വിമലിന്റെ കര്‍ണ്ണനില്‍ പൃഥ്വിരാജിന് പകരം ചിയാന്‍ വിക്രം
Mon,Jan 08,2018

മഹാഭാരതത്തിലെ കര്‍ണ്ണനെ മുഖ്യ കഥാപാത്രമാക്കി ആര്. എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കര്‍ണ്ണനാകുന്നത് ചിയാന്‍ വിക്രം. നേരത്തെ പൃഥ്വിരാജാണ് ഈ കഥാപാത്രം ചെയ്യാനിരുന്നത്. എന്നാല്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് പൃഥ്വിരാജിന് ഡേറ്റില്ല എന്നതാണ് അദ്ദേഹത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായി പറയപ്പെടുന്നത്. നേരത്തെ സിനിമ നിര്‍മ്മിക്കാനൊരുങ്ങിയ പ്രവാസി നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി പ്രൊജക്ടില്‍ നിന്നും ഒഴിവായതും പൃഥ്വിരാജിന് തിരിച്ചടിയായി. സംവിധായകന് അര്.എസ് വിമല്‍ തന്നെയാണ് തന്റെ ചിത്രത്തില്‍ കര്‍ണ്ണനാകുന്നത് ചിയാന്‍ വിക്രമായിരിക്കുമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വെളിപെടുത്തിയത്. ഡിസംബര്‍ 2019ല്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരംഭിക്കും. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ് നിര്‍മാണം. ഹിന്ദിയിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും പുറത്തിറക്കും. 300 കോടി ബജറ്റില്‍ പൂര്‍ത്തിയാകുന്ന ചിത്രത്തിന് മഹാവീര്‍ കര്ണ്ണന് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.