സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന വിധിയ്ക്ക് പിന്നാലെ യുവതി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു യുവതി രംഗത്ത്
Wed,Oct 03,2018

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ തന്നെ ഒരു യുവതി പീഡിപ്പിച്ചതായി പരാതിയുമായി യുവതി രംഗത്ത്. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന യുവതിയാണ് തന്നോടൊപ്പം താമസിച്ചിരുന്ന 19 കാരിക്കെതിരെ പരാതിയുമായി വന്നത്. തന്നെ ഇവര്‍ തുടര്‍ച്ചയായി ക്രൂരമായ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.
എന്നാല്‍ സംഭവത്തില്‍ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് പോലീസ് പരാതി സ്വീകരിക്കാതിരുന്നതെന്ന് യുവതി പറയുന്നു. ഡല്‍ഹി സീമാപുരി പോലീസ് പരാതി സ്വീകരിക്കാതിരുന്നതോടെ ഇവര്‍ ജില്ലാ കോടതിയെ സമീപിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. സ്വവര്‍ഗ ലൈംഗികതയെ വിലക്കുന്ന സെക്ഷന്‍ 377 അസാധുവാക്കിയ സാഹചര്യത്തില്‍ സി.ആര്.പി.സി സെക്ഷന്‍ 164 പ്രകാരം കാകര്‍ദൂമ ജില്ലാ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
കേസെടുക്കാന്‍ പോലീസിനോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ തയ്യാറായില്ലെന്നും മജിസ്ട്രേറ്റിനോട് ഇക്കാര്യം പറയരുതെന്ന് അവര്‍ ആവശ്യപ്പെട്ടതായും യുവതി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. എന്നാല്‍ പോലീസിന്റെ നിലപാട് മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തിയതായും ഇവര്‍ വ്യക്തമാക്കി.
തന്നെ 19 കാരിയായ യുവതി കൂടാതെ അവരുടെ രണ്ട് സുഹൃത്തുക്കളും പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഗുരുഗ്രാമില്‍ നിന്ന് ജോലി ഉപേക്ഷിച്ച് ഡല്‍ഹിയിലെത്തിയ സ്ത്രീ സ്വന്തമായി വ്യവസായ സംരംഭം തുടങ്ങാനുള്ള പദ്ധതികള്‍ക്കിടെ ചതിയില്‍പ്പെടുകയായിരുന്നു.
പുതിയ സംരംഭത്തില്‍ പങ്കാളികളാകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് രോഹിത്, രാഹുല്‍ എന്നീ യുവാക്കള്‍ ചേര്‍ന്ന് ഇവരെ ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാക്കളോടൊപ്പമുണ്ടായിരുന്ന യുവതി പിന്നീട് തന്നോട് അടുക്കാന്‍ ശ്രമിക്കുകയും നിഷേധിച്ചപ്പോള്‍ പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ യുവതിയെ ബലാത്സംഗം ചെയ്തവരില്‍ ഒരാളായ രാഹുലിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മറ്റൊരാള്‍ ഒളിവിലാണ്.