സ്വീഡനും ഐസ് ലാന്റും യൂറോപ്പിലെ സംതൃപ്ത രാജ്യങ്ങള്‍!
Fri,Jun 08,2018

മാഡ്രിഡ്: സ്പെയ്നിലെ ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ യൂറോപ്പിലെ സംതൃപ്തരാജ്യങ്ങളുടെ പട്ടികയില്‍ നോര്‍ഡിക് രാജ്യങ്ങള്‍ ആദ്യസ്ഥാനങ്ങള്‍ കയ്യടക്കി. സ്വാതന്ത്ര്യം, സമത്വം, നീതി, സമാധാനം എന്നീ മാനദണ്ഢങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. 13 രാജ്യങ്ങളുടെ പട്ടികയില്‍ ഐസ് ലന്റും സ്വീഡനും ഒന്നാം സ്ഥാനം പങ്കിട്ടു. 100 ല്‍ 76 പോയിന്റ് നേടിയാണ് ഈ രാജ്യങ്ങള്‍ ആദ്യസ്ഥാനത്തെത്തിയത്. ഓസ്ട്രിയ 74 പോയിന്റോടെ മൂന്നാം സ്ഥാനം നേടിയപ്പോള്‍ 69 പോയിന്റുമായി യു.കെ നാലാം സ്ഥാനത്തെത്തി. യു.കെ യ്ക്ക് പിന്നില്‍ ഫ്രാന്‍സ്, സ്പെയ്ന്‍, ചെക്ക് റിപ്പബ്ലിക്ക്, സൈപ്രസ്, സ്ലൊവേന്യ, ക്രൊയേഷ്യ,ലിത്വാനിയ, ലാത്വിയ,പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചു.
ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ ഭൂരിഭാഗം സര്‍വ്വേകളിലും നോര്‍ഡിക്ക് രാജ്യങ്ങളിലെ ജനതയാണ് ഏറ്റവും കൂടുതല്‍ സംതൃപ്തരെന്ന് കണ്ടെത്തിയിരുന്നു. ഉയര്‍ന്ന വരുമാനം, മികച്ച ഭരണം എന്നിവയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ നോര്‍ഡിക് രാജ്യങ്ങളെ സഹായിച്ചത്. സാമൂഹ്യ സുരക്ഷാകാര്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നതും ഈ രാഷ്ട്രങ്ങളാണ്.
മറ്റൊരു കൗതുകകരമായ കാര്യം സ്വീഡന് പോലുള്ള രാജ്യങ്ങളിലെ ആരാധനാലയങ്ങളില്‍ ജനങ്ങളുടെ സാന്നിധ്യം ആഴ്ചതോറും വെറും 5 ശതമാനം മാത്രമാണെന്ന് കണ്ടെത്തി എന്നതാണ്. മതേതര റിപ്പബ്ലിക്കായ ഈ രാജ്യങ്ങളിലെ ജനത തീവ്ര മതവിശ്വാസികളല്ല എന്നതും ശ്രദ്ധേയമായി.