നവജാത ശിശുക്കളുടെ ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്താന്‍ കേരളത്തില്‍ പരിശോധനാ സംവിധാനം

Wed,Jun 13,2018


തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ജനിക്കുന്ന ശിശുക്കളെ 48 മണിക്കൂറിനകം പരിശോധിച്ച് ജന്മനായുള്ള വൈകല്യങ്ങളും മറ്റു രോഗങ്ങളും കണ്ടെത്തുന്നതിനുള്ള സമഗ്ര പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നു. കോംപ്രഹന്‍സീവ് ന്യൂബോണ്‍ സ്‌ക്രീനിംഗ് എന്ന പേരിലുള്ള പദ്ധതി ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണ്.
ശിശു മരണ നിരക്ക് കേരളത്തില്‍ കുറവായ സാഹചര്യത്തില്‍ നവജാത ശിശുക്കളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സംസ്ഥാന തല നോഡല്‍ ഓഫീസറായ ഡോ.എം.ശ്രീഹരി പറഞ്ഞു. ശിശു മരണ നിരക്ക് കുറഞ്ഞതു കൊണ്ട് ജീവിച്ചിരിക്കുന്ന കുട്ടികള്‍ മെച്ചപ്പെട്ട ആരോഗ്യമുള്ളവരാണ് എന്നര്‍ഥമില്ല. ശിശു മരണ നിരക്ക് നിലവില്‍ പത്താണ്. 2020 ഓടെ ഇത് എട്ടായി കുറയ്ക്കാനും, ജീവിച്ചിരിക്കുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചമാക്കാനും പുതിയ പദ്ധതി ലക്ഷ്യമിടുന്നതായി അദ്ദേഹം അറിയിച്ചു. നവജാത ശിശുക്കളില്‍ പ്രഥമദൃഷ്ട്യാ ഉള്ള വൈകല്യങ്ങളാണ് ഇപ്പോള്‍ പ്രധാനമായും കണ്ടെത്തുന്നത്. എന്നാല്‍, പുതിയ പദ്ധതിയുടെ ഭാഗമായി കേള്‍വി - ഹൃദയ സംബന്ധമായ വൈകല്യങ്ങളും പരിശോധനാ വിധേയമാക്കും. ഈ പരിശോധനയില്‍ വൈകല്യങ്ങള്‍ കണ്ടെത്തുന്ന ശിശുക്കള്‍ക്ക് തുടര്‍ ചികിത്സ ലഭ്യമാക്കുന്നതാണ്. അന്ധതയിലേക്ക് നയിക്കുന്ന റെറ്റിനപ്പതി ശിശുക്കള്‍ക്ക് ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും.
നിശ്ചിത സമയം എത്തും മുമ്പേ പ്രസവം നടക്കുന്നതും മൂലം തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍ ജനിക്കുന്ന സംഭവം സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാക്കുകയും, വര്‍ധിതമായ തോതില്‍ ഓക്‌സിജന്‍ നല്‍കുകയും ചെയ്യുന്നു. കൂടുതലായുള്ള ഓക്‌സിജന്‍ പ്രവാഹം റെറ്റീനയിലേക്കുള്ള രക്തപ്രവാഹം കൂട്ടുകയും അന്ധതയ്ക്കു കാരണമാകുന്ന റെറ്റിനോപ്പതി ബാധിക്കുവാന്‍ കാരണമാവുകയും ചെയ്യുന്നു. പരിശോധന നടത്തി കണ്ടെത്തിയാല്‍ ഈ വൈകല്യത്തിനുള്ള ചികിത്സ നേരത്തെ തന്നെ ആരംഭിച്ച് അന്ധത തടയാനാകുമെന്ന് ഡോ.ശ്രീഹരി ചൂണ്ടിക്കാട്ടി.
പ്രസവ സമയത്ത് ശുശുക്കളെ സംബന്ധിച്ച 21 വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പദ്ധതിയുട ഭാഗമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ വിവരങ്ങള്‍ സെന്‍ട്രല്‍ സര്‍വറില്‍ ഡാറ്റായായി സൂക്ഷിക്കുന്നതാണ്. ഓരോ നവജാത ശിശുവിന്റെയും പരിശോധനാ ഫലങ്ങള്‍ പ്രത്യേക നമ്പറിലാവും രേഖപ്പെടുത്തുക. ഇത്തരത്തില്‍ വിവര ശേഖരണം നടത്തിയ ശേഷം ഏതെങ്കിലും വൈകല്യം കണ്ടെത്തുന്ന നവജാത ശിശുക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പിലെ ബന്ധപ്പെട്ട ഫീല്‍ഡ് സ്റ്റാഫിന് കൈമാറുന്നതാണ്. ഈ കുട്ടിയുടെ തുടര്‍ ചികിത്സയ്ക്കു വേണ്ട സംവിധാനങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ട മെഡിക്കല്‍ ടീമിന് ഈ നടപടി സഹായകമാകുമെന്ന് ഡോ.ശ്രീഹരി പറഞ്ഞു.

Other News

 • നിലയ്ക്കലില്‍ സമരക്കാരുടെ അക്രമം; മാധ്യമ പ്രവര്‍ത്തകരെയും പോലീസിനെയും ആക്രമിച്ചു; ലാത്തിച്ചാര്‍ജ്ജ്
 • തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍
 • ശബരിമലയെച്ചൊല്ലി നടക്കുന്നത് രാഷ്ട്രീയ സമരം; ലക്ഷ്യം കലാപം: ദേവസ്വം മന്ത്രി
 • ശബരിമല; ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയില്‍ തീരുമാനമായില്ല, 19 ന് വീണ്ടും യോഗം ചേരും
 • നവകേരള നിര്‍മാണം: പിണറായി ബുധനാഴ്ച യു.എ.ഇയിലെത്തും
 • # മി ടൂ: അലന്‍സിയര്‍ക്കെതിരെ ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്
 • പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോയ മാധ്യമ വിദ്യാര്‍ത്ഥികളെ നിലക്കലില്‍ തടഞ്ഞു
 • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി
 • തുടര്‍ച്ചയായി മൂന്ന് മാസത്തോളം റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാത്തവരെ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം
 • ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം ലഭിച്ചു
 • ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
 • Write A Comment

   
  Reload Image
  Add code here