കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍

Thu,Jul 26,2018


മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് അന്‍പത്തിയഞ്ചാം പിറന്നാള്‍. സംഗീതലോകത്തെ പ്രമുഖരും ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട ഗായികയ്ക്ക് ആശംസകള്‍ നേര്‍ന്നു. 'പ്രിയപ്പെട്ട ചിന്നക്കുയിലിന് പിറന്നാള്‍ ആശംസകള്‍...' ചിത്രയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് ഗായിക സുജാത കുറിച്ചു. നമ്മുടെ വാനമ്പാടി ചിത്ര ചേച്ചിക്ക് മനോഹരമായ പിറന്നാള്‍ ആശംസിച്ച് സുജാതയുടെ മകളും ഗായികയുമായ ശ്വേതയും രംഗത്തെത്തി. കൊച്ചു ഗായിക ശ്രീയ ജയദീപ്, വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ തുടങ്ങിയവര്‍ ചിത്രയ്ക്ക് ആശംസകളുമായെത്തി.

1979ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ 'അരികിലോ അകലെയോ..' ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. 'ഞാന്‍ ഏകനാണ്' എന്ന ചിത്രത്തിനു വേണ്ടി സത്യന്‍ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണന്‍ സംഗീതമൊരുക്കിയ 'രജനീ പറയൂ...' എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്.. 1983ല്‍ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങള്‍ എത്തി . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.

ആറ് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രയെ തേടിയെത്തിയത്. 1986ല്‍ പുറത്തിറങ്ങിയ 'സിന്ധുഭൈരവി' എന്ന ചിത്രത്തിലെ 'പാടറിയേ പഠിപ്പറിയേ' എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. 1987 ല്‍ 'നഖക്ഷതങ്ങള്‍' ചിത്രത്തിലെ 'മഞ്ഞള്‍ പ്രസാദവും' എന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ പുരസ്‌കാരവും ചിത്രയെ തേടിയെത്തി. 1989 ല്‍ വൈശാലി എന്ന ചിത്രത്തിലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും' എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി. 'മിന്‍സാരക്കനവ്' എന്ന തമിഴ് ചിത്രത്തിലെ 'മാന മധുരൈ' എന്ന ഗാനത്തിലൂടെ 1996 ല്‍ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1997 ല്‍ ഹിന്ദി ചിത്രം 'വിരാസത്തി'ലെ 'പായലേ ചുന്‍ മുന്‍' എന്ന ഗാനത്തിനായിരുന്നു അഞ്ചാമത്തെ ദേശീയ പുരസ്‌കാരം. 2004 ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചു.

15 സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ചിത്രയെ തേടിയെത്തി. 2005ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും ചിത്രയെ ആദരിച്ചു.

Other News

  • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
  • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
  • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
  • കന്യാസ്ത്രീ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ക്ഷോഭിച്ചതില്‍ മാപ്പ് ചോദിച്ച് മോഹന്‍ലാല്‍
  • കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പ്രതികരിക്കാതെ മോഹന്‍ലാല്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം
  • 2.0ന്‍റെ ടീസർ
  • Write A Comment

     
    Reload Image
    Add code here