വേര്‍പിരിഞ്ഞ ദമ്പതികള്‍ 72 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തമ്മില്‍ കണ്ടു!

Tue,Jan 01,2019


എഴുപത്തിരണ്ടുവര്‍ഷത്തെ വേര്‍പാടിനുശേഷം ദമ്പതികള്‍ വീണ്ടും ഒരുമിച്ചു. 90വയസുള്ള ഇകെ നാരായണന്‍ നമ്പ്യാരും 86 വയസുള്ള ശാരദയുമാണ് സിനിമയെവെല്ലുന്ന ഈ ജീവിതകഥയിലെ നായകനും നായികയും 1946ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഒരുവര്‍ഷം കഴിയും മുമ്പേ പിരിയുകയായിരുന്നു. അന്ന് നമ്പ്യാര്‍ക്ക് പ്രായം 18. ശാരദാമ്മയ്ക്ക് 13.

നാരായണന്‍ നമ്പ്യാരും പിതാവ് തളിയന്‍ രാമന്‍ നമ്പ്യാരും കാവുമ്പായി കര്‍ഷക കലാപത്തില്‍ പങ്കെടുത്തതും അന്നത്തെ ഫ്യൂഡല്‍പ്രഭു കരക്കാട്ടിടം നായനാരെ എതിര്‍ത്തതും കേസ് ആയി. അഞ്ഞൂറ് കര്‍ഷകരുമായി നായനാരെ വധിക്കാന്‍ ഇവര്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. നമ്പ്യാര്‍ ജയിലിലായതിനെ തുടര്‍ന്നാണ് ഇവര്‍ വഴി പിരിയുന്നത്. പിടിയിലാകുമ്പോള്‍ നാരായണന്‍ നമ്പ്യാരുടെ ശരീരത്തില്‍ 16 വെടിയുണ്ടകളുണ്ടായിരുന്നെന്നും അതില്‍ ഒന്നുപോലും നീക്കം ചെയ്തിട്ടില്ലെന്നും കഥകളുണ്ട്.

കാലത്തിനും മായ്ക്കാനാവാത്ത ഓര്‍മ്മകളുമായി പിന്നീട് ഇവര്‍ കാണുന്നത് ഇപ്പോഴാണ്. സേലം ജയിലില്‍ പിതാവ് ജയില്‍കലാപത്തില്‍ വെടിയേറ്റുമരിച്ചു.പോലീസ് വേട്ടതുടങ്ങിയിരുന്നതിനാല്‍ ശാരദാമ്മ അവരുടെ വീട്ടിലേക്ക് പോവുകയും മറ്റൊരാളെ വിവാഹം കഴിക്കുകയുമായിരുന്നു.വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയിട്ടായിരുന്നു അത്. 1954മോചിതനായ നമ്പ്യാരും പുനര്‍വിവാഹിതനായി. പിന്നീട് ഇപ്പോള്‍ മക്കളും ചെറുമക്കളും ചേര്‍ന്ന് നിര്‍ബന്ധിച്ചപ്പോള്‍ പറശിനിക്കടവില്‍ ശാരദയുടെ മകന്‍ ഭാര്‍ഗവന്റെ വീട്ടില്‍ പുന:സമാഗമം. . നമ്പ്യാര്‍ ഇപ്പോള്‍ വിഭാര്യനാണ്.

ഓര്‍മ്മകളുടെ ആര്‍ത്തിരമ്പലോ കുറ്റബോധമോ, ഇരുവരും മൗനത്തിലായിരുന്നു ആദ്യം. എന്താണ് സംസാരിക്കാത്തതെന്ന് നമ്പ്യാര്‍. തനിക്ക് ആരോടും ഒരു പരിഭവവുമില്ലെന്ന് ശാരദാമ്മയുടെ മറുപടി. ഒടുവില്‍ സ്‌നേഹസാന്ത്വനമായി തലയില്‍ ഒരു തലോടല്‍ നല്‍കി നമ്പ്യാര്‍ മടങ്ങി. ശാരദാമ്മ അപ്പോഴും മൗനത്തിലായിരുന്നു. ഇരുവരുടെയും ഈ കണ്ടുമുട്ടല്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുകമായി. ദേശീയമാധ്യമങ്ങളടക്കം ഈ സംഗമം വാര്‍ത്തയാക്കുകയും ചെയ്തു.കുറച്ചു നിമിഷങ്ങള്‍ ഇവര്‍ ആ പഴയകാലത്തേക്ക് മടങ്ങിപോയിട്ടുണ്ടാകാമെന്നായിരുന്നു ദൃക്‌സാക്ഷികളുടെ കമന്റ്.

നമ്പ്യാരുടെ സഹോദരീപുത്രി ശാന്ത കാവുമ്പായ് ഇവരുടെ കഥ ആധാരമാക്കി മുമ്പ്‌ ഡിസംബര്‍ 30 എന്നൊരു നോവലും എഴുതിയിട്ടുണ്ട്.

പ്രവീണ്‍

Other News

Write A Comment

 
Reload Image
Add code here