പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകി മഞ്ജു വാര്യര്‍

Mon,Aug 27,2018


പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്കു സാന്ത്വനവാക്കുകളേകി നടി മഞ്ജു വാര്യര്‍. നാമോരോരുത്തരുടേയും ഉള്ളിലും ഓരോ പോരാളിയുണ്ടെന്നും ആ പോരാളിയെ ഉയിര്‍ത്തെഴുന്നേലൽപ്പിക്കണമെന്നാണ് മഞ്ജു പറയുന്നത്. ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയല്ല വേണ്ടതെന്നും നടി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.
മഞ്ജു വാര്യരുടെ പോസ്റ്റ്:

ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്പിക്കുക!

പണ്ട് ഒരു പത്രലേഖകന്‍ എന്നോട് ചോദിച്ചു: 'ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടായാല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നയാളാണോ?' അന്ന് ഞാന്‍ പറഞ്ഞത് ഒരിക്കലുമില്ല എന്നാണ്. ഇത്രകൂടി പറഞ്ഞു: 'തിരിച്ചടിയുണ്ടായാല്‍ അതിജീവിക്കാന്‍ പറ്റും. എന്തുവന്നാലും പേടിച്ച് ജീവനൊടുക്കാന്‍ പോകില്ല. എല്ലാ മനുഷ്യരിലും ഈ ഒരു ശക്തിയുണ്ട്. നമ്മള്‍ അതിനെ വളര്‍ത്തിയെടുക്കുന്നതുപോലെയിരിക്കും.' ഇപ്പോള്‍ ഇക്കാര്യം ആലോചിച്ചത് ചില പത്രവാര്‍ത്തകള്‍ കണ്ടപ്പോഴാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചിലര്‍ ജീവിതത്തിന് അവസാനമിടുന്നു. ഒരു തരം ഒളിച്ചോട്ടമെന്നേ അതിനേ പറയാനാകൂ. ആത്മഹത്യയല്ല ഉത്തരം.

ജീവിച്ചുകാണിച്ചുകൊടുക്കലാണ്. കാലത്തോടും പ്രളയത്തോടുള്ള മറുപടി അതാണ്. ജലം കൊണ്ട് മലയാളികള്‍ക്ക് മുറിവേല്ക്കുകയായിരുന്നില്ല, പൊള്ളുകയായിരുന്നു. എല്ലാം ഉരുകിയൊലിച്ചുപോയി. അതിന്റെ വേദന എത്ര മറക്കാന്‍ ശ്രമിച്ചാലും മനസില്‍നിന്ന് പോകില്ല. പക്ഷേ സര്‍വനഷ്ടത്തിന്റെ ആ മുനമ്പില്‍നിന്ന് മരണത്തിലേക്ക് എടുത്തുചാടാന്‍ തുനിയുന്നവര്‍ ഒരുനിമിഷം ആലോചിക്കുക. നിങ്ങള്‍ സ്വയം ഇല്ലാതാകുന്നതുകൊണ്ട് നഷ്ടമായതെല്ലാം ഉറ്റവര്‍ക്ക് തിരികെക്കിട്ടുമോ? അത് വെള്ളത്തിന്റെ തീമുറിവുകളെ കൂടുതല്‍ ആളിക്കത്തിക്കുകയല്ലേ ചെയ്യുക? ഒന്നും നമ്മള്‍ കൊണ്ടുവന്നതല്ല. എല്ലാം സൃഷ്ടിച്ചതാണ്. ഇനിയും അതിന് സാധിക്കും. ഒരു തകര്‍ച്ച ഒന്നിന്റെയും അവസാനവുമല്ല. കൈവിട്ടുപോയതിനെയെല്ലാം പുന:സൃഷ്ടിക്കാനുള്ള നിങ്ങളുടെ ശ്രമത്തില്‍ ഈ ലോകം മുഴുവന്‍ ഒപ്പമുണ്ട്. അത്തരം പരസ്പരസഹായത്തിന്റെ ഏറ്റവും തിളക്കമുള്ള കാഴ്ചകളല്ലേ ഇപ്പോള്‍ നമുക്കുചുറ്റുമുള്ളത്. ഇല്ലാതാകുകയല്ല വേണ്ടത്,ഉണ്ടാക്കിയെടുക്കുകയാണ്. നിങ്ങള്‍ തോറ്റയാളല്ല,ജയിക്കേണ്ട മനുഷ്യനാണ്...

മാധ്യമങ്ങളോട് ഒരു അഭ്യര്‍ഥന:
ഇത്തരം ആത്മഹത്യാവാര്‍ത്തകള്‍ ദയവുചെയ്ത് ഒഴിവാക്കുക. പ്രശസ്ത മന:ശാസ്ത്രജ്ഞനായ ഡോ.സി.ജെ.ജോണിന്റെ വാക്കുകള്‍ എടുത്തെഴുതട്ടെ: 'പ്രളയവുമായി ബന്ധപ്പെടുത്തി ആത്മഹത്യകള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത് അപകടമാണ്. സമാന ദു:ഖങ്ങളുള്ള ലക്ഷങ്ങളുണ്ടെന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഇത് തികച്ചും അനുചിതമാണ്. സ്വയം മരണങ്ങള്‍ക്കുള്ള പ്രചോദനമാകും. റിപ്പിള്‍ എഫക്ട് വരും. മാധ്യമങ്ങള്‍ എല്ലാവരും ചേര്‍ന്ന് തീരുമാനമെടുക്കണം.'

അധികൃതരോട്:
ക്യാമ്പുകളില്‍ ദയവായി കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തുക. ക്യാമ്പുകള്‍ അവസാനിച്ചാലും വീടുകളില്‍ അത് തുടരുക.
ദുരിതബാധിതരോട് ഒരിക്കല്‍ക്കൂടി:
നിങ്ങളുടെ ഉള്ളില്‍ ഒരു പോരാളിയുണ്ട്. ഒരു പ്രളയത്തിനും കൊണ്ടുപോകാനാകില്ല അതിനെ. ആ പോരാളിയെ ഉയര്‍ത്തെഴുന്നേല്പിക്കുക. പിന്നെ ജീവിതത്തോട് പറയുക,തോല്പിക്കാനാകില്ല എന്നെ.....

കേരളത്തിലെ ജനജീവിതത്തെയാകെയുലച്ച ദുരിതപ്രളയത്തില്‍ കൈത്താങ്ങായവരുടെ കൂട്ടത്തില്‍ മഞ്ജുവും ഉണ്ടായിരുന്നു. പ്രളയബാധിതരെ നേരിട്ടു കണ്ട് സമാശ്വസിപ്പിക്കാനും അവരുടെ ആവശ്യാനനുസരണം സാധനങ്ങളെത്തിക്കാനും നടി മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു.

Other News

  • ലൈംഗികാരോപണം: നഷ്ടപരിഹാരമായി ലഭിച്ച തുകയ്ക്ക് നടി സുസ്മിതാ സെന്‍ നികുതി അടക്കേണ്ടതില്ല
  • മകള്‍ നല്‍കിയ സമ്മാനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ഐശ്വര്യ
  • ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി; യൂട്യൂബില്‍ കണ്ടത് എട്ട് ലക്ഷം പേര്‍
  • ഷാരൂഖിന്റെ ഇളയമകന്‍ തന്നെ കാണുന്നത് മുത്തച്ഛനായിട്ടാണെന്ന് ബിഗ് ബി
  • നേഹ ധൂപിയയ്ക്കും അംഗദിനും ആദ്യത്തെ കണ്‍മണി
  • കല്ല്യാണ ആഘോഷം കഴിഞ്ഞ് താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇന്ത്യയിൽ
  • വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി
  • കേരള ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി
  • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
  • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
  • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
  • Write A Comment

     
    Reload Image
    Add code here