത്തിന് അനുകൂലമായുള്ള സംഘഗാനം മുഴങ്ങിക്കൊണ്ടിരിക്കും.

Other News

 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • രാജന്‍ ജോസഫ് നിര്യാതനായി
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • അപകടമാസങ്ങളിലും കൂടുതൽ ഓർഡർ ബോയിങ്ങിന് തന്നെ
 • കത്തിയമര്‍ന്ന വിശ്വാസഗോപുരം ഇനി പുനര്‍ജനിയിലേക്ക്
 • എം. ബേബി വെക്കല്‍ നിര്യാതനായി
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • Write A Comment

   
  Reload Image
  Add code here