പ്രണയത്തിന് സംരക്ഷണമൊരുക്കാൻ കേരളത്തിൽ ‘പ്രണയസേന’
Sat,Jul 14,2018

കൊച്ചി: പ്രണയത്തിന് സംരക്ഷണമൊരുക്കാൻ കേരളത്തിൽ ‘പ്രണയസേന’യെത്തുന്നു. പ്രണയത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട കെവിന്റെയും അതിന്റെ ദുഃഖത്തിൽ മനസ്സുനീറി കഴിയുന്ന നീനുവിന്റെയും അനുഭവം ഇനി ആർക്കും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ലവ് കമാൻഡോസ്’ ആണ് ഇതിനുപിന്നിൽ. സംസ്ഥാനത്തെ ഒരോ വാർഡിലും കുറഞ്ഞത് പത്തുപേരെ ഉൾപ്പെടുത്തിയാകും സേനയുണ്ടാക്കുക. അവർക്ക് പ്രത്യേക പരിശീലനവും നൽകും. ഒരു വർഷത്തിനകം ഒരുലക്ഷം പേർക്ക് പരിശീലനം നൽകി, പ്രണയിക്കുന്നവർക്ക് കാവലാളാക്കുകയാണ് സംഘടന ലക്ഷ്യമിടുന്നത്. രാജ്യത്ത് 52,000 പ്രണയവിവാഹങ്ങൾ നടത്തിക്കൊടുത്തിട്ടുള്ള സംഘടനയാണിത്. പ്രണയസേനയുണ്ടാക്കുന്നതിന്റെ ഭാഗമായി ‘ലവ് കമാൻഡോസ് കേരളഘടകം 22-ന് കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്നിക് ഹാളിൽ കൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാനത്ത് ദുരഭിമാനക്കൊല ഇല്ലാതാക്കാനും പ്രണയിച്ചതിന്റെ പേരിൽ ഇനി ഒരാളും കുഴപ്പത്തിലാകാതിരിക്കാനുമാണ് ഈ യത്നമെന്ന് ലവ് കമാൻഡോസ് കേരള ചീഫ് കോ-ഓർഡിനേറ്റർ അനിൽ ജോസ് പറഞ്ഞു.