" />

ഗര്‍ഭിണിക്ക് ട്രെയിനില്‍ നിന്നിറങ്ങാന്‍ സ്വന്തം മുതുക് ചവിട്ടുപടിയാക്കി നല്‍കിയ പോലീസുകാര്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി

Wed,Jul 25,2018


ചെന്നൈ: രാജ്യവ്യാപകമായി പോലീസിനെതിരായ മോശം പ്രതികരണങ്ങള്‍ മാത്രം നിലനില്‍ക്കുമ്പോള്‍ തമിഴ് നാട്ടിലെ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ രാജ്യത്തിനാകെ മാതൃകയായി.
നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിക്ക് സ്വന്തം മുതുക് 'ചവിട്ടുപടി'യായി നല്‍കി തമിഴ്നാട് പോലീസ് സേനാംഗങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ആരാധനാ പാത്രങ്ങളായത്. തമിഴ്നാട് ആംഡ് റിസര്‍വിലെ ധനശേഖരന്‍, മണികണ്ഠന്‍ എന്നീ പോലീസുകാരാണ് സബര്‍ബന്‍ ട്രെയിനില്‍നിന്ന് താഴെയിറങ്ങാന്‍ ബുദ്ധിമുട്ടിയ അമുത എന്ന ഗര്‍ഭിണിക്കു ചവിട്ടുപടിയാകാന്‍ വേണ്ടി സ്വന്തം മുതുകു കുനിച്ചുനിന്നത്.
ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. പല ട്രെയിനുകളും സ്റ്റേഷനുകളില്‍നിന്ന് ഏറെ അകലെയാണ് നിര്‍ത്തിയത്. തുടര്‍ന്ന് സഹായം അഭ്യര്‍ഥിച്ചു കൊണ്ട് ആളുകള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാന്‍ തുടങ്ങി. അത്തരത്തില്‍ വന്ന ഒരു ഫോണ്‍ കോളില്‍നിന്നാണ് ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന അമുതയുടെ കാര്യം പോലീസുകാര്‍ അറിയുന്നതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
താംബരത്തില്‍നിന്നുള്ള സബര്‍ബന്‍ ട്രെയിനിലായിരുന്നു അമുത യാത്ര ചെയ്തിരുന്നത്. കോട്ട- പൂങ്കാ സ്റ്റേഷനുകളുടെ ഇടയിലാണ് സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയത്. പ്ലാറ്റ്‌ഫോമിലായിരുന്നില്ല ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനും പാളവും തമ്മിലുള്ള ഉയരമായിരുന്നു കമ്പാര്‍ട്ട്മെന്റില്‍നിന്ന് പുറത്തിറങ്ങാന്‍ അമുതയ്ക്ക് സാധിക്കാതിരുന്നതിന്റെ കാരണം. രണ്ടുമണിക്കൂറിലധികമായി ട്രെയിനിനുള്ളില്‍ പെട്ടുപോയി അവര്‍.
കണ്‍ട്രോള്‍ റൂമില്‍നിന്ന് എസ്പ്ലനേഡിലെയും ഫ്ളവര്‍ ബസാറിലെയും പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പട്രോളിങ്ങിലുണ്ടായിരുന്ന ധനശേഖരനും മണികണ്ഠനും ഉടന്‍തന്നെ സ്ഥലത്തെത്തി. ശേഷം അമുതയുടെ കമ്പാര്‍ട്ട്മെന്റിന് സമീപത്തെത്തുകയും അവരെ പുറത്തിറങ്ങാന്‍ സഹായിക്കുകയുമായിരുന്നു. നേരെ താഴേക്ക് ഇറങ്ങാന്‍ അമുതയ്ക്ക് സാധിക്കാതിരുന്നതിനാല്‍ ധനശേഖരനും മണികണ്ഠനും കമ്പാര്‍ട്മെന്റിന്റെ പടിക്കുതാഴെയായി കുനിഞ്ഞുനിന്നു. തുടര്‍ന്ന് അമുത ഇവരുടെ മുതുകത്തു ചവിട്ടി താഴേക്കിറങ്ങി.
മാധ്യമപ്രവര്‍ത്തകനായ മഹേഷും പോലീസുകാര്‍ക്കൊപ്പം സഹായത്തിനായി ചേര്‍ന്നു. പോലീസുകാര്‍ അമുതയെ താഴേക്കിറങ്ങാന്‍ സഹായിക്കുന്നതിന്റെ വീഡിയോ തമിഴ്നാട് പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
കമ്പാര്‍ട്മെന്റില്‍നിന്ന് പ്രായമായ ഒരു സ്ത്രീയെ പോലീസുകാരില്‍ ഒരാള്‍ എടുത്തിറക്കുന്നതും പ്രായമായ ഒരാളെ താങ്ങിയെടുത്തു കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. മണികണ്ഠനെയും ധനശേഖരനെയും പോലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥന്‍ അഭിനന്ദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരും ഇരുവരെയും അഭിനന്ദിച്ചിട്ടുണ്ട്.

Other News

 • അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ സ്വന്തം കാര്‍ നല്‍കി മന്ത്രി ഓട്ടോയില്‍ കയറിപോയി
 • കൊക്കൊകോള കഞ്ചാവ് ചേര്‍ത്ത പാനീയം പുറത്തിറക്കുന്നു!
 • വിമാനയാത്രക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ഥന സ്വീകരിച്ചു; എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി
 • കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണമോതിരം സമ്മാനിച്ച് തമിഴ്‌നാട്ടില്‍ മോഡിയുടെ ജന്മദിനാഘോഷം
 • തമിഴ്‌നാട്ടില്‍ യുവാവിന് കൂട്ടുകാര്‍ വിവാഹദിനത്തില്‍ സമ്മാനമായി നല്‍കിയത് പെട്രോള്‍
 • അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ പാക്കിസ്ഥാന്‍ തിരിച്ച് വിളിച്ചു
 • മ്യൂ​സി​യ​ത്തി​ൽ കൊ​ള്ള; പാ​റ്റ​ക​ളെ​യും ചി​ല​ന്തി​ക​ളെ​യും കാ​ണാ​താ​യി
 • സൗദി വനിതാ പൈലറ്റുകളെ തേടുന്നു: 24 മണിക്കൂറിനിടെ ലഭിച്ചത് 1000 അപേക്ഷകള്‍
 • വലിയ അളവില്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബൈക്ക്, ലാപ്പ്‌ടോപ്, വാഷിങ് മെഷീന്‍, എസി തുടങ്ങിയവ വാഗ്ദാനം ചെയ്ത് പമ്പുടമകള്‍
 • കാണാതായ 312 രൂപയുടെ കോടതി ഫീസിനെ ചൊല്ലിയുള്ള കേസ് നീണ്ടത് 41 വര്‍ഷം; അനുകൂല വിധി വന്നപ്പോള്‍ പരാതിക്കാരി ഗംഗാദേവി ജീവിച്ചിരിപ്പില്ല
 • യു.പി.എസ്.സി വെബ്‌സൈറ്റിൽ കാര്‍ട്ടൂണ്‍ കഥാപാത്രം
 • Write A Comment

   
  Reload Image
  Add code here