സി.പി.എം എം.എല്‍.എ പി.കെ ശശിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി പാര്‍ട്ടിയെ വെട്ടിലാക്കി

Tue,Sep 04,2018


പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എയും പാലക്കാട്ടെ സിപിഎം നേതാവുമായ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി പാര്‍ട്ടിയെയും നേതൃത്വത്തേയും പ്രതിരോധത്തിലാക്കി.
പി.കെ ശശി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ വനിതാനേതാവാണ് രണ്ടാഴ്ച മുമ്പ് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ടിന് പരാതി നല്‍കിയത്. തുടര്‍ന്ന് അവൈലബിള്‍ പിബി ചേര്‍ന്ന് സംഭവം സംബന്ധിച്ച് പാര്‍ട്ടിതല അന്വേഷണം നടത്തിവരികയാണ്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തുന്നത്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്.
സിപിഎം കോട്ടയായ പാലക്കാട് ജില്ലയിലെ മുതിര്‍ന്ന നേതാവും സി.ഐ.ടിയു ജില്ലാ പ്രസിഡന്റുമായ ശശിക്കെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നത് സിപിഎം നേതാക്കളെയും അണികളേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. എം.എല്‍.എക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം എതിരാളികള്‍ പാര്‍ട്ടിക്കെതിരായ ആയുധമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ശശിക്ക് സ്വാധീനമുള്ള മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മേഖലകളില്‍ പാര്‍ട്ടിക്ക് ഇത് ചെറിയ തോതിലെങ്കിലും വെല്ലുവിളിയാകും.
പാര്‍ട്ടി എം.എല്‍.എയ്ക്കെതിരെ ഉയര്‍ന്ന ആരോപണം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്. ആരോപണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണോ എന്നതടക്കമുള്ള കാര്യങ്ങളും നേതൃത്വം പരിശോധിക്കും. സംഭവം പുറത്തായ ഉടന്‍ ചികിത്സയ്ക്കായി അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി എ.കെ ബാലനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചതായി അറിയുന്നു.
വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പി.കെ ശശി പാര്‍ട്ടിയിലേക്ക് എത്തിയത്. പിന്നീട് ജില്ലയിലെ ഏറ്റവും കരുത്തരായ നേതാക്കളില്‍ ഒരാളായി മണ്ണാര്‍കാട് സ്വദേശിയായ പി.കെ ശശി മാറി. ഇക്കുറി ആദ്യമായാണ് എം.എല്‍.എയാകുന്നത്. വള്ളുവനാടന്‍ ശൈലികള്‍ നിറയുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പാര്‍ട്ടി പ്രതിരോധത്തിലാകുന്ന വേളകളില്‍ പാര്‍ട്ടിക്ക് വേണ്ടി അതിശക്തമായ വാദമുഖങ്ങളുയര്‍ത്തി മാധ്യമങ്ങളിലും പി.കെ ശശി നിറഞ്ഞുനില്‍ക്കാറുണ്ട്. ശശിയുടെ സംഘടനാ രംഗത്തെ കഴിവ് മുഖ്യമന്ത്രി പിണറായി വിജയന് പോലും താല്‍പര്യം ഉളവാക്കിയിരുന്നു.
സാമ്പത്തികമായും നല്ല നിലയിലുള്ള പി.കെ ശശിയുടെ പ്രസ്താവനകള്‍ മുന്‍പും സി.പി.എമ്മിന് തലവേദനയായിട്ടുണ്ട്. മണ്ണാര്‍ക്കാട്ടെ സ്ഥാനാര്‍ത്ഥിയും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ സുരേഷ് രാജിന്റെ മുന്നണി ഐക്യവുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പി.കെ ശശി പ്രതികരിച്ചിരുന്നു. ജില്ലയില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം നിറഞ്ഞുനില്‍ക്കെ പൊലീസ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ചതും വിവാദമായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ സി.പി.എം പ്രാദേശിക നേതാവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മൊഴിയെടുക്കാനെത്തിയ സി.ഐക്കും എസ്.ഐക്കും നേരെയാണ് എം.എല്‍.എ പൊട്ടിത്തെറിച്ചത്. പൊലീസ് നോക്കുകുത്തികളാണെന്നും ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും നിങ്ങളൊക്കെ എവിടെ പോയിരിക്കുകയായിരുന്നു എന്നുമായിരുന്നു എം.എല്‍.എയുടെ ചോദ്യം. സംഭവം വിവാദമായതോടെ പൊലീസിനെ ശകാരിച്ചത് പൊതുസമൂഹത്തിനു തെറ്റെന്ന് തോന്നുന്നുവെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന വിശദീകരണവുമായി എം.എല്‍.എ രംഗത്ത് വന്നിരുന്നു.
നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പി.കെ ശശി നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. നിലവിളക്ക് കൊളുത്താന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞതിന് പിന്നാലെ, ഏതു തമ്പുരാന്‍ പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്നായിരുന്നു പി.കെ ശശിയുടെ പ്രസംഗം. പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മന്ത്രി സുധാകരനെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നുമുള്ള വിശദീകരണവുമായി പിന്നാലെ പി.കെ ശശി രംഗത്തെത്തി. ജില്ലാ സമ്മേളനത്തിനിടെ സിനിമാ സംഭാഷണങ്ങളുടെ അകമ്പടിയോടെ തന്നെ വിശേഷണങ്ങള്‍ കൊണ്ടുമൂടിയ പി.കെ ശശിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയിരുന്നു.

Other News

 • വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ അനുയായിയായ മലയാളി യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു
 • പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ഒന്നരവയസുള്ള മകള്‍ മരിച്ചു
 • മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിന് ബുധനാഴ്ച കേരളത്തിലെത്തും
 • കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്ത നടപടി വേദനാജനകം: കെ.സി.ബി.സി
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക്
 • ഫ്രാങ്കോ മുളക്കലിനെ ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു; പാലാ സബ് ജയിലിലേക്ക് മാറ്റി
 • കത്തോലിക്ക സഭ പ്രതികാര നടപടി തുടങ്ങി :കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീക്കും വൈദികനും വിലക്ക്ഏര്‍പ്പെടുത്തി
 • അമേരിക്കന്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തി ചുമതലകളേറ്റു; തിങ്കളാഴ്ച കേന്ദ്ര സംഘത്തെ കാണും
 • അഞ്ച് വൈദികര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് ശ്രീധരന്‍ പിള്ള; വാര്‍ത്ത നിഷേധിച്ച് വൈദികന്‍
 • മഹാഭാരത പ്രഭാഷണ പരമ്പരയുമായി സിപിഐ എംഎല്‍എ മുല്ലക്കര രത്‌നാകരന്‍
 • അന്വേഷണത്തോട് നിസ്സഹകരണം; ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനയ്ക്കു വിധേയമാക്കാന്‍ പോലീസ്
 • Write A Comment

   
  Reload Image
  Add code here