താരപ്പോരിന് ഒരുങ്ങി നഗരി: റോജയ്ക്കെതിരേ വാണി വിശ്വനാഥ്

Mon,Oct 08,2018


അമരാവതി: ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽപ്പെട്ട നഗരി നിയമസഭാമണ്ഡലം ഇക്കുറി താരപ്പോരിന് അരങ്ങൊരുക്കും. നിലവിൽ നഗരിയെ പ്രതിനിധാനം ചെയ്യുന്ന നടി റോജയ്ക്കെതിരെ തെലുഗുദേശം പാർട്ടി മറ്റൊരു മുൻകാല നായികയെ രംഗത്തിറക്കുമെന്ന് ഉറപ്പായി; തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ വാണി വിശ്വനാഥിനെ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച വാണി നഗരിയിൽ മത്സരിച്ചേക്കുമെന്ന സൂചനയും നൽകി.

ടി.ഡി.പിയിൽ നിന്ന് വൈ.എസ്.ആർ. കോൺഗ്രസിലേക്ക് കൂടുമാറിയ റോജ ഇപ്പോൾ സംസ്ഥാനത്തെ തീപ്പൊരി നേതാക്കളിലൊരാളാണ്. മുഖ്യമന്ത്രി നായിഡുവിനും ടി.ഡി.പി. നേതാക്കൾക്കുമെതിരേ നിയമസഭയിൽ കത്തിക്കയറി സസ്പെൻഷനിലായിട്ടുണ്ട്. വൈ.എസ്.ആർ. കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്‌ഡിയുടെ വിശ്വസ്ത അനുയായികളിൽ ഒരാളാണിപ്പോൾ.

ആന്ധ്ര മുൻമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ എൻ.ടി. രാമറാവുവിന്റെ നായികയായാണ് വാണി വിശ്വനാഥിന്റെ ചലച്ചിത്രപ്രവേശം. ആന്ധ്രയിൽ ഇപ്പോഴും അവർ സുപരിചിതയാണ്. ഇത് മുതലാക്കാനാണ് ടി.ഡി.പി. ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബുവിന്റെ നേതൃപാടവത്തിലും ഭരണത്തിലും മതിപ്പു പുലർത്തുന്ന വാണിക്ക്‌ നഗരിയിൽ റോജയെ നേരിടാനുള്ള ആത്മവിശ്വാസവുമുണ്ട്.

2014-ലെ തിരഞ്ഞെടുപ്പിൽ ടി.ഡി.പി.യുടെ മുതിർന്ന നേതാവ് മുദ്ദു കൃഷ്ണമ്മ നായിഡുവിനെ വാശിയേറിയ മത്സരത്തിൽ പരാജയപ്പെടുത്തിയാണ് റോജ നിയമസഭയിൽ എത്തിയത്. പരേതനായ കൃഷ്ണമ്മ നായിഡുവിന് പകരം അദ്ദേഹത്തിന്റെ മകന് ടി.ഡി.പി. ടിക്കറ്റ് നൽകുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതിയിരുന്നത്. എന്നാൽ റോജയെ നേരിടാൻ പറ്റിയ എതിരാളിയെ അന്വേഷിക്കുകയായിരുന്നു നായിഡു. അപ്പോഴാണ് തെലുങ്ക് സിനിമാലോകത്ത് ചിരപരിചിതയായ വാണി വിശ്വനാഥ് ടി.ഡി.പി.യിൽ ചേരാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സമ്മതം പ്രകടിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

Other News

 • നമ്പി നാരായണനായി മാധവന്‍; ഫസ്റ്റ് ലുക്ക് പുറത്ത്
 • ഹർത്താൽ: കോഴിക്കോട്ടും തിരുവനന്തപുരത്തും ഒടിയൻ ഷോകള്‍ റദ്ദാക്കി
 • ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍; ഡാര്‍ക്ക് റൂം മികച്ച ചിത്രം
 • 96ന്റെ കന്നഡ റിമേക്ക് ഒരുങ്ങുന്നു: ജാനുവാവാന്‍ ഭാവന
 • അശ്ലീല സന്ദേശവും അതയച്ചയാളുടെ പ്രൊഫൈലും പരസ്യമാക്കി നടി ഗായത്രി അരുണ്‍
 • ഒടിയന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നൂറുകോടി വരുമാനം നേടിയെന്ന് സംവിധായകന്‍
 • ജൂറി ചെയര്‍മാനെ അപമാനിക്കുന്നു'; മജീദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധം
 • ജയറാമിന്റെ 'ലോനപ്പന്റെ മാമോദീസ'യുടെ പോസ്റ്റര്‍ പുറത്ത്
 • വിരുഷ്‌ക വിവാഹത്തിന്റെ ആദ്യ വാര്‍ഷികം
 • നിര്‍മാതാക്കളെ അവഗണിക്കുന്നു; ചലച്ചിത്രമേളയില്‍ പ്രതിഷേധം
 • കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പൽ കന്നിയാത്രയ്ക്കൊരുങ്ങി
 • Write A Comment

   
  Reload Image
  Add code here